ADVERTISEMENT

ഡ്രാഫ്റ്റ്സ് മാൻ ഹോട്ടലിലെ റിഡ് ലി റസ്റ്ററന്റിൽ പ്രഭാതഭക്ഷണം. കഴിഞ്ഞ ദിവസം ഒരു സാധാരണ ഇടം എന്ന മട്ടിലാണ് ഇവിടെ കയറിയതെങ്കിലും അൽപം പഠനം നടത്തിയപ്പോൾ മനസ്സിലായി, വെറുമൊരു പേരല്ല റിഡ്‌ലി. ഈ മേഖലയിൽനിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ കറുത്തവംശജനായ ഡോ. വാൾട്ടർ നഥാനിയേൽ റിഡ്‌ലിയുടെ നാമധേയമുള്ള റസ്റ്റററന്റാണിത്.

breakfast
പ്രഭാതഭക്ഷണം ഡ്രാഫ്റ്റ്സ് മാൻ ഹോട്ടലിലെ റിഡ് ലി റസ്റ്ററന്റിൽ നിന്നും

വിദ്യാഭ്യാസത്തിലാണ് 1953 ൽ റിഡ്‌ലി ഡോക്ടറേറ്റ് നേടിയത്. സതേൺ ഭക്ഷണ രീതിയാണിവിടെ. മുട്ടയും റൊട്ടിയും പന്നിയും ഉരുളക്കിഴങ്ങും ജാമും പഴച്ചാറുമടങ്ങുന്ന കനത്ത ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു വണ്ടിയിലേറി. റിഡ്‌ലി ഡോക്ടറേറ്റ് നേടിയ വിർജീനിയ യൂണിവേഴ്സിറ്റിയിലേക്ക്.

റിഡ്‌ലി
റിഡ്‌ലി

ജെഫേഴ്സന്റെ സ്വന്തം

‘വിദ്യാധനം സർവധനാൽ പ്രധാന’മെന്ന ജെഫേഴ്സൻ ആപ്തവാക്യത്തിന്റെ പ്രതിരൂപമാണ് യൂണിവേഴ്സ്റ്റി ഓഫ് വിർജീനിയ. വിവരമില്ലെങ്കിൽ ഒന്നുമില്ലെന്ന അറിവിൽ 1819 ൽ തോമസ് ജെഫേഴ്സൻ ആരംഭിച്ച സ്ഥാപനം, ഇന്നും പുഷ്കലം. ക്യാംപസ് ചാപ്പലിനടുത്തുനിന്ന് സന്ദർശനം തുടങ്ങി. മനോഹരമായ ക്ലാസിക് കൊത്തളങ്ങൾ, പുൽത്തകിടികൾ, നൂറ്റാണ്ടുകൾ കണ്ട മരങ്ങൾ, ചുട്ട ഇഷ്ടിക പാകിയ നടപ്പാതകൾ. മുഖ്യ കെട്ടിടത്തിനു തൊട്ടടുത്ത് പ്രഫസർമാരുടെ വാസസ്ഥാനം. അധ്യാപകരും വിദ്യാർഥികളും അടുത്തിടപഴകണമെന്ന ഗുരുകുല സമ്പ്രദായത്തിലാണിവിടെ പണ്ടു മുതലേ കാര്യങ്ങൾ. പ്രശസ്ത സാഹിത്യകാരനായ എഡ്ഗാർ അലൻ പോയുടെ മുറി ആദ്യകാല വിദ്യാർഥികളുടെ പ്രതീകമായി ഇന്നും അതേപോലെ സൂക്ഷിക്കുന്നു. യുനസ്കോ പൈതൃക പ്രദേശമാണ് ഇവിടം.

George-Washington

വരൂ, ഒരു കപ്പ് നിറയെ വിദ്യ കുടിച്ചു പോകൂ...

അത്ര എളുപ്പത്തിലൊന്നും പ്രവേശനം കിട്ടുന്ന ഇടമല്ല യൂണിവേഴ്സ്റ്റി ഓഫ് വിർജീനിയ. ആധുനിക അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള സർവകലാശാല. ‘വിദ്യയുടെ ഒരു കപ്പ് കുടിച്ചു പോകൂ’ എന്നു തോമസ് ജെഫേഴ്സന് അക്കാലത്ത് തോന്നാൻ കാരണം അമേരിക്കയുടെ അവസ്ഥ തന്നെ. അന്നും ഇന്നും സാധ്യതകളുടെ ഭൂമിയായ അമേരിക്കയിൽ കുടിയേറുന്നവർ സാധാരണക്കാരിൽനിന്നു വ്യത്യസ്തരാണ്. അന്നൊക്കെ വിദ്യാഭ്യാസം കുറവെങ്കിലും ധൈര്യവും എന്തും വെട്ടിപ്പിടിക്കാനുള്ള ശേഷിയും ഉള്ളവരാണ് യൂറോപ്പിൽനിന്ന് അമേരിക്ക കടന്നത്. സ്വാഭാവികമായും വിദ്യാഭ്യാസത്തിൽ കാര്യമായ ശ്രദ്ധയില്ലാതെ വളർന്നവർ.

