തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങളും പഗോഡകളും മാത്രം. മ്യാൻമാറിന്റെ ആദ്യ കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇന്നാട്ടിലുണ്ട്. നൂറ്റാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോകാന്‍ ശേഷിയുണ്ട് മ്യാന്മറിലെ മണ്ഡാലേയ് പ്രദേശത്തെ ബഗാന്‍ എന്ന പൗരാണിക നഗരത്തിന്. അതുകൊണ്ടൊക്കെയാണ് ബഗാന് 'ക്ഷേത്രങ്ങളുടെ കടല്‍' എന്ന വിശേഷണം ലഭിക്കുന്നത്. ഒൻപതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക് 13,000ത്തോളം ക്ഷേത്രങ്ങളും സ്തൂഭങ്ങളുമാണ് ഇവിടെ പണിതുയര്‍ത്തിയത്. 104 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി ഇന്നും 2,300 ഓളം ക്ഷേത്രങ്ങളുടെ അവശേഷിപ്പുകള്‍ ഇവിടെയുണ്ട്.
മ്യാന്മറിന്റെ മധ്യഭാഗത്തായാണ് ബഗാന്‍ സ്ഥിതി ചെയ്യുന്നത്. ഇറവാഡി നദിയുടെ കിഴക്കന്‍ തീരമാണിത്. ബര്‍മയുടെ രാജകീയ ലിഖിതങ്ങള്‍ പറയുന്നത് എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ബഗാന്‍ സ്ഥാപിതമായെന്നാണ്. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും അവസാനത്തിലുമായാണ് ബഗാന്‍ നഗരം സ്ഥാപിതമായതെന്ന് വാദിക്കുന്നവരുമുണ്ട്. 1044 മുതല്‍ 1287 വരെ, പഗാന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനവും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രവുമായിരുന്നു ബഗാന്‍. ഇക്കാലത്ത് ഇന്ത്യ, ശ്രീലങ്ക, ഖ്‌മേര്‍ സാമ്രാജ്യം എന്നിവിടങ്ങളില്‍ നിന്നുള്ള സന്യാസിമാരെയും വിദ്യാര്‍ത്ഥികളെയുമെല്ലാം ബുദ്ധ മത പഠനത്തിനായി ബഗാനിലേക്കെത്തിയിരുന്നു.

മംഗോളിയന്‍ ആക്രമണങ്ങളെ തുടര്‍ന്ന് 1287ലാണ് പഗാന്‍ സാമ്രാജ്യം തകരുന്നത്. മെയ്ന്‍സേയിങ് രാജ്യം അപ്പര്‍ ബര്‍മയിലെ പുതിയ ശക്തിയായി മാറിയതോടെ 1297 ഡിസംബറില്‍ ബാഗന്‍ ഔദ്യോഗികമായി തലസ്ഥാനമല്ലാതെയായി. ഇതോടെ ബഗാന്‍ ചരിത്രത്തില്‍ വിസ്മൃതിയിലേക്ക് പോയി. കാലാകാലങ്ങളിലുണ്ടായ ഭൂകമ്പങ്ങള്‍ പ്രദേശത്തെ ക്ഷേത്രങ്ങളുടെ തകര്‍ച്ച വേഗത്തിലാക്കി. 1975ലും 2016ലുമുണ്ടായ വലിയ ഭൂകമ്പങ്ങളും മേഖലയില്‍ വലിയ തോതില്‍ നാശം വിതച്ചു.
1990കളിലാണ് ബഗാനിലെ ക്ഷേത്രങ്ങള്‍ വീണ്ടും നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഈ പുനര്‍നിര്‍മാണവും വിവാദത്തില്‍ മുങ്ങി. പല ചരിത്രകാരന്മാരും യഥാര്‍ഥ നിര്‍മിതിയോട് ബന്ധമില്ലാത്തവയാണ് അറ്റകുറ്റ പണികളിലൂടെ നിര്‍മിച്ച ക്ഷേത്രങ്ങളെന്ന വിമര്‍ശനം ഉന്നയിച്ചു. 2019 ജൂലൈ ആറിനാണ് പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കി യുനെസ്‌കോ ബഗാനെ ലോക പൈതൃകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ന് യുനെസ്‌കോ വിദഗ്ധരുടെ കൂടി സഹായത്തില്‍ പല ക്ഷേത്രങ്ങളുടേയും പുനര്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
പ്രധാന ക്ഷേത്രങ്ങളും പഗോഡകളും
ധാമയന്‍ഗി ക്ഷേത്രം
ബഗാനിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതാണ് ധാമയന്‍ഗി ക്ഷേത്രം. നറാതു രാജാവിന്റെ കാലത്ത്(1167-1170) നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. സ്വന്തം പിതാവിനേയും സഹോദരനേയും വധിച്ച ശേഷമാണ് നറാതു രാജാവാകുന്നത്. തന്റെ പ്രവൃത്തിയിലുണ്ടായ കുറ്റബോധം കൊണ്ടാകാം ഇങ്ങനെയൊരു നിര്‍മിതിക്ക് തയാറായതെന്ന് കരുതപ്പെടുന്നു.
