ആദ്യമായി മഞ്ഞുകണ്ടപ്പോള്‍ കുഞ്ഞിനെപ്പോലെ; ആ മനോഹര ദൃശ്യം പങ്കിട്ട് അനുസിതാര

anusithara1
Image Source: Anu Sithara/Instagram
SHARE

മലയാളസിനിമയുടെ ശാലീന സൗകുമാര്യങ്ങളില്‍ ഒന്നാണ് അനുസിതാര. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായിമാറി.  

സമൂഹമാധ്യമത്തിലും താരം സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ വളരെ സ്പെഷ്യലായൊരു അനുഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനു. തുര്‍ക്കിയേയിലെ പ്രശസ്തമായ ബുര്‍സാ നഗരത്തില്‍ നടത്തിയ യാത്രയില്‍ നിന്നുമുള്ള മനോഹരകാഴ്ചകളാണ് അനു പങ്കുവച്ച വിഡിയോയില്‍ ഉള്ളത്. മഞ്ഞ് കണ്ടാസ്വദിക്കുന്ന അനുവിനെ ഇതില്‍ കാണാം.ഒപ്പം, ജീവിതത്തില്‍ ആദ്യമായി മഞ്ഞു കണ്ടതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്ന ഒരു കുറിപ്പുമുണ്ട്.”ആദ്യമായി മഞ്ഞു കണ്ടപ്പോള്‍ ഒരു കുഞ്ഞായത് പോലെ എനിക്ക് തോന്നി, എനിക്ക് ശരിക്കും കരയാനാണ് തോന്നിയത്. ലോകത്തെവിടെയും വെളുത്ത പൂക്കൾ വിരിയട്ടെ” അനു വിഡിയോക്കൊപ്പം കുറിച്ചു.

അഭിനയം പോലെ തന്നെ യാത്രകളും അനുസിതാരയ്ക്ക് പ്രിയമാണ്. പച്ചപ്പിന്റെ മനോഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെയിഷ്ടം. യാത്ര നൽകുന്ന അനുഭവ സമ്പത്തും വളരെ വലുതാണ്. ചില യാത്രകള്‍ ഒരിക്കലും മറക്കാനാവാത്ത ഒാർമകളായിരിക്കും. ജോലിത്തിരക്കുകൾക്കും സമർദങ്ങൾക്കും ഇടയിൽ, ജീവിതത്തിന് പുത്തൻ ഉണര്‍വ് നല്‍കുന്നവയാണെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ അനു പറയുന്നുണ്ട്. കൂടാതെ വയനാട്ടുകാരി ആയതുകൊണ്ടാവാം തനിക്ക് പ്രകൃതിയോട് ഇത്രയടുപ്പെം. നഗര ജീവിതത്തേക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനിനാടന്‍ സൗന്ദര്യമാണെന്നും. നാട്ടിൻപുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നതെന്നും അനുസിതാര.

ബുര്‍സ നഗരത്തിന്‍റെ വിശേഷങ്ങള്‍

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു വലിയ നഗരമായ ബുര്‍സ രാജ്യത്തെ വ്യാവസായിക കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ക്കുള്ള  ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ചരിത്രമുറങ്ങുന്ന പ്രദേശമാണിത്. പണ്ടുകാലത്ത് സില്‍ക്ക് വ്യാപാരത്തിനും ഏറെ പ്രശസ്തമായിരുന്നു ഇവിടം. തുർക്കി ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും വലിയ ഉൽ‌പാദന കേന്ദ്രമാണ് ബുര്‍സ നഗരം. മോട്ടോർ വാഹന നിർമാതാക്കളായ ഫിയറ്റ്, റിനോൾട്ട്, കർസൻ, ഓട്ടോമോട്ടീവ് പാർട്സ് നിർമ്മാതാക്കളായ ബോഷ്, മക്കോ, വലിയോ, ജോൺസൺ കൺട്രോൾസ്, ഡെൽഫി എന്നിവരുടെ ഫാക്ടറികൾ നഗരത്തിൽ പതിറ്റാണ്ടുകളായി സജീവമായി പ്രവര്‍ത്തിക്കുന്നു. 

രാജ്യത്തെ ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ബുർസാ. തുർക്കിയിലെ ഏറ്റവും പ്രശസ്തമായ സ്കീയിങ് റിസോർട്ടുകളിലൊന്ന് നഗരത്തിന് തൊട്ടടുത്തുള്ള മൗണ്ട് ഉലുദാഗിലാണ് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ ഒട്ടേറെ കെട്ടിടങ്ങളും നിര്‍മ്മിതികളും ബുര്‍സായിലുണ്ട്. അതുകൊണ്ടുതന്നെ യുനെസ്കോയുടെ  ലോകപൈതൃകസ്ഥാനമെന്ന പദവിയും നഗരത്തിനുണ്ട്. സെൽ‌ജുക് വാസ്തുവിദ്യയിൽ നിന്നുള്ള നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്ന ബർസയിലെ ഏറ്റവും വലിയ പള്ളിയും ആദ്യകാല ഓട്ടോമൻ വാസ്തുവിദ്യയുടെ ഒരു അടയാളവുമാണ് ഉലു ജാമി. 

ഇതുകൂടാതെ, ബുർസാ ഗ്രാൻഡ് മോസ്ക്, യെഷിൽ മോസ്ക്, ബയേസിദ് മോസ്ക്, മുറാഡിയെ പള്ളി, എമിർ സുൽത്താൻ പള്ളി, ഓർഹാൻ ഗാസി പള്ളി, ഹുദവെൻഡിഗർ പള്ളി, കൊച സിനാൻ പാഷാ പള്ളി, ഇഷക് പാഷാ പള്ളി, കാരചെബെ ഗ്രാൻഡ് മോസ്ക്, കരാബാഷ്-ഇ-വേലി സാംസ്കാരിക കേന്ദ്രം, സോമുൻചു ബാബ പള്ളി, ഉഫ്പതാടെ തെക്കേസി പള്ളി തുടങ്ങിയ ആരാധനാലയങ്ങളും പ്രസസ്തമാണ്.

പള്ളികള്‍ കൂടാതെ, യിൽദിറിം, കോസ ഹാൻ, പിറിഞ്ച് ഹാൻ, ഐപെക് ഹാൻ തുടങ്ങിയ ബസാറുകളും ബർസ കാസിൽ, ഇർഗാൻഡി പാലം, 600 വർഷം പഴക്കമുള്ള ഇൻകായ സൈകാമോർ, (İnkaya Sycamore) എന്ന വൃക്ഷവുമെല്ലാം ബുര്‍സയിലെ ആകര്‍ഷകമായ കാഴ്ചകളില്‍പ്പെടുന്നു.

English Summary: Anu Sithara Shares Travel video from Turkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA