യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ മനോഹര ദ്വീപ് നഗരം

Mail This Article
രണ്ടു ലോകങ്ങള്‍ക്കിടയിലുള്ള പാലമെന്ന പോലെ, ബോസ്ഫറസ് കടലിടുക്കില്‍ കിടക്കുന്ന ഒരു ദ്വീപ് നഗരമാണ് ഇസ്താംബൂള്‍. ഇതിന്‍റെ ഒരു വശം യൂറോപ്യൻ വൻകരയിലേക്കും (ത്രെസ്) മറുവശം ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്നു. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 700 മീറ്റർ മാത്രമാണ്, അതിനാൽ രണ്ട് ഭൂഖണ്ഡങ്ങളും ഒരു ശ്വാസത്തിന്‍റെ അകലത്തിൽ സ്ഥിരമായി നിൽക്കുന്നു. ഇങ്ങനെ രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബൂള്‍ എന്ന മഹത്തായ പുരാതന നഗരം.

തുര്‍ക്കിയേയുടെ സാമ്പത്തിക, സാംസ്കാരിക, ചരിത്ര കേന്ദ്രവും ഏറ്റവും വലിയ നഗരവുമാണ് ഇസ്താംബൂള്‍. ഏറ്റവും ജനസംഖ്യയുള്ള യൂറോപ്യൻ നഗരവും ഇതുതന്നെയാണ്. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഈ നഗരം പണ്ടുകാലത്ത് കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കിഴക്കൻ സംസ്കാരത്തിന്‍റെ നിഗൂഡ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നഗരം വിനോദസഞ്ചാരികളുടെ പറുദീസയാണ്.

ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ യൂറോമോണിറ്റർ ഇന്റർനാഷണലിന്‍റെ കണക്കനുസരിച്ച്, 2024 ൽ രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള നഗരമായിരുന്നു ഇസ്താംബൂൾ. ഏകദേശം 23 ദശലക്ഷം സന്ദർശകരാണ് ഇസ്താംബൂളിൽ എത്തിയത്.

സാമ്രാജ്യത്വ കാലത്തെ ഭരണാധികാരികൾ സ്ഥാപിച്ച നിരവധി കത്തീഡ്രലുകൾ, പള്ളികൾ, കൊട്ടാരങ്ങൾ എന്നിവ ഇപ്പോഴും നഗരത്തിലുടനീളം കാണാം. ഹഗിയ സോഫിയ, സുൽത്താൻ അഹമ്മദ് മസ്ജിദ്, ടോപ്കാപി കൊട്ടാരം, ഡോൾമാബാഹെ കൊട്ടാരം എന്നിങ്ങനെ അതിശയകരമായ വാസ്തുവിദ്യയുടെ കാഴ്ചയായ കെട്ടിടങ്ങള്‍ ഇസ്താംബുളിന്‍റെ സവിശേഷതയാണ്. സുൽത്താന്‍ അഹമ്മദ് സ്‌ക്വയറിനു ചുറ്റുമായാണ് മനോഹരമായ ചരിത്ര നിർമിതികളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും ജീവിതത്തെക്കുറിച്ചും യൂറോപ്യൻ വാസ്തുവിദ്യയെക്കുറിച്ചുമെല്ലാം ഉൾക്കാഴ്ച നൽകുന്ന ഈ കെട്ടിടങ്ങളെല്ലാം ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുന്നു.
∙നഗരക്കാഴ്ചകൾ
യൂറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം. കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോം(ഓട്ടക്കളം) ഉണ്ട്. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. കോൺസ്റ്റാന്റൈനും പിന്‍ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390 ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്‍റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നിൽക്കുന്നു.
ആയ സോഫിയ എന്ന പേരിലുളള ക്രിസ്തീയ ദേവാലയം ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമിച്ചു. ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് വാള്‍ഡ് ഒബെലിസ്ക്(Walled Obelisk) എന്ന പേരിലാണ് അറിയപ്പെടുന്നത്.
നഗരം ഓട്ടോമാൻ അധീനതയിലായപ്പോൾ സോഫിയ മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു. 1609 ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട നീല മസ്ജിദിൽ ഇന്നും പ്രാർത്ഥന നടക്കുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്.
ഓട്ടോമാൻ സുൽത്താന്മാരുടെ ഭരണകാലത്തു തന്നെയാണ് ഗ്രാൻഡ് ബസാർ എന്ന് പിന്നീട് പ്രസിദ്ധമായ മാർക്കറ്റിനുളള അടിത്തറ പാകപ്പെട്ടത്. പ്രാദേശിക ഭാഷയിൽ കപാലി കഴ്സി(മേൽക്കൂരയുളള മാർക്കറ്റ്) എന്നറിയപ്പെടുന്ന ഈ മാർക്കറ്റിൽ അയ്യായിരത്തോളം കടകളുണ്ട്. ലോകത്തിലെ ആദ്യത്തെ ഷോപ്പിങ് മാളുകളിൽ ഒന്നായ ഗ്രാൻഡ് ബസാര്‍, ഷോപ്പർമാരുടെ പറുദീസയാണ്. അംബരചുംബികളായ കെട്ടിടങ്ങളും മാളികകളുമെല്ലാം ഉൾക്കൊള്ളുന്ന നഗരത്തിലെ പ്രധാന ബിസിനസ്സ് ജില്ലയാണ് ന്യൂ ഇസ്താംബുൾ. സ്പൈസ് ബാസാറും ടസ്കിം ചത്വരവുമാണ് മറ്റു പ്രധാന കാഴ്ചകൾ.

ഗുൽഹാനെ, എമിർഗാൻ തുടങ്ങിയ അതിമനോഹരമായ പൂന്തോട്ടങ്ങളും ഇസ്താംബൂളിലുണ്ട്. ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ക്രൂയിസുകൾ നഗരത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നു. ബോസ്ഫറസിന് കുറുകെ ഏഷ്യൻ വശവും ഏഷ്യൻ വശത്തെ തീരത്ത് പ്രിൻസസ് ദ്വീപുകളുമാണ്.

സന്ദർശിക്കാൻ മികച്ച സമയം
മാർച്ച് മുതൽ മേയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഇസ്താംബൂൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ട്രൂ ബ്ലൂ പോലെയുള്ള ബീച്ചുകൾ സന്ദർശിക്കാനും ബോസ്ഫറസ് ക്രൂയിസ് ആസ്വദിക്കാനും പറ്റിയ സമയമാണിത്. ഇസ്താംബൂളിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ. ഡിസംബര്‍ മാസം തണുപ്പേറിയതാണ്.