പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സൗദി അറേബ്യയിലൂടെ ഒരു ട്രെയിന്‍ യാത്രയായാലോ? അങ്ങനെയൊരു സ്വപ്‌നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. തങ്ങളുടെ ട്രെയിന്‍ യാത്രാ സ്വപ്‌നത്തിന് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്നാണ് സൗദി പേരു നല്‍കിയിരിക്കുന്നത്. ഈ ആഡംബര ട്രെയിന്‍ 2025 ഓടെ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ അഴ്‌സെനാലേ ഗ്രൂപ്പാണ് സൗദിക്കു വേണ്ടി ആഡംബര ട്രെയിന്‍ നിര്‍മിക്കുന്നത്. ലക്ഷ്വറി ട്രാവലിങ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന നിലയില്‍ പ്രസിദ്ധമാണ് ഈ കമ്പനി. സൗദി അറേബ്യ റെയില്‍വേ(SAR) സി.ഇ.ഒ ബാഷര്‍ അല്‍ മാലിക്കുമായി അഴ്‌സെനാലേ സി.ഇ.ഒ പൗലോ ബാര്‍ലെറ്റെ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു. സൗദി അറേബ്യയുടെ ദേശീയ റെയില്‍വേ കമ്പനിയാണ് എസ്.എ.ആര്‍. സൗദി അറേബ്യക്ക് യോജിച്ച രീതിയിലായിരിക്കും ഈ ആഡംബര ട്രെയിനിന്റെ നിര്‍മാണം.
രണ്ട് വര്‍ഷത്തിനകം ഓടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രീം ഓഫ് ദ ഡെസേര്‍ട്ടിന് 40 കാബിനുകളായിരിക്കും ഉണ്ടാവുക. 51 ദശലക്ഷം ഡോളര്‍(ഏകദേശം 419 കോടി രൂപ) ആയിരിക്കും ഈ പദ്ധതിയുടെ ഏകദേശ ചിലവ്. ഡ്രീം ഓഫ് ദ ഡെസേര്‍ട്ടിന്റെ പ്രധാന നിക്ഷേപകന്‍ സൗദി അറേബ്യ തന്നെയാണ്. ട്രെയിന്‍ നിര്‍മാണത്തിനാണ് ഈ ചെലവ് കണക്കാക്കുന്നത്. ഭാവിയില്‍ പത്തു ദശലക്ഷം യൂറോ(ഏകദേശം 88 കോടി രൂപ)യുടെ നിക്ഷേപവും ഈ പദ്ധതിക്കായി വേണ്ടി വരും.
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നും ജോര്‍ദാനോട് ചേര്‍ന്നു കിടക്കുന്ന നഗരമായ അല്‍ ഖുറായത്ത് വരെയായിരിക്കും ആഡംബര ട്രെയിന്‍ സഞ്ചരിക്കുക. സൗദി അറേബ്യയിലൂടെ ഏതാണ്ട് 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ട്രെയിന്‍ യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. അല്‍ വാസിം, ഹെയില്‍, അള്‍ ജൗഫ് എന്നിവയായിരിക്കും പ്രധാന സ്റ്റേഷനുകള്‍.
ഇറ്റാലിയന്‍ ഫാക്ടറികളിലാണ് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് പൂര്‍ണമായും നിര്‍മിക്കുക. ആഡംബര ട്രെയിന്‍ നിര്‍മാണ മേഖലയിലേക്ക് ആഴ്‌സെനാലെയുടെ ആദ്യ ചുവടുവെപ്പാണ് സൗദിയിലേത്. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. സൗദി അറേബ്യയുടെ വിനോദ സഞ്ചാരമേഖലക്ക് മുതല്‍ക്കൂട്ടാവും ഈ ആഡംബര ട്രെയിന്‍.
English Summary:Dream of the Desert cruise train planned for Saudi Arabia