വെള്ളത്തിന്‌ മുകളില്‍ തൂങ്ങിയാടിപ്പോകാം; ഗിന്നസ് റെക്കോഡുമായി ഒമാന്‍ സിപ്‌ലൈൻ!

zipline
Image Source: OmanAdventures/Facebook page
SHARE

ഒമാനിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി ആവേശകരമായ സിപ്‌ലൈൻ യാത്ര പരീക്ഷിക്കാം. ഗിന്നസ് വേൾഡ് റെക്കോ‍ഡ് നേട്ടവുമായി ഒമാൻ ടൂറിസം ഡെവലപ്‌മെന്‍റ് കമ്പനിയുടെ പുതിയ സിപ്‌ലൈൻ പദ്ധതി ഉദ്ഘാടനംചെയ്തു. 1,800 മീറ്ററിലധികം നീളമുള്ള ഈ ഇരട്ട സിപ്‌ലൈൻ, വെള്ളത്തിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനാണ്.

മുസന്ദത്തിലെ ഒമാൻ അഡ്വഞ്ചേഴ്‌സ് സെന്‍ററിലാണ് സിപ്‌ലൈൻ സ്ഥിതിചെയ്യുന്നത്, പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെയും മുസന്ദം ഗവർണറുടെയും സംസ്ഥാന മന്ത്രിയുടെയും ഓഫീസുമായി സഹകരിച്ച് ഒമ്രാൻ ഗ്രൂപ്പ് മുസന്ദത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ സമ്പൂർണ സാഹസിക കേന്ദ്രമാണ് ഒമാൻ അഡ്വഞ്ചേഴ്‌സ് സെന്‍റര്‍. 

സിപ്‌ലൈൻ യാത്ര, ജബൽ ഫിറ്റിൽ നിന്ന് ആരംഭിച്ച് അതാന ഖസബ് ഹോട്ടലിലെ പ്ലാറ്റ്‌ഫോമിൽ അവസാനിക്കുന്നു. സിപ്‌ലൈനിലൂടെയുള്ള യാത്രയിൽ റൈഡർമാർ മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുക. ഖസബിലെ വിലായത്തിന്‍റെ തീരത്തുള്ള ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്‍റെയും അതിമനോഹരമായ കാഴ്ചകളാണ് ഈ യാത്രയുടെ ഹൈലൈറ്റ്. സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായുള്ള എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ടാണ് സിപ്‌ലൈനിന്‍റെ പ്രവര്‍ത്തനം.

സിപ്‌ലൈനിന് പുറമേ മറ്റു നിരവധി സാഹസിക വിനോദ പരിപാടികളും ഇവിടെയുണ്ട്. പ്രാദേശിക ടൂർണമെന്റുകൾ നടക്കുന്ന പാഡൽ കോർട്ടുകൾ ഏറെ ജനപ്രിയമാണ്. സമീപഭാവിയിൽ നിരവധി സമുദ്ര, പർവത സാഹസിക പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. സന്ദര്‍ശകര്‍ക്കായി പുതിയ ഹൈക്കിങ് പാതകളും മൗണ്ടൻ ബൈക്കിങ് പാതകളും ഇവിടെ വികസിപ്പിക്കും.

ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഒമാൻ അഡ്വഞ്ചേഴ്‌സ് സെന്‍റർ സന്ദർശകർക്കായി തുറക്കും. സിപ്‌ലൈൻ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് omanadventures.com എന്ന അഡ്വഞ്ചർ സെന്‍റർ വെബ്സൈറ്റ് വഴി റിസർവേഷൻ ചെയ്യാം. മുസന്ദം അഡ്വഞ്ചർ സെന്‍റര്‍, മുസന്ദം സിപ്പ് ലൈൻ എന്നിവ പ്രവർത്തിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ലെഷർ ആൻഡ് എന്‍റര്‍ടൈൻമെന്‍റ് ഓപ്പറേഷൻസ് സർവീസസ്(LEOS) ആണ്.

വെള്ളത്തിന്‌ മുകളിലെ ഏറ്റവും വലിയ സിപ്‌ലൈൻ എന്ന ബഹുമതി ഉണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്‌ലൈൻ ഇതല്ല. ഖസബിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ, റാസൽ ഖൈമയിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനിൽ സവാരി ചെയ്യാം. 2.83 കിലോമീറ്റർ നീളത്തിൽ, ജബൽ ജെയ്സ് പർവതത്തില്‍ സ്ഥിതിചെയ്യുന്ന ഈ സിപ്‌ലൈൻ, "ജെബൽ ജെയ്‌സ് ഫ്ലൈറ്റ്" എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെയാണ് ഇതിന്‍റെ വേഗത. ഈ മേഖലയില്‍ ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ടോറോവെർഡെ എന്ന കമ്പനിയാണ് സിപ്‌ലൈൻ പ്രവർത്തിപ്പിക്കുന്നത്.

English Summary: Oman’s dual zipline over water that broke the Guinness World Record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA