ഹൃദയത്തിൻ മധുപാത്രം കോക്ക കോള നുകരുമ്പോൾ...

Mail This Article
ഒരു ദിവസത്തിലധികം നീണ്ട യാത്ര അറ്റ്ലാന്റയിൽ അവസാനിക്കുമ്പോൾ, 10 ദിവസം നീളുന്ന മറ്റൊരു യാത്ര അവിടെ തുടങ്ങുകയാണ്. അമേരിക്കയുടെ സതേൺ സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന 11 സ്റ്റേറ്റുകളുടെ ഹൃദയത്തുടിപ്പുകൾ തേടിയുള്ള യാത്ര. ആരംഭിക്കുന്നത് അറ്റ്ലാന്റയുൾപ്പെടുന്ന ജോർജിയ സ്റ്റേറ്റിൽ നിന്നാണ്. എത്ര സ്റ്റേറ്റുകളിൽ കറങ്ങാനാവും എന്നറിയില്ല, കഴിയുന്നത്ര കാണണം. വിർജീനിയ പണ്ട് കണ്ടിട്ടുള്ളതിനാൽ അത് ഒഴിവാക്കി വേണം പരിപാടി. സമയം ഏതാണ്ട് നാലു മണിയായിരിക്കുന്നു. വലിയ ചടങ്ങുകളില്ലാതെ ഇമിഗ്രേഷൻ കഴിഞ്ഞു. കാര്യമായൊന്നും ചോദിച്ചില്ല. കാലാവസ്ഥ അത്ര നന്നല്ല, സൂക്ഷിക്കണം എന്ന സ്നേഹപൂർവമുള്ള മുന്നറിയിപ്പു മാത്രമാണുണ്ടായത്.

∙ യാത്രയുടെ തുടക്കം
എയർപോർട്ടിനു പുറത്ത് ജോർജിയ ടൂറിസം ഒരുക്കിയ മെഴ്സിഡീസ് സ്പ്രിന്റർ വാൻ കാത്തു നിൽക്കുന്നു. നല്ല ഉയരവും ആരോഗ്യവുമുള്ള കറുത്ത വംശജനായ ഡ്രൈവർ പീറ്റർ ഭാരമുള്ള പെട്ടികൾ കറുപ്പുനിറത്തിൽ തിളങ്ങുന്ന സ്പ്രിന്റർ ലിമോസിന്റെ പിന്നിലെ സ്റ്റോറേജിൽ അനായാസം ഉയർത്തി വച്ചു. വാഹനത്തിൽ കയറിയപ്പോഴാണു കണ്ടത്, വേറെയും യാത്രക്കാരുണ്ട്. ജോർജിയ ടൂറിസം ക്ഷണിച്ച അതിഥികൾ. പത്രപ്രവർത്തകരും ട്രാവൽ ഏജൻസി പ്രതിനിധികളും. ആകെ അഞ്ചു പേർ. പരിചയപ്പെട്ടു. എല്ലാവരും പെട്ടെന്നു തന്നെ മൊബൈലിലേക്കു തല താഴ്ത്തി അവരുടെ പണി തുടർന്നു. വാഹനം നീങ്ങിത്തുടങ്ങി. വലിയ മഴയൊന്നുമില്ല. നമ്മുടെ മൺസൂൺ മഴവച്ചു നോക്കിയാൽ ‘നിസ്സാരം’.

