ADVERTISEMENT

‘‘ആര് എന്തു പറഞ്ഞാലും എനിക്കു ശരി എന്നു തോന്നുന്നത് ഞാൻ എവിടെയും പറയും. എന്തിനെയും ചങ്കൂറ്റോടെ നേരിടാനുള്ള ആത്മവിശ്വാസമാണ് എന്നെ ഞാനാക്കി മാറ്റുന്നത്. പ്രഫഷൻ ഡോക്ടറാണെങ്കിലും പാഷന്‍ അഭിനയത്തോടും മോഡലിങ്ങിനോടുമാണ്.’’ – മലയാളികൾക്ക് സുപരിചിതയായ ഷിനു ശ്യാമളന്റെ വാക്കുകളാണിവ. ജീവതത്തെക്കുറിച്ചും അനുഭവങ്ങളെ കുറിച്ചും പറയുമ്പോൾ നൂറുനാവാണ് ഷിനുവിന്. നാലുചുവരുകളിൽ ഒതുങ്ങേണ്ടവരല്ല, ലോകത്തേക്ക് ഇറങ്ങിച്ചെല്ലേണ്ടവരാണ് സ്ത്രീകൾ. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വേണം ജീവിതം മുന്നോട്ട് നയിക്കാൻ. വിവാഹം കഴിയുന്നതോടെ മിക്ക സ്ത്രീകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവർക്കായി ജീവിക്കും. ആ കാലത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു എന്നാണ് ഷിനുവിന്റെ പക്ഷം. നാലുചുവരുകളിലെ കാഴ്ചകളല്ല. ലോകത്തിന്റെ മായാകാഴ്ചകളിലേക്കാണ് സ്ത്രീ സഞ്ചരിക്കേണ്ടത്. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളെ പോളിഷ് ചെയ്തെടുക്കേണ്ടത് നമ്മൾ തന്നെയാണ്. അവനവന്റെ ഇഷ്ടങ്ങളെ കണ്ടെത്തി സ്വപനങ്ങൾക്ക് ചിറകുവിരിക്കാൻ എല്ലാ പെണ്ണുങ്ങളും പ്രാപ്തരാകണം. 

shinu-shyamalan7

ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും ഷിനു മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു.

വനിതാദിനത്തിൽ സ്ത്രീകളോട്

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണ് രാജ്യാന്തര വനിതാദിനാചരണം. ഇൗ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്. മാറ്റങ്ങൾ ഇൗ ഒരു ദിവസത്തേക്കു മാത്രമല്ല. നമ്മുടെ ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകി, നമുക്കു വേണ്ടി ഒരു മണിക്കൂർ എങ്കിലും കണ്ടെത്താൻ എല്ലാ സ്ത്രീകൾക്കും കഴിയണം. നിന്നിടത്ത് നിൽക്കാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കണം. 

shinu-shyamalan6

സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖലകൾ ഇന്ന് വളരെ കുറവാണ്, സ്ത്രീ സുരക്ഷയെന്നത് ഇപ്പോഴും ഒരു കടമ്പ തന്നെയാണ്. അതൊക്കെ പരിഹരിക്കപ്പെടണം. കൂടാതെ പൊതു ഇടങ്ങൾ സ്ത്രീസൗഹൃദപരമാവണം.

ജീവിതത്തിൽ എന്നും ഇന്‍ഡിപെന്റൻഡ് ആകണം

ഏതു പ്രതിബന്ധങ്ങളെയും ഒറ്റയ്ക്ക് നേരിടാൻ നമുക്ക് എപ്പോൾ സാധിക്കുന്നുവോ അന്ന് മുതൽ നമ്മൾ ശരിക്കും ജീവിച്ചുതുടങ്ങും. നമ്മുടെ അഭിരുചികൾ കണ്ടെത്തി ആ ഇഷ്ടങ്ങൾക്കായി ഒരു മണിക്കൂർ എങ്കിലും മാറ്റിവയ്ക്കണം. അതിനാദ്യം സ്വാതന്ത്ര്യത്തോടെ ജീവിക്കണം. ആദ്യത്തെ സ്വാതന്ത്ര്യം മനസ്സിന്‍റെ സ്വാതന്ത്ര്യമാണ്. അത് യാത്രയ്ക്ക് പുതിയൊരു മാനം നല്‍കും. ഒറ്റയ്ക്കുള്ള യാത്രകളിലൂടെ ആ പോസിറ്റീവ് വൈബ് നേടിയെടുക്കാം. 

