ADVERTISEMENT

കോവിഡിനു ശേഷമുള്ള ലോകത്ത് സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് ഡിജിറ്റൽ നോമാഡ് വീസ (DNV) എന്ന് പറയാം. ഒരു ലാപ്ടോപ്പും വൈഫൈയും ഉണ്ടെങ്കില്‍ ലോകത്തിന്‍റെ ഏതു ഭാഗത്തിരുന്നും ജോലി ചെയ്യാനുള്ള സംവിധാനം, ജോലിഭാരവും ടെന്‍ഷനും കുറയ്ക്കുക മാത്രമല്ല, വീസ നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ്. ടൂറിസം മേഖലയില്‍ ഉണ്ടായ നഷ്ടം ഒരുപരിധി വരെ ഇങ്ങനെ നികത്താം. കൂടാതെ, ഈ വീസ ഉപയോഗിച്ച്, ഒരാൾക്ക് ഈ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുമായോ ചെറുകിട ബിസിനസുകളുമായോ ചേര്‍ന്നു പ്രവർത്തിക്കാനുമാകും. 

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ, നിരവധി രാജ്യങ്ങള്‍ ഡിജിറ്റല്‍ നോമാഡ് വീസ നല്‍കുന്നുണ്ട്. ഏറ്റവും പുതുതായി ഈ ലിസ്റ്റിലേക്ക് കടന്നുവന്നിരിക്കുന്നത് സ്പെയിനും പോർച്ചുഗലുമാണ്. 

1962487543
Portugal- Creative Cat Studio/shutterstock

ഈ രാജ്യങ്ങൾക്ക് പുറത്തുള്ള കമ്പനികൾക്കു വേണ്ടി വിദൂരമായി ജോലി ചെയ്യുന്നവര്‍ക്കും, ഒന്നിലധികം ക്ലയന്റുകൾക്ക് വേണ്ടി ഫ്രീലാൻസ് ചെയ്യുന്നവര്‍ക്കും വരുമാനത്തിന്‍റെ തെളിവ് നൽകി ഈ വീസയ്ക്ക് അപേക്ഷിക്കാം. കോൺസുലേറ്റ് ഫീസ് ഒഴികെ ഇരു രാജ്യങ്ങളുടെയും അപേക്ഷാ ചെലവ് ഏകദേശം 75 യൂറോ (6,620 രൂപ) ആണ്. വീസ കിട്ടിയാല്‍ സിനിമകളിലും ഫോട്ടോകളിലുമെല്ലാം മാത്രം കണ്ടിട്ടുള്ള മനോഹരബീച്ചുകളിലും മറ്റും ഇരുന്ന്ജോലിചെയ്യാം. മാത്രമല്ല, പോർച്ചുഗല്‍ വീസ കിട്ടിയാല്‍ താമസിക്കുന്ന സമയത്ത് ഷെങ്കൻ ഏരിയയിലുടനീളം വീസ രഹിത യാത്രയും ചെയ്യാം.

സ്പെയിൻ 

യാത്രകളിലൂടെ കാഴ്ചകൾ ആസ്വദിക്കുന്നതിനപ്പുറം കൗതുകമുണർത്തുന്നവ കാണാനും അറിയാനും സാധിക്കുക എന്നതാണ് സഞ്ചാരികളിൽ മിക്കവർക്കും പ്രിയം. വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിട്ട് കാണുമ്പോഴുള്ള സന്തോഷം ഒന്നുവേറെയാണ്. അങ്ങനെയൊരിടമാണ് സ്പെയിൻ. 

ചെലവിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്പെയിൻ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് താരതമ്യേന കുറവുള്ള രാജ്യമാണിത്‌. മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. ഒരിക്കല്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ നഗരം ചുറ്റിക്കാണാന്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കാം. ലോക്കല്‍ ബസുകള്‍, ട്രെയിനുകള്‍ മുതലായവ ലഭ്യമാണ്. നഗര സഞ്ചാരത്തിനായി ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം.

