ADVERTISEMENT

അക്കോസേട്ടനും ഉണ്ണിക്കുട്ടനും മലയാളികൾക്ക് ഏറെ പരിചിതമാക്കിയ നാടാണ് നേപ്പാൾ. അവിടുത്തെ കാഴ്ചകളും ആ നാടിന്റെ സൗന്ദര്യവുമൊക്കെ യോദ്ധയിലൂടെ നാം ആഘോഷമാക്കുകയും ചെയ്തു. പുതുവർഷാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവും കുടുംബവും തിരഞ്ഞെടുത്തത് നേപ്പാൾ യാത്രയാണ്. ആ രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ പാരാഗ്ലൈഡിങ്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 2025 ലേക്ക് പറക്കുന്നു എന്നാണ് നീരജ് മാധവ് തന്റെ യാത്രാ ചിത്രങ്ങൾക്കു കാപ്ഷൻ നൽകിയിരിക്കുന്നത്. നേപ്പാളിൽ നിന്നും മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും ഒരുമിച്ചുള്ള രസകരമായ നൃത്തവുമൊക്കെ താരം തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവച്ചിരുന്നു. 

Image Credit: neeraj_madhav/instagram
Image Credit: neeraj_madhav/instagram

ആതിഥ്യ മര്യാദയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന രാജ്യമാണ് നേപ്പാൾ. സുന്ദരമായ കാഴ്ചകളും നിരവധിയുണ്ട്. സാഹസിക പ്രിയർക്കായി ഹിമാലയൻ മലനിരകളും മറ്റെങ്ങും കാണാൻ കഴിയാത്ത പ്രകൃതി സൗന്ദര്യവും ഏറെ വിശേഷപ്പെട്ടതും വൈവിധ്യമാർന്നതുമായ ഭൂപ്രകൃതിയും നേപ്പാളിന്റെ മാത്രം സവിശേഷതയാണ്. താഴ്​വരകൾ, കൊടുമുടികൾ, പൗരാണിക ക്ഷേത്രങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, രുചികരമായ ഭക്ഷണം എന്നുവേണ്ട ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും ഇവിടുത്തെ കാഴ്ചകൾ. 

ഭീമാകാരന്മാരായ എട്ട് പർവ്വതങ്ങളുടെ ഗൃഹമാണ് നേപ്പാൾ. ഉയരത്തിൽ ലോകത്തിലെ തന്നെ ഒന്നാമനായ എവറസ്റ്റും കാഞ്ചൻജംഗയും മകാലുവും തുടങ്ങി എട്ടോളം പർവതങ്ങൾ. ഈ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ നഗർകോട്ടയിൽ എത്തിയാൽ മതി. ഭക്തിപൂരിന് സമീപമുള്ള വളരെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷൻ കൂടിയാണ് ഇത്. വശ്യതയാർന്ന സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും സഹിതം എട്ട് ഹിമാലയൻ പർവ്വതനിരകളുടെ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം. ട്രെക്കിങ്ങും മൗണ്ടൻ ബൈക്കിങ്ങും തിരഞ്ഞെടുക്കാം. പാരാഗ്ലൈഡിങ് പോലെയുള്ള സാഹസിക വിനോദ പ്രവർത്തനങ്ങളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. എങ്കിലും നഗർകോട്ടയിൽ നിന്നുള്ള ഹിമാലയത്തിന്റെ  കാഴ്ച തന്നെയാണ് ഏറ്റവും വലിയ ആകർഷണം. 

