സ്വിസ് ഡിലൈറ്റ്; ഇവിടെ ആരും സ്വപ്നം വഴിയിൽ കളയേണ്ടതില്ല

Mail This Article
സെപ്റ്റംബർ 2009
അയർലൻഡിലെ ഡബ്ലിൻ നഗരത്തിൽ വിദ്യാർഥിയായിരുന്ന കാലം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു യൂറോപ്യൻ യാത്ര തരപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. ആദ്യപടിയായി പാരീസ് നഗരത്തിൽ മൂന്ന് ദിവസം. ഒരു പ്രഭാതത്തിൽ മറ്റൊരു നഗരം തേടി സഞ്ചാരം തുടർന്നു. ഗാരെ ഡി നോർഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ - യൂറെയിൽ സർക്യൂട്ടിലെ ആഡംബര വാഹനം. രണ്ടാഴ്ചത്തെ ഫസ്റ്റ് ക്ളാസ് പാസ് എന്റെ കയ്യിലുണ്ട്. സ്വിസ് തലസ്ഥാനമായ ബേണിലേക്ക് അഞ്ചു മണിക്കൂർ യാത്രയുണ്ട്. ചിലർ രാത്രിയിലെ ട്രെയിനിലാണ് യൂറോപ്യൻ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുക. ആ രാത്രിയിൽ ഹോട്ടൽ വാടക ലാഭം, നഗരത്തിൽ പകൽ സമയം കൂടുതൽ ലഭ്യം. പക്ഷേ ഞാൻ ആ കൂട്ടത്തിൽ പെടില്ല. നഗരം മാത്രം കാണാനല്ല യാത്ര; ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും കാണണം. പ്രകൃതിയിലെ കാഴ്ചകളും. കടന്നു പോകുന്ന സ്റ്റേഷനുകളും കണ്ടു മുട്ടുന്ന മനുഷ്യരും അവരുമായുള്ള നൈമിഷിക സൗഹൃദവും ചേരുന്നതാണ് സഞ്ചാരം. യൂറെയിൽ സർക്യൂട്ടിലെ പകൽ യാത്രയെന്നാൽ പറുദീസയിലേക്കുള്ള കവാടമാണ്. ആ അനുഭൂതികൾ വിവരിക്കാൻ വാക്കുകൾക്ക് പരിമിതിയുണ്ട്.

പാരീസിൽ നിന്നു പുറപ്പെട്ട ട്രെയിൻ നഗരപ്രാന്തം പിന്നിട്ട് ഗ്രാമങ്ങളിൽ പ്രവേശിച്ചു. എതിരെയുള്ള ഇരിപ്പിടത്തിൽ സ്വർണമുടിയുള്ള ഇരട്ട പെൺകുട്ടികൾ - അവർ ഫ്രഞ്ച്-സ്വിസ് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ മുത്തശ്ശിയെ സന്ദർശിക്കാൻ പോകുന്നു. കൃഷിയിടങ്ങൾ പിന്നിലാക്കി തീവണ്ടി മലയിലെ തുരങ്കത്തിൽ പ്രവേശിച്ചു. ഡിഷാൺ പട്ടണം കടന്നു പോയി. ദൂരമേറെ കഴിഞ്ഞ് ഒരു സ്റ്റേഷനിൽ നിന്നും സ്വിറ്റ്സർലൻഡിലെ പൊലീസ് കയറിയപ്പോൾ ഞങ്ങൾ അതിർത്തി കടന്നിട്ട് അൽപ്പനേരം കഴിഞ്ഞെന്ന വിവരം ആശ്ചര്യത്തോടെ അറിഞ്ഞു. ചെക്ക് പോസ്റ്റുകളും കമ്പിവേലികളും അവിടെയില്ല, പൊലീസ് യാത്രാരേഖകൾ പരിശോധിച്ചതുമില്ല. എന്റെ സഹയാത്രികർ ശുഭദിനം നേർന്ന് ന്യൂഷാഫൽ പട്ടണത്തിൽ ഇറങ്ങി. ഒരു മണിക്കൂറിനകം ട്രെയിൻ ബേൺ നഗരത്തിൽ ചെന്നെത്തി. ഞാൻ പുറത്തിറങ്ങി മറ്റൊരു ട്രെയിൻ പ്രതീക്ഷിച്ച് നിൽപായി. ഇന്ന് നഗരം