ഒരു കുഞ്ഞൻ വൈറസിനുമുന്നിൽ ലോകം വിറച്ചുനിന്ന കാലം. ഒരുപാടു യാത്രകൾക്കായി പൂട്ടിയ പെട്ടികൾ പൊടിപിടിച്ചു കിടന്ന കാലം. മനസ്സിൽ ഇരുൾ മൂടിയോയെന്നു തോന്നിതുടങ്ങിയ കാലം – ഇതൊക്കെയായിരുന്നു കഴിഞ്ഞ രണ്ടു വർഷത്തോളമുള്ള കാലയളവ്. കുടുംബത്തിലെ 3 പേരും ലോകത്തിന്റെ 3 കോണുകളിൽ പെട്ടുപോയതിന്റെ ആശങ്കയും ചെറുതായിരുന്നില്ല. ഇതും കടന്നുപോകുമെന്നു മനസ്സിനെ പറഞ്ഞുമനസ്സിലാക്കാൻ വല്ലാതെ ബുദ്ധിമുട്ടി. ആകാശവീഥികൾ മെല്ലെ തുറന്നതോടെ ദുബായിൽ കുടുംബം ഒരുമിച്ചു. അതിന്റെ സന്തോഷം ആഘോഷിക്കാൻ ഒരു യാത്ര പോകാമെന്നായി.
കോവിഡ് മാനദണ്ഡങ്ങൾ കല്ലുകടിയാകാതെയും പഴ്സിന് താങ്ങാവുന്നതുമായ ഒരു സ്ഥലമെന്നതിനു മാത്രമായിരുന്നു മുൻതൂക്കം. ബജറ്റിനൊതുങ്ങുന്ന സ്ഥലങ്ങളെന്നു വിചാരിച്ചിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥയിലായതു തിരഞ്ഞെടുപ്പിനെ വല്ലാതെ ബാധിച്ചു. വരവു കുറയുകയും ചെലവ് ക്രമാതീതമായി വർധിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ലോകത്തിൽ സൃഷ്ടിക്കാൻ പോകുന്ന ഭീകരമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ച കുറേ സമയം കൂടിയായിരുന്നു ഈ പ്രക്രിയ. എന്തായാലും നീണ്ടുനിന്ന ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡ് എന്ന് ‘അധ്യക്ഷൻ’ പ്രഖ്യാപിച്ചു. ഞങ്ങൾ കയ്യടിച്ച് പാസാക്കി.

2 വർഷമായി പ്ലാൻ ചെയ്ത എല്ലാ യാത്രകളും തകർന്നുതരിപ്പണമായ സാഹചര്യത്തിൽ എവിടെയെങ്കിലും കുടുംബമായി പോകുകയെന്നതു മാത്രമായിരുന്നു ഏറ്റവും പ്രധാനം. സാമ്പത്തിക കാര്യങ്ങളിൽ അമിതശ്രദ്ധ പുലർത്തുന്ന ‘അധ്യക്ഷനെ’ത്തന്നെ അനുബന്ധ കാര്യങ്ങളും ഏൽപ്പിച്ച് ഞങ്ങൾ രംഗത്തുനിന്നു നിഷ്ക്രമിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപുതന്നെ യാത്രയിൽ പുലർത്തേണ്ടുന്ന കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കി. വാക്സിനേഷൻ എടുത്തവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് പിസിആർ ടെസ്റ്റ് ആവശ്യമില്ലെന്ന് വിമാനക്കമ്പനിയുടെ സൈറ്റിൽ ഒറ്റനോട്ടത്തിൽത്തന്നെ കാണാം. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലതാനും! ഞങ്ങൾ 3 പേരും വാക്സിനേഷൻ എടുത്തിട്ടുണ്ട്. വിസ എടുക്കുന്നതിന്റെ തലവേദനയും ഇല്ല. സന്തോഷത്തോടെ ടിക്കറ്റ് ബുക്ക് ചെയ്തു. എമിറേറ്റസിന്റെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായ് നൽകുന്ന പാക്കേജാണെടുത്തത്. അവർ തന്നിരിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റിൽ നിന്നു നമ്മുടെ ബജറ്റ് അനുസരിച്ച് ഹോട്ടൽ ബുക്ക് ചെയ്യാമെന്ന സൗകര്യവുമുണ്ട്.
