അവധി ആഘോഷത്തിനു മികച്ച ഇടം; ബീച്ചും തടാകങ്ങളും മുന്തിരി തോട്ടങ്ങളും

Virginia3
SHARE

സ്വര്‍ണ വെയില്‍ വീശുന്ന ബീച്ചുകളും മലനിരകളും മലമ്പാതകളും തടാകങ്ങളും മുന്തിരി തോട്ടങ്ങളുമൊക്കെയായി സഞ്ചാരികള്‍ക്ക് ഊഷ്മളമായ അനുഭവം സമ്മാനിക്കുന്നതാണ് വിര്‍ജിനിയയിലെ വേനല്‍കാലം. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള മനോഹരമായ പാതകളിലൂടെയുള്ള യാത്രകളും ഇഷ്ട സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടുള്ള അവധി ആഘോഷവും തിരക്കേറിയ ലോകത്തു നിന്നും ഒഴിഞ്ഞുള്ള ഒരു പ്രശാന്ത സുന്ദര അവധി ആഘോഷത്തിനുമെല്ലാമുള്ള വിര്‍ജിനിയയിലെ സാധ്യതകള്‍ നിരവധിയാണ്. എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു മനോഹരമായ വേനലവധിക്കാലം സമ്മാനിക്കും ഈ അമേരിക്കന്‍ സംസ്ഥാനം. 

Virginia

റോഡ് ട്രിപ്പുകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഇഷ്ട കേന്ദ്രമാണ് വിര്‍ജിനിയ. ചെറു പട്ടണങ്ങളിലൂടെ നാടന്‍ ഭക്ഷണവും ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍. കൊളോണിയല്‍ പാര്‍ക്ക്‌വേ പോലുള്ള റോഡുകളില്‍ പുറം കാഴ്ചകള്‍ മാത്രമല്ല അമേരിക്കന്‍ ചരിത്രവും ഉറങ്ങി കിടപ്പുണ്ട്. വാണ്ടര്‍ലൗ ഗൈഡ് എന്ന വിര്‍ജിനിയയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിരവധി റോഡ് ട്രിപ്പുകളുടെ സാധ്യതകളും വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. 

Virginia4

കടപ്പുറങ്ങളും കടലും ഇഷ്ടപ്പെടുന്നവര്‍ക്ക് വിര്‍ജിനിയ ഇഷ്ടകേന്ദ്രമാണ്. വിര്‍ജിനിയ ബീച്ചിലെ അഞ്ചു കിലോമീറ്ററോളം നീണ്ട ബ്രോഡ് വോക്കിലൂടെയുള്ള നടത്തവും കാഴ്ച്ചകളും നിരവധിയാണ്. എങ്കിലും പ്രസിദ്ധമായ പേരുകളില്‍ ഒതുങ്ങി നില്‍ക്കില്ല വിര്‍ജിനിയയിലെ ബീച്ചുകള്‍. ഫാള്‍സ് കേപ് സ്റ്റേറ്റ് പാര്‍ക്ക് അസ്തമയകാഴ്ച്ചകള്‍ക്ക് പേരുകേട്ടതാണ്. 

തടാകങ്ങളും വാട്ടര്‍ സ്‌കീയിങ്ങും ഇഷ്ടപ്പെടുന്നവര്‍ക്ക് സ്മിത്ത് മൗണ്ടന്‍ ലേക്കിലേക്കോ അന്ന തടാകത്തിലേക്കോ വെച്ചുപിടിക്കാം. അന്ന തടാകത്തിലെ വെള്ള മണല്‍ തീരങ്ങള്‍ നിങ്ങള്‍ അറ്റ്‌ലാന്റിക്കിന്റെ തീരത്താണോ നില്‍ക്കുന്നതെന്ന തോന്നല്‍ പോലുമുണ്ടാക്കും. 

Virginia1

ചൂടും പൊടിയുമൊന്നും ഇഷ്ടപ്പെടാത്തവര്‍ക്ക് മലകള്‍ ലക്ഷ്യം വയ്ക്കാം. ഷെനാന്‍ഡോ ദേശീയ പാര്‍ക്കും ബ്ലൂ റിഡ്ജ് പാര്‍ക്ക് വേയുമെല്ലാം മലകയറ്റം മുതല്‍ മൗണ്ടന്‍ ബൈക്കിംങ് വരെയുള്ള വിനോദങ്ങളുമായാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ 3,540 കിലോമീറ്റര്‍ നീളുന്ന അപ്പലാച്ചിയന്‍ ട്രെയലിന്റെ ഒരു ഭാഗം വിര്‍ജിനിയയിലൂടെയാണ് പോകുന്നത്. തിരക്കില്‍ നിന്നും മാറി സമാധാനപൂര്‍ണമായ അവധിക്കാലം ആഘോഷിക്കണമെങ്കിലും വിര്‍ജിനിയയില്‍ സ്ഥലങ്ങള്‍ നിരവധിയുണ്ട്. ജോര്‍ജ് വാഷിങ്ടണ്‍ ആന്‍ഡ് ജെഫേഴ്‌സണ്‍ നാഷണല്‍ ഫോറസ്റ്റ് അത്തരത്തില്‍ ഒന്നാണ്. 

Virginia2

ദീര്‍ഘയാത്രകളും ഡ്രൈവിംങുമൊക്കെ മടുക്കുന്നവര്‍ക്ക് വിര്‍ജിനിയയിലെ മുന്തിരിത്തോട്ടങ്ങളും വൈന്‍ നിര്‍മാണ ശാലകളുമെല്ലാം നല്ല അനുഭവമാവും. വാഷിങ്ടണ്‍ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെട്രോയില്‍ കയറിയാല്‍ വിര്‍ജിനിയയിലെ മുന്തിരിത്തോട്ടങ്ങളിലേക്കെത്താം. അമ്പതിലേറെ വൈന്‍ നിര്‍മാണ ശാലകളുണ്ട് ലൗഡൗണ്‍ കൗണ്ടിയില്‍. ഡ്രൈവിംങ് താല്‍പര്യമില്ലെന്നു കരുതി ബീച്ചുകളും മലകളുമൊക്കെ നിങ്ങള്‍ക്ക് അപ്രാപ്യമാണെന്ന് കരുതരുത്. നോര്‍ഫോക്കിലേക്കും വിര്‍ജിനിയ ബീച്ചിലേക്കും റോനോക്കേ പോലുള്ള മലമുകളിലെ നഗരങ്ങളിലേക്കുമെല്ലാം എളുപ്പത്തിലെത്തിച്ചേരാനാകും. നിങ്ങളിഷ്ടപ്പെടുന്ന വേനലവധിക്കാലം നിങ്ങള്‍ പ്രതീക്ഷിക്കാത്തത്രയും മനോഹരമാക്കാനുള്ള വിഭവങ്ങളുമായാണ് വിര്‍ജിനിയ സഞ്ചാരികളെ വിളിക്കുന്നത്.

English Summary:  Best Places to Visit in Virginia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA