ADVERTISEMENT

സിംഗപ്പൂർ തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ ഒന്നാണ്. ഒരു 'പ്ലാൻഡ് സിറ്റി' എന്ന് അറിയപ്പെടുന്ന സിംഗപ്പൂർ ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവ ഗ്രാമമായിരുന്നുവെന്നത് ചരിത്രം. രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന ഈ പ്രദേശം, 1819ൽ സർ സ്റ്റാംഫോർഡ് റാഫിൾസ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കു വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടിയാണ് ഇന്നത്തെ നിലയിൽ രൂപകൽപന ചെയ്തത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, 1942 മുതൽ 1945 വരെ ജാപ്പനീസ് സാമ്രാജ്യം സിംഗപ്പൂരിനെ കീഴടക്കിയിരുന്നു. പിന്നീട് ജപ്പാൻ കീഴടങ്ങിയപ്പോൾ, സിംഗപ്പൂർ വീണ്ടും ബ്രിട്ടീഷ് നിയന്ത്രണത്തിലേക്കു മടങ്ങി. സിംഗപ്പൂർ യാത്രയിൽ അവിടുത്തെ ഫോർട്ട് കാനിങ് കുന്നുള്‍പ്പെടെയുള്ള ചില രണ്ടാം ലോകമഹായുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ നോക്കാം.

Fort-Canning-89

1963 ൽ ബ്രിട്ടീഷുകാരിൽനിന്ന് സ്വതന്ത്രമായ മലേഷ്യ സിംഗപ്പൂർ കൂടി ചേർത്ത് ഒരു രാജ്യമായി രൂപീകരിക്കപ്പെട്ടു. പിന്നീടുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങൾ സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കുന്നതിൽ കലാശിക്കുകയും 1965 ഓഗസ്റ്റ് 9ന് സിംഗപ്പൂർ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തു. സ്വന്തമായി വളരെക്കുറച്ചു മാത്രം പ്രകൃതി വിഭവങ്ങളുള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ അരക്ഷിതാവസ്ഥയിലായിരുന്നു. ആധുനിക സിംഗപ്പൂരിന്റെ പിതാവ് എന്നറിയപ്പെടുന്ന ലീ ക്വാൻ യു എന്ന മഹത് വ്യക്തിയുടെ ഇച്ഛാശക്തിയും  സർക്കാറിന്റെ നയങ്ങളായ വ്യവസായവൽക്കരണവും വിദേശനിക്ഷേപവും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ യിലൂടെയും രാജ്യവികസനം ദ്രുതഗതിയിലായി. സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

