ADVERTISEMENT

രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വീസ നിബന്ധനകളിൽ ഇളവ് വരുത്താൻ വിയറ്റ്നാം സർക്കാർ. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ കർശനമായ വീസ നയങ്ങൾ കാരണം, വിയറ്റ്‌നാമിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിന് തടസ്സം നേരിട്ടിരുന്നു. ഈ നടപടികളുടെ ഫലമായി 2020 ൽ വെറും 3.7 ദശലക്ഷത്തിൽ താഴെ വിദേശ സന്ദർശകരാണ് വിയറ്റ്നാം സന്ദര്‍ശിച്ചത്. 2019 ൽ ഇത് 18 ദശലക്ഷമായിരുന്നു. 

പുതിയ നടപടികളുടെ ഭാഗമായി, കൂടുതൽ വീസ ഇളവുകൾ വാഗ്ദാനം ചെയ്യുക, വിദേശ വിനോദസഞ്ചാരികൾക്ക് ന്യായമായ ഫീസിൽ താമസകാലയളവ് വർദ്ധിപ്പിക്കുക, ഇ വിസ പ്രോഗ്രാം വിപുലീകരിക്കുക തുടങ്ങിയ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച നയങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഫാം മിൻ ചിൻ കാബിനറ്റിനോട് ആവശ്യപ്പെട്ടു. 

പുതിയ മാറ്റങ്ങള്‍ ഇപ്രകാരമാണ്:

* യൂറോപ്പിലെ 11 രാജ്യങ്ങള്‍, ഏഷ്യയിലെ 2 രാജ്യങ്ങള്‍ എന്നിങ്ങനെ 13 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിയറ്റ്നാം വീസ ഇളവ് അനുവദിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസം വീസയില്ലാതെ രാജ്യത്ത് തങ്ങാം.

*ഒമ്പത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസം വരെ വീസയില്ലാതെ രാജ്യത്ത് തങ്ങാം.

 വിയറ്റ്നാം നിലവിൽ 80 രാജ്യങ്ങൾക്ക് ഇ വീസ നല്‍കുന്നുണ്ട്

കഴിഞ്ഞ ബുധനാഴ്ച നടന്ന ടൂറിസം കോൺഫറൻസിൽ താമസത്തിന്‍റെ ദൈർഘ്യം 45 ദിവസമായി ഉയർത്താൻ പ്രാദേശിക ടൂറിസ്റ്റ് സ്ഥാപനങ്ങൾ നിർദ്ദേശിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ൽ എട്ട് ദശലക്ഷം വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വിയറ്റ്നാം ലക്ഷ്യമിടുന്നത്. വിസ നയങ്ങളിൽ ഇളവ് വരുത്തിയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. വിസ ആവശ്യകതകൾ ലഘൂകരിക്കുന്നതോടൊപ്പം രാജ്യം ടൂറിസം ഇൻഫ്രാസ്ട്രക്ചറും സേവനങ്ങളും മെച്ചപ്പെടുത്തും, ഇത് വിയറ്റ്നാമിനെ ലോകസഞ്ചാരികള്‍ക്കിടയില്‍ കൂടുതൽ അഭിലഷണീയമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും. ഈ നീക്കം രാജ്യത്തെ വിനോദസഞ്ചാര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകും.

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിയറ്റ്നാം യാത്ര

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്നാം. ബജറ്റ് യാത്രക്കാരുടെ പോക്കറ്റിന് താങ്ങാനാവുന്ന താമസ സൗകര്യങ്ങളും വിലകുറഞ്ഞ ഭക്ഷണവും പൊതുഗതാഗതവുമെല്ലാമായി, ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബജറ്റിനുള്ളിൽ ഇവിടം സന്ദര്‍ശിക്കാനാവും. ഇൻഡിഗോ, വിയറ്റ്‌ജെറ്റ് പോലുള്ള എയർലൈനുകൾ ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് നടത്തുന്നതിനാല്‍ വിയറ്റ്‌നാമിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് വളരെ കുറവാണ്. മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വീസയും ഇ വിസ സൗകര്യവും ഉണ്ട്.

ഏഷ്യയുടെയും യൂറോപ്പിന്‍റെയും സ്വാധീനമുള്ള ഹോയ് ആന്‍ നഗരം, വിന്‍ഡ് സർഫിങ്ങിനും കൈറ്റ് സർഫിങ്ങിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി ജനപ്രിയമായ ഒട്ടേറെ ഇടങ്ങള്‍ വിയറ്റ്‌നാമിലുണ്ട്. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിംഗുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള വസന്തകാലവും ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ശരത്കാലവുമാണ്  വിയറ്റ്നാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഡിസംബർ മുതൽ ജനുവരി വരെയും പിന്നീട് മാർച്ച് മുതൽ മെയ് അവസാനം വരെയും ടൂറിസം പീക്ക് സീസണ്‍ ആണ്. 

English Summary: Vietnam considers relaxing visa rules to attract more tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com