നേരിട്ട് കാണുംവരെ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര മനോഹാരിതയാണ് മാലദ്വീപില്‍ ഒളിഞ്ഞിരിക്കുന്നത്. അനന്തമായ നീലക്കടലില്‍, 1200 ദ്വീപുകളും 26 അറ്റോളുകളുമുള്ള ഈ ദ്വീപ് രാജ്യം ലോകമെങ്ങു നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. ആഡംബരപൂർണമായ റിസോര്‍ട്ടുകളും ഈന്തപ്പനത്തോട്ടങ്ങളും തിളങ്ങുന്ന വെള്ളമണല്‍ നിറഞ്ഞ ബീച്ചുകളും ജലവിനോദങ്ങളുമെല്ലാം നിറഞ്ഞ മാലദ്വീപ് ഭൂമിയിലെ പറുദീസയാണ്. അടുത്ത തവണ മാലദ്വീപ് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സന്ദര്‍ശിക്കേണ്ട ചില മികച്ച ഇടങ്ങളെക്കുറിച്ച് അറിയാം.
മാലെ അറ്റോൾ
മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. കാഫു അറ്റോളിന്‍റെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വിവിധ രാജവംശങ്ങളുടെ വാസസ്ഥലമായതിനാൽ ഈ അറ്റോളിനെ മഹൽ എന്ന് വിളിച്ചിരുന്നു, ഇപ്പോൾ ഇത് കിംഗ്സ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം മുഴുവനും മിതമായ താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക്, ആൺ ഫിഷ് മാർക്കറ്റ്, മാലെസ് നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഡൈവ് ക്ലബ് മാലിദ്വീപ് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍. കൂടാതെ, സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കലിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.
ബനാന റീഫ്
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് നോർത്ത് മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്.വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടമാണ് ഇത്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

ഉതീമു ഗണ്ടുവരു
മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉതീമു ഗണ്ടുവരു ദ്വീപ് സ്ഥിതി ചെയ്യുന്നത്. രൂപത്തില്‍ പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഈ കൊച്ചുദ്വീപ്, മാലദ്വീപിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലിദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണിത്. സുൽത്താൻ മുഹമ്മദിന്‍റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃക കെട്ടിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം കാണാം.
എംബൂധു ഫിനോലു ദ്വീപ്
ഹണിമൂണ്‍ പോലുള്ള ആഘോഷാവസരങ്ങളില്‍ സന്ദര്‍ശിക്കാന്‍ മികച്ച ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള, ആഡംബരപൂര്‍ണമായ വാട്ടര്‍ വില്ലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂസയാത്ര തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം.
മജീദി മാഗു
മാലദ്വീപിലെ മറ്റൊരു ജനപ്രിയ ആകർഷണമാണ് മജീദി മാഗു. തെരുവോരങ്ങളില്‍ നിന്ന് വിവിധ സാധനങ്ങള്‍ വാങ്ങാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ട്രീറ്റ് ഷോപ്പിങ് ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങളും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും പ്രാദേശിക കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 9 മണിക്കും രാത്രി 11 മണിക്കും ഇടയിലുള്ള സമയത്താണ് മാര്‍ക്കറ്റ് സജീവമാകുന്നത്.
English Summary: Places to Visit in Maldives