കൂട്ടിയും കിഴിച്ചും 4 ദിവസം സൈറ്റ് സീയിങ്, തെണ്ടിടത്തിരിഞ്ഞ് നടക്കാൻ 2 ദിവസം, 2 ദിവസം യാത്രയ്ക്ക് - അങ്ങനെ 8 ദിവസത്തേക്കു ബുക്ക് ചെയ്തു. അധ്യക്ഷൻ പതിവുപോലെ ബുക്കിങ് റദ്ദ് ചെയ്താൽ ഒറ്റപ്പൈസ കിട്ടില്ലാട്ടോയെന്ന മുന്നറിയിപ്പും തന്നു. വായിച്ചാൽ പൊല്ലാപ്പാകും എന്നുറപ്പുള്ളതുകൊണ്ട് വായിക്കാതെ തന്നെ ഓരോരോ ‘ആപ്പു’കളുടെ നിബന്ധനകൾ കണ്ണുംപൂട്ടി അംഗീകരിക്കുന്ന നമ്മളോടാ കളി എന്ന മട്ടിൽ ഞങ്ങളും. അതിനിടയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എന്റെ 2 യാത്രാവിവരണങ്ങൾ പ്രകാശനം ചെയ്യാനുള്ള തീയതി അറിയിച്ചുകൊണ്ടുള്ള മെയിൽ വന്നു. അതോടെ നിലത്തൊന്നുമായിരുന്നില്ല.
ബെൽഗ്രേഡിൽ ശിശിരമാണെങ്കിലും തണുപ്പിനെ പ്രതിരോധിക്കാനുള്ള എന്റെ കുറഞ്ഞശേഷി പ്രമാണിച്ച് ഹെവി തെർമൽസ് ഉൾപ്പടെയുള്ള വസ്തുവകകൾ പെട്ടിയിലാക്കി പുറപ്പെട്ടു. കൗണ്ടറിൽ അസാമാന്യ തിരക്കാണ്. ഏകദേശം 2 മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. ഞങ്ങളുടെ ഊഴമെത്തി. യാത്രാരേഖകൾ എല്ലാം പരിശോധിച്ചുകൊണ്ടിരുന്ന കൗണ്ടറിലെ ചെറുപ്പക്കാരിക്ക് ഒരു കൺഫ്യൂഷൻ.. അവർ ആരെയൊക്കെയോ വിളിക്കുന്നു, സൂപ്പർവൈസർ വരുന്നു, അവസാനം ജയകുമാറിനും എനിക്കും പോകാം, പക്ഷേ മകളുടെ അമേരിക്കയിൽ നിന്നെടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് സെർബിയ അംഗീകരിച്ചിട്ടില്ല അതുകൊണ്ട് പിസിആർ ചെയ്യാതെ അവൾക്ക് പോകാൻ പറ്റില്ലെന്നറിയിച്ചു. എന്തൊരു ആന്റി ക്ലൈമാക്സ്! സൈറ്റിൽ തുടർവായനയിൽ ഈ നിബന്ധനയും ഉണ്ടായിരുന്നു.