shinu-travel

യാത്രകളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. വീണുകിട്ടുന്ന അവസരങ്ങളൊക്കെ യാത്രകൾക്കായി മാറ്റാറുണ്ട്. പുതിയ ആളുകളെ കണ്ടെത്താം, അവരുടെ ജീവിതശൈലി മനസ്സിലാക്കാം, നാടിന്റെ സംസ്കാരം പഠിക്കാം. പേടിയകറ്റാം, എന്തിനെയും തരണം ചെയ്യുവാനുള്ള മനോധൈര്യം നേടാം എന്നുവേണ്ട സകലതും യാത്രയിലൂടെ സ്വായത്തമാക്കാം. പാഠപുസ്തകത്തിൽ ഒതുങ്ങുന്ന അറിവുകൾ മാത്രമല്ല, ലോകത്തെ അറിയാന്‍ നമ്മൾ ശ്രമിക്കണം. സ്ത്രീകൾ ഒറ്റയ്ക്ക് ഒരിക്കലെങ്കിലും യാത്ര ചെയ്യണം.

ഇന്ന് തുടങ്ങേണ്ടത് ഇന്നുതന്നെ

പാരമ്പര്യത്തിൽനിന്നു സ്വീകരിക്കേണ്ടതിനെയൊക്കെ ഹൃദയത്തിൽ സ്വീകരിക്കുകയും മാറ്റേണ്ടതിനെ മാറ്റുകയും ചെയ്യണം.

ജീവിതത്തിൽ നേടാൻ ബാക്കിയുള്ളത് നേടിയെടുക്കുക തന്നെ വേണം. പ്രായം കടന്നുപോയിട്ട്, തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ എവിടെയും പൂർണത ഇല്ലാത്ത പോലെ തോന്നും. 

shinu-shyamalan1

ആഗ്രഹങ്ങൾ ബാക്കിയാക്കി ഭൂമിയിൽനിന്നു പോകരുത്. സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, സമൂഹത്തിലേക്ക് കടന്നു ചെല്ലാം, മറ്റുള്ളവരുടെ ദുഃഖങ്ങൾ കേൾക്കാൻ കഴിയണം, കുടുംബത്തിലേക്ക് ഒതുങ്ങി കൂടണ്ടവരല്ല സ്ത്രീകൾ, ലോകത്തിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അവ ചെയ്യണം, യാത്രകളിലൂടെ എന്തൊക്കെ അനുഭവങ്ങൾ നേടാൻ കഴിയുമോ അതൊക്കെ ജീവിതത്തെ ശരിക്കും മാറ്റിമറിക്കും, ഇതിനൊക്കെ വേണ്ടി നമ്മൾ സമയം കണ്ടെത്തണം എന്നതാണ് പ്രധാനം. എന്നാലേ ജീവിതം അർഥപൂർണമാകുകയുള്ളൂ. 

ജീവിതവും യാത്രയും

യാത്രകളോടു പ്രിയമുള്ളവര്‍ പറയും എല്ലാ സഞ്ചാരങ്ങളും ഉൽസവങ്ങളാണെന്ന്, ചിലർക്ക് അനുഭവങ്ങളുടെ കൂമ്പാരമാണ് യാത്രകൾ. ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയത്തിലേക്കാണ് യാത്ര എത്തിക്കുന്നത്. ജീവിതത്തിലെ നെഗറ്റീവ് ചിന്തകളെ പോസിറ്റീവാക്കാനുള്ള ഏറ്റവും നല്ല മെഡിസിൻ യാത്രകളാണ്. മനസ്സിനെ ഫ്രീ ആക്കിയുള്ള യാത്രകൾ ജീവിതത്തെ നിറമുള്ളതാക്കി മാറ്റും. മനസ്സിലും ശരീരത്തിലും പോസിറ്റീവ് ഉൗർജം പകർന്നു നൽകും. യാത്രപോകണം എന്നു കരുതി കടബാധ്യതയും തോളിലേറ്റി വിദേശ ട്രിപ്പടിക്കാനല്ല പറയുന്നത്, നമ്മുടെ ഇട്ടാവട്ടത്തുണ്ട് ഒരുപാട് സ്ഥലങ്ങൾ. മനസ്സിനെ കുളിരണിയിക്കുന്ന നിരവധിയിടങ്ങൾ.