കാണാൻ നേരമില്ല, ഉടൻ തന്നെ ആൽപൈൻ പട്ടണമായ ഇന്റർലാക്കനിലേക്ക് പോകണം. പ്ളാറ്റ് ഫോം നമ്പർ ശരിയാണെന്ന് ഒരു വനിതയോട് ചോദിച്ച് ഉറപ്പു വരുത്തി. ഇതുവരെ ഞാൻ ഇംഗ്ലീഷ് ഉപയോഗിച്ചു പിടിച്ചു നിന്നു. ഡബ്ലിനിൽ നിന്നും കോളിൻസ് പോക്കറ്റ് ഡിക്ഷനറി വാങ്ങി പഠിച്ച ഫ്രഞ്ച്-ജർമൻ വാക്കുകൾ ഉപയോഗിക്കേണ്ടി വന്നില്ല. ഇനി ആവശ്യം വരുമായിരിക്കും. അടുത്ത ട്രാക്കിൽ ഒരു ഡബിൾ ഡെക്കർ ട്രെയിൻ വന്നു കിടക്കുന്നു. ആദ്യമായാണ് അത് നേരിട്ട് കാണുന്നത്.




∙ ഏറ്റവും സുന്ദരമായ തീവണ്ടിപ്പാതകൾ
ലോകത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതകൾ സ്വിറ്റ്സർലൻഡിലാണ്. അവിശ്വസനീയമാം വിധം നിർമിച്ച പാളങ്ങൾ. വിശാലമായ കാൻവാസിൽ പ്രകൃതി വരച്ച ചിത്രമാണ് സ്വിറ്റ്സർലൻഡ് എന്ന രാജ്യം. മഞ്ഞുമൂടിയ മലനിരകളെ തീവണ്ടിപ്പാതകൾ ബന്ധിപ്പിക്കുന്നു. ട്രെയിൻ യാത്രകളുടെ കാൽപ്പനികത അനുഭവത്തിന്റെ മാറ്റ് കൂട്ടുന്നു. ട്രെയിൻ പോകാത്തിടത്ത് പകരമായി ഗൊൻഡോളകൾ. ആകാശത്തിനും ഭൂമിക്കുമിടയിൽ ബന്ധിച്ച ഉരുക്കുകയറിൽ അവയുടെ അലസഗമനം. സുന്ദരമായ ട്രെയിൻ യാത്രയിൽ, ആൽപ്സിലെ മഞ്ഞുരുകി രൂപം കൊണ്ട നീലത്തടാകങ്ങളുടെ വശ്യത കാണാം. പർവ്വതങ്ങൾക്കിടയിലെ താഴ്വരകളിൽ ഉറങ്ങുന്ന ഗ്രാമങ്ങൾ. കലാചാതുര്യവും സൗന്ദര്യവും സമ്മേളിക്കുന്ന വീടുകൾ. ക്ലാസിക് ചാരുതയുള്ള നഗരങ്ങൾ. എവിടെ തിരിഞ്ഞാലും പ്രചോദനം നൽകുന്ന പ്രകൃതി. യൂറോപ്പിലെ ട്രെയിനുകളുടെ സൗകര്യവും കാര്യക്ഷമതയും സമയകൃത്യതയും മൂന്നാം ലോക സഞ്ചാരികളെ ഞെട്ടിക്കുക തന്നെ ചെയ്യും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ സ്വിറ്റ്സർലൻഡിൽ നടന്ന റെയിൽ വിപ്ളവം യാത്രികരുടെ കാൽപനിക യുഗത്തിന് വഴിതുറന്നിരുന്നു. അന്നുമുതൽ ആൽപ്സ് മലനിരകളിലെ സ്വർഗം തേടി അവർ വന്നു കൊണ്ടിരിക്കുന്നു. അനന്തര തലമുറകൾ അവരെ പിന്തുടർന്നു. വ്യവസായികൾക്കും എൻജിനീയർമാർക്കും നന്ദി! അസാധ്യമെന്ന് കരുതിയ പദ്ധതികൾ ഭാവനയും സാങ്കേതികജ്ഞാനവും പണവും ഇച്ഛാശക്തിയും വഴി അവർ യാഥാർഥ്യമാക്കി. സഞ്ചാരം കൊതിക്കുന്ന ഏവർക്കും ശാരീരിക ബലഹീനതകൾ ഉണ്ടെങ്കിൽ പോലും മാനം മുട്ടുന്ന പർവ്വത ശിഖരത്തിൽ സൗകര്യപ്രദമായി പോയി വരാവുന്ന വിധമാണ് ഈ പാതകളുടെ സംവിധാനം. അവ അങ്ങേയറ്റം സുരക്ഷിതം. ആരും സ്വപ്നം വഴിയിൽ കളയേണ്ടതില്ല.