യൂണിവേഴ്സ്റ്റി ഓഫ് വിർജീനിയ
യൂണിവേഴ്സ്റ്റി ഓഫ് വിർജീനിയ

കപ്പൽ കയറി അമേരിക്കയിലെത്തി എല്ലാം വെട്ടിപ്പിടിച്ചു കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ അഭാവം ജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങുക. വൈകിയ വേളയിൽ വിദ്യ സ്വന്തമാക്കാൻ വഴിയില്ല. ഈ വികാരം ഉൾക്കൊണ്ടാണ് ജെഫേഴ്സൻ കയ്യിലുള്ള സ്വത്തൊക്കെ വിദ്യയ്ക്കായി സമർപ്പിച്ചുകൊണ്ട് ഈ വിദ്യാലയം തുടങ്ങുന്നത്. വിദ്യയും വിവരവുമാണ് എല്ലാത്തിനും അടിസ്ഥാനം എന്ന ചിന്തയിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് ഇഷ്ടഭവനവും ഏക്കറു കണക്കിനു കൃഷിയിടങ്ങളുമൊക്കെയാണ്.

സമാന ചിന്താധാരകൾ

സർവകലാശാല ഇന്നു നിൽക്കുന്ന ചാർലോട്സ് വിൽ പട്ടണം തിരഞ്ഞെടുത്തതും കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നു തീരുമാനിച്ചതുമൊക്കെ പിൽക്കാലത്ത് പ്രസിഡന്റുമാരായ ജയിംസ് മൺറോ, ജയിംസ് മാഡിസൻ, ചീഫ് ജസ്റ്റിസ് ജോൺ മാർഷൽ എന്നിവരൊക്കെയാണ്. ഇവരോടൊക്കെ ജെഫേഴ്സൻ ചർച്ച ചെയ്തു നടത്തിപ്പും ഭാവിയും തീരുമാനിച്ചുറപ്പിച്ചു. മതവും വിദ്യാഭ്യാസവും ഒരുമിച്ചു വേണ്ട എന്ന തത്വത്തിൽ അധിഷ്ഠിതമായി വൈദ്യം, ശാസ്ത്രവിഷയങ്ങൾ, തത്വചിന്ത, ഭാഷ എന്നിവയടക്കം എട്ടു വിഷയങ്ങളിൽ വിദ്യാഭ്യാസം തുടങ്ങി. ചരിത്രം ധാരാളമുണ്ട്. അതിലേക്ക് കടക്കാൻ യൂണിവേഴ്സ്റ്റി ചാപ്പലിനു മുമ്പിലൂടെ പ്രവേശിക്കാം.

വരൂ... നമുക്കു വിർജീനിയയിൽ പോയി രാപാർക്കാം– യാത്രാവിവരണം ഒന്നാം ഭാഗം

ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്​സ് വിൽ നഗരവുമല്ല – യാത്രാവിവരണം രണ്ടാം ഭാഗം

സ്നേഹിക്കാനൊരു വിർജീനിയ – യാത്രാവിവരണം മൂന്നാം  ഭാഗം

ഇതൊരു നഗരമാണ്‌

തോമസ് ജെഫേഴ്സൻ അക്കാദമിക് വില്ലേജും പുൽത്തകിടിയും എന്നറിയപ്പെടുന്ന പഴയ സമുച്ചയത്തിലേക്കാണ് ആദ്യം ചെന്നെത്തുക. ഇതു യൂണിവേഴ്സിറ്റിയുടെ ചരിത്രപ്രധാനമായ ഭാഗമാണ്. വൈദ്യം മുതൽ നിയമം വരെ ലോകത്ത് പഠിക്കാനാവുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പുകളും വലിയ സ്റ്റേഡിയങ്ങളും ഗോൾഫ് കോഴ്സുകളും സൂപ്പർ മാർക്കറ്റുകളും പാർക്കിങ് ലോട്ടുകളുമൊക്കെയായി 151 സോണുകളായി തിരിച്ചിട്ടുള്ള സർവകലാശാലയുടെ ഒരു ചെറിയ മൂല മാത്രമാണിത്. 1135 ഏക്കറിൽ ചെറിയൊരു നഗരമായി പരന്നു കിടക്കുന്നു ക്യാംപസ്.

