ADVERTISEMENT

യാത്രകൾ പോകാനും പുതുകാഴ്ചകൾ കാണാനും ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്ന മലയാള സിനിമാതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് തായ്‌ലൻഡ് സന്ദർശനം നടത്തിയ സാനിയ ഇപ്പോൾ ഫിലിപ്പീൻസ് കാഴ്ചകളിൽ മതിമറന്നിരിക്കുകയാണ്. ആ നാട്ടിലെ പ്രധാന കാഴ്ചകൾക്കൊപ്പം യാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് താരസുന്ദരി. ''കൺകൾ നിറയെ കഥകളാണ്, ഹൃദയം നിറയെ ഓർമകളും'' എന്ന കുറിപ്പോടെയാണ് മഴവില്ലിന്റെ പശ്ചാത്തലത്തിൽ കടലിൽ കുളിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സാനിയ പങ്കുവച്ചിരിക്കുന്നത്. നിമിഷ സജയനും അഹാന കൃഷ്ണയും ഉൾപ്പെടെയുള്ള താരങ്ങൾ കമന്റുകളും കുറിച്ചിട്ടുണ്ട്.

Image Credit: Saniya Iyappan/instagram
Image Credit: Saniya Iyappan/instagram

ഏഴായിരം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസിൽ സന്ദർശകരെ ആകർഷിക്കുന്നത് ബീച്ചുകൾ മാത്രമല്ല. മനോഹരമായ പർവതങ്ങളും താഴ്​വരകളും നാടിന്റെ സൗന്ദര്യത്തിനു തിലകക്കുറിയാകുന്നു. ദ്വീപുകളുടെ എണ്ണമെടുത്താൽ ആയിരങ്ങൾ എന്നു പറയാമെങ്കിലും പ്രധാനമായും മൂന്നു ദ്വീപുകളായാണ് രാജ്യത്തെ തിരിച്ചിരിക്കുന്നത്. ലുസോൺ, വിസയാസ്, മിൻഡാനാവോ എന്നിവയാണിവ.

saniya-03
Image Credit: Saniya Iyappan/instagram

ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില രാജ്യത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സജീവവും ജനസാന്ദ്രതയുള്ളതുമായ പ്രദേശമാണ്. ഇവിടുത്തെ പ്രധാനാകർഷണം ചരിത്രത്തിന്റെ ശേഷിപ്പുകളും പേറി നിൽക്കുന്ന ദേവാലയങ്ങൾ, മ്യൂസിയങ്ങൾ, കാസിലുകൾ, മാളുകൾ തുടങ്ങിയവയാണ്. ധാരാളം ഭക്ഷണശാലകളും ബാറുകളുമെല്ലാം നിറഞ്ഞ ഈ നഗരം സന്ദർശകരെ തൃപ്തിപ്പെടുത്തുമെന്നതു തീർച്ചയാണ്. മാത്രമല്ല, രാജ്യ തലസ്ഥാനമെന്നതും ധാരാളം സഞ്ചാരികൾ എത്തുന്നു എന്നുള്ളതുകൊണ്ടും നഗരം എപ്പോഴും തിരക്കിലായിരിക്കും. പണമധികം ചെലവഴിക്കാതെ ആവശ്യങ്ങൾ നടക്കുമെന്നതും ഇവിടുത്തെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

ഫിലിപ്പീൻസിന്റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ബൊഹോൾ പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ടയിടമാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ബൊഹോളിൽ ധാരാളം സസ്യജന്തു ജാലങ്ങളെയും കാണുവാൻ കഴിയും. വലിയ ഉണ്ടക്കണ്ണുകളുള്ള ചെറിയ ടാർസിയൻ കുരങ്ങുകൾ ഈ ദ്വീപിലെ പ്രധാന കാഴ്ചയാണ്. ശാന്തമായി പ്രകൃതിയുടെ മടിത്തട്ടിൽ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കണമെന്നുള്ളവർക്കു ഈ ദ്വീപ് മികച്ചൊരിടമായിരിക്കും.

ഫിലിപ്പീൻസിന്റെ ബീച്ച് തലസ്ഥാനം എന്നറിയപ്പെടുന്ന ദ്വീപാണ് ബോറാക്കെ. ഇവിടെ പന്ത്രണ്ടിലധികം ബീച്ചുകളുണ്ട്. രാജ്യത്തിലെ ഏറ്റവും മനോഹര ബീച്ചായ വൈറ്റും ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. നൈറ്റ് ലൈഫ് ആസ്വദിക്കാനും പാർട്ടികൾ നടത്താനും ഏറ്റവും അനുയോജ്യമായയിടമാണിത്. 

തട്ടുതട്ടായി കുന്നുകൾ മുഴുവൻ നെൽകൃഷി നടത്തുന്ന കാഴ്ച കാണണമെങ്കിൽ ഫിലിപ്പീൻസിൽ ബാനു മേഖലയിലേക്ക് പോകണം. ഇവിടുത്തെ ബറ്റാഡ് റൈസ് ടെറസ്, ബതാംഗ് റൈസ് ടെറസ് എന്നിവ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവയാണ്. സൂര്യോദയ സമയത്താണ് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറ്റവുമുചിതം. 

ചെങ്കുത്തായ പർവതങ്ങളാൽ ചുറ്റപ്പെട്ട വിദൂര കോർഡില്ലേര പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ഗോത്ര പ്രദേശമാണ് സാഗഡ. ഔട്ട്‌ഡോർ സാഹസികതയ്‌ക്കും അവിടെ താമസിക്കുന്ന ആദിവാസികളുടെ ജീവിതം കണ്ടറിയുന്നതിനും ഈ സ്ഥലം സന്ദർശിക്കാവുന്നതാണ്. 

മരതകപച്ച നിറമുള്ള വെള്ളത്താൽ ചുറ്റപ്പെട്ട കൊറോൺ ദ്വീപ് ഫിലിപ്പീൻസിലെ ഏറ്റവും മികച്ച ഡൈവിങ് ലക്ഷ്യസ്ഥാനമാണ്. ഡൈവിങ്ങിന് പേരുകേട്ട ഈ ദ്വീപ് എൽ നിഡോയിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം.

English Summary:

Sania Iyyappan's Enchanting Philippine Adventure: Dive into Her Unforgettable Journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com