സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ 5 രാജ്യങ്ങൾ

255006907
lzf/shutterstock
SHARE

സ്ത്രീകള്‍ക്കിടയില്‍ സോളോ ട്രിപ്പുകൾക്ക് പ്രിയമേറുന്ന കാലമാണിപ്പോൾ. പണ്ടൊക്കെ കൂടെ ആരുമില്ലാതെ യാത്ര ചെയ്യാന്‍ ഭയവും മടിയും ഒക്കെ ഉള്ളവര്‍ ആയിരുന്നു കൂടുതലെങ്കില്‍ പുതുതലമുറ അക്കാര്യത്തിലൊക്കെ ഏറെ മുന്നിലാണ്. മാത്രമല്ല, റിട്ടയര്‍മെന്റിനു ശേഷം ലോകം കാണാന്‍ ഇറങ്ങുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു. ട്രാവൽ നെറ്റ്‌വർക്ക് ആയ വിർച്യുസോയുടെ ഗവേഷണമനുസരിച്ച് , 2022-ൽ 65 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് 2019- നെ അപേക്ഷിച്ച് നാലിരട്ടിയിലധികം ആയതായി കണ്ടെത്തി. 

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും വിവേചനവും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും യാത്രയ്ക്ക് തടസ്സമാകുന്നു. എന്നിരുന്നാലും ചില രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ മുന്നിലാണ്.

1028137558
Guitar photographer/shutterstock

ജോർജ്ജ്ടൗൺ സർവകലാശാലയുടെ വിമൻസ് പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്‌സ്(WPS), വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് , ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് ഗ്ലോബൽ പീസ് ഇൻഡക്‌സ് എന്നിവ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ അഞ്ചു രാജ്യങ്ങളെക്കുറിച്ച് അറിയാം.

സ്ലോവേനിയ

സെൻട്രൽ, കിഴക്കൻ യൂറോപ്പിലെ വിമൻസ് പീസ് ആൻഡ് സെക്യൂരിറ്റി സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സ്ലോവേനിയ, സ്ത്രീ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സമീപ വർഷങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സൂചിക പ്രകാരം 85% സ്ത്രീകളും ഇവിടെ സുരക്ഷിതരാണ്. രാജ്യത്തുടനീളമുള്ള പൊതുഗതാഗതവും വിശ്വസനീയമാണ്.

റുവാണ്ട

55% സ്ത്രീ പ്രതിനിധികളുള്ള പാര്‍ലമെന്‍റ് ആണ് റുവാണ്ടയില്‍ ഉള്ളത്. അതിനാൽ, ലോകത്ത് പാർലമെന്റിലെ ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ റുവാണ്ട ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്,  വിമൻസ് പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം കമ്മ്യൂണിറ്റി സുരക്ഷ സൂചികയിലും റുവാണ്ട മുന്നിലാണ്. കൂടാതെ സാമ്പത്തിക ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, രാഷ്ട്രീയ പങ്കാളിത്തം അളക്കുന്ന ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ ലോകത്ത് ആറാം സ്ഥാനത്താണ് റുവാണ്ട.

1504345343

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

സ്ത്രീകളുടെ സ്കൂൾ വിദ്യാഭ്യാസം, സാമ്പത്തിക ഉൾപ്പെടുത്തല്‍ എന്നിവയില്‍ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും ഉയർന്ന സ്കോര്‍ ഉള്ളത് യുഎഇയ്ക്കാണ്. അടുത്തിടെ പാർലമെന്റിലും രാജ്യം ലിംഗസമത്വത്തിലെത്തി. ഇവിടെ, 15 വയസും അതിൽ കൂടുതലുമുള്ള 98.5% സ്ത്രീകളും, തങ്ങള്‍ താമസിക്കുന്ന നഗരത്തിലോ പ്രദേശത്തോ രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് പറയുന്നു. ഇൻഷുർ മൈ ട്രിപ്പ് എന്ന ട്രാവൽ ഇൻഷുറൻസ് കമ്പനിയുടെ സൂചികയെ അടിസ്ഥാനമാക്കി, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജപ്പാൻ

ആഗോള സമാധാന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളിൽ ഒന്നാണ് ജപ്പാന്‍. വളരെ കുറഞ്ഞ കുറ്റകൃത്യ നിരക്കും കുറഞ്ഞ സംഘര്‍ഷങ്ങളുമാണ് ജപ്പാനില്‍ ഉള്ളത്. ജപ്പാനിൽ സ്ത്രീകൾക്ക് മാത്രമുള്ള സബ്‌വേ കാറുകളുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാത്രമുള്ള താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. തീര്‍ന്നില്ല, ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സോളോ ഡൈനിംഗും സോളോ ആക്ടിവിറ്റികളും രാജ്യത്തുണ്ട്.

നോർവേ

സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തൽ, നിയമപരമായ വിവേചനത്തിന്‍റെ അഭാവം, സ്ത്രീകളുടെ കമ്മ്യൂണിറ്റി സുരക്ഷ എന്നീ കാര്യങ്ങള്‍ കണക്കിലെടുത്ത്, വിമൻസ് പീസ് ആൻഡ് സെക്യൂരിറ്റി സൂചികയില്‍ ഒന്നാം സ്ഥാനത്താണ് നോര്‍വേ. കൂടാതെ, ലോകത്തില്‍ ലിംഗസമത്വവും സന്തോഷവും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ സ്ഥിരമായി ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന രാജ്യം കൂടിയാണ് നോര്‍വേ. 

English Summary: Five countries that are safer for women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA