തിരമാലകളെ അതിജീവിച്ച കൈപ്പത്തി ശിൽപം; ദ്വീപ് നഗരത്തിൽ നിന്ന് പ്രീതി സിന്‍റ

Mail This Article
ഇക്കൊല്ലത്തെ പുതുവത്സര വെക്കേഷന്‍ അങ്ങ് യുറഗ്വയിലാക്കിയിരിക്കുകയാണ് നടി പ്രീതി സിന്‍റ. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ബീച്ച് ചിത്രങ്ങൾ, ഭക്ഷണ വിഭവങ്ങൾ ഇവയെല്ലാം ഈ ചിത്രങ്ങളില്‍ കാണാം.
∙ ലാ മാനോ അഥവാ കൈപ്പത്തി
യുറഗ്വയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ 'ലാ മാനോ' എന്ന ശിൽപത്തിന്‍റെ മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രീതി സിന്‍റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലിയൻ കലാകാരനായ മരിയോ ഇരാരാസബാലാണ് ഇതിന്‍റെ ശിൽപി. മണലിൽ നിന്നു ഭാഗികമായി ഉയർന്നുവരുന്ന അഞ്ച് മനുഷ്യ വിരലുകളാണ് ഇത്. പൂൻ്റ ഡെൽ എസ്റ്റെയിലെ ബ്രാവ ബീച്ചിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1982 ഫെബ്രുവരിയിൽ നടന്ന ആധുനിക ശിൽപകലയുടെ ആദ്യ വാർഷിക രാജ്യാന്തര മീറ്റിങ്ങിലാണ് ഈ ശില്‍പം ഇവിടെ സ്ഥാപിച്ചത്. ഉറുഗ്വേയുടെ മുഖമുദ്രകളില്‍ ഒന്നായി മാറി.
കോൺക്രീറ്റ്, മെറ്റൽ മെഷ്, സ്റ്റീൽ ബാറുകൾ, പ്ലാസ്റ്റിക് മുതലായവയാണ് ഇതിന്‍റെ നിർമാണത്തിന് ഉപയോഗിച്ചത്. വെറും ആറു ദിവസം കൊണ്ട് മരിയോ ഈ ശില്‍പം പൂര്‍ത്തിയാക്കി. വേറെയും ശില്‍പങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മരിയോയുടെ ശില്‍പം മാത്രമാണ് തിരമാലകളെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നത്.
സര്‍ഫിങ്, നീന്തല്‍ മുതലായ ജലവിനോദങ്ങള്‍ക്കു വളരെയേറെ അനുയോജ്യമാണ് ഈ കടല്‍ത്തീരം. എന്നാല്‍ കാറ്റും തിരമാലകളും കാരണം അല്‍പം അപകടകരവുമാണ്. അതിനാല്‍ ആളുകള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഈ വിരലുകള്‍ നിർമിച്ചത്. ഇന്ന് ഇവിടം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ മുഴുവനും ശില്‍പത്തിനു മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്നു.

∙ ദക്ഷിണ അമേരിക്കയിലെ മിയാമി ബീച്ച്
തെക്കുകിഴക്കൻ യുറഗ്വയിലെ അറ്റ്ലാൻ്റിക് തീരത്തുള്ള ഒരു കടൽത്തീര ദ്വീപ് നഗരമാണ് പൂന്റ് ഡെൽ എസ്റ്റെ. ലാറ്റിൻ, നോർത്ത് അമേരിക്കൻ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല റിസോർട്ടാണ് ഇവിടം. "ദക്ഷിണ അമേരിക്കയുടെ മൊണാക്കോ", "അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ മുത്ത്", "ദക്ഷിണ അമേരിക്കയുടെ ഹാംപ്ടൺസ്", "ദക്ഷിണ അമേരിക്കയിലെ മിയാമി ബീച്ച്", "ദക്ഷിണ അമേരിക്കയിലെ സെന്റ് ട്രോപ്പസ്" എന്നൊക്കെ ഇതിന് ഓമനപ്പേരുകളുണ്ട്. ഈയടുത്ത കാലത്തായി പ്രശസ്തരായ നിരവധി ആളുകള്‍ ഇവിടെ വീടുകള്‍ വാങ്ങിയിട്ടുണ്ട്.
ഇസ്‌ലാ ഡി ലോബോസ്, ഗോറിറ്റി ദ്വീപ്, ലാ ബാര, അർബോറെറ്റം ലുസിച് തുടങ്ങിയ ഒട്ടേറെ സംരക്ഷിത മേഖലകള്‍ ഇവിടെയുണ്ട്. ലാ മാനോ ശില്‍പം കൂടാതെ, സാന്റോറിനി ശൈലിയിലുള്ള കോംപ്ലക്സായ കാസപ്യൂബ്ലോ, റാഫേൽ വിനോലി രൂപകൽപന ചെയ്ത പ്യുന്‍റെ ഗാര്‍സോണ്‍ ബ്രിജ്, മ്യൂസിയം ഓഫ് ദി സീ എന്നിവ ഈ പ്രദേശത്തെ പ്രശസ്തമായ ലാൻഡ് മാർക്കുകളിൽ ഉൾപ്പെടുന്നു.

∙ വിശാലമായ തീരം
പൂണ്ട ഡെൽ എസ്റ്റെയുടെ മനോഹരമായ തീരപ്രദേശം, ബ്രാവ, മാൻസ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു. ഇവ രണ്ടിനും ഇടയിലായാണ് ലാ മാനോ ശില്‍പമുള്ളത്. മൻസ ഭാഗത്തെ ബീച്ചുകളിൽ സ്വര്‍ണനിറമുള്ള മണല്‍ത്തരികള്‍ കാണാം. ബ്രാവയില്‍ വെളുത്ത പഞ്ചസാരത്തരികള്‍ പോലെയുള്ള മണലാണ് ഉള്ളത്. എല്ലാ ബീച്ചുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.
ലാ ബാരയാണ് മറ്റൊരു ജനപ്രിയമായ സ്ഥലം. രാത്രി സമയങ്ങളില്‍ ഇവിടെ ചെറുപ്പക്കാരുടെ ആഘോഷമാണ്. ഡിസംബർ അവസാനം മുതൽ ജനുവരി രണ്ടാം വാരം വരെ ഈ സ്ഥലം വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്ന സമയമാണ്. എൽ ടെസോറോ റിസോർട്ട്, മോണ്ടോയ ബീച്ച്, ബിക്കിനി ബീച്ച്, മാനന്തിയേൽസ് ബീച്ച് എന്നിവയാണ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മറ്റ് പ്രദേശങ്ങൾ.