Fort-Canning-10

ഇവിടുത്തെ നിവാസികളിൽ 74%  ചൈനീസ് വംശജരും 13% മലയ വംശജരും 9% ഇന്ത്യൻ വംശജരും ശേഷിക്കുന്ന 3% മറ്റുള്ളവരും (യുറേഷ്യൻസ് ഉൾപ്പെടെ) ആണ്. ചൈനീസ് മലയാ വംശജർക്ക് പിന്നിൽ ആറരലക്ഷം ജനസംഖ്യയുമായി മൂന്നാം സ്ഥാനമുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും തമിഴരാണ്. ബ്രിട്ടീഷ് ഭരണമാണ് ഇന്ത്യയെ സിംഗപ്പൂരുമായി അടുപ്പിച്ചത് എന്നു വേണമെങ്കില്‍ പറയാം.  ഇന്ത്യയെപ്പോലെതന്നെ ബ്രിട്ടീഷ് കോളനിയായിരുന്ന സിങ്കപ്പൂരിലേക്കുള്ള കുടിയേറ്റം ആദ്യകാലത്ത് ഇന്ത്യാക്കാർക്ക് അത്ര പ്രയാസമേറിയതായിരുന്നില്ല. കൃഷിയുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിൽ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഇന്ത്യാക്കാര്‍ ആദ്യം ഇവിടെ എത്തുന്നത്. പിന്നീട് കച്ചവടത്തിനും നിര്‍മ്മാണ തൊഴിലിനുമായി ധാരാളം ഇന്ത്യക്കാർ അവിടെ എത്തി. പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരു വികസിത രാജ്യമായി സിംഗപ്പൂർ മാറിയപ്പോൾ ധാരാളം പ്രൊഫഷണലുകളും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് കുടിയേറി. മുപ്പതിനായിരത്തോളം മലയാളികൾ സിംഗപ്പൂരില്‍ ഉണ്ട് എന്നാണ് കണക്ക്‌. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു ഭാരതീയര്‍ പ്രത്യേകിച്ച്‌ മലയാളികള്‍ ചേക്കേറുന്ന ഒരവസ്ഥ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ഉണ്ടായിരുന്നു. ബർമ, സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ആദ്യ ഘട്ടത്തിൽ മലയാളികൾ കുടിയേറിയത്. പിന്നീടത് അമേരിക്ക, ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു എന്നത് വർത്തമാനകാല ചിത്രം. അങ്ങനെ പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ കേരളീയർ പ്രവാസികളുടെ വലിയ സമൂഹമായി ലോകമെമ്പാടും രൂപാന്തരപ്പെട്ടത് പോലെ ഇന്നും സിംഗപ്പൂരിലെയും മലേഷ്യയിലെയും ഒരു പ്രധാന വിഭാഗമായി തുടരുന്നു.

Fort-Canning-11
Fort-Canning-6

കേരളത്തിലെ ഒരു കൊച്ചു ഗ്രാമപ്രദേശമായ വാളകത്തുനിന്നും കെ. ഒ. ജേക്കബ്‌ എന്ന യുവാവും ബന്ധുക്കളായ രണ്ടു സുഹൃത്തുക്കളും 1930 കളുടെ ആദ്യം തമിഴ്നാട്ടിലെ നാഗപട്ടണം വഴി കപ്പലിൽ സിലോണിൽ എത്തുകയും അവിടെനിന്നു സിംഗപ്പൂരിലേക്ക് എത്തുകയുണ്ടായി. യാത്രാസൗകര്യങ്ങള്‍ പരിമിതമായിരുന്ന ആ കാലഘട്ടത്തില്‍, സമൃദ്ധമായി ജീവിക്കാനുള്ള ചുറ്റുപാടുകള്‍ ഉണ്ടെന്നിരിക്കെ സാഹസികമായി ഒരു പുതിയ രാജ്യത്തിലേക്ക് പ്രവാസത്തിന്റെ കുപ്പായം അണിയുകയായിരുന്നു അവർ ചെയ്തത്. കൂടെപ്പോയ രണ്ട് സുഹൃത്തുക്കളും അധികനാൾ  അവിടെ തുടർന്നില്ല എങ്കിലും ജേക്കബ് അവിടെ ഒരു ബ്രിട്ടീഷ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി തുടർന്നു. അങ്ങനെയിരിക്കെയാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഇംപീരിയൽ സഖ്യത്തിൽ ഉണ്ടായിരുന്ന ജപ്പാൻ സൈന്യം എതിര്‍ചേരിയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള സിങ്കപ്പൂരിലേക്ക് കടന്നുകയറി. ഈ സംഭവം സിംഗപ്പൂർ യുദ്ധത്തില്‍ കലാശിക്കുകയും 1942 ഫെബ്രുവരി 15ന് അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യം സിംഗപ്പൂരിൽ കീഴടങ്ങുകയും ചെയ്തു. സിംഗപ്പൂരിനു വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടന് വളരെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി ആളുകള്‍ മരിച്ചുവീണു, ഏകദേശം 85,000 ആളുകൾ ബന്ദിയാക്കപ്പെട്ടു. ജപ്പാൻ സൈന്യം സിംഗപ്പൂർ കീഴടക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രവാസികളെയും അത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടനെ അനുകൂലിക്കാത്തവർക്ക് സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് തിരികെ പോകാം എന്നൊരു വ്യവസ്ഥ ജപ്പാന്‍ വച്ചു.  അതുവരെയുള്ള സകല സമ്പാദ്യവും  ഇട്ടെറിഞ്ഞ്‌ തിരികെ പോകുവാനുള്ള സാഹചര്യം പലർക്കും നിർബന്ധിതമായി സംജാതമായി. അങ്ങനെ ജേക്കബ് നാട്ടിലേക്ക് എത്തുകയാണ് ഉണ്ടായത്. ഇന്നത്തെപ്പോലെ ബാങ്കിങ് സംവിധാനങ്ങള്‍ നിലവിലില്ലാതിരുന്ന അക്കാലത്ത് സിംഗപ്പൂർ നോട്ടുകള്‍ ജപ്പാന്‍ നിരോധിച്ചതിനാല്‍ അന്നുവരെ അവിടെ കൂട്ടിവച്ചിരുന്ന സമ്പാദ്യത്തിന് മൂല്യമില്ലാതെയായി. നാട്ടില്‍ തിരിച്ചെത്തിയ ജേക്കബ് എന്ന എന്റെ മാതൃപിതാവിന്റെ കൈവശം ഒരുപാടു നോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പഴയ തലമുറയിലുള്ള പലരും പറഞ്ഞു കേട്ടിട്ടുണ്ട്. യുദ്ധാനന്തരം പിന്നീട് വീട്ടുകാരുടെ നിർബന്ധം കാരണം തിരികെ സിംഗപ്പൂരിന് പോയില്ല എന്നൊക്കെ അമ്മ പറഞ്ഞത് ഓർക്കുന്നു. അങ്ങനെ 'സിംഗപ്പൂർ അച്ചായന്‍' എന്ന് വാളകം അമ്പലക്കര പ്രദേശത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നു. 