Travelogue

വിദ്യയുടെ പുൽത്തകിടി

സർവകലാശാലയുടെ പ്രധാന കെട്ടിടമായ വൃത്താകാരഗൃഹം എന്ന ‘റോട്ടുൻ‍ഡ’ പുൽത്തകിടിയുടെ മധ്യത്തിലാണ്. ഇരു വശത്തും കെട്ടിടങ്ങൾ. ഒരു വശത്ത് അധ്യാപകരുടെ വീടുകൾ. മറുവശത്ത് ‘ദ് റേഞ്ച്’ എന്നറിയപ്പെടുന്ന ഡോർമിറ്ററികൾ. 1826 മുതൽ ലൈബ്രറിയും പ്രധാന ക്ലാസ് മുറികളുമടങ്ങുന്ന ഈ കെട്ടിടം പ്രവർത്തനക്ഷമമായിരുന്നു. 1895 ലെ തീപിടുത്തത്തിൽ ഭാഗികമായി നശിച്ച കെട്ടിടം പിന്നീട് പുനർ നിർമാണം നടത്തിയപ്പോൾ യഥാർഥരൂപത്തിൽനിന്ന് ഏറെ മാറിപ്പോയി. എന്നാൽ 2016 ൽ നടന്ന പുനരുദ്ധാരണത്തിൽ ജെഫേഴ്സൻ കാലത്തെ വൃത്താകാരഗൃഹമായി പുനഃസ്ഥാപിക്കപ്പെട്ടു. കെട്ടിടത്തിനുള്ളിൽക്കയറി. ക്ലാസ് റൂമുകളിൽ ഇരുന്നു. ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകൻ എന്ന നിലയിൽ 10 മിനിറ്റ് വിദ്യാർഥികളോട് അഭിപ്രായങ്ങൾ പങ്കു വയ്ക്കാനായി. പുറത്തിറങ്ങി.

എഡ്ഗാർ അലൻ പോ
പ്രശസ്ത സാഹിത്യകാരനായ എഡ്ഗാർ അലൻ പോയുടെ മുറി

കാക്കയെപ്പോലെ അലൻ പോ

‘റേവൻ’ എന്ന ഒറ്റ കവിതയിലൂടെ ലോകപ്രശസ്തനായ എഡ്‌ഗാർ അലൻ പോയുടെ ഡോർമിറ്ററി കാണാതെങ്ങനെ മടങ്ങും. ഓരോ അണുവിലും താളബദ്ധമായ കവിത തുളുമ്പുന്ന, അമാനുഷികത തികയുന്ന ‘റേവൻ’ രചിച്ച അലൻ പോ ഈ നാട്ടുകാരനായിരുന്നു. ബോസ്റ്റണിലായിരുന്നു ജനനമെങ്കിലും റിച്ച്മണ്ടിലാണ് വളർന്നത്. പഠനത്തിനായി ചേർന്നു. പക്ഷേ പണക്കുറവു മൂലം നിർത്തി 1827 ൽ പട്ടാളത്തിൽച്ചേർന്ന അലൻ പോയുടെ മുറി അതേ പടി സംരക്ഷിച്ചിട്ടുണ്ട്. തൊട്ടടുത്ത ഡോർമിറ്ററികളിൽ പുതു തലമുറ വിദ്യാർഥികൾ ദിവസവും ചരിത്രം ശ്വസിച്ച് ജീവിക്കുന്നു. കുറച്ചു നേരം അവിടെ നിന്ന് കാക്കയെക്കാൾ വലിയ, എന്നാൽ കാക്കയുടെ രൂപമുള്ള, റേവനെപ്പറ്റിയുള്ള കവിത പണ്ടേതോ ഇംഗ്ലിഷ് ക്ലാസിൽ പഠിച്ചതോർത്ത് തിരിച്ചു നടന്നു. അന്നത്തെ ക്ലാസിലിരിക്കുമ്പോൾ സ്വപ്നത്തിൽപോലും ഓർത്തിട്ടില്ലല്ലോ ഈ ചരിത്ര കുടീരം കാണാനാവുമെന്ന്.