∙ ഈ വഴി ഇനി വരുമോ?
ബേൺ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്ന എന്റെ മുന്നിൽ ഇന്റർലാക്കനിലേക്കു പോകുന്ന ട്രെയിൻ വന്നു നിന്നു. ഞാൻ ബാഗുകളുമായി പണിപ്പെട്ട് അകത്തു കയറി. ഒരിടത്തു നിന്ന് പുറപ്പെട്ട ശേഷം അടുത്ത സ്ഥലത്തെ ഹോട്ടൽ മുറിയിൽ എത്തുന്നതുവരെ അങ്കലാപ്പുണ്ട്. ബാഗുകൾ സൂക്ഷിക്കണം, സ്വയം ശ്രദ്ധിക്കണം, വഴി തെറ്റരുത്. ഇതിനിടയിൽ ചിത്രങ്ങൾ പകർത്തണം, അതിലുപരി ഓരോ നിമിഷവും അവിടെ ആയിരിക്കണം. ബേണിന്റെ പുറം കാഴ്ചകളിൽ തവിട്ടുനിറമുള്ള കെട്ടിടങ്ങൾ. യാത്രക്കിടയിലെ കണ്ണികളായ നഗരങ്ങൾ പിന്നിടുമ്പോൾ നഷ്ടബോധമുണ്ട്. ഈ വഴി ഇനി വരുമോ? കുതിച്ചു പാഞ്ഞ വണ്ടി വൈകാതെ ഗ്രാമഭംഗി നിറഞ്ഞ ഭൂവിടത്തിൽ കയറി. എല്ലാ സ്വിസ് ചേരുവകളും ചേർന്ന മോഹന ദൃശ്യങ്ങൾ മനസ്സിനെ ശാന്തമാക്കി. ബെൽപ്, തൺ, സ്പീസ് എന്നീ ചെറു പട്ടണങ്ങൾ പിന്നിട്ട ട്രെയിൻ ഇന്റർലാക്കനിൽ പ്രവേശിച്ചു. ഈസ്റ്റ് സ്റ്റേഷനിൽ നിന്നും ടാക്സിയിൽ കയറി ഹോട്ടൽ ബർഗ്സീലിയിൽ ചെന്നെത്തി. പരമ്പരാഗത രീതിയിൽ നിർമിച്ച ഒരു കെട്ടിടം. മുറി നേരത്തെ എടുത്തിരുന്നു. ആൽപ്സിലെ ഒരു മലനിരയുടെ തൊട്ടു താഴെയാണ് ഞാൻ. ഇത് സത്യമോ മിഥ്യയോ? ഇവിടെ മഞ്ഞില്ല, ഇറമ്പിൽ ഇടതൂർന്ന മരങ്ങൾ. ജനാലച്ചില്ലിലൂടെ ചെറിയ മരക്കുടിലുകൾ കാണാം. അടുത്ത മുറിയിൽ ഡച്ചുകാരിയായ ഒരു വൃദ്ധയുണ്ട്. അവർ അഭിവാദ്യം ചെയ്തു നടന്നു പോയി. ഇന്നിനി ഞാൻ പട്ടണത്തിൽ പോകുന്നില്ല, തടാകത്തിൽ യാത്രയുമില്ല. ഉച്ചകഴിഞ്ഞ നേരത്ത് ഈ പരിസരത്ത് ചുറ്റിനടക്കാം.