Fort-Canning-320-3
ലേഖകൻ

സിംഗപ്പൂർ എത്തിയതിന്റെ മൂന്നാം ദിവസം രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ കാണണം എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. സിംഗപ്പൂരും ഇന്ത്യയുമായുള്ള സുദീർഘ ബന്ധത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രം കേട്ടും വായിച്ചും മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടും അമ്മയുടെ പിതാവ് ആ കാലഘട്ടതിൽ അവിടെ ഉണ്ടായിരുന്നതിനാലുമാണത്. താമസിച്ചിരുന്ന ജൻ ഓർച്ചർഡ് ഷാൻഗ്രില്ല ഹോട്ടലിന്റെ സമീപമുള്ള മെട്രോ സ്റ്റേഷനിൽനിന്ന്  ഫോർട്ട് കാനിങ് സ്റ്റേഷനിലേക്കു യാത്രയായി. നഗരമധ്യത്തിൽ തന്നെയാണ് മനോഹരമായ ഫോർട്ട് കാനിങ് കുന്ന്. പുരാതന സിംഗപ്പൂരിൽ രാജാക്കന്മാരെ ഇവിടെയാണ് സംസ്കരിച്ചിരുന്നതെന്നും അവരുടെ ആത്മാക്കൾ ഇവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടെന്നും മലയ വംശജരുടെയിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അവരിതിനെ ‘വിലക്കപ്പെട്ട കുന്ന്’ എന്നർത്ഥം വരുന്ന ബുക്കിറ്റ് ലാറങ് ഗാൻ (Forbidden Hill) എന്ന് വിളിച്ചിരുന്നു. സിംഗപ്പൂരിലെ പ്രധാനപ്പെട്ട ഒരു യുദ്ധസ്‌മാരകവും ടൂറിസ്റ്റ് ആകർഷണവുമായ 'ബാറ്റിൽ ബോക്സ്' എന്ന ഭൂഗർഭ സൈനിക കേന്ദ്രം ഈ കുന്നിൻ മുകളിലാണ്. 

