ADVERTISEMENT

സമ്പന്നമായ ചരിത്രവും പൈതൃകവും ആകര്‍ഷകമായ പ്രകൃതിയുമുള്ള രാജ്യമാണ് കംബോഡിയ. ഇവിടം വര്‍ഷംതോറും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പഴമയുടെയും പുതുമയുടെയും മനോഹരമായ മിശ്രണമാണ് കംബോഡിയയുടെ പ്രധാന പ്രത്യേകത. ചരിത്ര വിദഗ്ധരും വാസ്തുവിദ്യാ പ്രേമികളും ഒഴുകിയെത്തുന്ന കംബോഡിയയില്‍, കൗതുകമുണര്‍ത്തുന്ന ഒട്ടേറെ നിര്‍മ്മിതികളുണ്ട്. കൂടാതെ, ഇവിടെ വൃത്തിയുള്ള നിരവധി ബീച്ചുകളും വനപ്രദേശങ്ങളുമെല്ലാമുണ്ട്. കംബോഡിയയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന ധാരാളം മ്യൂസിയങ്ങളുമുണ്ട്. 

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വീസ ലഭിച്ചാല്‍ 30 ദിവസം വരെ കംബോഡിയയില്‍ തങ്ങാം. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുപ്പതു ദിവസം വരെയുള്ള കാലാവധിയിലേക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും.

Angkor Thom in Siem Reap. Image Credit: efired/istockphoto
Angkor Thom in Siem Reap. Image Credit: efired/istockphoto

ഒഴുകി നടക്കും ഗ്രാമങ്ങള്‍

കംബോഡിയയിലെ ശുദ്ധജല തടാകങ്ങളിലൊന്നായ ടോൺലി സാപ്പിൽ നിരവധി ഫ്ലോട്ടിംഗ് വില്ലേജുകളുണ്ട്. ഓരോ സീസണിലും തടാകത്തിന്‍റെ വലുപ്പത്തിലുണ്ടാകുന്ന മാറ്റത്തിനനുസൃതമായി ഇവയുടെ എണ്ണവും വ്യത്യാസപ്പെടാം. മഴക്കാലത്ത് ഏകദേശം 31,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി കണക്കാക്കുന്ന ഈ തടാകം ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല വെള്ളപ്പൊക്ക പ്രദേശമായും കണക്കാക്കപ്പെടുന്നു. തടാകത്തിന്‍റെ ഉയർന്ന പ്രദേശങ്ങളില്‍ 170 ഓളം ഫ്ലോട്ടിംഗ് വില്ലേജുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1997 ൽ ഐക്യരാഷ്ട്രസഭയുടെ ബയോസ്ഫിയർ പട്ടികയിൽ തടാകം ഇടം നേടിയിരുന്നു.

കംബോഡിയയിലെ ചോളക്ഷേത്രം

യുനെസ്കോയുടെ ലോക പൈതൃകസ്മാരകമായ അങ്കോർവാട്ട് ക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ ഇത്, ഏകദേശം 402 ഏക്കർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. നിലവിൽ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ് ഇത്. 

എ.ഡി. 800 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ എന്ന ഖെമർ രാജാവിന്‍റെ കാലത്ത്, ദക്ഷിണേന്ത്യൻ ശൈലിയിലായിരുന്നു ഈ ക്ഷേത്രം ആദ്യം നിർമിച്ചത്. അന്നിതൊരു മഹാവിഷ്ണു ക്ഷേത്രമായിരുന്നെന്നും പിന്നീട് പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സ്വാധീനം ക്ഷേത്രത്തിന്‍റെ രൂപകല്‍പ്പനയിലെങ്ങും കാണാം. ഹൈന്ദവപുരാണത്തിലെ മഹാമേരു പർവ്വതത്തിന്‍റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ചൂതാട്ടപ്രിയരുടെ പോയിപെറ്റ്

