ADVERTISEMENT

നാഗരികതകളുടെ ചരിത്രം പരിശോധിച്ചാൽ നദീതടങ്ങളും ജലപാതകളും അവയുടെ വളർച്ചയിൽ ഗണ്യമായ പങ്ക്‌ വഹിച്ചിരുന്നതായി കാണാം. അത്തരത്തിൽ ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ജലപാതയാണ്‌ ദുബായ്‌ ക്രീക്ക്‌. റാഷിദ്‌ തുറമുഖത്തുനിന്നു റാസ് അൽ ഖോർ വരെ ഏകദേശം 14 കിലോമീറ്റർ നീളമുള്ള ജലപാതയാണിത്. എല്ലാ അര്‍ഥത്തിലും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനികോത്തര നഗരമായ ദുബായിലെ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണിത്. ദുബായ് ക്രീക്കിലൂടെ നടത്തിയ സ്പീഡ് ബോട്ട് സവാരിയുടെ വിശേഷങ്ങള്‍...

Dubai-Creek-9

 

ദുബായ് ക്രീക്ക്
ദുബായ് ക്രീക്ക് യാത്ര ചിത്രങ്ങൾ : സിബി മാത്യു, കൊട്ടാരക്കര

കുവൈറ്റിൽ താമസിക്കുന്ന ആത്മമിത്രമായ വാളകം സ്വദേശി റ്റിറ്റി ലൂക്കോസുമൊത്താണ് ദുബായിൽ എത്തിയിരിക്കുന്നത്. 2004-2012 വരെ ദുബായിൽ ജോലി ചെയ്തിരുന്ന എനിക്ക് ഇവിടേക്കുള്ള വരവ് നോസ്റ്റാൽജിയ ആയിരുന്നു. പത്ത് വർഷം കൊണ്ട് ദുബായ് ഒരുപാട് മാറി. പുതിയ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ ഒക്കെ വന്നെങ്കിലും ക്രീക്ക് ഇപ്പോഴും പഴമയുടെ സൗന്ദര്യം പേറി സുന്ദരിയായി നിലകൊള്ളുന്നു. ദുബായിയില്‍ എന്‍റെ ബിസിനസ് പങ്കാളികൂടിയായ ജോർജ് സാറിന്റെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണത്തിന് ശേഷം ജദ്ദാഫ് ക്രീക്ക് ഹാര്‍ബര്‍ മറീന ബോട്ട് ജെട്ടിയിലേക്ക് യാത്ര തിരിച്ചു. ഈ പ്രദേശത്ത്‌ വലിയ ഹോട്ടലുകളും റസിഡൻഷ്യല്‍ ബിൽഡിങ്ങുകളും കാണാം. എന്റെ ദീർഘകാല സുഹൃത്തായ ജോസ് സാറും ഒപ്പം ഉണ്ടായിരുന്നു. ജോർജ് സാറിന്‍റെ മകന്‍ സിറില്‍ ആണ് ഞങ്ങളെ സ്പീഡ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നത്. വാഹനം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ മറീനയില്‍ എത്തി. നിരവധി ആഡംബര യാനങ്ങള്‍ അവിടെ കാണാം. ഇവിടെ ബോട്ട് പാര്‍ക്ക് ചെയ്യുന്നതിന് വലിയ തുകയാണ് വര്‍ഷാവര്‍ഷം നല്‍കേണ്ടത്. കഴിഞ്ഞ വർഷമാണ് ജോർജ് സാർ 8 പേര്‍ക്ക് കയറാവുന്ന ഈ സ്പീഡ് ബോട്ട് സ്വന്തമാക്കിയത്. അവധി ദിവസങ്ങളില്‍ കുടുംബമായി ചൂണ്ടയിടാൻ പോകാറുള്ള അദ്ദേഹം ബന്ധുക്കളും സുഹൃത്തുക്കളും ദുബായ് സന്ദര്‍ശിക്കുമ്പോള്‍ ബോട്ടുസവാരിക്കുമായി കൂട്ടാറുണ്ട്. ക്രീക്ക് ഹാര്‍ബര്‍ വാട്ടർഫ്രണ്ട് മറീനയിൽ നിന്ന് യാത്ര ആരംഭിച്ച ഞങ്ങൾ ബിസിനസ്സ് ബേ കടന്ന് ഗർഹൂദ് പാലത്തിന് അടിവശത്തുകൂടി ഫെസ്റ്റിവൽ സിറ്റിക്ക് സമീപത്ത്കൂടി മക്തും പാലവും കടന്ന് ദേയ്റാ ബർദുബായ് ഭാഗത്തേക്ക് പ്രവേശിച്ചു. സിറില്‍ ബോട്ട് ഓടിക്കുന്നതിനുള്ള ലൈസന്‍സ് നേടിയ കാര്യങ്ങള്‍ ഒക്കെ വിശദീകരിക്കുന്നുണ്ടായിരുന്നു.

