‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ നാട്ടിലേക്ക് ഇത് ആദ്യം’; ആമദ്വീപ് യാത്രയിൽ ആൻഡ്രിയ

Mail This Article
തായ്‌ലൻഡില്‍ വെക്കേഷന്‍ ദിനങ്ങള്‍ ആഘോഷിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. കോ താവോ ദ്വീപിലാണ് ആൻഡ്രിയ അവധിക്കാലം ചെലവിട്ടത്. ഇവിടെനിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തായ്‌ലൻഡിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോ താവോ. തെക്കൻ തായ്‌ലൻഡിലെ സെൻട്രൽ ഗൾഫ് തീരത്തുള്ള ഈ ദ്വീപിന് ഏകദേശം 21 കിലോമീറ്റർ വിസ്തൃതിയുണ്ട്. തായ്‌ലാൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ചുംഫോൺ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ഇത്. ഒരുകാലത്ത് രാഷ്ട്രീയ തടവുകാരുടെ തടങ്കൽ സ്ഥലമായിരുന്നു ഇവിടം. ഇന്ന് ലക്ഷ്വറി യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാണ് കോ താവോ. അതിനാല്‍ റസ്റ്റോറന്റുകളും ജലവിനോദങ്ങളുമെല്ലാം താരതമ്യേന ചെലവേറിയതാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണെങ്കിലും പ്രതിവര്‍ഷം ഏകദേശം പത്തു ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത് എന്നാണ് കണക്ക്. റോഡുകളോ മറ്റു പൊതുസ്ഥലങ്ങളോ വൃത്തിയാക്കാൻ സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഇല്ല. അതിനാല്‍ സന്ദര്‍ശകര്‍ അവരുടെ മാലിന്യങ്ങള്‍ തിരിച്ചു കൊണ്ടു പോകേണ്ടതുണ്ട്.
പരുന്ത്, പച്ച ആമ എന്നിവയുടെ പ്രജനന കേന്ദ്രമാണ് ഈ ദ്വീപ്. അതുകൊണ്ടുതന്നെ ഇതിനെ 'ടര്‍ട്ടില്‍ ഐലന്‍ഡ്' എന്നു വിളിക്കാറുണ്ട്. വിനോദസഞ്ചാരത്തിന്റെ വികസനം ഈ ജീവികളുടെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിച്ചു. എന്നാല്‍ പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഇവ വീണ്ടും തിരിച്ചുവരവിന്‍റെ പാതയിലാണ്. 2004 ൽ റോയൽ തായ് നേവിയും പ്രാദേശിക സ്കൂബ ഡൈവിങ് സെന്ററുകളുടെ കൂട്ടായ്മയായ KT-DOC യും ചേർന്നു സംഘടിപ്പിച്ച ബ്രീഡിങ് പ്രോഗ്രാമില്‍ നൂറുകണക്കിന് ആമകളെ വിരിയിപ്പിച്ചു.

ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ചുമ്പോൺ പിനാക്കിൾ, തിമിംഗല സ്രാവുകള്‍ക്കും കാള സ്രാവുകള്‍ക്കും പ്രശസ്തമാണ്. കൂടാതെ, 130 ലധികം ഇനം പവിഴപ്പുറ്റുകളും 53 കുടുംബങ്ങളിൽ പെട്ട 223 ലധികം ഇനം റീഫ് മത്സ്യങ്ങളും ഈ ദ്വീപിൽ ഉണ്ട്.
സ്കൂബ ഡൈവിങ്ങിനും സ്നോർക്കലിങ്ങിനും അതുപോലെ ഹൈക്കിങ്, റോക്ക് ക്ലൈംബിങ്, ബോൾഡറിങ് എന്നിവയ്ക്കും ഈ ദ്വീപ് പ്രശസ്തമാണ്. പടിഞ്ഞാറൻ തീരത്തുള്ള സൈരിയാണ് വിനോദസഞ്ചാരികൾക്കിടയില്‍ ഏറ്റവും പ്രശസ്തമായ സ്ഥലം. ഇവിടെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന വെളുത്ത മണൽ ബീച്ചുണ്ട്. അവയ്ക്കിടയില്‍ ഡൈവ് സ്കൂളുകളും റിസോർട്ടുകളും ബാറുകളും റസ്റ്റോറന്റുകളുമെല്ലാം കാണാം.

അതേപോലെ കോ താവോയില്‍ ഇരുപത്തിയഞ്ചിലധികം ഡൈവിങ് സൈറ്റുകളുണ്ട്. ഇവിടങ്ങളില്‍ ഡൈവിങ് പഠിക്കാനും സര്‍ട്ടിഫിക്കറ്റ് നേടാനും പറ്റും. അപകടകാരികളല്ലാത്ത സ്രാവുകള്‍ക്കിടയില്‍ സ്നോര്‍ക്കലിങ് ചെയ്യാന്‍ ഷാര്‍ക്ക് ബേയുണ്ട്. കോ നാങ് യുവാൻ, ഫ്രീഡം ബീച്ച്, ലാം തിയാൻ, മാംഗോ ബേ, ഹിൻ വോങ് ബേ, ടനോട്ട് ബേ എന്നിവ പിക്നിക്കിന് മികച്ച ഇടങ്ങളാണ്. ജോൺ സുവാൻ മൗണ്ടന്‍ വ്യൂപോയിന്റ്, ടു വ്യൂ, വടക്ക് ഫ്രാഗിൾ റോക്ക് എന്നിങ്ങനെ നിരവധി വ്യൂ പോയിന്റുകൾ ദ്വീപിന് ചുറ്റും ഉണ്ട്. ദ്വീപിന് ചുറ്റുമുള്ള പല സ്ഥലങ്ങളിലും സൈക്കിളുകളും മോട്ടോർ സൈക്കിളുകളും വാടകയ്‌ക്കെടുക്കാം.
കോ താവോയ്ക്ക് സമീപമുള്ള ആങ് തോങ് നാഷണൽ മറൈൻ പാർക്കിലെ 40 ലധികം മനോഹരമായ ദ്വീപുകൾ സന്ദർശിക്കാം. കൂടാതെ അടുത്തുള്ള ദ്വീപുകളായ കോ സാമുയി, കോ ഫാംഗാൻ, കോ നാങ് യുവാൻ എന്നിവിടങ്ങളിലേക്ക് ബോട്ട് യാത്രയും ലഭ്യമാണ്.