സ്രാവിനൊപ്പം നീന്തി

മറക്കാനാവാത്ത യാത്ര ഭൂമിയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കാവുന്ന മാലദ്വീപിലേക്കുള്ളതായിരുന്നു. ഒറ്റയ്ക്കുള്ള ആദ്യ വിദേശയാത്രയായിരുന്നു. പച്ചനിറമാർന്ന കടൽത്തീരവും മുത്തുച്ചിപ്പിയുടെ കാഴ്ചയും സ്നോർക്കലിങ്ങും സർഫിങ്ങും എന്നുവേണ്ട സകലതും ആസ്വദിച്ച യാത്രയായിരുന്നു മാലദ്വീപിലേത്. നാലു ദിവസത്തെ ട്രിപ്പായിരുന്നു. എനിക്ക് ഒരുപാട് സന്തോഷങ്ങൾ നൽകിയ യാത്രകൂടിയായിരുന്നു. ഡോൾഫിനെ കണ്ടു. സ്രാവിനൊപ്പം നീന്താൻ സാധിച്ചു. രസകരമായിരുന്നു ആ ദിനങ്ങൾ.

shinu-shyamalan5

എന്നെ ആകര്‍ഷിച്ചത് അവിടുത്തെ ബീച്ചുകളുടെ വൃത്തിയും അന്നാട്ടുകാരെയുമായിരുന്നു. ആവിശ്യമില്ലാത്ത ഒരു പേപ്പർ പോലും അവിടെയെങ്ങും കാണാനില്ല, അത്രയ്ക്കും വൃത്തിയായാണ് ബീച്ചുകൾ പരിപാലിക്കുന്നത്. നമ്മുടെ നാട്ടിലും ഇങ്ങനെ വേണമെന്ന് ഞാൻ ചിന്തിച്ചു. പ്രകൃതിയുടെ ഭംഗിക്ക് ഒരു കോട്ടവും സംഭവിക്കാതെ അവർ ശ്രദ്ധിക്കുന്നുണ്ട്.

shinu-shyamalan3

മാലദ്വീപിലെ പ്രധാന വരുമാനമാര്‍ഗം ടൂറിസമാണ്. അതുകൊണ്ടുതന്നെ അതിഥികളോടുള്ള അവരുടെ പെരുമാറ്റവും ആരെയും ആകർഷിക്കുന്നതാണ്. മാലദ്വീപിന്റെ സൗന്ദര്യത്തിലലിഞ്ഞ് നാലുദിവസത്തോളം ശരിക്കും അടിച്ചുപൊളിച്ചു എന്നു തന്നെ പറയാം. ഇനിയും ഒരു അവസരം കിട്ടിയാലും പോകാൻ കൊതിക്കുന്നിടമാണ് ഇൗ ദ്വീപ്.

പഴമയുടെ പ്രൗഢി

ഇന്ത്യക്കകത്തും  ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഏറ്റവും ഇഷ്ടം രാജസ്ഥാനോടാണ്. കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് രജപുത്രരുടെ നാടായ രാജസ്ഥാൻ. വീറും വാശിയും നിറഞ്ഞ രജപുത്ര രാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന ആ നാട്ടിൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടുംകാടുകളുമുണ്ട്.

shinu-shyamalan

പഴമയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന അംബരചുംബികളായ കൊട്ടാരക്കെട്ടുകളും രാജസ്ഥാന്റെ സൗന്ദര്യം തുളുമ്പുന്ന മുഖമാണ്.

രാജതന്ത്രങ്ങളും യുദ്ധകഥകളും ഉറങ്ങുന്ന അന്നാട്ടിലെ കൊട്ടാരങ്ങളുടെ അകക്കാഴ്ചകൾ ആരെയും ആകർഷിക്കും. എനിക്ക് രാജസ്ഥാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടുത്തെ മട്ടൺ വിഭവങ്ങളുടെ രുചിയും മറക്കാനാവില്ല.

കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടയിടം

മഴയൊക്കെ കുറഞ്ഞ് എന്നാൽ അത്യവശ്യം തണുപ്പൊക്കെയുള്ള സമയത്ത് നെല്ലിയാമ്പതിലേക്ക് പോകണം. വളരെ മനോഹരമാണ് അവിടുത്തെ ഒാരോ കാഴ്ചയും. പോകുന്ന വഴി തന്നെ മിഴിവേകുന്നതാണ്. മൂടൽമഞ്ഞും തണുപ്പുമൊക്കെയായി ആരെയും വശീകരിക്കുന്ന ഭംഗിയാണ് മിനി ഉൗട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിക്ക്. മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം അടിവാരത്തു കേൾക്കാം. നെല്ലിയാമ്പതി വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. 

shinu2

ഈ ഹില്‍ സ്റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 10 ഹെയര്‍പിന്‍ വളവുകള്‍ കടന്നുവേണം ഇവിടെയെത്താന്‍. ഈ വളവുകളിലൂടെയുള്ള യാത്രയില്‍, പോത്തുണ്ടി ഡാമിന്റെ വിസ്മയകരമായ കാഴ്ചകളും ഒപ്പം സമീപത്തെ വന്യജീവികളുടെ നേര്‍ക്കാഴ്ചയും ആസ്വദിക്കാനാകും.