rotunda

അടിമകളുടെ ഓർമകൾ

അറുപതുകൾ വരെ കറുമ്പനെ രണ്ടാം കിട മനുഷ്യരായിപ്പോലും കരുതാൻ വിസമ്മതിച്ചിരുന്ന അമേരിക്കക്കാരൻ ഇപ്പോൾ ഒരു തിരുത്തലിനെന്നോണം എല്ലായിടത്തും അടിമകളെ സ്മരിക്കുന്നു. സർവകലാശാല നിർമിക്കാനായി ജീവിതം ത്യജിച്ച നാലായിരത്തിലധികം അടിമകൾക്കായി ഇവിടൊരു സ്മാരകമുണ്ട്. അടിമകളുടെ പിൻതലമുറക്കാരിൽനിന്നും സർവകലാശാല രേഖകളിൽനിന്നും ശേഖരിച്ച വിവരങ്ങളുപയോഗിച്ച് നിർമിച്ച സ്മാരകം. വൃത്താകൃതിയിലുള്ള സ്മാരകത്തിൽ ഒട്ടേറെ അടിമകളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. പേരുകൾക്കു മുകളിലൂടെ വെള്ളം ഒഴുകുന്ന രീതിയിലാണ് രൂപകൽപന. അടിമ പാചകക്കാരിയും നഴ്സുമായിരുന്ന ഇസബെല്ലാ ജിബ്സൻ എന്ന വനിതയുടെ കണ്ണുകളെ സൂചിപ്പിക്കുന്ന ഒരു ‘ഇൻസ്റ്റലേഷ’നും ഇവിടെയുണ്ട്.

v1

ചാപ്പൽ, മരങ്ങൾ, പവിലിയൻ, റേഞ്ച്, ലോൺ...

ഗോഥിക് രൂപകൽപനയിൽ 1885 ൽ നിർമിച്ച ചാപ്പൽ ഒരു കാഴ്ചയാണ്. ക്യാംപസിന്റെ സെക്യുലർ സ്വഭാവത്തിന് തെല്ല് അപവാദമായി നിൽക്കുന്ന മനോഹരസൗധം ഇന്ന് യോഗങ്ങൾക്കും വിവാഹങ്ങൾക്കും ചടങ്ങുകൾക്കുമൊക്കെയായി ഉപയോഗിക്കുന്നു. ചാപ്പലിനു മുന്നിൽ നിന്ന് ചരിത്രത്തോടു ചേർന്നു നിന്നൊരു ചിത്രമെടുത്തു. ‘റോട്ടുൻഡ’ എന്ന വൃത്താകാര കെട്ടിടത്തിനു മുന്നിലെ പുൽത്തകിടി സൗഹൃദത്തിന്റെ പച്ചപ്പാണ്. ഇവിടെയാണ് വിദ്യാർഥികൾ ഇടപഴകുന്നത്. കുറെയേറെ ചൈനീസ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയതിന്റെ ആഘോഷവും ചിത്രമെടുപ്പും നടത്തുന്ന കാഴ്ചയാണ് ചെന്ന ദിവസം കണ്ടത്. വലതു വശത്ത് ‘റാഞ്ച്’ എന്ന ഡോർമിറ്ററി. അവിടുത്തെ റൂം 13 ആണ് എഡ്ഗാർ അലൻ പോയുടെ മുറി. സ്റ്റാഫ് ക്വാർട്ടേഴ്സുകളായി ഉപയോഗിക്കുന്ന 10 ‘പവിലിയനു’കൾ നേരത്തേ സൂചിപ്പിച്ചതുപോലെ മറുവശത്ത്. ഇനി യൂണിവേഴ്സിറ്റി വിടാം. ക്യാംപസിന്റെ ഭംഗിയാസ്വദിച്ച് മരത്തണലിലൂടെ വാഹനത്തിനടുത്തേക്കു പതിയെ നടന്നു.

C7

അമേരിക്കയുടെ ‘ഗാന്ധിജി’...

യാത്ര മറ്റൊരു പ്രസിഡന്റിന്റെ ഓർമയിലേക്കാണ്. അമേരിക്കയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ജോർജ് വാഷിങ്ടന്റെ ഭവനത്തിലേക്ക്. വിർജീനിയയിലെ ഏറ്റവും വലിയ ധനാഢ്യൻ, പ്ലാന്റർ, വ്യവസായി, പട്ടാളമേധാവി, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ യഥാർഥ ബഹുമുഖ പ്രതിഭ. ഇങ്ങനെയൊക്കെയായ വാഷിങ്ടന്റെ ഭവനവും തോട്ടവുമടങ്ങുന്ന മൗണ്ട് വെർനോനിലേക്ക് പോകുംമുമ്പ് അദ്ദേഹത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ.

482743245

സ്റ്റേറ്റുകൾ യുണൈറ്റഡാകുന്നു

1789 മുതൽ 1797 വരെയാണ് ജോർജ് വാഷിങ്ടൻ അമേരിക്കൻ പ്രസിഡന്റായിരുന്നത്. 1749 ൽ വിർജീനിയയിലെ ഒരു കൗണ്ടിയുടെ സർവെയറായാണ് ഔദ്യോഗിക ജീവിത തുടക്കം. പിന്നീട് പട്ടാളത്തിൽ. പടിപടിയായി ഉയർന്ന് കമാൻഡർ ഇൻ ചീഫ്. 1783 ൽ ബ്രിട്ടിഷ് കൊളോണിയൽ സേനയെ പരാജയപ്പെടുത്തി പാരിസ് കരാറിലൂടെ സ്വാതന്ത്ര്യം ഉറപ്പാക്കി. 13 കോളനികളാണ് അന്ന് സ്വതന്ത്രമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പിറവിക്കു നിമിത്തമായത്. യുദ്ധ ശേഷം പട്ടാളം വിട്ട അദ്ദേഹം വ്യവസായത്തിലും കൃഷിയിലും രാഷ്ട്രീയത്തിലും ശ്രദ്ധ ചെലുത്തി.