'നേപ്പാളിന്റെ ടൂറിസ്റ്റ് തലസ്ഥാനം' എന്നറിയപ്പെടുന്നയിടമാണ് പൊഖാറ. 900 അടിയിൽ കൂടുതൽ ഉയരത്തിൽ, സ്ഥിതിചെയ്യുന്ന, ഏറ്റവും ഉയരമുള്ള നഗരങ്ങളിലൊന്നാണിത്. ലോകപ്രശസ്തമായ നിരവധി ട്രെക്കിങ്ങുകളുടെ കേന്ദ്രം കൂടിയായ പൊഖാറയുടെ സൗന്ദര്യം ഫെവ തടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ നീളം 4.5 മീറ്ററാണ്. ഫെവ ഒരു ശുദ്ധജല തടാകമാണ്. മഞ്ഞുമൂടിയ അന്നപൂർണ ഹിമാലയൻ പർവ്വതനിരകളുടെ കാഴ്ചയ്ക്ക് ഇവിടെ നിന്നാൽ സാക്ഷിയാകാം. പച്ചപ്പു നിറഞ്ഞ കാടുകൾ, ഭൂഗർഭ ഗുഹകൾ, ഓർക്കിഡുകളുടെ താഴ്‌വര, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഹിമാനികൾ അങ്ങനെ ഒരു വിനോദസഞ്ചാരിയുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് പൊഖാറ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക്, അന്നപൂർണ റെയ്ഞ്ചിലെ നിരവധി ട്രെക്കിങ്ങുകളും പാരാഗ്ലൈഡിങ്, റിവർ റാഫ്റ്റിങ് പോലുള്ള വിനോദങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

എവറസ്റ്റ് പർവതത്തിന്റെ ഗരിമയാർന്ന കാഴ്ച സമ്മാനിക്കുന്നയിടമാണ് സാഗർമാത ദേശീയോദ്യാനം. എവറസ്റ്റ് കൊടുമുടി നേപ്പാളി ഭാഷയിൽ സാഗർമാത എന്നാണ് അറിയപ്പെടുന്നത്. ലോത്സെ, താംസെർകു, ചോ ഓയോ, നുപ്‌സെ, പുമോരി, അമാഡബ്ലം തുടങ്ങിയ അതിമനോഹരമായ കൊടുമുടികൾ  ഇവിടെനിന്നു കണ്ടാസ്വദിക്കാം. കൂടാതെ, മഞ്ഞു പുള്ളിപ്പുലി, കറുത്ത കരടി, ചുവന്ന പാണ്ട, ഹിമാലയൻ തഹർ, കോറൽ തുടങ്ങിയ നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് സാഗർമാത ദേശീയോദ്യാനം. നേപ്പാളിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. കാഠ്മണ്ഡുവിൽ നിന്നു 135 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടയിടമാണ്.

ബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. തെക്കൻ നേപ്പാളിലെ തെരായ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യ - നേപ്പാൾ അതിർത്തിയോടു വളരെ അടുത്താണ്. ഭൈരഹവയിൽ ഗൗതം ബുദ്ധ വിമാനത്താവളം ഉള്ളതിനാൽ ലുംബിനിയിലെത്താൻ എളുപ്പവുമാണ്. ഇവിടുത്തെ സമാധാനവും ശാന്തതയും  നിറഞ്ഞ അന്തരീക്ഷം അതിഥികൾക്ക് ഏറെയിഷ്ടപ്പെടും. മായാ ദേവി ക്ഷേത്രം, ലുംബിനി മൊണാസ്റ്റിക് സൈറ്റ്, റോയൽ തായ് മൊണാസ്ട്രി, വേൾഡ് പീസ് പഗോഡ എന്നിവയാണ് ഇവിടുത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. ഇതൊന്നുമല്ലെങ്കിലും വെറുതെ നടക്കാനിറങ്ങിയാലും മനസ്സിനുണർവും സമാധാനവും സമ്മാനിക്കുന്ന നാടാണിത്. 