മധ്യ സ്വിറ്റ്സർലൻഡിലെ മനോഹരമായ പട്ടണമാണ് ഇന്റർലാക്കൻ. പേര് സൂചിപ്പിക്കുന്നതു പോലെ രണ്ടു തടാകങ്ങളുടെ (ബ്രിയൻസ്, തൺ) ഇടയിലെ ഇടം. ചക്രവാളത്തെ ചുംബിക്കുന്ന താഴ്വരയിൽ ചെറുതും വലുതുമായ മരവീടുകൾ, ഹെറിറ്റേജ് വില്ലകൾ. മാനം തൊടുന്ന കൊടുമുടി തേടി നീളുന്ന റെയിൽ പാതകൾ, മുകളിൽ ഭീമൻ മഞ്ഞുപാളികൾ, ഹിമാനികൾ, നീരുറവകൾ. മലഞ്ചരിവിൽ നിബിഢവനങ്ങൾ. പട്ടണത്തിലെ പ്രധാന നിരത്തിലെ മരവീടുകൾ ആകർഷകമാണ്. പൂമുഖത്ത് തൂക്കിയിട്ട പൂക്കൂടകൾ ഉദാത്തമായ ദൃശ്യമാകുന്നു. ചരിഞ്ഞ മേൽക്കൂര, മരം പാകിയ പുറം ചുമരുകൾ, വലിപ്പം കൂടിയ ചില്ലുജാലകം, പൂക്കൂടയിൽ ചെന്തീ പോലുള്ള പൂക്കൾ, അകത്തും പുറത്തും നിറയുന്ന പച്ച. ഞാൻ റോഡിന്റെ ഓരം ചേർന്നു നടന്നു. ഏതാനും ഔട്ട്ലോ ബൈക്കർമാർ എന്നെ കടന്നു പോയി. ഹാർലി ഡേവിഡ്സൺ ഇരമ്പി. വേനൽക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും ഇത് പതിവു കാഴ്ചയാണ്. തെല്ലു ദൂരം നടന്നപ്പോൾ കുതിരകളെ തെളിച്ച് ഒരു യുവതി നടന്നു പോകുന്നു. എതിർവശത്ത് ഒരു കലാസൃഷ്ടി എന്ന പോലെ ബസ് സ്റ്റോപ്. ഓരോ വളവിലും തിരിവിലും സൗന്ദര്യം. പ്രകൃതി കനിഞ്ഞ നാട്, പക്ഷേ ലാൻഡ്സ്കേപ്പിങ് പ്രധാനം. മനുഷ്യന്റെ സഹകരണമില്ലാതെ ഈ സൗന്ദര്യം നിലനിൽക്കില്ല. അതിനു മുൻഗണന നൽകുന്ന ഭരണകൂടവും നിയമങ്ങളും പൗരബോധവും ഇവിടെയുണ്ട്. ഓരോ അണുവിലും ഭംഗിയും വൃത്തിയും കാണാമെങ്കിൽ അതിനു പിന്നിൽ അണുവിട മാറാത്ത ശ്രദ്ധയും അച്ചടക്കവും കാര്യക്ഷമതയുമുണ്ട്.

