വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ജൈന- ഹിന്ദു തീര്‍ഥാടക കേന്ദ്രം സിദ്ധയാതന്‍ തീര്‍ഥ് വിശ്വാസികള്‍ക്കായി തുറന്നു. മെയ് 13ന് ടെക്‌സസിലെ വിന്‍ഡമില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 60 ഏക്കറിലായി പരന്നു കിടക്കുന്ന സിദ്ധയാതന്‍ തീര്‍ഥില്‍ 11,000 ചതുരശ്ര അടി വലുപ്പത്തിലുള്ള ജൈന-ഹിന്ദു ക്ഷേത്രവും നിര്‍മിച്ചിട്ടുണ്ട്. ആരെയും ആകർഷിക്കുന്നിടമാണ് ഇൗ തീര്‍ഥാടക കേന്ദ്രം.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു പുറമേ ഡള്ളസ്, ഹൂസ്റ്റണ്‍, ന്യൂ മെക്‌സിക്കോ, കാനഡ, കാലിഫോര്‍ണിയ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ജൈന ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് ഡള്ളസിലേയും ഫോര്‍ട്ട് വര്‍ത്തിലേയും പൊതുവില്‍ അമേരിക്കയിലേയും ജനങ്ങള്‍ക്ക് ജൈന-ഹിന്ദു സംസ്‌ക്കാരങ്ങളെയും ആചാരങ്ങളേയും അടുത്തറിയാന്‍ ഈ മെഡിറ്റേഷന്‍ പാര്‍ക്കും ആരാധനാലയവും സഹായിക്കുമെന്നാണ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറയുന്നത്.

ആരാധനാലയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നൃത്ത്യാര്‍പണം അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്‌സ്, രവീന്ദ്ര സീതാരാം ശ്രീ രാം മ്യൂസിക് സ്‌കൂള്‍, ശ്രീലയ ഡാന്‍സ് അക്കാദമി, ഡള്ളസ് നാട്യാലയ എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത- നൃത്ത പരിപാടികളും സംഘടിപ്പിച്ചു. 2008ല്‍ ടെക്‌സസിലെ വിന്‍ഡമിലാണ് സിദ്ധയാതന്‍ തീര്‍ഥ് എന്ന ലാഭരഹിത ആത്മീയ-സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനം ആചാര്യ ശ്രീ യോഗേഷ് സ്ഥാപിച്ചത്.

സിദ്ധയാതനില്‍ കൈലാസ് മാനസസരോവര്‍ അടക്കമുള്ള ഇന്ത്യയിലെ പല തീര്‍ഥാടക കേന്ദ്രങ്ങളുടേയും ചെറു രൂപങ്ങളും നിര്‍മിച്ചിട്ടുണ്ട്. 'സ്പിരിച്വല്‍ ഡിസ്‌നിലാന്‍ഡ്' എന്ന പേരും സിദ്ധയാതന് ലഭിച്ചിട്ടുണ്ട്. ഏതാണ്ട് നാലു മണിക്കൂര്‍ എടുക്കും ഇവിടുത്തെ കാഴ്ചകള്‍ കണ്ടു തീര്‍ക്കാനായി. വിശ്വാസികള്‍ക്കുവേണ്ടി ആത്മീയതയും യോഗയും അടിസ്ഥാനമാക്കിയുള്ള പലതരത്തിലുള്ള കോഴ്‌സുകളും ഇവിടെ നടത്തുന്നുണ്ട്.
English Summary: Spiritual Disneyland Now Open In North Texas