Dubai-Creek-10


നല്ല വെയിലുണ്ട് എന്നാൽ കാറ്റുള്ളതിനാല്‍ ചൂട് അറിയുന്നില്ല. സിറിൽ പരിചയസമ്പന്നനായ ഒരു സ്രാങ്കിനെ പോലെ ബോട്ട് മിന്നൽ വേഗത്തിൽ പായിച്ചു. ബോട്ടിൽ സ്പീഡ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട് എന്നും വേഗപരിധി ലംഘിച്ചാൽ വൻ തുക ഫൈനായി വരുമെന്നും സിറിൽ പറഞ്ഞു. കുറച്ചു സമയം സിറിലിന്റെ നിയന്ത്രണത്തില്‍ ഞാനും റ്റിറ്റിയും ബോട്ട് ഓടിച്ചു. വെള്ളത്തിൽ പ്രതിഫലിക്കുന്ന അംബരചുംബികൾക്ക് ഓളത്തിന്റെ ചാഞ്ചാട്ടത്തിൽ രൂപമാറ്റം സംഭവിക്കുന്ന മനോഹരകാഴ്ച. പരന്നു കിടക്കുന്ന ജലപ്പരപ്പ്, എല്ലായിടവും വൃത്തിയും വെടിപ്പും. ദൂരെ പ്രതാപിയായി നിൽക്കുന്ന ബുർജ് ഖലീഫയുടെ കൂർത്ത അഗ്രവും മറ്റു കെട്ടിടങ്ങളും കാണാം. ദുബായ്‌ നഗരത്തിലെ പ്രധാന ബാങ്കുകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹോട്ടലുകൾ, ഹെറിറ്റേജ്‌ വില്ലേജ്‌, ഗോൾഫ്‌ ക്ലബ്‌, ക്രീക്ക്‌ പാർക്ക്‌ തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു.

Dubai-Creek-6

‘ചെറിയ നീർച്ചാലെ’ന്നർത്ഥം വരുന്ന ഈ ജലപാത ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു. ക്രീക്കിന്റെ കടലിനോടഭിമുഖമായ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേയ്റ എന്നും പടിഞ്ഞാറുഭാഗം ബർദുബായ് എന്നും അറിയപ്പെടുന്നു. ദുബായ്‌ നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും പുരാതനവുമായ ഭാഗങ്ങളാണിവ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുബായ്‌ ഒരു ചെറിയ ഗ്രാമപ്രദേശം മാത്രമായിരുന്നു. ക്രീക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥാനത്താണ് ആദ്യ ജനവാസകേന്ദ്രങ്ങൾ വളർന്നുവന്നത്. മത്സ്യബന്ധനവും മുത്തും പവിഴവും കടലിൽ നിന്നു ശേഖരിക്കുന്നതും കച്ചവടവുമായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. പേർഷ്യൻ ഉൾക്കടലിലെ മറ്റു രാജ്യങ്ങളിൽനിന്നും, ഇറാൻ, ഇന്ത്യ, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കു പോയിരുന്ന കപ്പലുകളും ഉരുക്കളും (dhow) ദുബായിൽ എത്താറുണ്ടായിരുന്നു. അത്തരം ചെറിയ ഉരുക്കളും കപ്പലുകളും ദുബായ്‌ ക്രീക്കിലായിരുന്നു നങ്കൂരമിട്ടിരുന്നത്‌. വലിയ കപ്പലുകളിൽനിന്ന് ചെറുവള്ളങ്ങളിലേക്ക്‌ സാധനങ്ങൾ കയറ്റിയായിരുന്നു ക്രീക്കിന്റെ ഓരങ്ങളിലേക്ക്‌ എത്തിച്ചിരുന്നത്‌. അങ്ങനെ ദുബായ്‌ നാഗരികത ക്രീക്കിനു ചുറ്റുമായി വികസിച്ചുവന്നു.1954 ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും മേഖലയുടെ വികസനത്തിൽ ക്രീക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്‌ അതിന്റെ ആഴവും വീതിയും കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ വികസന പ്രവർത്തനങ്ങൾ 1958 ൽ പൂർത്തിയാവുകയും, ഇതേത്തുടർന്ന് 500 ടൺ വരെ ഭാരംകയറ്റാവുന്ന കപ്പലുകൾക്ക്‌ ക്രീക്കിനുള്ളിൽ പ്രവേശനം സാധ്യമാവുകയും ചെയ്തു. ഇന്നും മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളിൽക്കൂടിയാണ്‌ പ്രധാനമായും നടക്കുന്നത്‌. ഏകദേശം 720,000 ടൺ കാർഗോ പ്രതിവർഷം ക്രീക്ക്‌ വഴി പലരാജ്യങ്ങളിലേക്ക്‌ പോവുകയും, ഇവിടേക്ക്‌ വരികയും ചെയ്യുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എട്ടു വാർഫേജുകൾ ക്രീക്കിൽ ഉണ്ട്‌.

