ADVERTISEMENT

മലേഷ്യയുടെ മായിക സൗന്ദര്യം ആസ്വദിക്കുന്ന കാഴ്ചകളുമായി അഹാന കൃഷ്ണയും കുടുംബവും. അമ്മയ്ക്കും സഹോദരിമാരായ ഇഷാനിയ്ക്കും ഹൻസികയ്ക്കും ഒപ്പം ക്വാലലംപുരിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. നഗര കാഴ്ചകളും പെട്രോണാസ് ഇരട്ട ടവറും മെനാരയുമൊക്കെ അഹാനയുടെ ചിത്രങ്ങളിലുണ്ട്. അനുജത്തി ഇഷാനിയും ക്വാലലംപുർ കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണെന്നും വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ അവധിക്കാലം ചെലവഴിക്കാനായി എത്തിയതാണ് ക്വാലലംപുരിലെന്നും യാത്രാ ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചിട്ടുണ്ട്. 

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

ഇന്ത്യയിൽ നിന്നും ധാരാളം സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ.  അംബര ചുംബികളായ നിർമിതികളും ഷോപ്പിങ് പ്രിയർക്കായി വൻ മാളുകളും തിരക്കേറിയ മാർക്കറ്റുകളും ഇന്ത്യൻ, ചൈനീസ്, മലായ് രുചികൾ വിളമ്പുന്ന തട്ടുകടകളും ആഡംബരം നിറഞ്ഞ റസ്റ്ററന്റുകളും സജീവമായ രാത്രി ജീവിതവും എന്നു വേണ്ട അതിഥികളായി എത്തുന്നവരെ തൃപ്തിപ്പെടുത്താൻ തക്ക എല്ലാ സൗകര്യങ്ങളും മലേഷ്യയുടെ തലസ്ഥാനമായ ഈ വൻനഗരത്തിനു മാറ്റേകുന്നു.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

ക്വാലലംപുരിലെത്തുന്ന സന്ദർശകരിൽ എല്ലാവരും തന്നെ എത്തുന്നയിടമാണ് പെട്രോണാസ് ടവർ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമാർന്ന ഇരട്ട നിർമിതിയാണിത്. 88 നിലകളിലായി ഉയർന്നു നിൽക്കുന്ന ഈ ടവറുകളെ ബന്ധിപ്പിക്കാൻ ഒരു പാലവുമുണ്ട്. ആർട് ഗാലറി, ഷോപ്പിങ് മാളുകൾ, അണ്ടർ വാട്ടർ അക്വേറിയം, സയൻസ് സെന്റർ എന്നിങ്ങനെ നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണിവിടം. ഇസ്ലാമിക് ശൈലിയിലാണ് ഈ ടവറുകളുടെ നിർമിതി. രാത്രിയിൽ ഇവിടുത്തെ കാഴ്ചകൾ അവർണനീയം.

പെട്രോണാസ് ടവറിനു ഒപ്പം തന്നെ നിൽക്കുന്ന ക്വാലലംപുരിലെ മറ്റൊരു കാഴ്ചയാണ് മെനാരെ കെഎൽ ടവർ. 421 മീറ്റർ ഉയരത്തിൽ നഗരത്തിന്റെ അതിവിശിഷ്ട കാഴ്ച അതിഥികൾക്കു സമ്മാനിക്കാൻ ഈ നിർമിതിക്കു കഴിയും. ഇസ്ലാമിക്, പേർഷ്യൻ ശൈലിയിലാണ് ഇതിന്റെ നിർമിതി. ഭക്ഷണശാലകൾ, ആംഫിതിയേറ്റർ, കാസ്കെഡിങ് പൂളുകൾ, നിരവധി ചെറുഷോപ്പുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. 

ഉറങ്ങാത്ത രാത്രികളുമായി ദിവസം മുഴുവൻ സജീവമായിരിക്കുന്ന ക്വാലലംപുരിലെ ഏറ്റവും പ്രശസ്തമായയിടമാണ് ചൈന ടൗൺ. നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന, തിരക്കേറിയ ഇവിടം അതിഥികളായി എത്തുന്നവർ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ്. വിലപേശി സാധനങ്ങൾ വാങ്ങാൻ തക്ക നിരവധി കടകൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇവിടം അറിയപ്പെടുന്നത് വിലപേശാൻ അറിയുന്നവരുടെ സ്വർഗം എന്നാണ്. കുറഞ്ഞ വിലയിൽ, എന്തും ലഭിക്കുന്ന ഒരിടമാണിത്. ഇസ്ലാമിക് ആരാധനാലയങ്ങൾ, ഹൈന്ദവ ക്ഷേത്രങ്ങൾ, ഹൈന്ദവ ആരാധനാമൂർത്തികളുടെ ശില്പങ്ങൾ, ചൈനീസ് താവോയിസ്റ് ദേവാലയങ്ങൾ എന്നിവയും നിരവധി തെരുവോര ഭക്ഷണശാലകളും കോക്ടെയിൽ ബാറുകളും എന്നുവേണ്ട ആവശ്യമായതെല്ലാം ഒരിടത്തു തന്നെ കാണുവാൻ കഴിയും ചൈനാടൗണിലെത്തിയാൽ.

272 പടിക്കെട്ടുകൾ താണ്ടിയെത്തുന്ന മറ്റൊരു വിസ്മയമുണ്ട് ക്വാലലംപുരിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗുഹാക്ഷേത്രത്തിലേക്കാണ് ആ പടികൾ നീളുന്നത്, ബാതു ഗുഹകൾ. മൂന്നു വലിയ ഗുഹകളും നിരവധി ചെറുഗുഹകളും ഇവിടെ കാണുവാൻ കഴിയും. ദേവവിഗ്രഹങ്ങളും ഇതിനുള്ളിലായുണ്ട്. കമാനാകൃതിയിലുള്ള കവാടങ്ങളോട് കൂടിയതും ഏകദേശം 100 മീറ്ററോളം ഉയരമുള്ളതുമായ കത്തീഡ്രൽ ഗുഹയിൽ ധാരാളം ഹൈന്ദവ ബലിപീഠങ്ങൾ കാണുവാൻ കഴിയും. ആർട് ഗാലറി ഗുഹ, മ്യൂസിയം ഗുഹ എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മറ്റു രണ്ടു ഗുഹകൾ അറിയപ്പെടുന്നത്. 

സുൽത്താൻ അബ്ദുൽ സമദ് ബിൽഡിങ്, ഏതു പ്രായത്തിലുള്ളവരെയും രസിപ്പിക്കാൻ കഴിയുന്ന വിനോദങ്ങളുള്ള സൂപ്പർ പാർക്ക്, സൺവേ ലഗൂൺ തീം പാർക്ക്, ജലാൻ അലോർ, അക്വാറിയ കെ എൽ സി സി, കെ ഐ ടവർ മിനി സൂ, സെൻട്രൽ മാർക്കറ്റ് തുടങ്ങി ഏതൊരു അതിഥിയേയും തൃപ്തിപ്പെടുത്തുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ക്വാലലംപുർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com