ADVERTISEMENT

യുഎസ്എയിലെ ഐഡഹോയിലുള്ള ഒരു വിനോദസഞ്ചാര ആകര്‍ഷണമാണ് ഷോഷോൺ ഐസ് ഗുഹ. ഇവിടെ ആദ്യമെത്തുന്ന ഒരാള്‍ക്ക് പ്രത്യക്ഷത്തില്‍ ഒന്നും കാണാനാവില്ല. പിന്നീട് ശ്രദ്ധിച്ചു നോക്കുമ്പോള്‍ ഒരു ഗുഹ കാണാം. ഐഡഹോയിലെ കനത്ത വേനല്‍ക്കാലത്ത് പോലും ഉള്ളില്‍ നിറയെ ഐസ് പാളികള്‍ കാണാം എന്നതാണ് ഈ ഗുഹയുടെ പ്രത്യേകത.

ബ്ലാക്ക് ബട്ട് ക്രേറ്റർ ലാവ ഫീൽഡിന്‍റെ ഭാഗമാണ് ഐസ് ഗുഹ, ഭൂഗർഭ സ്ഫോടനങ്ങളാൽ രൂപപ്പെട്ടതാണിത്. 1880 കളിൽ വഴിതെറ്റിപ്പോയ തന്‍റെ ആട്ടിന്‍കുട്ടിയെ അന്വേഷിച്ചുവന്ന ഒരു ബാലനാണ് ഈ ഗുഹ ആദ്യം കണ്ടത്. പിന്നീടങ്ങോട്ട് ഇവിടം ഒരു ആകര്‍ഷണമായി മാറി. നിരവധി ആളുകള്‍ ഇവിടേക്ക് എത്തി. ഐസ് സ്കേറ്റർമാർ ഒളിമ്പിക്സിനുള്ള പരിശീലനത്തിനായി പോലും ഈ ഗുഹ ഉപയോഗിച്ചിട്ടുണ്ട്!

കേട്ടറിഞ്ഞെത്തുന്ന ആളുകളുടെ എണ്ണം കൂടിയതോടെ ഈ ഗുഹ ഏതാണ്ട് നശിക്കാന്‍ തുടങ്ങി. 1940 കളിൽ ഗുഹയുടെ അവസ്ഥ പരിതാപകരമായിരുന്നു. ഗുഹയ്ക്കുള്ളിലെ ഐസ് ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി. ഉള്ളിലേക്ക് പ്രവേശിക്കാനായി നിരവധി എൻട്രി പോയിന്റുകൾ ഉണ്ടാക്കിയതോടെ ചൂടുള്ള വായു ഉള്ളിലെത്തി, ഐസ് ഉരുകാന്‍ തുടങ്ങി. പിന്നീട്, 1950കളിൽ റസ്സൽ റോബിൻസൺ എന്നയാൾ ഈ ഗുഹ വാങ്ങി. അദ്ദേഹമാണ് ഗുഹ പുനഃസ്ഥാപിക്കുകയും വീണ്ടും പഴയ സ്ഥിതിയിലേക്ക് ഇവയെ കൊണ്ടുവരികയും ചെയ്തത്.

അദ്ഭുതമാണ് ഈ ഐസ് ഗുഹ

ഷോഷോൺ ഗുഹയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തമായ ഒരു അദ്ഭുതമാണ് ഈ ഐസ് ഗുഹ എന്നതാണ് ആദ്യത്തെ കാര്യം. പൊതുവേ നേര്‍രേഖയില്‍ കിടക്കുന്ന ഒരു ലാവാ ട്യൂബ് ആണ് ഗുഹ. ഗുഹയ്ക്ക് ഏകദേശം 1,700 അടി നീളവും 50 അടി വീതിയും 45 അടി ഉയരവുമുണ്ട്. വർഷം മുഴുവനും മൈനസ് 7- 0.5 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഇതിനുള്ളിലെ താപനില. കട്ടിയുള്ള ഐസ് തറയിൽ നിർമ്മിച്ച ഒരു തടി പാലത്തിലൂടെയാണ് സന്ദര്‍ശകര്‍ ഗുഹയ്ക്കുള്ളില്‍ നടക്കുന്നത്.

ലോകത്തെ മറ്റെല്ലാ അദ്ഭുതങ്ങളെയും പോലെതന്നെ ഷോഷോൺ ഐസ് ഗുഹയെറിച്ചും ഒട്ടേറെ കെട്ടുകഥകളുണ്ട്. ഗുഹയിൽ പ്രേതബാധയുണ്ടെന്ന് ഒട്ടേറെപ്പേര്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ അടക്കം ചെയ്യപ്പെട്ട ഷോഷോൺ ഇന്ത്യൻ രാജകുമാരിയുടെ പ്രേതം ഇപ്പോഴും ഗുഹയ്ക്കുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് ഒരു കഥ. 

നൂറ്റാണ്ടുകള്‍ക്ക് ഇവിടെ ജീവിച്ചിരുന്ന ഷോഷോൺ ഇന്ത്യൻ ഗോത്രക്കാരുടെ രാജകുമാരിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്തിരുന്നത്രേ, മഞ്ഞിനുള്ളില്‍ ശരീരം സൂക്ഷിച്ചാല്‍ അത് നശിച്ചുപോകാതെ ശാശ്വതമായി നിലനില്‍ക്കും എന്നവര്‍ കരുതിയത്രേ. തന്‍റെ ശവപ്പെട്ടിക്കുള്ളില്‍ നിന്നും പുറത്തുവരാന്‍ ഇപ്പോഴും രാജകുമാരി ശ്രമിക്കുന്നുണ്ട് എന്നു പ്രദേശവാസികള്‍ വിശ്വസിക്കുന്നു. മുന്‍പ് മറ്റാരുമില്ലാത്ത സമയത്ത് ഗുഹയ്ക്കുള്ളില്‍ നിന്നും കനത്ത കാൽപ്പാടുകൾ കേട്ടതായി ജീവനക്കാരും സന്ദർശകരും അവകാശപ്പെടുന്നു. മഞ്ഞുപാളികൾക്ക് പിന്നിൽ നിഴൽ രൂപങ്ങൾ കണ്ടതായി ആണയിടുന്നവരുമുണ്ട്‌.

കഥകള്‍ എന്തൊക്കെയായാലും ഷോഷോൺ ഐസ് ഗുഹയിലേക്കുള്ള യാത്ര അവിസ്മരണീയവും മനോഹരവുമായ ഒരു അനുഭവമാണ്. നിഗൂഢതകള്‍ ഒളിച്ചിരിക്കുന്ന ഗുഹക്കരികില്‍ ഒരു ഇരട്ടവെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയും സഞ്ചാരികള്‍ക്ക് കാണാം. ടൂര്‍ ഗൈഡുകള്‍ക്കൊപ്പമാണ് ഗുഹയ്ക്കുള്ളിലേക്ക് പോകുന്നത്. ഒരു ടൂർ ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. 

English Summary: Shoshone Ice Caves in Idaho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com