1979 ൽ യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച ബൗദ്ധനാഥ് സ്തൂപം നേപ്പാളിലെ തന്നെ ഏറ്റവും വലിയതാണ്. രാജ്യതലസ്ഥാനമായ കാഠ്‌മണ്ഡുവിലാണിതു സ്ഥിതി ചെയ്യുന്നത്. 120 അടിയാണ് ഈ അഷ്ടഭുജ സ്തൂപത്തിന്റെ ഉയരം. ഈ അഷ്ടഭുജങ്ങളെ ചുറ്റി 147 പ്രാർഥനാചക്രങ്ങളും ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുരുക്കന്മാരുടെ 108 ചിത്രങ്ങളും വിവിധ നിറത്തിലുള്ള പ്രാർഥനാധ്വജങ്ങളും കാണാൻ കഴിയും. സ്തൂപത്തിന്റെ പരിസരങ്ങളിലായി അൻപതോളം ബുദ്ധ ആശ്രമങ്ങളും നിലകൊള്ളുന്നുണ്ട്. വളരെ പ്രാചീനമെന്നു കരുതുന്ന ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ടു പല കഥകളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ ആര്, എപ്പോൾ നിർമിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണകൾ ഒന്നുമില്ല. കാഠ്മണ്ഡുവിൽ നിന്നും 11 കിലോമീറ്റർ ദൂരമുണ്ട് വാസ്തുവിദ്യയിലെ തന്നെ അദ്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ ബൗദ്ധനാഥ് സ്തൂപത്തിലേക്ക്. വൈകുന്നേരങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം. അന്നേരങ്ങളിൽ തിരക്ക് പൊതുവെ കുറവായിരിക്കും.

നേപ്പാളിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. പഗോഡ ശൈലിയിലാണ് ഇതിന്റെ നിർമാണ രീതി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രത്തിനും സ്ഥാനമുണ്ട്. ഭാഗ്മതി നദിയുടെ തീരത്താണ് ഈ ഹൈന്ദവ ക്ഷേത്രം നിലകൊള്ളുന്നത്. ഭാഗ്മതിയിലെ ആരതി കാണാൻ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. മരണമടഞ്ഞവരുടെ ശവദാഹം ഇവിടെ നടത്തിയാൽ മോക്ഷം ലഭിക്കുമെന്നൊരു വിശ്വാസത്തിലൂന്നി ആയിരക്കണക്കിനു ശവദാഹങ്ങളാണ് ഇവിടെ ഓരോ വർഷങ്ങളിലും നടക്കുന്നത്. കാഠ്‌മണ്ഡുവിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

Sagarmatha National Park. Image Credit :Deejays/shutterstock
Sagarmatha National Park. Image Credit :Deejays/shutterstock

രാജ്യ തലസ്ഥാനമായ കാഠ്‌മണ്ഡു മറ്റേതൊരു രാജ്യത്തെ പ്രധാന നഗരവും പോലെ തന്നെ തിരക്കേറിയയിടമാണ്. എങ്കിലും നിരവധി ക്ഷേത്രങ്ങൾ, ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ നഗരം. ഹിമാലയ പർവതങ്ങളാൽ ചുറ്റപ്പെട്ട,ആ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന കാഠ്മണ്ഡു നേപ്പാളിന്റെ തലസ്ഥാനവും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നയിടവുമാണ്. പുരാതന ക്ഷേത്രങ്ങളും സുവർണ പഗോഡകളും പ്രകൃതി സൗന്ദര്യവും ആകർഷകമായ ഗ്രാമങ്ങളും ഈ നഗരത്തിന്റെ മാറ്റുകൂട്ടുന്നു. 4,344 അടി ഉയരത്തിലുള്ള കാഠ്മണ്ഡുവിലാണ് ഭാഗ്മതി, വിഷ്ണുമതി നദികളുടെ സംഗമസ്ഥാനം. 

സഞ്ചാരികളുടെ ഹൃദയമായി കണക്കാക്കപ്പെടുന്നയിടമാണ്‌ ദർബാർ സ്‌ക്വയർ. രാജകൊട്ടാരത്തിന്റെ എതിർവശത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ ചത്വരത്തിനുള്ളിൽ ക്ഷേത്രങ്ങളും മ്യൂസിയവും പോലുള്ള നിരവധി നിർമിതികളുണ്ട്. രാജകൊട്ടാരത്തിലെ എല്ലാ പ്രമുഖ പരിപാടികളും നടക്കുന്നത് ഈ ദർബാർ സ്ക്വയറിൽ വച്ചാണ്.

English Summary:

Discover Nepal's breathtaking beauty with Malayalam actor Neeraj Madhav! Explore stunning Himalayan views, ancient temples, and thrilling adventures in this captivating travelogue. Plan your unforgettable Nepali journey today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com