യാത്രകൾ തീരില്ല

ആഗ്രഹ പൂർത്തീകരണത്തിന് പ്രായം ഒരു ഘടകമല്ലെന്നാണ് എന്റെ വിശ്വാസം. ഇൗ ഭൂമിയിൽ കാണാനും അനുഭവിക്കുവാനും ഏറെയുണ്ട്. സമയം എടുത്താണെങ്കിലും അതൊക്കെ ജീവിതത്തില്‍ ആസ്വദിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിപ്പോൾ എത്ര പ്രായം ആയാലും ആഗ്രഹങ്ങൾ അതേപോലെ ഉണ്ടെങ്കിൽ‌ ഏത് പ്രതിസന്ധികളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാം. സ്വിറ്റ്സർലൻഡും ന്യൂയോർക്കും കാണണമെന്നതും എന്റെ ബക്കറ്റ്ലിസ്റ്റിലുണ്ട്.

മോശം അനുഭവങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കണം

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണം. മുൻപ് എല്ലാ പെണ്ണുങ്ങളും സഹിച്ച് മിണ്ടാതിരിക്കും. ഇന്ന് അതിനൊക്കെ ഒരു മാറ്റം വന്നിട്ടുണ്ട്. സഹനത്തിന്റെ പരിധികള്‍ കടക്കുമ്പോള്‍ ആരും പ്രതികരിക്കും. എനിക്ക് യാത്രയിൽ ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തീവണ്ടി യാത്രയിലെ അനുഭവമാണ് ഇപ്പോൾ ഒാർക്കുന്നത്. ഒരിക്കൽ ഞാൻ ഷൊർണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് ഒറ്റയ്ക്ക് ട്രെയിനിൽ പോയി. സേലം അടുത്തെത്തി. ഒരാൾ എന്റെ ബെർത്തിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. ആദ്യം ഞാൻ കാര്യമാക്കിയില്ല, പിന്നീട് അയാൾ എന്റെ കാലിൽ സ്പർശിച്ചു. ഉടൻ തന്നെ ഞാൻ പ്രതികരിച്ചു. പെട്ടെന്ന് അയാൾ അവിടെനിന്ന് മാറുകയും ചെയ്തു.

shinu-shyamalan4

എത്ര ധൈര്യശാലിയാണെങ്കിലും ഒറ്റയ്ക്കുള്ള യാത്രയിൽ പേടിയൊക്കെ ആർക്കും തോന്നാം. എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. ട്രെയിനിലൊക്കെ ക്യാമറ വച്ചിരുന്നെങ്കിൽ എത്ര സുരക്ഷിതമായി സ്ത്രീകൾക്ക് യാത്ര ചെയ്യാമായിരുന്നുവെന്ന്. 

പ്രഫഷനും പാഷനും

പാഷൻ നേടിയെടുക്കാനായി പ്രഫഷൻ ഉപേക്ഷിക്കുന്നയാളല്ല ഞാൻ. അഭിനയിക്കാന്‍ മോഹം തോന്നി, ആ ആഗ്രഹവും സാധിച്ചെടുത്തു. 

shinu1

എന്നെ വളരെയധികം സപ്പോർട്ട് ചെയ്യുന്ന സ്റ്റാഫാണ് ഒപ്പമുള്ളത്. മോഡലിങ്, സിനിമ ഇതിലേക്കൊക്കെ കടന്നു വരുമ്പോഴും ഒരുപാട് പേർ മാനസികമായി തളർത്തിയിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഡോക്ടറല്ലേ എന്നിട്ടാണോ ഇങ്ങനെ എന്നൊക്കെ സമൂഹം പറഞ്ഞിരുന്നു. അവിടെയും എന്റെ ശരികളെയാണ് ഞാൻ കൂട്ടുപിടിച്ചത്. ജീവിതത്തിൽ വിജയിച്ചാൽ ഇൗ കുറ്റം പറഞ്ഞവരൊക്കെ കൂടെ നിൽക്കുകയും ചെയ്യും സമൂഹം അങ്ങനെയാണെന്ന് നമ്മൾ തന്നെ മനസ്സിലാക്കണം. നമ്മൾ എന്നും നമ്മളായി തന്നെ ജീവിക്കണം. 

English Summary: Travel Experience by Dr Shinu Shyamalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com