Virginia Travel

വായിൽ വെള്ളിക്കരണ്ടി, കയ്യിൽ നിറതോക്ക്...

വിർജീനിയയിലെ വൻകിട തോട്ടമുടമകളുടെ കുടുംബത്തിലാണ് ജോർജ് വാഷിങ്ടന്റെ ജനനം. പുകയിലക്കൃഷിയിലൂടെ പണക്കാരനായ മുതുമുത്തച്ഛൻ ജോൺ വാഷിങ്ടൻ 1656 ൽ ഇംഗ്ലണ്ടിലെ നോർതാംപ്ടൺഷെറിൽനിന്നു കുടിയേറിയതാണ്. ഇപ്പോഴത്തെ മൗണ്ട് വെർനോണിനടുത്ത് പോട്ടോമാക്ക് നദിക്കരയിൽ 5000 ഏക്കർ തോട്ടമാണ് മുതുമുത്തച്ഛൻ പടുത്തുയർത്തിയത്. അഗസ്റ്റിൻ, മേരി ദമ്പതികളുടെ ആറു മക്കളിൽ മൂത്തവനായി 1732 ഫെബ്രുവരി 22 ന് ജനനം. മറ്റു മക്കൾക്കൊക്കെ ഇംഗ്ലണ്ടിൽ പഠിക്കാൻ അവസരം ലഭിച്ചെങ്കിലും വാഷിങ്ടനു കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പ്രാദേശിക സ്കൂളിൽ സർവേയും മാപ് റീഡിങ്ങും പഠിച്ചു. അന്നത്തെ എൻജിനീയറിങ് ബിരുദത്തിനു തുല്യമെന്നു കരുതാം. പിതാവ് അഗസ്റ്റിൻ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായി വളരുമ്പോഴേക്കും ജോർജ് മികച്ച മാപ് റീഡറായി തിളങ്ങി. ഇടയ്ക്കെങ്ങോ വിദേശ യാത്രയ്ക്കിടെ വസൂരിബാധിതനായി പ്രത്യുൽപാദനശേഷി നശിച്ചു.

george-washington-horse

മേജർ, കമാൻഡർ

അന്നൊക്കെ ക്യാപ്റ്റനായിരുന്നു എറ്റവും വലിയ കമാൻഡറെങ്കിൽ വിർജീനിയ പട്ടാളത്തിൽ അതിനും മുകളിൽ മേജറായി ജോർജ് വാഷിങ്ടൻ നിയമിതനായി. പിന്നീട് ജനറൽ വരെയെത്തി. യുദ്ധങ്ങൾ പലതു നയിച്ചു. തോറ്റു, ജയിച്ചു. സമാസമം നിന്നു. എങ്കിലും അന്തിമ വിജയത്തിൽ ബ്രിട്ടിഷുകാരെ തുരത്തിയതോടെ വാഷിങ്ടൻ ഹീറോയായി.

IMG_7793

വിവാഹം ഒരു പുനർ വിവാഹം

1759 ൽ, ഇരുപത്തിയാറാം വയസ്സിൽ മാർത്താ കർട്ടിസിനെ വിവാഹം ചെയ്യുമ്പോൾ വാഷിങ്ടന്റെ പ്രഥമ വിവാഹമായിരുന്നു അത്; മാർത്തയുടെ രണ്ടാം വിവാഹവും. ഡാനിയേൽ കർട്ടിസിന്റെ ഭാര്യയായിരുന്ന മാർത്ത അദ്ദേഹത്തിന്റെ മരണത്തോടെ പുനർവിവാഹം ചെയ്യുകയായിരുന്നു. ഈ വിവാഹത്തോടെ ജോർജ് വാഷിങ്ടൻ 18000 ഏക്കർ തോട്ടത്തിനും അതിനൊത്ത അടിമകൾക്കും ഉടമയായി. ഇതൊക്കെ മാർത്തയുടെ ആദ്യ ഭർത്താവ് കർട്ടിസിന്റെയായിരുന്നു. ഇതോടൊപ്പം കർട്ടിസിന്റെയും മാർത്തയുടെയും രണ്ടു കുട്ടികളുടെ പിതാവുമായി അദ്ദേഹം. പിന്നീട് കുട്ടികൾ ജനിക്കാതായ മാർത്തയും വസൂരി വന്ധ്യനാക്കിയ വാഷിങ്ടനും അതിനു ശേഷം ഈ മക്കളെപ്പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളു. മൗണ്ട് വെർനോണിലേക്ക് കടക്കുമ്പോൾ ഈ രണ്ടു കുട്ടികളെയും മാർത്തയെയും കൈകളിൽ പിടിച്ചു നിൽക്കുന്ന ജോർജ് വാഷിങ്ടന്റെ പ്രതിമയുണ്ട്. ഒരു സെൽഫിയെടുത്തു.

