ലോകത്തിലെ ഏറ്റവും സന്തോഷംനിറഞ്ഞ നാടായ ഫിന്‍ലാന്‍ഡില്‍ നിന്ന് കൊതിപ്പിക്കുന്ന യാത്രാചിത്രങ്ങള്‍ പങ്കുവച്ചു ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മഞ്ഞുമൂടിയ പ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന നടിയെ കാണാം. യാത്രപോകുന്ന നിരവധി ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.
ഫിന്‍ലാന്‍ഡിലെ റൊവാനിമിയിലുള്ള റിസോർട്ടില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. മഞ്ഞുകാലത്ത് നോർത്തേൺ ലൈറ്റ്സ് ടൂറുകൾ, ഹസ്കി ടൂറുകൾ, സ്നോമൊബൈൽ ടൂറുകൾ, റെയിൻഡിയർ ടൂറുകൾ, കുതിര ടൂറുകൾ, ഐസ് ഫിഷിങ് ടൂറുകൾ, വിന്റർ ഫാറ്റ്ബൈക്കിങ്ങും സ്നോഷൂയിങ്ങും തുടങ്ങി ഒട്ടേറെ വിനോദാനുഭവങ്ങള്‍ നല്‍കുന്ന റിസോര്‍ട്ട് ആണിത്. മറ്റ് സീസണുകളിൽ അതിഥികൾക്ക് ഫിന്നിഷ് പ്രകൃതിയിലേക്കുള്ള ടൂറുകൾ ആസ്വദിക്കാം. ഗ്ലാസ് മേൽക്കൂരയുള്ള ക്യാബിനില്‍ താമസിച്ച് പ്രശസ്തമായ നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള അവസരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. താമസത്തിനായി വില്ല, ഹോളിഡേ ഹോമുകൾ, സെൽഫ് കാറ്ററിംഗ് അപ്പാർട്ടുമെന്റുകൾ തുടങ്ങിയ ഓപ്ഷനുകളുമുണ്ട്.
ഫിൻലാന്‍ഡിന്‍റെ വടക്കേയറ്റത്തെ പ്രവിശ്യയായ ലാപ്‌ലാൻഡിന്‍റെയും തെക്കൻ ഭാഗമായ പെറോപോജോലയുടെയും ഭരണ തലസ്ഥാനവും വാണിജ്യ കേന്ദ്രവുമാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന റൊവാനിമി. ഫിൻലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരങ്ങളിലൊന്നാണിത്.
റൊവാനിമിയിലൂടെ ആർട്ടിക് സർക്കിൾ കടന്നുപോകുന്നുണ്ട്. ഇവിടെ ഇത് വ്യക്തമായി അടയാളപ്പെടുത്തിയത് കാണാം. ഭൂമധ്യരേഖയുടെ വടക്ക് 66°33′45.9″ അക്ഷാംശ വൃത്തമാണ് ആർട്ടിക് സർക്കിൾ. വെളുത്ത വരയില്‍ അടയാളപ്പെടുത്തിയ ഈ രേഖ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ഇവിടെ റെയിൻഡിയർ സവാരികൾ നടത്താം. കൂടാതെ, സൈബീരിയൻ ഹസ്കീസ്, ലാമകൾ, റെയിൻഡിയർ, അൽപാക്കസ് തുടങ്ങി, കഥകളില്‍ കേട്ടറിഞ്ഞ മൃഗങ്ങളെ നേരിട്ട് കാണാനും കഴിയും.
സാന്താക്ലോസിന്‍റെ ജന്മനഗരമായി റൊവാനിമിയെ കണക്കാക്കുന്നു. സാന്താക്ലോസിന് ഇവിടെ സ്വന്തമായി ഒരു പോസ്റ്റോഫീസ് വരെയുണ്ട്, ക്രിസ്മസ് ആവുമ്പോഴേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സാന്താക്ലോസിനെഴുതുന്ന കത്തുകള്‍ ഇവിടെയെത്തും. ഇവിടെ സാന്തയ്ക്ക് സ്വന്തമായി ഓഫീസുമുണ്ട്. എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ വിപുലമായ ആഘോഷപരിപാടികളും അരങ്ങേറുന്നു.
English Summary: Rakul Preet Singh Enjoys Holiday in Finland