Fort-Canning-9
Fort-Canning-7

ആധുനിക സിംഗപ്പൂരിന്റെ പിതാവെന്നറിയപ്പെടുന്ന സ്റ്റാഫോർഡ് റാഫിൾസ് തന്റെ ഔദ്യോഗിക വസതി പണിയാൻ തിരഞ്ഞെടുത്തത് ഈ കുന്നിൻ മുകളായിരുന്നു. പിന്നീടങ്ങോട്ട് മാറിമാറിവന്ന പല ഭരണത്തലവന്മാരും ഗവർണർമാരും ഇവിടെയാണ് താമസിച്ചത്. അങ്ങനെ ഇതിന് ഗവൺമെൻറ് ഹിൽ എന്നൊരു വിളിപ്പേരുണ്ടായി. പക്ഷേ ഇപ്പോഴിത് അറിയപ്പെടുന്നത് ഫോർട്ട് കാനിങ് ഹിൽ എന്ന പേരിലാണ്. 1861ൽ ഗവർണർ ജനറൽ ചാൾസ് കാനിങ് ഈ കുന്നിൻ മുകളിൽ ഒരു സൈനിക കോട്ട പണിതതോടുകൂടിയാണ് ഈ പേര് കൈവന്നത്.

Fort-Canning-320-4

1920കളിൽ ഈ കുന്നിൻ മുകളിലായിരുന്നു ബ്രിട്ടീഷ് ആർമിയുടെ ആസ്ഥാനം. ഫോർട്ട് കാനിങ്ങിനെ തെക്കുകിഴക്കൻ ഏഷ്യയിലെ ബ്രിട്ടീഷ് സൈനിക നീക്കങ്ങളുടെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ ഒരു ബോംബ് പ്രൂഫ് ബങ്കർ നിർമിക്കാനുള്ള തീരുമാനം സൈനിക നേതൃത്വം കൈക്കൊണ്ടു. ഭൂനിരപ്പിൽ നിന്ന് ഒൻപതു മീറ്റർ താഴെയായി 1936ൽ പണിയാരംഭിച്ച ഈ കേന്ദ്രം 1941ൽ പൂർത്തിയാക്കി. ‘ബാറ്റിൽ ബോക്സ്’ (Battle Box) എന്ന് നാമകരണം ചെയ്ത ഈ ഭൂഗർഭ കേന്ദ്രത്തിന് 29 മുറികളാണുള്ളത്. ബോംബാക്രമണങ്ങളെ അതിജീവിക്കുവാൻ പാകത്തിൽ ഒരു മീറ്ററിലധികം കനമുള്ള കോൺക്രീറ്റ് ഭിത്തികളാണ് ഇതിനുള്ളത്.

Fort-Canning-

1942 ഫെബ്രുവരി 15 ന് രാവിലെ ഈ ബങ്കറിലിരുന്നാണ് ജനറൽ ആർതർ പെഴ്സിവലും ഉന്നത സൈനിക മേധാവികളും സിംഗപ്പൂരിനെ ജപ്പാന്റെ മുന്നിൽ നിരുപാധികം അടിയറ വെക്കാനുള്ള ചരിത്രപ്രധാന തീരുമാനമെടുത്തത്. സിംഗപ്പൂരിന്‍റെ വീഴ്ചയെ ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ ഏറ്റവും ദയനീയമായ കീഴടങ്ങൽ എന്നാണ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചത്. “The worst disaster and largest capitulation in British history”. ബ്രിട്ടീഷ് ചരിത്രത്തിൽ മാത്രമല്ല, സിംഗപ്പൂരിന്റെയും ദക്ഷിണ-പൂർവേഷ്യൻ ചരിത്രത്തിലും നിർണായകമായിരുന്നു ആ കീഴടങ്ങലും തുടർന്നുണ്ടായ ജാപ്പനീസ് തേരോട്ടവും. ജപ്പാൻ പട്ടാളത്തിന്റെ അഴിഞ്ഞാട്ടം ഏറെയും നടന്നത് ചൈന, മലയ, സിങ്കപ്പൂർ, ബർമ്മ, ആൻഡമാൻ എന്നിവിടങ്ങളായിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പുതന്നെ ജപ്പാൻകാർ മലയ ആക്രമിച്ചു. കൂട്ടക്കുരുതികളും ക്രൂരതകളുമായി കേവലം രണ്ടുമാസങ്ങൾ കൊണ്ട് മലയൻ പ്രദേശങ്ങൾ പൂർണമായും കീഴടക്കിയ ജപ്പാൻ സേന, മിന്നൽ വേഗത്തിൽ സിംഗപ്പൂർ ദ്വീപിന്റെ വടക്കു ഭാഗത്തു കടന്നപ്പോഴാണ് വൻതോതിൽ നാശനഷ്ടങ്ങളും സിവിലിയൻ മരണങ്ങളും ഒഴിവാക്കാൻ കീഴടങ്ങുകയാണ് ഉചിതം എന്ന തീരുമാനത്തിൽ ജനറൽ പെഴ്സിവലും കൂട്ടരും എത്തിച്ചേർന്നത്. 