∙ മഴപ്പേടി…
ബുട്ടീക് ഹോട്ടലായ കിംപ്റ്റൻ സിൽവനിലേക്കാണ് യാത്ര. ഒരു മണിക്കൂറോളം അകലെയുള്ള ഹോട്ടലിൽ എത്തും വരെ ഇടമുറിയാതെ മഴ. ഇത്തവണ അമേരിക്കയിൽ മഴയിലാണ് വരവേൽപെന്നു തോന്നുന്നു. മഴ നല്ല ശകുനമാണോ? അറിയില്ല. എന്നാൽ കാര്യങ്ങൾ പെട്ടെന്നു തിരിഞ്ഞു മറിഞ്ഞു. അറ്റ്ലാന്റയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. ഫ്ലാഷ് ഫ്ലഡ് എന്നു വിളിക്കുന്ന, പെട്ടെന്ന് ഇരച്ചെത്തുന്ന പെയ്ത്തുവെള്ളത്തിൽ വാഹനങ്ങൾ കുടുങ്ങി, വീടുകൾ ഒറ്റപ്പെട്ടു. റോമിങ് നമ്പർ ആക്ടിവേറ്റ് ചെയ്തയുടൻ ബസർ മുഴക്കിക്കൊണ്ട് സുരക്ഷാ മുന്നറിയിപ്പ്: ‘പുറത്തിറങ്ങരുത്, വെള്ളപ്പൊക്കമുണ്ട്.’ ഭാഗ്യത്തിനു വഴിയിൽ കുടുങ്ങിയില്ല. ഹോട്ടൽ കിംപ്റ്റണിന്റെ ലളിതസുന്ദരമായ ലോബിയിൽ പീറ്റർ പെട്ടികളെത്തിച്ചു. അധികം കാത്തുനിൽപില്ലാതെ ചെക്കിൻ ചെയ്തു റൂമിലെത്തി.
∙ പത്രപ്രവർത്തകൻ ഉണരുന്നു...
നല്ല മുറി. ആഢ്യത്തമുണ്ട്. വലിയ ബാത്റൂമിനും കിടക്കയ്ക്കും ഇടയിൽ ഒരു ഇടനാഴിയുളളത് സ്വകാര്യത വർധിപ്പിക്കും. കസേരകളും രണ്ടു മേശകളും ഉള്ളതിനു പുറമെ വലിയ സോഫാ സെറ്റുമുണ്ട്. വലിയ കട്ടിൽ. അമേരിക്കയിൽ ഇങ്ങനെയാണ്. എല്ലാം നല്ല ‘ലാവിഷ്’. മേശപ്പുറത്തൊരുക്കിയ ചോക്ലേറ്റ് പാത്രത്തിൽ നിന്നൊരു സതേൺ സ്പെഷൽ ചോക്ലേറ്റ് നുകർന്നു കൊണ്ട് ജനാലയുടെ കർട്ടൻ നീക്കി. റോഡാണ് തൊട്ടു താഴെ. നിരനിരയായി മരങ്ങളും ചെടികളും. അതിനുമപ്പുറം ഒരു പാർക്കും കുറെ ഭംഗിയുള്ള കെട്ടിടങ്ങളുമുണ്ട്. എല്ലാം ശൂന്യം. ആരുമില്ല. മഴ ഇപ്പോൾ തിമിർത്തു പെയ്യുകയാണ്. ബസർ വീണ്ടും മുന്നറിയിപ്പായി മുഴങ്ങിയപ്പോൾ ഉള്ളിലെ പത്രപ്രവർത്തകൻ ഉണർന്നു.
∙ അറ്റ്ലാൻറയിൽ നിന്നു നേരിട്ട്
ഇത്ര വലിയ വെള്ളപ്പൊക്ക ഭീതിയുള്ളതല്ലേ. ധാരാളം ഇന്ത്യക്കാരും മലയാളികളും പാർക്കുന്ന സ്ഥലം. ഒരു വാർത്ത കൊടുക്കേണ്ടേ? അറ്റ്ലാന്റയിലും പരിസരത്തുമുള്ള പരിചയക്കാരായ മലയാളികളെ വിളിച്ചു. അവരൊക്കെ സുരക്ഷിതരാണ്. കുറച്ചുപേർ ജോലിസ്ഥലത്തുനിന്നു വീട്ടിലെത്താൻ കഴിയാതെ കുടുങ്ങിയിട്ടുണ്ട്; അത്ര മാത്രം. കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയുണ്ടെന്ന അറിയിപ്പും കൂടിച്ചേർത്ത് ഒരു ‘തൽസമയ റിപ്പോർട്ടിങ്’. സെക്കൻഡുകൾക്കകം സംഭവം ചിത്രങ്ങളടക്കം മനോരമ ഓൺലൈൻ മുഖ്യവാർത്ത. കുളിച്ച് അടുത്ത പരിപാടിക്ക് റെഡിയായി.