മൗണ്ട് വെർനോണിൽ
മൗണ്ട് വെർനോണിൽ ലേഖകൻ

വെർനോൻ കുന്നിലേക്ക്

പ്രതിമ നിൽക്കുന്നത് വിസിറ്റേഴ്സ് ലോഞ്ചിലാണ്. തൊട്ടപ്പുറത്ത് ഭക്ഷണശാലയുണ്ട്. ടോക്കണെടുത്ത് ബർഗറും ഐസ് ടീയും കഴിച്ചപ്പോഴേക്കും സന്ദർശന സമയമായി. വിസിറ്റേഴ്സ് ലോഞ്ചിൽ അമേരിക്കയിലെത്തിയ പല പ്രശസ്തരുടെയും കുറച്ച് ചിത്രങ്ങളുണ്ട്. പണ്ഡിറ്റ് നെഹ്റു പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുന്ന ചിത്രം കണ്ട് അഭിമാനിച്ചു. വിസിറ്റേഴസ് ലോഞ്ചിൽ വാഷിങ്ടൻ ബംഗ്ലാവിന്റെ മോഡലുണ്ട്. അത്ര വലിയ കെട്ടിടമൊന്നുമല്ല. ജെഫെഴ്സന്റെ മോണ്ടിച്ചെല്ലോയാണ് ഇതിലും ആഢ്യം. കാലം കുറെ പിറകിലേക്കാണല്ലോ ഇവിടെ. ലോഞ്ചിൽ നിന്നിറങ്ങി മൺവഴിയിലൂടെ കുറെ നടക്കണം മൗണ്ട് വെർനോൺ കവാടം കാണാൻ. ഇരു വശത്തും ധാരാളം മരങ്ങൾ. പല മരങ്ങളും വാഷിങ്ടന്റെ കാലത്തുള്ളതാണ്. അപ്പുറത്തെ പുൽമേടുകളിൽ കുതിരലായങ്ങളും പശുത്തൊഴുത്തുകളും. പശുക്കൾ മേയുന്നതു കാണാൻ കുട്ടികളുടെ തിരക്ക്.

vernonim1

മൗണ്ട് വെർനോൺ ബംഗ്ലാവ്

വലിയ പുൽത്തകിടിക്കു പിന്നിൽ കാണാമറയത്താണ് കൊട്ടാരം. വശങ്ങളിലൊക്കെ നേരത്തേ പറഞ്ഞ മുത്തശ്ശി മരങ്ങൾ. കൊട്ടാരത്തിലെത്തും മുമ്പ് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും. അതിനോടനുബന്ധിച്ച് അടിമലായങ്ങൾ. പുരുഷ, വനിത അടിമകൾക്ക് വ്യത്യസ്ത സൗകര്യങ്ങൾ. ബങ്ക് ബെഡുകളാണ് കിടക്കകൾ. അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ട്.

C4

ഇതിനൊപ്പം അന്നത്തെ ജീവിത സാഹചര്യങ്ങൾ വിശദീകരിക്കുന്ന കൊല്ലപ്പണിയും ആശാരിപ്പണിയുമൊക്കെ നടന്മാർ അഭിനയിച്ചു കാട്ടുന്ന ഇടങ്ങൾ. എസ്റ്റേറ്റ് മാനേജർമാർക്കും മുഖ്യഷെഫിനുമൊക്കെയുള്ള ക്വാർട്ടേഴ്സുകൾ മികച്ചവ. എല്ലാം പിന്നിട്ട് ബംഗ്ലാവിലെത്തി.