2nd-World-War-Monuments-5

കുന്നു മുഴവന്‍ ഒന്നു നടന്നു കണ്ടു. വലിയ മരങ്ങളും മറ്റുമുള്ള വനസമാനമായ അന്തരീക്ഷം, എല്ലാം ഭംഗിയായി ഒരുക്കി നിർത്തിയിരിക്കുന്നു. കൊളോണിയൽ കാലത്തിനു മുമ്പുള്ള പാൻകുർ ലരംഗൻ അഥവാ ഫോര്‍ബിഡന്‍ സ്പ്രിങ്, സാങ് നില ഉത്തമ ഗാർഡൻ, ജൂബിലി പാർക്ക്, സർ സ്റ്റാംഫോർഡ് റാഫിൾസ് സ്ഥാപിച്ച ബൊട്ടാണിക്കൽ, എക്സ്പിരിമെന്റല്‍ ഗാർഡനുകളായ റാഫിൾസ് ഗാർഡൻ, സ്പൈസ് ഗാർഡൻ, സിംഗപ്പൂരിലെ പ്രധാന പുരാവസ്തു സൈറ്റായ ആർട്ടിസാൻസ് ഗാർഡൻ, സിംഗപ്പൂരിലെ അവസാന രാജാവായ സുൽത്താൻ ഇസ്‌കന്ദർ ഷായുടെ അന്ത്യവിശ്രമ സ്ഥലം, ഫോർട്ട് ഗേറ്റും ഫോർട്ട് വാളും, ഫോർട്ട് കാനിങ് ട്രീ ടണലും തുടങ്ങി നിരവധി ശിൽപങ്ങളും കൊളോണിയൽ കാലത്തെ സ്മാരകങ്ങളും പല ഭാഗങ്ങളിലായി കണ്ടു. അവിടുത്തെ ഹെറിറ്റേജ് ഗാലറിയില്‍ കയറി, സിംഗപ്പൂരിന്‍റെ ചരിത്രവും കുന്നിന്റെ ഫോർട്ട് കാനിങ് ഹില്ലിന്‍റെ 700 വർഷത്തെ ചരിത്രവും അവിടെ വിശദീകരിച്ചിട്ടുണ്ടായിരുന്നു. 

Fort-Canning-8

ബാറ്റിൽ ബോക്സ്!