∙ തടസ്സം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം
ഇന്നു വൈകിട്ട് കോൺസുലേറ്റ് ഹോട്ടലിൽ ഡിന്നറിനെത്തണമെന്ന് അറ്റ്ലാന്റ ടൂറിസം ക്ഷണമുണ്ട്. സമാന്ത ജോയ്‌െനർ എന്ന പ്രതിനിധി അവിടെ 7.30 ന് കാണാം എന്നാണറിയിച്ചത്. എന്നാൽ മഴ വഴി മുടക്കി. അത്താഴ പരിപാടി റദ്ദായി. പകരം ഹോട്ടലിൽനിന്നു തന്നെയാണ് ഡിന്നർ. കോൺസുലേറ്റ് അറ്റ്ലാന്റയിലെ ഒരു മുന്തിയ റസ്റ്ററന്റ് ആയിരുന്നെങ്കിലും ബെറ്റി എന്ന ഹോട്ടൽ റസ്റ്ററന്റും മോശമല്ല. ആഡംബരത്തിലും രുചി വൈവിധ്യത്തിലും കേമം. അത്താഴം അവിടെയാക്കി. കാര്യമായൊന്നും കഴിച്ചില്ല, സാൻവിച് പോലെയെന്തോ. മതി.
∙ മഴയുമില്ല, കാറ്റുമില്ല
അത്താഴം കഴിഞ്ഞ് ലോബിയിൽ തിരിച്ചെത്തി. നേരം ഇരുട്ടിയിട്ടില്ല. മഴയില്ല, കാറ്റുമില്ല. പുറത്തൊന്നു പോയാലോ? മുന്നറിയിപ്പുള്ളതല്ലേ, പ്രശ്നമാകുമോ? മടിച്ചു മടിച്ച് വാതിലിനു സമീപം ഒരു കൂടയിൽ വച്ചിട്ടുള്ള കാലൻ കുടകളിലൊന്നിൽ കൈ വച്ചപ്പോൾ റിസപ്ഷനിസ്റ്റിന്റെ അലർച്ച. ‘ബ്രോ ആം ഓൾസോ നേവി’. എന്തു പറ്റിയെന്നു മനസ്സിലായില്ല. മുടി നീട്ടിവളർത്തി പലതായി പിന്നിയിട്ടിരിക്കുന്ന ആ കറുമ്പൻ വിശാലമായി ചിരിക്കുകയാണ്. കാര്യം പിടികിട്ടി. ടീഷർട്ടിനു പിന്നിൽ ഇന്ത്യൻ നേവി എന്ന് വലിയ അക്ഷരത്തിൽ കുറിച്ചിട്ടുണ്ട്. അതുകണ്ടാണ് അദ്ദേഹത്തിനു ചോര തിളച്ചത്. ഇന്ത്യൻ നേവിയാണെങ്കിലും യുഎസ് നേവിയാണെങ്കിലും എല്ലാം നേവിയല്ലേ എന്ന ഐക്യദാർഢ്യം. ഇതൊക്കെ മനസ്സിലാക്കാനായിരിക്കണം പണ്ടെങ്ങോ നേവിയുടെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ ഒരു ക്യാപ്പും ഈ ടീഷർട്ടും ഗിഫ്റ്റായി തന്നത്. രണ്ടു വാക്ക് തിരികെപ്പറഞ്ഞ് റിസപ്ഷനിസ്റ്റിനെ ‘ഒതുക്കിയ’ശേഷം കുടയുമെടുത്ത് പുറത്തേക്കിറങ്ങി. മഴ ചാറുന്നതേയുള്ളൂ...
∙ വിജനമീ വീഥി
വഴിയിലെങ്ങും ആരുമില്ല. കയ്യിലൊരു സിറ്റി പാസുണ്ട്, പീറ്റർ തന്നതാണ്. അതുപയോഗിച്ച് അറ്റ്ലാന്റയിലെ പല സ്ഥലങ്ങളും കാണാം. പക്ഷേ എവിടെപ്പോകാൻ? വാഹനങ്ങൾ ഓടുന്നില്ലല്ലോ. വലിയ കാറ്റോ മഴയോ കാണാനില്ല. പക്ഷേ ആളുകളൊന്നും പുറത്തിറങ്ങുന്നില്ല. കടകൾ അടച്ചിട്ടിരിക്കുന്നു. വൈനും ബീയറും വിൽക്കുന്ന ഒരു കട മാത്രമാണ് തുറന്നിരിക്കുന്നത്. അവശ്യ സർവീസാണല്ലോ! കുറെ ദൂരം നടന്നിട്ടു തിരികെ ഹോട്ടലിലേക്ക്.