പോർച്ചുഗൽ

അതിമനോഹരമായ കടൽത്തീരങ്ങളും മനോഹരമായ ചെറിയ കുഗ്രാമങ്ങളും സമ്പന്നമായ സംസ്കാരവും ഉള്ള പോർച്ചുഗൽ ലോകമെമ്പാടുമുള്ള നിരവധി യാത്രക്കാരെ ആകർഷിക്കുന്നു. മധ്യകാല കോട്ടകൾ, കോബ്ലെസ്റ്റോൺ ഗ്രാമങ്ങൾ, ആകർഷകമായ നഗരങ്ങൾ, സ്വർണ ബീച്ചുകൾ, അങ്ങനെ പോർച്ചുഗൽ അനുഭവം പലതും ആകാം. വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.

പോർച്ചുഗലിന്റെ തലസ്ഥാനം നഗരമാണ് ലിസ്ബൺ. അതിശയകരവും മനോഹരവുമായ ഒരു പുരാതന നഗരം. ഇന്ന് ലോകത്തുള്ള ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്ന്. ബിസി 1200 മുതൽ ഈ നഗരത്തിന്റെ ചരിത്രം ആരംഭിക്കുന്നു. പോർച്ചുഗലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ് ലിസ്ബൺ.

785442694
Barcelona- basiczto/shutterstock

സ്പെയിനിലേക്കും പോർച്ചുഗലിലേക്കുമുള്ള ഡിജിറ്റൽ നോമാഡ് വീസ നേടുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

 

സ്പെയിൻ– ആർക്കൊക്കെ അപേക്ഷിക്കാം? 

 

*സ്വയം തൊഴിൽ ചെയ്യുന്ന ഫ്രീലാൻസർമാര്‍, ജോലിയുടെ തെളിവ് നല്‍കണം.

*വിദൂരമായി പ്രവർത്തിക്കാനുള്ള അനുമതിക്കൊപ്പം, സ്‌പെയിനിന് പുറത്തുള്ള ഏതെങ്കിലും രാജ്യം ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാര്‍.

*വരുമാനത്തിന്‍റെ പരമാവധി 20 ശതമാനം, സ്പാനിഷ് സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നവര്‍.

*യൂറോപ്യൻ യൂണിയനിലോ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ താമസിക്കുന്നയാള്‍ ആയിരിക്കരുത്.

*സ്പെയിനിൽ നിയമവിരുദ്ധമായി താമസിക്കുന്നയാള്‍ ആവരുത്, അപേക്ഷിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷം സ്പെയിനില്‍ താമസിക്കാന്‍ പാടില്ല.

 

വരുമാനത്തിന്‍റെ തെളിവ്

 

*പ്രഫഷനലുകൾ മിനിമം ബാങ്ക് ബാലൻസ് നിലനിർത്തുകയോ സ്‌പെയിനിലെ മിനിമം വേതനത്തിന്‍റെ 200% ന് തുല്യമായ വാർഷിക വരുമാനം ഉണ്ടെന്ന് തെളിയിക്കുകയോ ചെയ്യേണ്ടതുണ്ട്, ഇത് ഏകദേശം 25,000 യൂറോ ( 22,09,137 രൂപ) വരും.

*അപേക്ഷകനോടൊപ്പം ചേരുന്ന ഓരോ കുടുംബാംഗത്തിനും രാജ്യത്തെ പ്രതിമാസ മിനിമം വേതനത്തിന്‍റെ 75 ശതമാനം അധികമായി സമ്പാദിക്കേണ്ടതുണ്ട്.

*ഓരോ ആശ്രിതനും, രാജ്യത്തെ പ്രതിമാസ മിനിമം വേതനത്തിന്‍റെ 25 ശതമാനം അധികമായി സമ്പാദിക്കേണ്ടതുണ്ട്.

*അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും അതാതു കമ്പനിയിൽ ജോലി ചെയ്തിരിക്കണം.

*അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷിക്കുന്ന ആള്‍ ജോലിചെയ്യുന്ന സ്ഥാപനം കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.

മറ്റു രേഖകള്‍

*അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റുകളോ മൂന്ന് വർഷമോ അതിൽ കൂടുതലോ ഉള്ള പ്രവൃത്തി പരിചയത്തിന്‍റെ തെളിവുകളോ ഹാജരാക്കാം.

*ആരോഗ്യ ഇൻഷുറൻസ്.