ഞാൻ പ്രധാന വീഥി പിന്നിട്ട് ഉൾവഴിയിൽ കയറി. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ നിറഞ്ഞ വലിയ പാർക്കിങ് സ്പെയ്സ്. അവർക്ക് സ്വന്തം വീട് രണ്ടു മാസത്തേക്ക് വാടകയ്ക്ക് നൽകി അയൽ രാജ്യങ്ങളിൽ സഞ്ചാരത്തിന് പോയിരിക്കുകയാണ് ദേശവാസികൾ. ബ്രിയൻസ് തടാകക്കരയിൽ ഇളം തെന്നലേറ്റ് അൽപനേരം നിന്നു. തടാകത്തിന്റെ അപാര നീലിമയിൽ അകലെ ഓളങ്ങളിൽ ഉലയുന്ന ഒരു വള്ളം. അതിനപ്പുറം തലയെടുപ്പോടെ മലകൾ. വീണ്ടും നടന്നു. അരികിൽ ചേതോഹരമായ ഒരു ശ്മശാനം. തണൽമരങ്ങൾക്ക് താഴെ പൂക്കളുടെ ഇടയിൽ അന്തിവിശ്രമം കൊള്ളാൻ ഇതിലും മെച്ചമായി മറ്റൊരിടമുണ്ടോ?

പടവുകൾ കയറി ചെറിയൊരു ചാപ്പലിന്റെ കവാടത്തിലെത്തി. ആ കുന്നിൻ മുകളിൽ കുറേ നേരം നിന്നു. അതിനപ്പുറം ബ്രിയൻസ് തടാകം. രാവിലെ തുടങ്ങിയ യാത്രയാണ്. അല്ല, അതിനും ഏറെനാൾ മുമ്പേ. വീട്ടിൽ നിന്നും ഇപ്പോൾ ഏറെ ദൂരെയാണ്. ശരീരത്തിന് ക്ഷീണമുണ്ട്, പക്ഷേ മനസ്സിനില്ല; വിശ്രമം ഉടനെയില്ല. താഴെ അടുപ്പിച്ചു നിൽക്കുന്ന മരവീടുകൾക്കിടയിലെ പാതയിലൂടെ ഒരു തീവണ്ടി കൂകി പാഞ്ഞുപോയി. ഹോട്ടലിലേക്കു തിരിച്ചു നടന്നു. സമീപത്തെ വീടുകളുടെ ഉമ്മറപ്പടിയിൽ തേജോമയമായ പുഷ്പങ്ങൾ, പുൽപ്പരപ്പിൽ ചെമ്മരിയാടുകൾ. വീട്ടുമുറ്റത്ത് ജ്വലിക്കുന്ന സൂര്യകാന്തികൾ. വൈകുന്നേരം ജലസ്നാനം കഴിഞ്ഞ് റസ്റ്ററന്റിൽ ചെന്നു. ബാറിൽ അന്തേവാസികളുടെ എണ്ണം കൂടിയിരിക്കുന്നു. ജർമൻ ഭാഷയിൽ അവർ തമാശകൾ പറയുന്നു. ഒരു ബിയർ നുകർന്ന് സംഗീതത്തിന് കാതോർത്തു ഞാനിരുന്നു. അടുത്ത പ്രഭാതത്തിലെ ട്രെയിൻ യാത്രയുടെ ആവേശം ഈ രാത്രിയിലെ ഉറക്കം കെടുത്തും. അജ്ഞാതമായ ഒന്നിനെ അറിയാൻ പോകുന്നതിന്റെ ഭയവുമുണ്ട്. ആവേശത്തിനും ഭയത്തിനുമിടയിലെ ആന്ദോളനമാണ് ഏകാന്തമായ യാത്ര.