അടുത്തതായി 'ബാറ്റിൽ ബോക്സിലേക്കാണ്’ ഞാൻ പോയത്. 'ബാറ്റിൽ ബോക്സി'നുള്ളിലേക്ക് ഗൈഡഡ് ടൂർ ആണ് അനുവദിച്ചിട്ടുള്ളത്. ടിക്കറ്റെടുത്ത എന്നെ കുറച്ച് പ്രായമുള്ള ഒരു സിംഗപ്പൂരിയൻ ഗൈഡ് ബങ്കറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യമായിയാണ് ഞാൻ ഒരു ബങ്കർ സന്ദർശിക്കുന്നത്. ഓരോ മുറിക്കും സന്ദർശകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന ചരിത്രവും കഥകളും പറയാനുണ്ടായിരുന്നു. കുറ്റമറ്റ ഓഡിയോ-വിഷ്വൽ സംവിധാനങ്ങളുടെ അകമ്പടിയോടെ 'ബാറ്റിൽ ബോക്‌സി'ന്റെ ചരിത്രവഴികളിൽ കൂടി കണ്ടും കേട്ടും അനുഭവിച്ചും ഒന്നര മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കി ഒരു ശ്വാസംമുട്ടലോടെ പുറത്തുവന്നു. യുദ്ധകാലത്തുപയോഗിച്ച ഫർണിച്ചറുകളും വാർത്താവിനിമയ ഉപകരണങ്ങളും നിർണായകമായ കീഴടങ്ങൽ തീരുമാനമെടുത്തപ്പോൾ എങ്ങനെ വിന്യസിച്ചിരുന്നുവോ അതേപോലെ തന്നെ മുറികളിൽ നിലനിർത്തിയിട്ടുണ്ട്. ജനറൽമാരായ പെഴ്സിവലിന്റ്, ബെന്നറ്റ്, ഹീത്ത്, സിമ്മൺസ് തുടങ്ങിയവരുടെയും ജീവസുറ്റ മെഴുകുരൂപങ്ങൾ Anti-Aircraft Defence Room-ലെ മേശക്കുചുറ്റും ഒരുക്കിയിരിക്കുന്നത് കണ്ടുനിൽക്കുമ്പോൾ 82 വർഷങ്ങൾക്കപ്പുറത്തെ ചരിത്രത്തിന്റെ സാക്ഷിയായ പ്രതീതിയാണ് സന്ദർശകനിൽ സൃഷ്ടിക്കുന്നത്. അത്രമാത്രം സൂക്ഷ്മതയോടും യാഥാർഥ്യ ബോധത്തോടെയുമാണ് ഇതിന്റെ ഓരോ മുക്കും മൂലയും സജ്ജീകരിച്ചിരിക്കുന്നത്.

Fort-Canning-320-1

രണ്ടാം ലോകമഹായുദ്ധമെന്നു കേൾക്കുമ്പോൾ സ്വാഭാവികമായും ഹിറ്റ്ലറും നാസി ക്രൂരതകളുമാണ് നമ്മുടെ മനസ്സിൽ തെളിയുക. എന്നാൽ ക്രൂരതയുടെ കാര്യത്തിൽ ജർമനിയെക്കാൾ ഒരു പടി മുന്നിലായിരുന്നു ഉദയസൂര്യന്റെ നാടായ ജപ്പാൻ. ഏഷ്യൻ ഹോളോകാസ്റ്റ് എന്ന് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നവയാണ്. ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരെയും യുദ്ധത്തടവുകാരെയുമാണ് അതിക്രൂരമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്നൊടുക്കിയത്. ഇത്തരം യുദ്ധകാല ക്രൂരവിനോദങ്ങൾക്ക് ഇരയായവരിൽ ആയിരക്കണക്കിന് ഇന്ത്യൻ സൈനികരും സാധാരണക്കാരും ഉണ്ടായിരുന്നു എന്നോർക്കുക. രണ്ടാം ലോകമഹായുദ്ധത്തിൽ ഇരുപത്തഞ്ചുലക്ഷത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്തിരുന്നു! ലക്ഷക്കണക്കിന് പട്ടാളക്കാരാണ് യുദ്ധഭൂമിയില്‍ പല രാജ്യങ്ങളിലായി മരിച്ചുവീണത്, അസംഖ്യം പേര്‍ രോഗങ്ങള്‍ക്കും പട്ടിണിക്കും ഇരയായി. 