Dubai-Creek-4


ഞങ്ങള്‍ അല്‍ സീഫ് ഭാഗത്ത് എത്തിയിരിക്കുന്നു. ധാരാളം അബ്രകള്‍ നിറയെ ആളുകളുമായി കുഞ്ഞോളങ്ങള്‍ കീറിമുറിച്ചു ക്രീക്കിന് കുറുകെ നീങ്ങുന്ന മനോഹര കാഴ്ച. ബർദുബായിയെയും ദേയ്റയെയും ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന പരമ്പരാഗത ബോട്ടാണ് അബ്ര. ദുബായ്‌ RTAയാണ്‌ അബ്ര സർവീസുകൾ നടത്തുന്നത്‌. ഒരു ദിർഹം‌ മാത്രമാണ്‌ ഈ യാത്രയുടെ നിരക്ക്‌. മുൻപ് ദുബായിൽ ഉണ്ടായിരുന്നപ്പോൾ നിരവധി തവണ കുടുംബമായി അബ്രയിൽ സഞ്ചരിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി ഇപ്പോൾ ക്രീക്കിനു കുറുകേ അഞ്ച് പാലങ്ങളുണ്ട്, ക്രീക്കിനടിയിൽക്കൂടി കടന്നുപോകുന്ന ഷിൻഡഗ ടണൽ റോഡ്, ഗർഹൂദ്‌ പാലം, ബിസിനസ് ബേ പാലം, മക്തൂം പാലം, ഫ്ലോട്ടിങ് ബ്രിജ് എന്നിവ കൂടാതെ ഇന്‍ഫിനിടി എന്ന പുതിയൊരു പാലവും ഗതാഗതത്തിനായി തുറന്നു. ആദ്യമായി ദുബായ് സന്ദർശിക്കുന്ന റ്റിറ്റിക്ക്‌ ഈ കാഴ്ചകൾ അദ്ഭുതമായിരുന്നു.

Dubai-Creek-5
Dubai-Creek-1


ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാകും. രാത്രിയാകുന്നതോടെ ക്രീക്കിന്‌ ചുറ്റിനുമുള്ള കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾക്ക് മറ്റൊരു ഭാവം ആണ്. വിനോദ സഞ്ചാരികൾക്കായി യാത്രാബോട്ടുകൾ, ക്രൂയിസ് ഡിന്നർ റസ്റ്ററന്റ് ബോട്ടുകൾ തുടങ്ങിയവ ക്രീക്കിൽ ലഭ്യമാണ്‌. ഏവർക്കും വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ പഴമയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ദുബായ്‌ ക്രീക്കും അബ്ര യാത്രയും തീരത്തായുള്ള ഓൾഡ് സൂക്ക്, ദുബായ് മ്യുസിയവും അൽ ഫഹീദി ഫോർട്ട്, ബർ ദുബായ് ഗ്രാൻഡ് മോസ്‌ക്ക്, ഹിന്ദു ക്ഷേത്രം, മീന മാർക്കറ്റ്, കമ്പ്യൂട്ടർ മാർക്കറ്റ്, ഷിന്റഗ ഹെറിറ്റേജ് പ്രദേശങ്ങളും.

Dubai-Creek-12
Dubai-Creek-3

തിരികെ പോകാന്‍ സമയമായപ്പോൾ കാറ്റിന്റെ ശക്തി കുറച്ചു കൂടിയിരിക്കുന്നു. ബോട്ടിലെ വയര്‍ലെസ് സെറ്റില്‍ ആഴക്കടല്‍ പ്രക്ഷുബ്ധമാണ് എന്ന സന്ദേശം ലഭിച്ചതിനാല്‍ ഇൻഫിനിറ്റി പാലത്തിന്റെ സമീപത്തുനിന്ന് ഞങ്ങള്‍ തിരികെ പോകാൻ തീരുമാനിച്ചു. ഉച്ചയോടെ സുരക്ഷിതമായി ഞങ്ങളെ ജദ്ദാഫ് ക്രീക്ക് ഹാർബറിൽ സിറിൽ എത്തിച്ചു.

Dubai-Creek-11


ദുബായ് ആധുനികതയുടെ പര്യായമായി ആണ് അറിയപ്പെടുന്നത്. മാനം മുട്ടുന്ന കെട്ടിടങ്ങൾ, ആഡംബര ഹോട്ടലുകൾ അങ്ങനെ അത്യാധുനികതയുടെ പരമോന്നതിയിൽ നിൽക്കുമ്പോഴും പഴമയെ കൂടെ കൂട്ടാൻ ഈ നഗരം മറന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ദുബായ് ക്രീക്കും പരിസരവും. ദുബായ്‌ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്‌. ദുബായ് എപ്പോഴും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ലണ്ടൻ നഗരത്തിനു തേംസ്‌ നദിപോലെ, കെയ്‌റോ നഗരത്തിന്‌ നൈൽ പോലെ, പാരീസിന്‌ സെയിൻ പോലെ, ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ പ്രധാനമായ ജലപാതയായ ക്രീക്കിലൂടെ അവിസ്മരണീയമായ ഒരു യാത്ര നടത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഞങ്ങൾ.


Content Summary : Dubai Creek is a natural saltwater creek in Dubai, United Arab Emirates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com