യുഎഇയിലെ ഏറ്റവും മനോഹരമായ നഗരമാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും, ലോകത്തിലെ ഏക സെവൻ സ്റ്റാർ ഹോട്ടലായ ബുർജ് അൽ അറബുമടക്കം കൗതുകരമായ ഒട്ടേറെ കാഴ്ചകളാണ് ദുബായില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. മാത്രമല്ല, സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ജനപ്രിയ ഉത്സവങ്ങൾക്കുമെല്ലാം പേരുകേട്ടതാണ് ദുബായ്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മറ്റൊരു സംസ്ഥാനത്തിലേക്ക് പോകുന്നത്ര എളുപ്പത്തില്‍ പോയിവരാം എന്നൊരു സവിശേഷതയുമുണ്ട് ദുബായ്ക്ക്. ആദ്യമായി പോവുകയാണെങ്കില്‍പ്പോലും അത്രയധികം സങ്കീര്‍ണ്ണമായൊരു യാത്രയല്ല ഇത്. എല്ലാക്കാലത്തും ഓര്‍മിക്കുന്ന മനോഹരമായൊരു യാത്രയാക്കി ദുബായ് സന്ദര്‍ശനം മാറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം...
എപ്പോൾ സന്ദർശിക്കണം?
ദുബായ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. മാത്രമല്ല, പ്രസിദ്ധമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബറിലാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ബ്രാൻഡുകളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴില്‍ ഈ ഉത്സവത്തില്‍ ലഭിക്കും.

ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ദുബായ് സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ കാരണം പുറത്തിറങ്ങുന്നത് മിക്കവാറും അസാധ്യമായിരിക്കും.
അവശ്യ രേഖകൾ മറക്കരുത്
യാത്രക്കാവശ്യമായ എല്ലാ രേഖകളും കൃത്യമായി ഉണ്ടെന്നു വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. അവയുടെ ഫോട്ടോകോപ്പികൾ എടുത്തുവയ്ക്കുക. ഒറിജിനൽ ഡോക്യുമെന്റുകൾ ഹോട്ടലില്‍ വച്ചാലും ഈ കോപ്പികള്‍ കയ്യില്‍ കരുതാന്‍ മറക്കരുത്. കൂടാതെ, യാത്രക്കിടെ വീസയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാല്‍ എംബസി എവിടെയാണെന്ന് മുന്‍കൂട്ടി കണ്ടുവയ്ക്കുന്നതും നല്ലതാണ്.
പണം പ്രശ്നമല്ല
യുഎഇയുടെ ഔദ്യോഗിക കറൻസി AED അല്ലെങ്കിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം ആണ്. കറൻസി കൈമാറ്റം ചെയ്യാവുന്ന ഇടങ്ങള്‍ ദുബായിൽ മുക്കിലും മൂലയിലും ഉണ്ട്. രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സാധാരണയായി മോഷണം പോലെയുള്ള അനിഷ്ടസംഭവങ്ങള്‍ കുറവാണെങ്കിലും കൂടുതല്‍ പണം കയ്യില്‍ കരുതാതെ യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
താമസിക്കാനുള്ള സ്ഥലം മുന്നേ കണ്ടെത്തുക
ബജറ്റ് മനസ്സില്‍വെച്ചുകൊണ്ട് താമസത്തിനായുള്ള ഹോട്ടലും മറ്റും മുന്നേ കണ്ടുവയ്ക്കുക. എല്ലാ തരത്തിലുള്ള യാത്രക്കാര്‍ക്കും താങ്ങാന്‍ പറ്റിയ ഇടങ്ങള്‍ ദുബായില്‍ ഉണ്ട്. വേനൽക്കാലത്ത് ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടലുകളും പൊതുവേ വിലകുറഞ്ഞതാണ്, എന്നാൽ ദുബായ് സന്ദർശിക്കാൻ ഈ സമയമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ചൂടുകാരണം ബുദ്ധിമുട്ടേണ്ടി വരും.
വസ്ത്രധാരണവും സാമൂഹികമര്യാദകളും
സ്വന്തം സംസ്കാരത്തെയും പരമ്പരാഗത മൂല്യങ്ങളെയും ബഹുമാനിക്കുന്ന ജനങ്ങളുള്ള ഒരു രാജ്യമാണ് ദുബായ്. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും പൊതു സ്ഥലങ്ങളിൽ അമിതമായി ശരീരം പ്രദര്‍ശിപ്പിക്കാതിരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് കൂടുതല്‍ ഉചിതം.
പൊതുസ്ഥലത്ത് ചുംബിക്കരുത്. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ വെവ്വേറെ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യണം. കൂടാതെ, മതപരമായ സ്ഥാപനങ്ങളെ കുറിച്ച് പരാമർശങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത്.
English Summary: Essential tips to plan your first trip to Dubai