IMG_7785
IMG_7804

നദിക്കരയിലെ ബംഗ്ലാവ്

വിർജിനിയയിലെ ഫെയർഫാക്സ് കൗണ്ടിയിൽ പൊട്ടോമാക്ക് നദിക്കരയിൽ ഇപ്പോൾ 500 ഏക്കറിൽ പരന്നു കിടക്കുന്നു മൗണ്ട് വെർനോൺ തോട്ടവും മനോഹരമായ ബംഗ്ലാവും. തുടക്കത്തിൽ 5000 ഏക്കറായിരുന്നുവെങ്കിലും പിൽക്കാലത്ത് 500 ഏക്കറായി ചുരുങ്ങി. ബംഗ്ലാവിനു പിന്നിലാണ് നദി. ഗാന്ധിജിയുടെ ഓർമകളിൽ ഇന്നും പോർബന്തറിൽ ജനമെത്തുന്നതുപോലെ ഇവിടെയും തിരക്കൊഴിഞ്ഞിട്ടു നേരമില്ല.

vernon-travel
The-Upper-Garden

നീണ്ട ക്യൂ പാലിച്ചു വേണം ഉള്ളിലെത്താൻ. 1674 മുതൽ വാഷിങ്ടൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എസ്റ്റേറ്റ്. ഇപ്പോഴത്തെ കെട്ടിടത്തിന്റെ ആദ്യ രൂപം വാഷിങ്ടന്റെ പിതാവ് അഗസ്റ്റിൻ 1734 ൽ പണിതതാണ്. പല്ലാഡിയൻ സ്റ്റൈൽ എന്നറിയപ്പെടുന്ന യൂറോപ്യൻ വാസ്തുവിദ്യാരീതിയിൽ തടിയിലാണ് നിർമാണം. 1750 ലും 1770 ലും ജോർജ് വാഷിങ്ടൻ ഈ കെട്ടിടം വിപുലീകരിച്ചു. 1799 ൽ മരണം വരെ ഈ ബംഗ്ലാവിലാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.

vernon

കൈത്താങ്ങായ വനിതകൾ

വാഷിങ്ടന്റെ കാലശേഷം പല തലമുറകൾ കൈമാറിയെങ്കിലും കാര്യമായ പരിപാലനമില്ലാതെ കെട്ടിടം പൊളിഞ്ഞു തുടങ്ങി. തടിയിലാണ് നിർമാണമെന്നതിനാൽ ഏതാണ്ടു നിലംപരിശാകാറായ നിലയിലായി ബംഗ്ലാവ്. ഈ കാലഘട്ടത്തിലാണ് 1858 ൽ വെർനോൺ ലേഡീസ് അസോസിയേഷൻ എന്ന വനിതാ സംഘടന സംരക്ഷണമേറ്റെടുത്തത്. പണം സ്വരൂപിച്ച് ബംഗ്ലാവ് ഏതാണ്ട് പഴയ രൂപത്തിലെത്തിച്ചു. ജോർജ് വാഷിങ്ടൻ കാലഘട്ടം പുനർ നിർമിച്ചെടുക്കുകയായിരുന്നു. പലതും യാഥാർഥമല്ല, അതേ പടി ഉണ്ടാക്കിയെടുത്തതാണ്. എന്നാൽ അക്കാലഘട്ടത്തേക്കു തിരികെപ്പോകും വിധം ബംഗ്ലാവും അനുബന്ധകെട്ടിടങ്ങളും പുൽത്തകിടിയും തോട്ടങ്ങളും സംരക്ഷിക്കപ്പെട്ടു. പേരറിയാത്ത വനിതകളേ, നന്ദി.

IMG_7799

പ്രൗഢഗംഭീരം, ലളിത സുന്ദരം

ഒരേ സമയം പ്രൗഢിയും ലാളിത്യവും തിളങ്ങുന്ന ഉൾവശം. ഫർണിച്ചറുകളിലോ ഉപകരണങ്ങളിലോ വലിയ ആഡംബരമില്ല. എന്നാൽ കെട്ടിടത്തിന്റെ രൂപവും വിശാലതയും പ്രൗഢിയേകുന്നു. കയറിച്ചെല്ലുന്ന മുറിയിൽ വാഷിങ്ടൻ ഉപയോഗിച്ചിരുന്ന തൊപ്പികളും വാക്കിങ് സ്റ്റിക്കുകളും കരകൗശലവസ്തുക്കളുമുണ്ട്. വലിയൊരു ലൈബ്രറിയും കടന്നാൽ കുടുംബത്തിന് ഒത്തു ചേരാനുള്ള ഹാളും ഡൈനിങ് ഏരിയയും മറ്റും കാണാം. അന്നത്തെ കാലഘട്ടത്തിലെപ്പോലെ ഫർണിച്ചറുകളും അനുബന്ധ സാധനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇക്കാലവുമായി താരതമ്യം ചെയ്താൽ അത്ര വലിയ കെട്ടിടമൊന്നുമല്ല ഈ ഇരുനില ബംഗ്ലാവ്. ഇതിലും വലിയ കെട്ടിടങ്ങളിലാണ് നാം പലരും ഇന്നു കേരളത്തിൽ താമസിക്കുന്നത്. രസകരമായ മറ്റൊരു വസ്തുത അക്കാലത്ത് അറ്റാച്ച്ഡ് ബാത് റൂമുകളോ പുരയ്ക്കകത്ത് അടുക്കളയോ ഇല്ല. രാത്രിയിൽ ശങ്ക തോന്നിയാൽ കട്ടിലിനടിയിൽ വച്ചിട്ടുള്ള പാത്രത്തിൽ സാധിച്ചു കൊള്ളണം. അടുക്കള വീടിനു പുറത്തുള്ള കെട്ടിടമാണ്. അവിടുത്തെ പണിക്കാർ മുഖ്യമായും അടിമകളും.

