ADVERTISEMENT

യാത്ര പോകുമ്പോള്‍ സെല്‍ഫിയെടുത്തില്ലെങ്കില്‍ പിന്നെന്ത് രസം, അല്ലേ? യാത്രയുടെ ഓര്‍മകള്‍ എന്നെന്നേക്കും സൂക്ഷിച്ചു വയ്ക്കാന്‍ ഫോട്ടോ വേണമെന്ന് നിര്‍ബന്ധം ഉള്ള ആളാണ്‌ നിങ്ങളെങ്കില്‍ ഈ അടുത്ത കാലത്തൊന്നും ഇറ്റലിയിലെ പോർട്ടോഫിനോയിലേക്ക് പോകണ്ട. അറിയാതെങ്ങാനും ഒരു സെല്‍ഫിയെടുത്ത് പോയാല്‍ പോക്കറ്റ് കാലിയാകുന്ന വഴി അറിയില്ല!

പോർട്ടോഫിനോയിൽ ഏകദേശം 500 ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ, എന്നാൽ ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ നഗരം സന്ദർശിക്കുന്നു. അത്രയേറെ സുന്ദരമാണ് ഈ പട്ടണം. ഇവിടുത്തെ ഓരോ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ചിത്രമെടുക്കാനായി ആളുകള്‍ ഒട്ടേറെ സമയം ചിലവഴിക്കാറുണ്ട്. ഇങ്ങനെ യാത്രക്കാര്‍ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ തങ്ങിനിന്ന്, ചിത്രമെടുക്കുന്നത് തടയാൻ നോ വെയ്റ്റിങ് സോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ആളുകള്‍ സെല്ഫിയെടുക്കാനായി കൂടുതല്‍ സമയം ചിലവഴിക്കുന്നത് തിരക്ക് കൂടാനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്, ഇതാണ് അധികൃതരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പുതിയ നിയമപ്രകാരം, നോ വെയ്റ്റിങ് സോണുകളില്‍ അനുവദനീയമായതിലേറെ സമയം ചുറ്റിക്കറങ്ങിയാല്‍ 275 യൂറോ വരെ പിഴ ചുമത്താം, ഇന്ത്യന്‍ രൂപ ഏകദേശം 24,686 വരും ഇത്.

portofino1
Ivailo Nikolov/shutterstock

പോർട്ടോഫിനോ വിനോദസഞ്ചാരികളാൽ നിറഞ്ഞ ഈസ്റ്റർ വാരാന്ത്യത്തിലാണ് നടപടികൾ ആദ്യം പ്രാബല്യത്തിൽ വന്നത്. ടൂറിസ്റ്റ് സീസണായ വേനൽക്കാലത്ത് നഗരത്തിൽ ധാരാളം വിനോദസഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം 6 വരെ നിയമം നിലവിലുണ്ടാകും. ഇത് വരുന്ന ഒക്ടോബർ വരെ നിലനിൽക്കും.

പോർട്ടോഫിനോയില്‍ മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിലുള്ള ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള നിയമമുണ്ട്. ന്യൂയോർക്കിലും കാലിഫോർണിയയിലും മൃഗശാലകളിലും, കടുവകളും കരടികളും പോലുള്ള അപകടകരമായ വന്യമൃഗങ്ങൾ പശ്ചാത്തലത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ആളുകൾ സെൽഫി എടുക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ലണ്ടൻ ടവറിന്‍റെ ചില ഭാഗങ്ങളിലും സെൽഫികൾ നിരോധിച്ചിട്ടുണ്ട്.

വര്‍ണക്കാഴ്ചകളുടെ ഉത്സവമൊരുക്കുന്ന പോർട്ടോഫിനോ

അതിമനോഹരമായ ഇറ്റാലിയൻ റിവിയേരയിൽ സ്ഥിതി ചെയ്യുന്ന പോർട്ടോഫിനോ എന്ന ചെറിയ മത്സ്യബന്ധന പട്ടണം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. തെളിവാര്‍ന്ന നീലക്കടലിന്‍റെ കാഴ്ചകളും വൃത്തിയുള്ള ബീച്ചുകളും വർണ്ണാഭമായ കെട്ടിടങ്ങളും ആഡംബര നൗകകളുമെല്ലാം നിറഞ്ഞ പോർട്ടോഫിനോ പ്രകൃതി സൗന്ദര്യം, സംസ്കാരം, ചരിത്രം എന്നിവയുടെ അപൂര്‍വ്വ മിശ്രണമാണ്. ലിഗൂറിയയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പോർട്ടോഫിനോ 19-ാം നൂറ്റാണ്ട് മുതൽ സന്ദർശകരെ ആകർഷിക്കുന്നു, കലാകാരന്മാരും എഴുത്തുകാരും പ്രചോദനം തേടി ഇവിടേക്ക് ഒഴുകിയെത്തുന്നു. ഹോളിവുഡിലെ ഒട്ടേറെ സെലിബ്രിറ്റികള്‍ ഇവിടെ അവധിക്കാലം ആഘോഷിക്കാന്‍ എത്താറുണ്ട്. 

പലവര്‍ണങ്ങളില്‍ അലങ്കരിച്ച വീടുകളും ആഡംബര നൗകകളും നിറഞ്ഞ തുറമുഖമാണ് പോർട്ടോഫിനോയുടെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്. കൂടാതെ, ചരിത്രപരമായ നിരവധി ലാൻഡ്‌മാർക്കുകളുടെയും സാംസ്കാരിക ആകർഷണങ്ങളുടെയും കൂടി കേന്ദ്രമാണ് ഇവിടം. തുറമുഖത്തിന്‍റെയും ചുറ്റുമുള്ള തീരപ്രദേശത്തിന്‍റെയും അതിശയകരമായ കാഴ്ചകൾ ഒരുക്കുന്ന, കുന്നിൻ മുകളിലെ കോട്ടയായ കാസ്റ്റെല്ലോ ബ്രൗൺ, പട്ടണത്തിന് അഭിമുഖമായി ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സാൻ ജോർജിയോ ചർച്ച്, ഹൈക്കിംഗ് പാതകള്‍ നിറഞ്ഞ പോർട്ടോഫിനോ നേച്ചർ പാർക്ക് എന്നിവയെല്ലാം ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

ഏപ്രിൽ-ജൂൺ സമയത്തും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലുമാണ് പോർട്ടോഫിനോ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വേനൽക്കാലത്തെ അപേക്ഷിച്ച് തിരക്കും ചിലവും കുറവായിരിക്കും.

English Summary: Italy selfie ban: Tourists in Portofino could be fined for posing for selfies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com