Fort-Canning-1

'ബാറ്റിൽബോക്സെന്ന' ഈ പെട്ടിയിൽനിന്നും പുറത്തിറങ്ങുമ്പോൾ സ്വന്തം നാട്ടുകാരാൽ പോലും വിസ്‌മരിക്കപ്പെട്ട അനേകായിരം ഇന്ത്യക്കാരുടെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു.  തൊട്ടടുത്ത ദിവസം നഗരത്തിൽ തന്നെയുള്ള മറ്റ് യുദ്ധസ്മാരകങ്ങളും സന്ദർശിക്കുകയുണ്ടായി. സിംഗപ്പൂരിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള സിവിലിയൻ വാർ മെമ്മോറിയൽ ഒരു യുദ്ധ സ്മാരകവും പൈതൃക അടയാളവുമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്‍റെ സിംഗപ്പൂർ അധിനിവേശത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ സ്മരണയ്ക്കായാണ് ഇത് നിർമിച്ചത്. ബഹുവംശവും ബഹുസാംസ്കാരികവുമായ ഒരു നഗരത്തിന്‍റെ ഗുണങ്ങളെ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്ന സിംഗപ്പൂരിന്‍റെ അടയാളങ്ങളിലൊന്നാണ് ഈ സ്മാരകം. നാല് ഭീമൻ തൂണുകള്‍ ഉള്ള സ്മാരകത്തില്‍ നമ്മുടെ തമിഴ് ഭാഷയും ആലേഖനം ചെയ്തിട്ടുണ്ട്. സമീപമായുള്ള എസ്പ്ലനെട് പാര്‍ക്കില്‍ ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) സ്മരണയ്ക്കായി നിർമിച്ച സ്മാരകം കാണാനായി പോയിരുന്നു. സിംഗപ്പൂരിലെ ജാപ്പനീസ് അധിനിവേശ കാലത്ത് സുഭാഷ് ചന്ദ്ര ബോസാണ് ഇത് നിർമിച്ചത്. ജപ്പാനും ഐഎൻഎയ്ക്കും പൊതുവായ ഒരു ശത്രുവായിരുന്നല്ലോ അന്ന് ബ്രിട്ടീഷുകാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 നവംബർ 24-ന് ഇവിടുത്തെ ഫലകത്തിൽ ഐഎൻഎ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി പാര്‍ക്കും മെമ്മോറിയലും അടച്ചിരുന്നതിനാൽ പുറമേ നിന്ന് കാണാന്‍ മാത്രമേ സാധിച്ചുള്ളു.

Fort-Canning-320-5

യുദ്ധങ്ങളും കലാപങ്ങളും എന്നും നാശനഷ്ടങ്ങള്‍ മാത്രമാണ് എവിടെയും വിതയ്ക്കുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് ഇവയെല്ലാം. ജീവൻ നഷ്ടപ്പെട്ടവരും, വൈകല്യങ്ങൾ ബാധിച്ചവരും,  സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടപ്പെട്ടവരും സമ്പാദ്യങ്ങൾ നഷ്ടപ്പെട്ട്  പാലായനം ചെയ്യേണ്ടി വന്നവരും... അതിന്‍റെ അലയൊലികള്‍ വളരെ വലുതാണ്!. ഇത്തരത്തിലുള്ള ചരിത്രപരമായ പല കാഴ്ചകളും ഇന്നത്തെ സാഹചര്യത്തിൽ നമ്മൾക്ക് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ളതാണ്. യുദ്ധ സ്മാരകങ്ങളിലേക്കുള്ള യാത്രകൾ നമ്മെ ഇത്തരത്തിലുള്ള തിരിച്ചറിവുകളിലേക്ക് നയിക്കും. 

English Summary:

Explore the chilling history of the Battle Box in Singapore, a WWII bunker where the island's surrender was decided. Discover the Asian Holocaust's horrors and Singapore's remarkable journey from fishing village to global hub.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com