കംബോഡിയൻ - തായ് അതിർത്തിയിലുള്ള പോയിപെറ്റ് നഗരം, ചൂതാട്ട കേന്ദ്രമെന്ന നിലയിൽ വളരെ ജനപ്രിയമാണ്, നിറയെ കസീനോകളും ഹോട്ടലുകളും നിറഞ്ഞ ഈ ഭാഗം,  തായ്‌ലന്റുകാർക്കും മറ്റ് വിദേശികൾക്കും കംബോഡിയൻ ഇമിഗ്രേഷൻ വഴി പോകാതെ തന്നെ ചൂതാട്ടം നടത്താൻ അവസരമൊരുക്കുന്നു. കംബോഡിയയിൽ, കംബോഡിയൻ പൗരന്മാർക്ക് ചൂതാട്ടം നിയമവിരുദ്ധമാണ്, എന്നാൽ വിദേശ പാസ്‌പോർട്ട് ഉള്ളവർക്ക് ചൂതാട്ടമാവാം. 

സഞ്ചാരികളുടെ തിരക്കേറിയ കവാടനഗരം

അങ്കോർ വാട്ട് ക്ഷേത്രങ്ങളിലേക്കുള്ള 'പ്രവേശന കവാടം' എന്ന നിലയിൽ പ്രസിദ്ധമാണ് കംബോഡിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിയം റീപ്പ്.  അങ്കോർ സന്ദർശിക്കാനെത്തുന്നവർക്ക് താമസിക്കുന്നതിനുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയോടൊപ്പം ഭക്ഷണശാലകളും മറ്റു വ്യാപാര കേന്ദ്രങ്ങളും ഇവിടെ ധാരാളമുണ്ട്. കൂടാതെ,  അരിയിൽ നിന്നുണ്ടാക്കുന്ന 'സോമ്പായി' എന്ന വീഞ്ഞിന്റെ ഉൽപ്പാദനത്തിനു പേരുകേട്ട നഗരമാണ് സിയം റീപ്പ്. ചൈനീസ്, കൊളോണിയൽ വാസ്തുവിദ്യാശൈലികളിൽ നിർമിച്ച മനോഹരമായ കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. സിയം റീപ്പ് നദിയുടെ തീരത്തായി ബുദ്ധമതക്കാരുടെ പഗോഡകൾക്കു ചുറ്റും ധാരാളം മനോഹരമായ ഗ്രാമങ്ങളുണ്ട്.  കംബോഡിയ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ 50 ശതമാനത്തോളവും സിയം റീപ്പ് വഴി കടന്നുപോകുന്നതായി കണക്കാക്കുന്നു. 2014 ല്‍ ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം സിയം റീപ്പിനായിരുന്നു.

ര്‍വ്വതമുകളിലെ ഫ്രഞ്ച് കൊളോണിയല്‍ നഗരം

ബൊക്കോർ പർവതത്തിന് മുകളിൽ ഫ്രഞ്ച് കൊളോണിയല്‍ നിവാസികള്‍ക്കായി 1920 കളുടെ തുടക്കത്തിൽ നിര്‍മ്മിച്ച നഗരമാണിത്‌. ഇന്ന്, ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇവിടം, വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നു. പണ്ടത്തെ ഒട്ടേറെ കെട്ടിടങ്ങളും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഒരു വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ കാഴ്ചകള്‍. ദക്ഷിണ കൊറിയൻ സൈക്കോളജിക്കൽ ഹൊറർ വാര്‍ ചിത്രമായ ആര്‍ പോയിന്‍റ്, അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമായ സിറ്റി ഓഫ് ഗോസ്റ്റ്സ് എന്നീ സിനിമകളിലൂടെയാണ് ഈ നഗരം പ്രശസ്തമായത്‌. കംബോഡിയക്കാർ പണ്ടേ പവിത്രമായും ആദരിച്ചും കരുതിയിരുന്ന പർവതനിരകളാണ് ഇവിടെ ചുറ്റും ഉള്ളത്.

English Summary:

Discover Cambodia: A Fascinating Fusion of Rich History and Modern Charm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com