ആനന്ദ ക്ഷേത്രം
എഡി 1091ല്‍ ക്യാന്‍സിത്ത രാജാവിന്റെ കാലത്താണ് ആനന്ദ ക്ഷേത്രം നിര്‍മിക്കുന്നത്. 51 മീറ്റര്‍ ഉയരമുണ്ട് ഈ ക്ഷേത്രത്തിന്. നാല് ബുദ്ധന്മാരാണ് പ്രധാനമായും ക്ഷേത്രത്തിലുള്ളത്. വടക്കോട്ടു നോക്കികൊണ്ട് കാക്കുസാന്ധയും തെക്കോട്ട് കസപയും കിഴക്കോട്ട് കൊങ്കമനയും പടിഞ്ഞാറോട്ട് ഗ്വാതമയും നില്‍ക്കുന്നു.
ഗൗദൗപാലിന്‍ ക്ഷേത്രം
12ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രം. ബഗാനിലെ രണ്ടാമത്തെ ഉയരം കൂടിയ ക്ഷേത്രമാണിത്. 1975ലെ ഭൂകമ്പത്തില്‍ വലിയ തോതില്‍ നാശം സംഭവിച്ചു. പിന്നീട് പുനര്‍ നിര്‍മിക്കുകയായിരുന്നു.
താറ്റ്‌ബേനിയു ക്ഷേത്രം
ബഗാനിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ താറ്റ്‌ബേനിയുവും ഗൗദൗപാലിന്‍ ക്ഷേത്രവും സാമ്യതകളുള്ളവയാണ്. 66 മീറ്ററാണ് അഞ്ചു നിലകളുള്ള താറ്റ്‌ബേനിയു ക്ഷേത്രത്തിന്റെ ഉയരം. 1975ലേയും 2016ലേയും ഭൂകമ്പങ്ങളില്‍ വലിയ തോതില്‍ നശം സംഭവിച്ചു. ഇന്നും പുനര്‍നിര്‍മാണങ്ങള്‍ നടക്കുന്നു.
സ്വേസന്ദോ പഗോഡ
അനറാഹ്ത രാജാവിന്റെ കാലത്ത് 11ാം നൂറ്റാണ്ടിലാണ് സ്വേസന്ദോ പഗോഡ നിര്‍മിക്കുന്നത്. 100 മീറ്റര്‍ ഉയരമുള്ള സ്വേസന്ദോയാണ് ബഗാനിലെ ഏറ്റവും ഉയരമുള്ള പഗോഡ. ബുദ്ധന്റെ മുടി സൂക്ഷിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ഈ പഗോഡക്കും അഞ്ചു നിലകളുണ്ട്.
ശ്വേസിഗോണ്‍ പഗോഡ
അനറാഹ്ത രാജാവിന്റെ കാലത്തു തന്നെയാണ് ഈ പഗോഡയും നിര്‍മ്മിച്ചു തുടങ്ങുന്നത്. ക്യാന്‍സിത്ത രാജാവാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഈ പഗോഡയില്‍ ബുദ്ധന്റെ ഒരു പല്ലും എല്ലും സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാല് നില്‍ക്കുന്ന ബുദ്ധ പ്രതിമകള്‍ ഇവിടെയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പലപ്പോഴായി യുദ്ധങ്ങളിലും ഭൂകമ്പങ്ങളിലുമെല്ലാം കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട് ഈ പഗോഡക്ക്.
English Summary: Temples Of Bagan, Myanmar