ADVERTISEMENT

ഏറെക്കാലം ബോയ്‌ഫ്രെണ്ട് ആയിരുന്ന മത്തിയാസ് ബോയുമായി ഏപ്രിലിലായിരുന്നു ബോളിവുഡ് നടി തപ്സി പന്നുവിന്‍റെ വിവാഹം. വിവാഹശേഷം വിദേശയാത്രയിലാണ് നടി. എന്നാല്‍ ഇത് ഹണിമൂണ്‍ യാത്രയല്ല. സഹോദരിയാണ് തപ്സിയുടെ കൂടെ ആംസ്റ്റര്‍ഡാം യാത്രയ്ക്ക് കമ്പനി. യാത്രയുടെ വിവിധ ചിത്രങ്ങള്‍ തപ്സി പങ്കിട്ടു.

"കനാല്‍, സൈക്ലിങ്, സഹോദരി, ഇതാണ് എന്‍റെ ആംസ്റ്റര്‍ഡാം" തപ്സി കുറിച്ചു. കൂടാതെ പ്രശസ്തമായ ക്യൂകെൻഹോഫ് ഉദ്യാനത്തില്‍ നിന്നുള്ള ചിത്രങ്ങളും തപ്സി പങ്കുവച്ചു.

Image Credit : taapsee/instagram
Image Credit : taapsee/instagram

യൂറോപ്പിലെ ഗാർഡൻ എന്നും അറിയപ്പെടുന്ന ക്യൂകെൻഹോഫ്, ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണ്. 79 ഏക്കർ ആണ് ഇതിന്‍റെ വിസ്തൃതി. "അടുക്കളത്തോട്ടം" എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. സൗത്ത് ഹോളണ്ട് പ്രവിശ്യയില്‍ ഹാർലെമിന് തെക്കും ആംസ്റ്റർഡാമിനു തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന "ഡ്യൂൺ ആൻഡ് ബൾബ് റീജിയൻ" (ഡ്യൂയിൻ ബോളെൻസ്ട്രീക്ക്) എന്നറിയപ്പെടുന്ന പ്രദേശത്താണ് ക്യൂകെൻഹോഫ് ഉള്ളത്. ഹാർലെം, ലൈഡൻ ട്രെയിൻ സ്റ്റേഷനുകളിൽ നിന്നും ഷിഫോളിൽ നിന്നും ബസിൽ ഇവിടെയെത്താം.

Image Credit : taapsee/instagram
Image Credit : taapsee/instagram

സ്വകാര്യപരിപാടികള്‍ക്കായി ഒരു ഭാഗം മാത്രം വര്‍ഷം മുഴുവന്‍ തുറന്നിരിക്കുമെങ്കിലും മാർച്ച് പകുതി മുതൽ മേയ് പകുതി വരെയുള്ള സമയത്താണ് പുഷ്പ കാഴ്ചയൊരുക്കുന്ന ക്യൂകെൻഹോഫ് ഉദ്യാനം പൊതുജനങ്ങൾക്കായി തുറക്കുന്നത്. എട്ടാഴ്ചയോളം ഇവിടം സന്ദര്‍ശകരെ അനുവദിക്കും. കാസിൽഫെസ്റ്റ്, ലേഡീസ് വിന്റർനൈറ്റ്, ക്രിസ്മസ് ഫെയർ തുടങ്ങിയ ഉത്സവങ്ങളും ഇവിടെ അരങ്ങേറാറുണ്ട്.

Image Credit : taapsee/instagram
Image Credit : taapsee/instagram

പൂക്കൾ ഉണ്ടാകുന്ന ഏകദേശം 7 ലക്ഷം ട്യൂലിപ് ബൾബുകൾ വർഷംതോറും ഇവിടെ നട്ടുപിടിപ്പിക്കുന്നു. ട്യൂലിപ് പുഷ്പങ്ങള്‍ക്കു ലോകപ്രസിദ്ധമായ ക്യൂകെൻഹോഫില്‍, ഹയാസിന്ത്സ്, ഡാഫോഡിൽസ്, ലില്ലി, റോസ്, കാർണേഷനുകൾ, ഐറിസ് എന്നിവയുൾപ്പെടെ നിരവധി മറ്റ് പൂക്കളുമുണ്ട്.  

Image Credit : taapsee/instagram
Image Credit : taapsee/instagram

വര്‍ഷംതോറും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റർഡാം സന്ദർശിക്കുന്നത്. വേനൽക്കാലത്ത് നഗരം അതിസുന്ദരമാണ്. വസന്തകാലത്താവട്ടെ വളരെ ശാന്തവും കൂടുതൽ മനോഹരവും ചെലവ് കുറഞ്ഞതുമാണ്. ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയുള്ള ഈ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ലോകത്തെ എല്ലാ മനോഹരസ്ഥലങ്ങളെയും പോലെ ഓവര്‍ടൂറിസത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ആംസ്റ്റർഡാമിനെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, മലിനീകരണവും വർദ്ധിച്ചുവരുന്ന സന്ദർശകരുടെ എണ്ണവും നിയന്ത്രിക്കുന്നതിനായി സിറ്റി സെന്ററിൽ നിന്നു ക്രൂയിസ് കപ്പലുകൾ നിരോധിച്ചിരുന്നു ആംസ്റ്റർഡാം. ഈ വർഷം, സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പുതിയ ഹോട്ടലുകൾക്കു പെർമിറ്റ് നൽകില്ലെന്നു ഡച്ച് സർക്കാർ അറിയിച്ചിട്ടുണ്ട്.

English Summary:

Beyond the Silver Screen: Taapsee Pannu's Charming Getaway to Amsterdam with Sister.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com