പക്ഷേ ഒറ്റനോട്ടത്തിലെ വായന പണി തന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഫൈസറിന്റെ വാക്സിനേഷൻ ദുബായിൽ നിന്നെടുത്തത് അംഗീകരിക്കും, പക്ഷേ അമേരിക്കയിൽ നിന്നെടുത്തത് അംഗീകരിക്കില്ലെന്ന നിലപാടിന് പിന്നിലെ രാഷ്ട്രീയം ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു ചെറിയ അശ്രദ്ധ എങ്ങിനെ ഒരു സാധാരണക്കാരന്റെ ബജറ്റ് തകർത്തുകളയുമെന്ന് അന്ന് കൊണ്ടറിഞ്ഞു. ഫ്ലൈറ്റ് പുറപ്പെടാൻ 2 മണിക്കൂർ മാത്രം ബാക്കി. അന്നത്തെ യാത്ര നടക്കില്ല എന്നുറപ്പായി. എയർപോർട്ടിൽ നിന്നു നേരെ പിസിആർ ടെസ്റ്റിന് വിട്ടു. തിരിച്ചെത്തി ഫ്ലൈ ദുബായ് കൗണ്ടറിൽ നിന്നുതന്നെ അടുത്ത ദിവസത്തെ അതേ ഫ്ലൈറ്റ് ബുക്ക് ചെയ്തു. ഹോട്ടലിൽ വിളിച്ചറിയിച്ചു. ബുക്ക് ചെയ്തിരുന്ന സിറ്റി ടൂർ മാറ്റി ഇടയ്ക്കുള്ള ഫ്രീ ഡേ നഷ്ടമായി. അങ്ങനെ ഫ്ലൈറ്റ് ചാർജ് ഒരു ദിവസത്തെ മുറിവാടക, എയർപോർട്ടിൽ നിന്നു ഹോട്ടൽ വരെയുള്ള ഡ്രോപ്പ് ഓഫ് ചാർജ് എല്ലാം നിമിഷനേരംകൊണ്ട് വെള്ളത്തിലായി. ശ്മശാന മൂകതയിൽ ഒരു ദിവസം തള്ളിനീക്കി. പിറ്റേന്ന് ചെക് ഇൻ കഴിഞ്ഞ് ബോർഡിങ് പാസ് കിട്ടിയപ്പോഴാണ് ശ്വാസം നേരെവീണത്. എയർപോർട്ട് ലോഞ്ചിൽ ചെന്നിരുന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു, പറ്റിയ നഷ്ടത്തിൽ പരിതപിച്ചു, ഇതിലും വലുതെന്തൊ വരാനുള്ളതായിരുന്നുവെന്ന് ആശ്വസിച്ചു.

ഗെയ്റ്റ് ഓപ്പൺ ആകുന്നതിന് മുന്നെത്തന്നെ അവിടെനിന്നു പതിയെ നടക്കാൻ തുടങ്ങി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ കയറിയിറങ്ങി മുന്നോട്ടുപോകുന്നതിനിടയിൽ ഡിസ്പ്ലേ ബോർഡിൽ ഫൈനൽ കാൾ എന്ന് തെളിഞ്ഞു. അടുത്ത ഞെട്ടൽ, പിന്നെ ഒറ്റയോട്ടമായിരുന്നു. ഗേറ്റിൽ അവസാനത്തെ യാത്രക്കാരായി ഞങ്ങൾ മൂന്നുപേർ. കിതച്ചുകൊണ്ട് ബോർഡിങ് പാസ് പരിശോധിക്കുന്നതിനായി കൈമാറി. താഴെ കിടക്കുന്ന ഒരു പേഴ്സ് കണ്ണിൽപ്പെട്ടു. സ്റ്റാഫിനെ അതും ചൂണ്ടിക്കാണിച്ച് ഫ്ലൈറ്റിലേക്ക് ഓടിക്കയറി. ഒരാൾ പരിഭ്രാന്തനായി ഫോൺ ചെയ്യുന്നതും എയർ ഹോസ്റ്റസ് അയാളെ ആശ്വസിപ്പിക്കുന്നതും കണ്ടപ്പോൾ ചിത്രം വ്യക്തമായി. അദ്ദേഹത്തോടു സംസാരിച്ചപ്പോൾ എയർലൈൻസ് സ്റ്റാഫ് വിളിച്ചതായും അപ്പോൾ തന്നെ ബാങ്കിൽ വിളിച്ച് ക്രെഡിറ്റ് കാർഡ് ബ്ലോക് ചെയ്തതായും കൂട്ടുകാർക്കൊപ്പം യാത്ര തുടരുകയാണെന്നും അറിഞ്ഞു. ഒരു ചെറിയ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കണ്ടിവരുമെന്ന് കണ്ടും കൊണ്ടും അറിഞ്ഞ 24 മണിക്കൂറിനുശേഷം രാവിലെ പത്തേമുക്കാലോടെ വിമാനം പറന്നുയരുമ്പോൾ ആഹ്ലാദത്തേക്കാളേറെ ആശ്വാസമായിരുന്നു.
Content Summary : A Serbian journey can be a truly unforgettable experience.