പിറ്റേന്ന് പ്രഭാതം. ആൽപ്സിന്റെ അടിവാരത്തെ ഹോട്ടൽ മുറിയിൽ ഉറക്കമുണർന്നു. പ്രാതലിനായി ചെന്നപ്പോൾ ഡൈനിങ് ടേബിളിൽ ബുദ്ധ പ്രതിമകൾ നിരന്നിരിക്കുന്നു. സമൃദ്ധമായ കോണ്ടിനെന്റൽ ബ്രേക്ക്ഫസ്റ്റ്. തൊട്ടടുത്ത മേശയ്ക്കരികിൽ ഇരുന്ന ഡച്ചുകാരി വൃദ്ധ പ്രഭാതവന്ദനം പറഞ്ഞു; അതിനിടെ ചെസ്നട്ട് പൊടിച്ചു കഴിക്കുന്നു. അവർ ഇന്ന് നാട്ടിലേക്ക് മടങ്ങുകയാണ്. സ്വിറ്റ്സർലൻഡിൽ ഒരു മാസത്തെ സഞ്ചാരം പൂർത്തിയായി. അൽപനേരത്തിനകം ഞാൻ ബസിൽ കയറി ഇന്റർലാക്കൻ വെസ്റ്റ് സ്റ്റേഷനിൽ ഇറങ്ങി. ലക്ഷ്യം യങ്ഫ്രോ കൊടുമുടി. നൂറ് ഫ്രാങ്ക് വിലവരുന്ന ടിക്കറ്റ്. യങ്ഫ്രോ (Yungfrau) കൊടുമുടിയുടെ താഴെയുള്ള റിജിൽ എത്തുന്നതിനു മുൻപ് മറ്റു രണ്ടു ഗിരിനിരകൾ കടന്നു പോകണം (എയ്ഗർ, മൗഞ്ച്). മല കയറാനായി പ്രത്യേകം നിർമിച്ച കാഗ്വീൽ (Cogwheel) ട്രെയിനുകൾ. ആദ്യം ഇന്റർലാക്കനിൽ നിന്ന് ലാറ്റർബ്രൂനനിലേക്കു യാത്രയായി. സമതലത്തിൽ നിന്നും മെല്ലെ ഉയർന്നു കയറിയ തീവണ്ടി മലഞ്ചരിവിനെ സ്പർശിച്ചു. അരികിൽ കാടും മേടും കാട്ടരുവിയും. മഞ്ഞുരുകി അലതല്ലി ഒഴുകുന്ന പുഴ. ഇവിടെ സുന്ദരമല്ലാത്ത എന്തുണ്ട്? താഴേക്കു നോക്കിയാൽ ഭയവും ആവേശവും ആനന്ദവും കലർന്ന വികാരം. ഞങ്ങൾ ആൽപൈൻ ഗ്രാമമായ ലാറ്റർബ്രൂനനിൽ ഇറങ്ങി.

∙ ഒരിക്കൽ തുടങ്ങിയാൽ യാത്ര വേണ്ടന്നു വയ്ക്കാനാകില്ല!
അൽപനേരത്തിനകം മറ്റൊരു കാഗ്വീൽ ട്രെയിനിൽ മാറിക്കയറി. അടുത്ത ലക്ഷ്യം ക്ളെയിൻഷെയ്ഡഗ്. ഇനി കയറ്റം കഠിനമാണ്. പക്ഷേ അകത്തിരിക്കുമ്പോൾ അത് തോന്നില്ല. കിതയ്ക്കുന്നത് തീവണ്ടിയാണ്, യാത്രികരല്ല. വർത്തമാന നിമിഷത്തിൽ മുഴുകുമ്പോൾ വിഷാദമില്ല. മായിക കാഴ്ചകൾ അവഗണിച്ചു വർത്തമാനം പറയുന്ന ചിലരുണ്ട് - വിഷയം ഓഹരി വിപണി. കാലിന് പരിക്കേറ്റ ഭാര്യയേയും ചേർത്തുപിടിച്ച് നിൽക്കുന്ന മുംബൈക്കാരൻ യുവാവ്. ഒരിക്കൽ തുടങ്ങിയാൽ യാത്ര വേണ്ടന്നു വയ്ക്കാനാകില്ല. ജീവിത സായന്തനത്തിൽ നടത്തം ശ്രമകരമെങ്കിലും യങ്ഫ്രോ എന്ന സ്വപ്നത്തെ ആവേശത്തോട പിന്തുടരുന്ന യൂറോപ്യൻ വൃദ്ധദമ്പതികൾ. എന്റെ ക്യാമറക്കു പോസ് ചെയ്യുന്ന രണ്ട് ഫ്രഞ്ച് കമിതാക്കൾ. ട്രെക്കിങ്, സ്കീയിങ് ഗിയറുമായി മലയെ മറികടക്കാൻ ഇറങ്ങിയ സാഹസികർ. വ്യത്യസ്ത പശ്ചാത്തലമുള്ള ഒരു കൂട്ടം സഞ്ചാരികൾ ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ട് ഈ ട്രെയിനിൽ ഒരുമിച്ചു കൂടണം എന്നത് ഒരു നിയോഗമാകാം.