∙ കോക്ക് എന്ന കോക്ക കോള
അറ്റ്ലാന്റ കോക്ക കോളയുടെ തലസ്ഥാനമാണ്. ഇവിടെയാണ് കോക്ക് എന്ന ഓമനപ്പേരിൽ അമേരിക്കക്കാരൻ വിളിക്കുന്ന കോളയുടെ ജനനം. മദ്യവുമായി കോക്ക കോളയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും മദ്യനിരോധനവുമായി ബന്ധമുണ്ട്. 1886 ൽ അറ്റ്ലാന്റയിൽ മദ്യനിരോധനം നടപ്പായപ്പോഴാണ് മദ്യത്തിനു പകരക്കാരനായി ആഫ്രിക്കൻ കോള നട്ടിൽ അധിഷ്ഠിതമായ കോക്ക് ജനിക്കുന്നതും ജനപ്രീതി നേടുന്നതും. കേണൽ ജോൺ പെംബെർട്ടൻ എന്നയാളാണ് കോക്ക കോളയുടെ സ്രഷ്ടാവ്. വൈദ്യശാസ്ത്രം പഠിച്ചിട്ടുള്ള പെംബെർട്ടൻ അദ്ദേഹത്തിന്റെ ഈഗിൾ ഡ്രഗ് ഹൗസിൽ നിരോധനത്തിന് ഒരു കൊല്ലം മുൻപേ പെംബെർട്ടൻസ് ഫ്രഞ്ച് വൈൻ കോള എന്ന പേരിൽ കോക്ക് വികസിപ്പിച്ചെടുത്തിരുന്നു. നിരോധനം വന്നതോടെ ജോർജിയയിലെതന്നെ കൊളംബിയ കൗണ്ടിയിൽനിന്ന് അറ്റ്ലാന്റയിലെ ജേക്കബ് ഫാർമസിയിലേക്ക് വിൽപന പറിച്ചു നട്ടു.

∙ മദ്യവിരുദ്ധ നീക്കം
19,20 നൂറ്റാണ്ടുകളിൽ ടെംപറൻസ് മൂവ്മെന്റ് എന്ന പേരിൽ അമേരിക്കയിൽ വ്യാപിച്ച മദ്യവിരുദ്ധ മുന്നണിയിലെ പോരാളിയായിരുന്നു കോക്ക കോള. പതിനേഴാം നൂറ്റാണ്ടിൽ കൊളോണിയൽ ജീവിത ശൈലിയുടെ ഭാഗമായി മദ്യം അമേരിക്കയിൽ സർവസാധാരണമായിരുന്നു. ആബാലവൃദ്ധം ജനങ്ങളും ആവശ്യത്തിലധികം മദ്യം ഉപയോഗിച്ചു. എന്നാൽ 19 ാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്റെ വളർച്ച മദ്യത്തിന് എതിരായി ഭവിച്ചു. അങ്ങനെയാണ് ടെംപറൻസ് മൂവ്മെന്റും ലഹരിവിരുദ്ധ ബാറുകളായ ടെംപറൻസ് ബാറുകളും ജനിക്കുന്നത്. ഈ ബാറുകളിൽ ആൽക്കഹോൾ രഹിത ഉത്തേജന പാനീയങ്ങൾ വിൽക്കപ്പെട്ടു. അതിൽ മുഖ്യസ്ഥാനത്ത് കോക്ക കോളയെത്തി.


∙ ഒരു ഗ്ലാസിന് 5 സെന്റ്
ഗ്ലാസ് നിറയെ നുരയുന്ന കോള 5 സെന്റ് എന്ന നിസ്സാര വിലയ്ക്കാണ് വിറ്റിരുന്നത്. പിന്നീട് ഡ്രഗ് സ്റ്റോറുകളിലെ സോഡാ ഫൗണ്ടനുകളിൽ കോക്ക് വിറ്റഴിച്ചു. പേറ്റന്റ് എടുക്കപ്പെട്ടു. 1887 ൽ അറ്റ്ലാന്റയിലെ പ്രമുഖ വ്യവസായികളായ മേയ് ഫീൽഡ്, മർഫി, മുലാഹി, ബ്ലഡ് വർത് എന്നിവരുമായി ചേർന്ന് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനവും തുടങ്ങി.