*സ്‌പെയിനിലും മാതൃരാജ്യത്തും ക്ലീൻ ക്രിമിനൽ റെക്കോർഡ്.

 

നിലവിൽ, സ്പെയിൻ ഒരു വർഷത്തേക്ക് ഡിജിറ്റൽ നോമാഡ് വീസകൾ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, ടൂറിസ്റ്റ് വീസയില്‍ സ്പെയിനില്‍ ഉള്ളവര്‍ക്ക് അവർക്ക് അവിടെനിന്ന് തന്നെ മൂന്ന് വർഷത്തെ ഡിഎൻവിക്ക് അപേക്ഷിക്കാം. വീസ അഞ്ച് വർഷം വരെ പുതുക്കാം, വർഷത്തിൽ ആറ് മാസം അപേക്ഷകന്‍ രാജ്യത്ത് ഉള്ളിടത്തോളം ഇത് സാധുതയുള്ളതായി തുടരും. 

പോർച്ചുഗൽ – ആർക്കൊക്കെ അപേക്ഷിക്കാം?

*സ്വയം തൊഴിൽ ചെയ്യുന്ന ഫ്രീലാൻസർമാര്‍, ജോലിയുടെ തെളിവ് നല്‍കണം.

*വിദൂരമായി പ്രവർത്തിക്കാനുള്ള അനുമതിക്കൊപ്പം, പോര്‍ച്ചുഗലിന് പുറത്തുള്ള ഏതെങ്കിലും രാജ്യം ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാര്‍.

*യൂറോപ്യൻ യൂണിയനിലോ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ താമസിക്കുന്നയാള്‍ ആയിരിക്കരുത്.

വരുമാനത്തിന്‍റെ തെളിവ്

*പ്രഫഷനലുകൾ രാജ്യത്തെ പ്രതിമാസ വേതനത്തിന്‍റെ നാലിരട്ടിക്ക് തുല്യമായ പ്രതിമാസ വരുമാനം ഉണ്ടെന്ന് തെളിയിക്കണം, ഇത് ഏകദേശം, 3,040 യൂറോ(2,68,752 രൂപ)യാണ്.

*പങ്കാളിക്കൊപ്പമോ പാര്‍ട്ണര്‍ക്കൊപ്പമോ ആണ് അപേക്ഷിക്കുന്നതെങ്കില്‍ വാർഷിക സമ്പാദ്യം കുറഞ്ഞത് 8,460 യൂറോ (Rs7,46,790) ആണെന്ന് കാണിക്കേണ്ടതുണ്ട്  .

*ഓരോ ആശ്രിതനും കുറഞ്ഞത് 2,544 യൂറോ (Rs2,24,566) അധികം കാണിക്കേണ്ടതുണ്ട്.

മറ്റു രേഖകള്‍

*രാജ്യത്ത് എത്തുന്നതിന് മുമ്പുള്ള അവസാന മൂന്ന് മാസത്തെ വരുമാനം, ടാക്സ് റെസിഡൻസി, പോർച്ചുഗലിലെ താമസത്തിനുള്ള തെളിവ്, ആരോഗ്യ ഇൻഷുറൻസ്, പോർച്ചുഗലിലോ മാതൃരാജ്യത്തിലോ ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റും പോലീസ് ക്ലിയറൻസും വഴി തെളിയിക്കാൻ കഴിയുന്ന ഒരു ക്ലീൻ ക്രിമിനൽ റെക്കോർഡ്, മടക്കയാത്ര ടിക്കറ്റ് എന്നിവയും രേഖകളായി കാണിക്കേണ്ടതുണ്ട്.

ജോലി ചെയ്യുന്നവര്‍ക്ക് പാസ്‌പോർട്ട് വീസയും റസിഡൻസി പെർമിറ്റ് കാർഡും പോർച്ചുഗൽ നല്‍കുന്നുണ്ട്. വീസയ്ക്ക് ഒരു വർഷവും പെർമിറ്റ് കാർഡിന് രണ്ട് വർഷവും സാധുതയുണ്ട്. പെര്‍മിറ്റ്‌ കാര്‍ഡ് മൂന്ന് വർഷത്തേക്ക് പുതുക്കാം.

English Summary: These two European countries are now offering digital nomad visas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com