∙ ഇവിടെയാണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്
എയ്ഗർ പർവ്വതത്തിന്റെ വടക്കേ മുഖം തെളിഞ്ഞു. കണ്ണഞ്ചിപ്പോകുന്ന വെണ്മ. ഞങ്ങൾ ഇതിനകം മറ്റൊരു ട്രെയിനിലേക്ക് മാറിക്കഴിഞ്ഞു. ക്ളെയിൻഷെയ്ഡഗിൽ നിന്ന് യങ്ഫ്രോ വരെയുള്ള യാത്രയുടെ അവസാന പാദത്തിൽ ഏറെയും വളവുകൾ നിറഞ്ഞ ഒരു തുരങ്കം വഴിയാണ്. 2000 മീറ്റർ ഉയരത്തിൽ നിന്ന് 3300 മീറ്ററിലേക്ക് പർവ്വതത്തിന്റെ ഉള്ളു തുരന്ന് നിർമിച്ച സർപ്പിളാകൃതിയിലെ റെയിൽപാത. സാങ്കേതിക വിദഗ്ധർക്ക് സ്തുതി! തുരങ്കത്തിൽ രണ്ടു തവണ ട്രെയിൻ നിർത്തും. പാറ തുരന്നുണ്ടാക്കിയ ഗ്ളാസ് പാളിയിട്ട ജനലിലൂടെ ആൽപ്സിന്റെ അപൂർവ ദൃശ്യം കാണാം. ഉറഞ്ഞതും ഉരുകുന്നതുമായ മഞ്ഞ്, ഹിമയുഗത്തിലെ ഹിമാനികൾ, പാതയിലെ ഇരുട്ടിനെ കീറിമുറിക്കുന്ന വെള്ളിവെളിച്ചം. വീണ്ടും യാത്ര. അവസാനം യങ്ഫ്രോ പർവ്വത ശിഖരത്തിന്റെ താഴെ വണ്ടി നിൽക്കുന്നു. അവിടെയൊരു സന്ദർശക കേന്ദ്രമുണ്ട്. ഇപ്പോൾ ഞങ്ങൾ 3,571 മീറ്റർ ഉയരത്തിൽ. യങ്ഫ്രോയോ - ടോപ്പ് ഓഫ് യൂറോപ്പ്. യങ്ഫ്രോ, എയ്ഗർ എന്നീ നാലായിരം മീറ്ററിൽ അധികം ഉയരമുള്ള പർവ്വതങ്ങൾക്ക് ഇടയിലെ റിഡ്ജാണ് യങ്ഫ്രോയോ. ഇനി മുകളിൽ കയറുന്നത് പർവ്വതാരോഹകർ മാത്രം.

ഇവിടെയാണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്. നാട്ടിലേക്കു പിക്ചർ കാർഡുകൾ അയയ്ക്കാം. അരികിൽ സ്വിസ് ആഡംബര വാച്ചുകളുടെ ശേഖരം - കാർട്ടിയർ, റാഡോ, മോറിസ് ലാക്ര്വാ, സെനിത്ത്. പുറത്ത് പൂജ്യത്തിനു താഴെ നാല് ഡിഗ്രിയാണ് തണുപ്പ്. വേനലിൽ, മലമുടിയിൽ ഇത് സുഖകരമായ കാലാവസ്ഥയത്രേ. ശൈത്യകാലത്ത് താപനില മൈനസ് നാൽപതിലേക്ക് താഴും. ചില്ലുവാതിലിന്റെ അപ്പുറത്ത് ഉരുക്കിൽ നിർമിച്ച നിരീക്ഷണ സ്ഥലം. താഴെ നോക്കിയാൽ ഉള്ളു കിടുങ്ങും. പ്ളാറ്റ്ഫോമിൽ വെയിൽ വീഴുന്നു.