∙ കോക്ക കോള നാമകരണം
ഇതിനകം പെംബെർട്ടൻസ് ഫ്രഞ്ച് വൈൻ എന്ന പേരുമാറ്റി കോക്ക കോള ജനിച്ചു. പെംബെർട്ടന്റെ പുത്രൻ ചാർലിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി. 1888 ൽ ഔദ്യോഗികമായി കോക്ക കോള കമ്പനി സ്ഥാപിക്കപ്പെട്ടു. പിന്നെയെല്ലാം ചരിത്രം. ഇപ്പോൾ ഇരുനൂറിലധികം രാജ്യങ്ങളിലായി ദിവസം 200 കോടി കുപ്പികൾ വിൽക്കുന്ന പാനിയമായി വളർന്നു. 2024 ഫോർച്യൂൺ 500 ലിസ്റ്റിൽ ഇടം പിടിച്ച കോക്ക കോള വരുമാനത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന അമേരിക്കൻ കമ്പനിയായി. ദുഃഖകരമായ വസ്തുത, കോക്ക കോള നിർമിച്ച ജോൺ പെംബേർട്ടൻ 1888 ൽ മരിച്ചു. കോക്ക കോള വളർന്നു പന്തലിക്കുന്നതു കാണാനാവാതെ ഏക അവകാശി ചാർലിയും നാൽപതാം വയസ്സിൽ മരിച്ചു. കടുത്ത മദ്യപാനവും കറപ്പിന്റെ ഉപയോഗവുമായിരുന്നു മരണകാരണം. മദ്യത്തിനെതിരെ കൊണ്ടു വന്ന കോളയുടെ ഉടമ മദ്യം മൂലം മരിച്ചുവെന്നത് വിരോധാഭാസം.

∙ വേൾഡ് ഓഫ് കോക്ക കോള
അറ്റ്ലാന്റയിലെ കോക്ക കോള മ്യൂസിയമാണ് വേൾഡ് ഓഫ് കോക്ക കോള. ലാസ് വേഗസ്, ഡിസ്നി സ്പ്രിങ്സ് എന്നിവിടങ്ങളിലും ഇത്തരം മ്യൂസിയങ്ങളുണ്ടെങ്കിലും 1990 ൽ സ്ഥാപിച്ച ഈ മ്യൂസിയമാണ് ഗംഭീരം. കാലാവസ്ഥ പിണക്കം മാറ്റി ചിരിച്ചു നിൽക്കുന്ന പ്രഭാതം. ഭക്ഷണം ഹോട്ടലിലെ പ്രശസ്തമായ ബെറ്റി റസ്റ്ററന്റിൽ. സാൻഡ്‌വിചുകളുടെ വ്യത്യസ്തത, മുട്ടയും ബേക്കണും, പഴച്ചാർ ഇതെല്ലാം രുചിച്ച്, തയാറായിക്കിടക്കുന്ന സ്പ്രിന്റർ വാനിലേക്ക് നടന്നു. കോളയുടെ ലോകത്തേക്കാണ് ഇനി യാത്ര.

∙ കോളയുടെ ലോകം
പ്രവേശന കവാടത്തിനടുത്ത് സ്പ്രിന്റർ നിർത്തിയിറങ്ങുമ്പോൾ വൻ ജനക്കൂട്ടം. ഭൂരിപക്ഷവും കുട്ടികൾ. ഫുട്പാത്തിൽ ഐസ്ക്രീം വിൽപനക്കാർ. ഗേറ്റിലെ 30 അടി ഉയരവും ഏതാണ്ട് അത്ര തന്നെ നീളവുമുള്ള വലിയ കോക്ക ക്കോള നിയോൺ വിളക്ക് പകൽവെളിച്ചത്തിലും തെളിഞ്ഞു കത്തി സ്വാഗതമേകുന്നു. 1990 ലാണ് ഈ മ്യൂസിയം സ്ഥാപിതമായത്. 2007 ൽ കൂടുതൽ സ്ഥലസൗകര്യമുള്ള ഇങ്ങോട്ടേക്ക് മാറ്റി. അറ്റ്ലാന്റയിലെ ഏറ്റവുമധികം സന്ദർശകരുള്ള ഇൻഡോർ വേദി 20 ഏക്കറിൽ പതിനായിരം ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ നിറഞ്ഞു നിൽക്കുന്നു. മുതിർന്നവർക്ക് 94 ഡോളറും കുട്ടികൾക്ക് 74 ഡോളറും വിലവരുന്ന അറ്റ്ലാന്റ സിറ്റി പാസെടുത്താൽ കോക്ക കോള, ജോർജിയ അക്വേറിയം, അറ്റ്ലാന്റ സൂ എന്നിവയടക്കം 7 സ്ഥലങ്ങൾ സന്ദർശിക്കാം.
