മഞ്ഞു കണങ്ങള്‍ക്കിടയിലൂടെ ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ മിന്നി മറയുന്ന പ്രകാശത്തിന്‍റെ മായക്കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് എന്ന അഭൗമമായ പ്രകൃതിപ്രതിഭാസം ലോകമെങ്ങുമുള്ള സഞ്ചാരികളെ മോഹിപ്പിക്കുന്ന കാഴ്ചയാണ്. ഇന്ത്യയില്‍ നിന്നടക്കം ഒട്ടേറെ സഞ്ചാരികള്‍ ഈ കാഴ്ച കാണാനായി പോകാറുണ്ട്. ഇക്കുറി അങ്ങനെ എത്തിയ ഇന്ത്യന്‍ യാത്രക്കാരുടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലെങ്ങും വൈറലാവുകയാണ്.
ഗുജറാത്തില്‍ നിന്നെത്തിയ ഒരു സംഘം യാത്രക്കാരുടെ ദൃശ്യങ്ങളാണ് കൗതുകമുണര്‍ത്തുന്നത്. ടിർത്ത് എന്ന ഡിജിറ്റൽ ആർട്ടിസ്റ്റാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. "ചോഗഡ തരാ" എന്ന ജനപ്രിയ ഗാനത്തിന് ശീതകാല വസ്ത്രം ധരിച്ച നാല് പുരുഷന്മാർ, മനോഹരമായ നോര്‍ത്തേണ്‍ ലൈറ്റ്സിന് മുന്നില്‍ നിന്നും നൃത്തം ചെയ്യുന്നത് കാണാം.
അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ അലാസ്കയില്‍ നിന്നാണ് ഈ വിഡിയോ എടുത്തിട്ടുള്ളത്. ഗുജറാത്തിലെ പരമ്പരാഗത നൃത്തരൂപമായ ഗര്‍ബ കളിക്കുകയാണ് ഇവര്‍. ”നോര്‍ത്തേണ്‍ ലൈറ്റ്സോളം പ്രധാനമാണ് ഗര്‍ബയും” എന്നാണ് ഇതിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളത്.
ഗുജറാത്തില്‍ സാധാരണയായി ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായി കളിക്കുന്ന നൃത്തമാണ് ഗര്‍ബ. സാധാരണയായി ഒരു വിളക്കിനോ അല്ലെങ്കിൽ ദേവിയുടെ പ്രതിമയ്ക്ക് ചുറ്റുമോ ആയി വൃത്താകൃതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. ധോൽ, തബല, ഹാർമോണിയം തുടങ്ങിയ പരമ്പരാഗത സംഗീത ഉപകരണങ്ങളും ഗർബയില്‍ ഉപയോഗിക്കാറുണ്ട്.
മഞ്ഞുകാലം അവസാനിക്കുകയും വസന്തകാലം തുടങ്ങുകയും ചെയ്യുന്ന കാലമാണ് ധ്രുവപ്രദേശങ്ങളില്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള ഏറ്റവും മികച്ച സമയം. നോര്‍വേയിലെ ട്രോംസോ, സ്വീഡിഷ് ലാപ്ലാൻഡ്, ഐസ്‌ലാന്റിലെ റെയ്ക്ജാവിക്, കാനഡയിലെ യുക്കോന്‍, ഫിന്‍ലന്‍ഡിലെ റോവനീമി, ഗ്രീന്‍ലാന്‍ഡിലെ ഇലുലിസ്സാത് എന്നിവയാണ് സാധാരണയായി നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങള്‍.
English Summary: Group Of Men Perform Garba Under Northern Lights In Alaska