ADVERTISEMENT

ഉസ്ബെക്കിസ്ഥാൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള പുരാതന വ്യാപാരപാതയായ സിൽക്ക് റോഡിലെ പ്രധാനപ്പെട്ട ഇടത്താവളമെന്ന നിലയിലും അമീർ തിമൂർ എന്ന ഡൽഹി ഉൾപ്പെടെ കീഴടക്കിയ  ചക്രവർത്തിയുടെ ജന്മനാട് എന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ താഷ്കെന്റിൽ വച്ചുള്ള നിര്യാണവുമൊക്കെയാണ്. മധ്യേഷ്യയിലെ ഒരു പ്രധാനപ്പെട്ട രാജ്യമായ ഉസ്ബെക്കിസ്ഥാൻ ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ഇസ്‌ലാമിക വാസ്തുവിദ്യകളാലും ചരിത്രപരമായ നിര്‍മിതികളാലും ഇവിടം സമ്പന്നമാണ്. 'സ്ഥാൻ' ൽ അവസാനിക്കുന്ന ലോകത്തിലെ 7 രാജ്യങ്ങളിലൊന്നായ ഉസ്ബകിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റിന്റെ വിശേഷങ്ങൾ നോക്കാം.

tashkent-04

'കല്ലുകൊണ്ടുള്ള പട്ടണം' എന്നാണ് താഷ്‌കെന്‍റ് എന്ന വാക്കിനര്‍ത്ഥം. സോവിയറ്റ് ഭരണകാലത്തെ കെട്ടിടങ്ങളും ആധുനിക നിര്‍മിതികളും ചേര്‍ന്നു വ്യത്യസ്തമായ ഒരു മുഖഛായയാണ് ഇന്ന്‌ നഗരത്തിനുള്ളത്. എഴുപത് വര്‍ഷത്തോളം സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ് അധിനിവേശം 1991ൽ ഉസ്ബെക്കിസ്ഥാനിൽ നിന്ന് കുടിയൊഴിഞ്ഞു പോകുമ്പോൾ രാജ്യം വലിയ പ്രതിസന്ധിയിലായിരുന്നു. എങ്കിലും പിന്നീടു വന്ന ഉസ്ബക് ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ പെട്ടെന്നു തന്നെ തങ്ങളുടെ ജനതക്ക് ലഭ്യമാക്കുന്നതിൽ മുൻഗണന നൽകി. അടുത്തകാലത്തായി ടൂറിസത്തിനും നല്ല പ്രാധാന്യമാണ് ഈ രാജ്യം കൊടുത്തു വരുന്നത്. നാല് ദിവസത്തെ പാക്കേജ് ടൂറായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഈദിന്റെ അവധി ദിവസങ്ങളിൽ എവിടെയെങ്കിലും യാത്ര പോകണം എന്ന്  ആഗ്രഹിച്ചിരുന്നപ്പോഴാണ് മാപ്സ് ആൻഡ് വോഗ്സ് എന്ന ട്രാവൽ കമ്പനിയുടെ ഉസ്ബെക്കിസ്ഥാനിലേക്കുള്ള ട്രിപ്പിന്റെ പരസ്യം ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഇവിടേക്ക് പോകാൻ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. ദോഹയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സലിം പൂക്കോടും ദോഹയിൽ  ബിസിനസ് ചെയ്യുന്ന സുദീപ് ചേട്ടനും ഭാര്യ ഷീജചേച്ചിയും ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ദോഹയിൽ നിന്ന് ഖത്തർ എയർവേസ് വിമാനത്തിൽ രാത്രി 1 മണിക്ക് താഷ്‌കെന്റിൽ എത്തി.