∙ അറിയാം, കാണാം...
കോളയുടെ ചരിത്രം ചിത്രീകരിച്ചിട്ടുള്ള 3 ഡി ചലച്ചിത്രത്തിലൂടെയാണ് തുടക്കം. മൂന്നു നിലകളിലായി പരന്നു കിടക്കുന്ന മ്യൂസിയത്തിൽ 1886 മുതലുള്ള കോക്ക് ചരിതം പുനർനിർമിച്ചിരിക്കുന്നു. മുകൾ നിലയിൽനിന്നു താഴേക്കാണ് ടൂർ. കോളയുമായി ബന്ധപ്പെട്ട ആയിരത്തിലധികം കാര്യങ്ങൾ ഇവിടെയൊരുക്കിയിരിക്കയാണ്. നൂറ്റാണ്ടു പഴക്കമുള്ള സൈൻ ബോർഡുകൾ, പരസ്യങ്ങൾ, കോള കുപ്പികൾ, കോള വാൻ, ഫൗണ്ടൻ തുടങ്ങി ചരിത്രത്തിലൂടെയൊരു യാത്ര. ഇവിടെ പൂർണമായും പ്രവർത്തിക്കുന്ന ഒരു കോക്ക് അസംബ്ലിലൈനുമുണ്ട്.
∙ കണ്ടാൽപ്പോരാ, രുചിക്കണം
എല്ലാം കണ്ടു കണ്ട് സ്പെക്ടാക്കുലർ ഫൗണ്ടൻ, ടേസ്റ്റ് ഓഫ് ദ് വേൾഡ് പവിലിയനുകളിലെത്തുമ്പോഴാണ് ആവേശം പരമകോടിയിലാവുക. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 140 കോക്ക് ഉൽപന്നങ്ങൾ മതിവരുവോളം രുചിക്കാം. രസകരമായ വസ്തുത ഓരോ രാജ്യത്തും രുചിഭേദമുണ്ട്. ഇന്ത്യയിലെ കോളയല്ല അമേരിക്കയിലേത്, അതല്ല യൂറോപ്പിലും ചൈനയിലും. യഥാർഥ എസ്സൻസിൽ നിന്നാണ് എല്ലാം ഉണ്ടാക്കുന്നതെങ്കിലും പ്രാദേശികമായി മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കോക്ക് മാത്രമല്ല, ഫാന്റ പോലെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിനു പാനീയങ്ങളും ഇവിടെ രുചിക്കാം. എല്ലാം കഴിഞ്ഞ് ഇറങ്ങാറാകുമ്പോൾ നൂറ്റാണ്ടു പിന്നിട്ട യഥാർഥ കോക്കും രുചിക്കണം. മധുരമല്ല, ചവർപ്പ്...

∙ കോക്ക് സ്റ്റോറിലേക്ക് ഇറക്കം
കോക്ക് കുടിച്ച് മത്തനായി പുറത്തേക്കിറങ്ങുന്നത് കോക്ക് സ്റ്റോറിലേക്ക്. കോക്ക് വാനിന്റെ ഒരു ചെറു മോഡൽ, ഒരു കോക്ക് തളിക, വിവിധ കാലഘട്ടങ്ങളിലെ കോക്ക് കുപ്പികളുടെ മാതൃകയടങ്ങുന്ന ഫ്രിജ് മാഗ്നറ്റ് എന്നിവ സ്വന്തമാക്കി. ഇന്ന് ജോർജിയ അക്വേറിയം കൂടി കാണാനുണ്ടായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ സമയതടസ്സം മൂലം പരിപാടി ക്യാൻസൽഡ്.
∙കാണാം മാർവൽ സ്റ്റുഡിയോ...തുടരും...