vernon-travel-00

അതിഥിദേവോ ഭവ...

അക്കാലത്ത് അമേരിക്കയിൽ നിലനിന്നിരുന്ന അതിഥി സംസ്കാരം കൗതുകമുണർത്തും. ഹോട്ടലുകളോ റസ്റ്റററന്റുകളോ അധികമൊന്നും ഇല്ലാത്ത കാലം. ദൂരയാത്ര ചെയ്യുന്നവർ വഴിയിൽ വീടുകൾ കണ്ടാൽ അവിടെ അന്തി തങ്ങാൻ അനുമതി ചോദിക്കും. സ്വന്തം സാമൂഹിക, സാമ്പത്തിക നിലവാരത്തിനൊത്ത വീടുകൾ കണ്ടുപിടിച്ച് ഇങ്ങനെ അഭ്യർഥിച്ചാൽ ഒരിക്കലും നിരസിക്കപ്പെടാറില്ല. ഇതിനു വേണ്ടി സാമ്പത്തിക സ്ഥിതിയനുസരിച്ച് ഒന്നിലധികം അതിഥി മുറികൾ വലിയ വീടുകളിലുണ്ടാവും. മൗണ്ട് വെർനോണിലുമുണ്ടായിരുന്നു രണ്ടോ മൂന്നോ അതിഥി മുറികൾ.

george-washington-tomb

ശവകുടീരവും അടിമ സെമിത്തേരിയും

കെട്ടിടത്തിൽനിന്നു പുറത്തിറങ്ങി ചുറ്റുമുള്ള കെട്ടിടങ്ങളിലേക്കു കടന്നു. അടുക്കള മുതൽ ആയുധങ്ങൾ നിർമിക്കുന്ന ശാല വരെയുണ്ട്. എല്ലാക്കാര്യങ്ങളിലും സ്വയം പര്യാപ്തമായിരുന്നു അന്നത്തെ വലിയ വീടുകൾ. പച്ചക്കറിത്തോട്ടവും കുതിരലായവും കന്നുകാലികളുടെ തൊഴുത്തും പിന്നിട്ട് വാഷിങ്ടൻ അന്ത്യവിശ്രമം കൊള്ളുന്നയിടത്തേക്ക്. ചെറിയൊരു ചാപ്പൽ പോലെ സംരക്ഷിച്ചിരിക്കുന്ന കെട്ടിടത്തിലാണ് വാഷിങ്ടന്റെയും മാർത്തയുടെയും ശവകുടീരങ്ങൾ. ഈ സെമിത്തേരിയ്ക്ക് അതിരിട്ട് അടിമകൾക്കായുള്ള ശവക്കോട്ട. അക്കാലത്തെ അടിമ ജീവിതം ചിത്രീകരിക്കുന്ന മ്യൂസിയവും ഇവിടെയുണ്ട്. ഗിഫ്റ്റ് ഷോപ്പിൽ വാഷിങ്ടൻ ബ്രാൻഡിലുള്ള വിസ്കിയും ബീയറുമുണ്ട്. പണ്ടത്തെ എല്ലാ പ്രമുഖരെയും പോലെ ഇദ്ദേഹത്തിനും സ്വന്തമായി വാറ്റുണ്ടായിരുന്നു. വിസിറ്റിങ് സെന്ററിൽ വാഷിങ്ടനെപ്പറ്റിയുള്ള 4 ഡി ചിത്രം തുടങ്ങാറായി. ടിക്കറ്റെടുത്ത് ഒരിക്കൽക്കൂടി ആ മഹദ് വ്യക്തിത്വത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചു മടക്കം. ഏതാനും കിലോമീറ്ററുകളകലെ അലക്സാൻ‌ഡ്രിയ എന്ന ചരിത്ര നഗരത്തിലാണ് ഇന്ന് അന്തിയുറക്കം.

അടുത്തലക്കം– അലക്സാൻ‌ഡ്രിയയിലെ പ്രേതഭവനങ്ങൾ

Content Summary : Virginia is a beautiful state with a rich history and culture, there are many reasons to visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com