tashkent-05

രാവിലെ 10 മണിയോടെ  താമസിച്ചിരുന്ന ഹോട്ടലായ താഷ്കെന്റ് സിറ്റിയിലെ ഹോളിഡേ ഇന്നില്‍ നിന്നും ഞങ്ങളുടെ ആദ്യദിവസത്തെ യാത്ര ആരംഭിച്ചു, താഷ്കെന്റ് നഗരത്തിലെ പ്രധാന കാഴ്ചകളിലേക്കാണ് ഗൈഡ് ഫറൂക്ക് ഞങ്ങളെ കൊണ്ടു പോയത്. സോവിയറ്റ് ക്രൂരതകളുടെ സ്മാരകമായ 'മെമ്മോറിയല്‍ കോംപ്ലക്സ് ഓഫ് റിപ്രഷന്‍' എന്ന സ്മാരകമാണ് ആദ്യം സന്ദര്‍ശിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ടെലിവിഷന്‍ ടവറിനോട് ചേര്‍ന്നാണ് മനോഹരമായ ഉദ്യാനത്തോട് കൂടി ഈ സ്മാരകം നിലകൊള്ളുന്നത്. പിന്നീട് ഞങ്ങൾ 1966 ഭൂകമ്പം തകർത്തെറിഞ്ഞ നഗരത്തിന്റെ സ്മാരകത്തിലേക്കാണ് പോയത്. 1966-ലെ ഭൂകമ്പത്തിലൂടെയാണ് താഷ്‌കെന്റിന് അതിന്റെ അതിപൗരാണികമായ മധ്യേഷ്യൻ മുഖച്ഛായ നഷ്ടമായത്. പിന്നിടത് സോവിയറ്റ് ആർക്കിടെക്ച്ചറിന്റെ പരീക്ഷണസ്ഥലമായി മാറി. സെന്‍ട്രല്‍ ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റായ ചോര്‍സു ബസാറിലേക്കാണ് അടുത്തതായി ഞങ്ങൾ പോയത്. പഴം, പച്ചക്കറി, ഡ്രൈ ഫ്രൂട്‌സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങൾ, ഇറച്ചി, തുണിത്തരങ്ങൾ... അങ്ങനെ ഒരുവിധം എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും. ബസാർ കണ്ട് കുറച്ചു സമയം നടന്ന ശേഷം അവിടുന്നു തന്നെ ഉച്ചഭക്ഷണമായി തനത് അവിടത്തെ തനത് വിഭവങ്ങള്‍, ഫാറൂഖ് ഞങ്ങൾക്കായി വാങ്ങിത്തന്നു. 

tashkent-02

അടുത്തതായി മ്യൂസിയം പോലെ മനോഹരമായ മെട്രോ സ്റ്റേഷനിൽ നിന്ന്  ട്രെയിൻ കയറി താഷ്‌കെന്റിന്റെ പുരാതന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹസ്രതി ഇമാം കോംപ്ലക്സിലേക്കാണ് പോയത്. പതിമൂന്നാം  നൂറ്റാണ്ടിൽ നിർമിച്ച ഈ സമുച്ചയത്തിൽ മോയി മുബോറക് മദ്രസ, ഖാഫോൾ ഷോഷി ശവകുടീരം, ബറോക്സൺ മദ്രസ, ഹസ്രതി ഇമാം മസ്ജിദ്, തില്ലഷൈക്സ് പള്ളി, ഇമാം അൽ-ബുഖാരി ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടുന്നു. അതിപുരാതന കൈയെഴുത്തു പ്രതികളാല്‍ സമ്പന്നമായ ഒരു പൗരാണിക മ്യൂസിയം ഇവിടെയുണ്ട്. പ്രശസ്തമായ ഒട്ടോമന്‍ ഖലീഫയുടെ ഖുര്‍ആന്‍ ഉൾപ്പെടെ വിവിധ ഖുര്‍ആനുകൾ  ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കൂഫി മാതൃകയിലുള്ള ഖുര്‍ആന്‍ പതിനാലാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ നിന്നു അമീർ തിമൂർ ചക്രവര്‍ത്തിയാണ് ഇവിടെ എത്തിച്ചതെന്നു പറയപ്പെടുന്നു. സമീപമായുള്ള മോസ്കിലേക്കു ഞങ്ങൾ നടന്നു. പ്രവേശനകവാടത്തിൽ ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന ചന്ദനത്തടികൊണ്ട് നിർമിച്ച 20 തൂണുകളുള്ള ഒരു പോർട്ടിക്കോ ഉണ്ട്. ഇതിന്റെ  മകുടവും മിനാരവും താഴികക്കുടവും ചുവരിലെ ചിത്രപ്പണികളും ആകർഷണീയമാണ്.

