ഖുഷി എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണെങ്കിലും സമാന്ത തുർക്കിയുടെ മനോഹാരിതയിൽ മതിമറന്നിരിക്കുകയാണ്. ‘‘ഈ ദിവസങ്ങളിലെ ഏറ്റവും മികച്ചത്’’ എന്ന തലക്കെട്ടോടെ പങ്കു വച്ച ചിത്രങ്ങളിലുണ്ട് തുർക്കിയിലെ അവധി ദിനങ്ങൾ താരം എത്ര മാത്രം ആസ്വദിക്കുന്നുണ്ടെന്ന്. ഷൂട്ടിനു വേണ്ടി പോയതാണെങ്കിലും ആ രാജ്യത്തെ പ്രശസ്തമായതെല്ലാം പരീക്ഷിച്ചും അനുഭവിച്ചും അറിയുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സാം. ഇസ്തംബൂളിലെ പ്രശസ്തമായ ടർക്കിഷ് ബാത്ത്, തനതു വിഭവങ്ങളുടെ രുചിയറിയൽ തുടങ്ങി തുർക്കിയുടെ മനംമയക്കുന്ന കാഴ്ചകൾ വരെ സമാന്ത പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലുണ്ട്.
Read Also : അപ്സരകന്യകപോൽ മനോഹരി, ദ്വീപില്‍ അവധിയാഘോഷിച്ച് സണ്ണി ലിയോണി...

മനസ്സിനു മാത്രമല്ല വിശ്രമം ശരീരത്തിനും വേണം എന്നത് അക്ഷരാർഥത്തിൽ പാലിക്കുകയാണ് നടി. അതുകൊണ്ടു തന്നെ ഇസ്‌തംബൂളിലെ പ്രശസ്തമായ ടർക്കിഷ് ബാത്ത് പരീക്ഷിച്ചു. തുർക്കിയിലെ ഏറ്റവും പ്രശസ്ത നഗരമായ ഇസ്‌തംബൂളിലെത്തുന്ന സന്ദർശകരിലധികവും ചെയ്യുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഹമാം സ്പാ അഥവാ ടർക്കിഷ് ബാത്ത്. ഈ നാട്ടിലെത്തിയാൽ ഒരിക്കലെങ്കിലും ചെയ്യേണ്ട ഒന്നാണ് ഹമാം സ്പാ എന്നാണ് തദ്ദേശവാസികളുടെ അഭിപ്രായം. അത്രമാത്രം ശരീരത്തിനും മനസിനും ഉണർവ് നൽകാൻ ഇതുകൊണ്ടു കഴിയുമത്രേ.

ഒരു തരത്തിലുള്ള സ്റ്റീം ബാത്താണ് ഹമാം സ്പാ. മധ്യ കിഴക്കൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കയിലെ ചില സ്ഥലങ്ങളിലും മാത്രമാണ് പരമ്പരാഗതമായി ഹമാം സ്പാ ചെയ്യുന്നത്. വളരെ പ്രശസ്തമായ ഒരു തെറാപ്പി എന്ന് മാത്രമല്ല, ശരീരത്തെ ശുചിയാക്കാനും ഇതുചെയ്യാം. ഹമാം സ്പാ ചെയ്യുന്ന മുറികൾക്കുമുണ്ട് പ്രത്യേകത. മാർബിളിൽ തീർത്തതായിരിക്കും വലിയ സ്റ്റീം റൂം. മുറിയുടെ മുകൾ ഭാഗം നല്ല ഉയരത്തിലുള്ളതായിരിക്കും. സമാന്ത പങ്കുവെച്ച ചിത്രങ്ങളിൽ സ്പാ ചെയ്യുന്ന മുറിയുടെ ചിത്രങ്ങളുമുണ്ട്. തറയുടെ അടിയിൽ സ്ഥാപിച്ചിട്ടുള്ള കുഴലിലൂടെ മുറിയിൽ ചൂടു വായു നിറയ്ക്കുന്നു. ടർക്കി ഭാഷയിൽ ''കുർണ'' എന്നറിയപ്പെടുന്ന ഒരു തരം സിങ്ക് ഓരോരുത്തർക്കുമായുണ്ട്. അതിലൂടെ വരുന്ന ചൂട് വെള്ളവും തണുത്ത വെള്ളവും ആവശ്യാനുസരണം ഉപയോഗിക്കാം. ലോഹ ബൗൾ (ടാസ് എന്നാണ് ടർക്കിയിൽ ഇതിനു പേര്) കൊണ്ട് ദേഹത്തു ജലമൊഴിക്കാം. കിടന്നുകൊണ്ട്, വളരെയധികം സമയമെടുത്തു, ചെയ്യുന്ന പ്രക്രിയയാണിത്. ആദ്യ കാലങ്ങളിൽ മതപരമായ ഒരു ചടങ്ങ് കൂടിയായിരുന്നു ഈ കുളി. പ്രാർഥനയ്ക്കു മുൻപ് ഇങ്ങനെ ചെയ്യുന്നത് ദേഹവും ആത്മാവും ശുചിയാകാൻ സഹായിക്കുമെന്ന് അക്കാലത്തു വിശ്വസിച്ചിരുന്നു. വിശുദ്ധമായ ഒരു ചടങ്ങായാണ് അന്ന് ഹമാം ബാത്തിനെ കണക്കാക്കിയിരുന്നത്.
പരമ്പരാഗത രീതിയിൽ ഹമാം സ്പാ ചെയ്യുന്നതിനു ഇന്ത്യൻ രൂപ ഏകദേശം 9,706 മുതൽ 21,618 വരെയാണ് ചെലവ് വരുന്നത്. ഷാൻഗ്രി - ലാ എന്ന ഹോട്ടലിൽ നിന്നുമാണ് സമാന്ത സ്റ്റീം ബാത്ത് ചെയ്തത്. ബോഡി സ്ക്രബ്ബ്, വാട്ടർ തെറാപ്പി, സ്മൂത്തിങ് ഹെയർ വാഷ്, പാലും തേനും ഉപയോഗിച്ച് മുഴുവൻ ശരീരവും മോയ്‌സ്ചറൈസിങ് തുടങ്ങി ബോഡി മസാജിങ് വരെയുൾപ്പെട്ടതാണ് ഷാൻഗ്രി - ലായിലെ ഹമാം സ്പാ. ബാത്തിനു ശേഷം പ്രകൃതിദത്ത നാരുകൾ കൊണ്ടുണ്ടാക്കിയ ''പെസ്റ്റാമൽ'' എന്ന ടൗവൽ ഉപയോഗിച്ച് ദേഹം മുഴുവൻ പൊതിയുന്നതോടെ ഹമാം സ്പാ പൂർത്തിയാകുന്നു. തുർക്കിയിലെത്തുന്ന സന്ദർശകരിലേറെയും പെസ്റ്റാമൽ വാങ്ങിക്കൊണ്ടു പോകും.
സമാന്ത പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ മാത്രമല്ല, രാഷി ഖന്ന ഉൾപ്പെടെയുള്ള താരങ്ങളും പ്രതികരിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയാണ് രാഷി ഖന്ന സമാന്തയുടെ ചിത്രങ്ങൾക്ക് കമന്റായി നൽകിയിരിക്കുന്നത്. കടലിന്റെയും കപ്പലിന്റെയും പശ്ചാത്തലത്തിലുള്ള തുർക്കിയുടെ മനോഹരമായ മുഖവും താരം പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
Content Summary : Samantha Ruth Prabhu had a great time on her trip to Turkey. She got to experience the country's rich history, culture, and cuisine.