∙ ഐൽ ഓഫ് മാൻ
എന്റെ അരികിൽ പോണിടെയിൽ കെട്ടിയ ഒരു യുവാവും ഭാര്യയും ചെറിയ കുട്ടിയുമുണ്ട്. ഐൽ ഓഫ് മാൻ ദ്വീപു വാസികളായ അവരുമായി സംസാരിച്ചു. അവർ സഞ്ചാരപ്രിയരാണ്. ഇന്ത്യയിൽ വരുന്നത് ഒരു സ്വപ്നം. ഇംഗ്ലണ്ടിനും അയർലൻഡിനും ഇടയിലെ ചെറുദ്വീപാണ് ഐൽ ഓഫ് മാൻ. പുറത്തിറങ്ങി മഞ്ഞുകൂനയിൽ നടന്നു. വിലക്കു ലംഘിച്ച് അതിർത്തി കടക്കുന്നവരെ തിരിച്ചു വിളിക്കാൻ സുരക്ഷാ ഭടന്മാരുണ്ട്. വഴിതെറ്റി അതിർവരമ്പിനപ്പുറത്തെ അഗാധതയിൽ അകപ്പെട്ടാൽ അനന്തകാലം ശീതനിദ്ര പൂകാം. തെല്ലകലെ ഒരു ശാസ്ത്ര ഗവേഷണകേന്ദ്രം. ഈ ഉയർന്ന പ്രദേശത്ത് സൂക്ഷ്മ ജീവികളുടെ വാതകോദ്പാദനവും ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവവും പഠിക്കുന്നു. ദൂരെ ഒരു പൊട്ടു പോലെ ട്രെക്കിങ്ങിനു പോകുന്ന മൂന്നു പേർ. ഭീമാകാരമായ മലകൾ അവരെ ചെറുതാക്കുന്നു. പക്ഷേ മനസ്സിന്റെ ആഗ്രഹങ്ങൾക്ക് പരിധിയില്ല. തണുപ്പുകാലത്ത് അസ്ഥി തുളയ്ക്കുന്ന കാറ്റ് വീശുന്ന ഹിമശൈലങ്ങളെ വരുതിയിലാക്കിയ പൂർവ്വികരുടെ ഭാവനയാണ് ഇപ്പോൾ ഞങ്ങളെ ഇവിടെ നിർത്തുന്നത്. ചുറ്റിനും മേഘമാലയിൽ മുഖം പൂഴ്ത്തുന്ന ഗിരിനിരകൾ. ആൽപ്സിലെ ഏറ്റവും വലിയ ഗ്ളേഷ്യറും (Aletsch) കാണാം. ആൽപ്സിനെ തുരന്നു നിർമിച്ച മഞ്ഞു ഗുഹയിലൂടെ ഞാൻ നടന്നു. കാലുതെറ്റിയാൽ ഇനിയുള്ള യാത്ര കഠിനമാകും. തൊട്ടു മുന്നിൽ ഭാര്യയുടെ കൈപിടിച്ച് മെല്ലെ നടന്നു പോകുന്ന വൃദ്ധൻ. യങ്ഫ്രോയെ അനുഭവിച്ച ഏതാനും മണിക്കൂറുകൾക്കു ശേഷം ഞങ്ങൾ മറ്റൊരു വഴിയിലൂടെ മടങ്ങി. ഗ്രിൻഡൽവാൾഡ് ഗ്രാമത്തിലെ സാന്ധ്യപ്രകാശത്തിൽ മഴ ചാറാൻ തുടങ്ങി. മനസ്സ് ശാന്തമാണ്. ആകാശത്തെ തൊട്ട ആനന്ദം ഇനിയും വിട്ടു പോയില്ല. ഇന്റർലാക്കന്റെ ഹരിത സമൃദ്ധിയിലേക്ക് ട്രെയിൻ മെല്ലെ മലയിറങ്ങി.