tashkent-07

അവിടെനിന്ന് അമീർ തിമൂർ സ്‌ക്വയറിലേക്കാണ് ഞങ്ങൾ പോയത്. ചെങ്കിസ് ഖാനു ശേഷം ലോകത്തെ വിറപ്പിച്ച അമീർ തിമൂർ ചക്രവര്‍ത്തി കുതിരപ്പുറത്തേറി നില്‍ക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട് ഇവിടെ. മുൻപ് ജോസഫ് സ്റ്റാലിന്റെയും കാൾ മാര്‍ക്‌സിന്റേയും പ്രതിമ ഉണ്ടായിരുന്ന ഇവിടെ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന്റെ പ്രതീകമായി അമീർ തിമൂറിന്റെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. സമീപത്തു തന്നെയുള്ള പ്രസിദ്ധമായ 70 കളിൽ  നിർമ്മിച്ച 'ഹോട്ടല്‍ ഉസ്‌ബക്കിസ്ഥാന്‍റെ' മുകളിലത്തെ നിലയിൽനിന്നുള്ള നഗരകാഴ്ചക്ക് ശേഷം ഞങ്ങൾ പോയത് ലാൽ ബഹാദൂർ ശാസ്ത്രി സ്ട്രീറ്റിലേക്കാണ്. സ്ട്രീറ്റിന്റെ മധ്യഭാഗത്തായുള്ള പാർക്കിൽ ശാസ്ത്രിയുടെ പ്രതിമ, കുറച്ചു സമയം അവിടെ  ചെലവഴിച്ചു.

lal-bhahadur

'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യത്തിലൂടെ ഇന്ത്യൻ ജനതയുടെ മനസ്സിൽ കുടിയേറിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. പാക്കിസ്ഥാനുമായുള്ള  സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഭാരതത്തിന്‍റെ യശസ്സുയര്‍ത്തിയ അദ്ദേഹം, യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയില്‍ ഒപ്പുവച്ച 1966 ജനുവരി 10 ന് രാത്രിയായിരുന്നു ശാസ്ത്രിയുടെ അന്ത്യം. ഹൃദ്രോഗം മൂലമുള്ള മരണമാണെന്നും അല്ല അതൊരു ആസൂത്രിത കൊലപാതകമാണെന്നുമുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു. എന്തായാലും ലോകം ഉറ്റുനോക്കിയിരുന്ന ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാര്‍ ഒപ്പുവച്ച രാത്രി തന്നെ സംഭവിച്ച മരണം ഇന്നും ദുരൂഹമായി നിലനില്‍ക്കുന്നു. കെജിബിക്കും സിഐഎക്കും പാക്കിസ്ഥാനും ചൈനയ്ക്കും സുഭാഷ് ചന്ദ്രബോസിനും നെഹ്റു കുടുംബത്തിനുമൊക്കെ നേരെ സംശയത്തിന്റെ വിരൽ ചൂണ്ടുന്ന ഒരു സംഭവം.

shasthri-street

ഇന്ത്യ – പാക്കിസ്ഥാനുമേല്‍ വിജയം കൈവരിക്കുന്നത് സ്വന്തം അഭിമാനത്തിന് ക്ഷതം വരുത്തുമെന്നു പല വന്‍ രാഷ്ട്രങ്ങളും ഭയന്നിരുന്ന സമയത്താണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും യുദ്ധമവസാനിപ്പിച്ച് താഷ്കെന്‍റ് കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടത്. റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന കൊസീഗന്‍റെ ക്ഷണം സ്വീകരിച്ച് താഷ്കെന്‍റിലെത്തിയ ശാസ്ത്രിയും പാക്ക് പ്രധാനമന്ത്രി അയൂബ് ഖാനും 1966 ജനുവരി നാലിന് സന്ധി സംഭാഷണം നടത്തി. തുടര്‍ന്ന് ജനുവരി 10ന് സമാധാന ഉടമ്പടികള്‍ ഒപ്പിടുകയും ചെയ്തു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സൈനികശക്തി തെളിയിച്ച ശാസ്ത്രി ഇന്ത്യാ പാക്ക് യുദ്ധസമയത്ത് ചൈന മുഴക്കിയ ഭീഷണിക്കു മുന്നിലും പതറാതെ നിന്നു. ധീരതയുടെയും ആത്മാഭിമാനത്തിന്‍റെയും പ്രതീകമായി ഇന്നും ഭാരത മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കുറിയ മനുഷ്യന്റെ സ്മരണക്ക് ഈ രാജ്യം നൽകുന്ന ആദരാഞ്ജലിയായ സ്മാരകവും സ്ട്രീറ്റും സന്ദർശിച്ചശേഷം താഷ്കന്റിലെ മറ്റ് കാഴ്ചകളിലേക്കു ഞങ്ങൾ നീങ്ങി. ശാസ്ത്രി മരണപ്പെട്ട ഹോട്ടൽ ഒന്ന് കാണണം എന്ന്  ആവശ്യപ്പെട്ടപ്പോൾ ഫാറൂഖിന് അതിനെപ്പറ്റി അറിയില്ല എന്ന് ആദ്യം പറഞ്ഞുവെങ്കിലും ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ ഹോട്ടലിന് സമീപത്തേക്കും ഞങ്ങൾ പോയിരുന്നു. 

tashkent-06

യാത്രകള്‍ ഊഷ്മളമാകുന്നതിന് സഹയാത്രികര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. തങ്ങളുടെ മുപ്പത്തിആറാമത്തെ രാജ്യം സന്ദർശിക്കുന്ന സുദീപേട്ടനുമായി എന്‍റെ യാത്രയുടെ കാര്യങ്ങളിൽ ഒരുപാട് സമാനത തോന്നിയത് സന്തോഷകരമായിരുന്നു. കൂടെയുള്ള സലീം ആകട്ടെ യാത്രയിലുടനീളം വിഡിയോ കണ്ടന്റുകൾക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. ഞങ്ങളും അതില്‍ പരോക്ഷമായി പങ്കുചേര്‍ന്നു. ഇവിടുത്തെ പള്ളികൾ, മിനാരങ്ങൾ, ശവകുടീരങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയ പുരാതന വാസ്തുവിദ്യാ മാസ്റ്റർപീസുകളെല്ലാം നീല നിറത്തിന് പ്രാമുഖ്യമുള്ള  വർണ്ണാഭമായ ടൈലുകൾ, മൊസൈക്കുകൾ ചുടുകട്ടകൾ എന്നിവ കൊണ്ട്‌ നിർമ്മിച്ചതാണ്. മതചിഹ്നങ്ങളും അമൂർത്ത പാറ്റേണുകളും  കൊണ്ടാലങ്കരിച്ച ഇവയുടെ വാസ്തുവിദ്യ സവിശേഷമായതാണ്. ഇത്തരത്തിലുള്ള മധ്യകാല നിര്‍മ്മിതികളാല്‍ സമ്പന്നമാണ് ഉസ്‌ബക് നഗരങ്ങള്‍. ഹരിതവും വശ്യമനോഹരമായ പ്രദേശങ്ങളും സുന്ദരമായ നീലാകാശവും ഉസ്ബെകിന്റെ അനുഗ്രഹമാണ്. ലോക സഞ്ചാരികളായ ഹുവാന്‍ ത്സാങ്ങിന്റെയും ഇബ്‌നു ബത്തൂത്തയുടെയും മാര്‍ക്കോപോളോയുടെയുമൊക്കെ യാത്രാവിവരണങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ സമ്പന്നമായ ഉസ്‌ബെക്ക് നഗരങ്ങളെ കാണാനാവും. ബി.സി നൂറ്റാണ്ട് മുതൽ ഏഷ്യയിൽ നിന്നു യൂറോപ്പിലേക്കുള്ള വ്യാപാരപാതയായ സിൽക്ക് റോഡിലെ പ്രധാന പ്രദേശവും അമീർ തിമൂറിന്റെ പടയോട്ടങ്ങളിലൂടെ പ്രസിദ്ധമായ സമർഖന്ദിന്റെ ചരിത്രപരമായ സമൃദ്ധിയിലേക്കുമാണ് നാളത്തെ യാത്ര. നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യം പേറുന്ന മണ്ണായ ഉസ്ബെക്കിസ്ഥാനിൽ മാറിമാറി വന്ന ഭരണാധികാരികളും പല ദേശങ്ങളില്‍ നിന്നായി എത്തിയ മതങ്ങളുമാണ് അതിന്റെ സമ്പന്ന സംസ്‌കാരം രൂപപ്പെടുത്തിയെടുത്തത്, ഇവിടുത്തെ അന്തരീക്ഷത്തിൽ അത് ഇപ്പോഴും പ്രകടമാണ്.

English Summary:

Travel Guide: Must-See Attractions in Tashkent, Uzbekistan’s Stone Town.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com