ഇന്ത്യൻ മഹാസാഗരത്തിന്റെ തീര കാഴ്ചകൾ ആസ്വദിച്ച് അപർണ

Mail This Article
നീലക്കടലും ആർത്തിരമ്പിയെത്തുന്ന തിരകളും എത്ര കണ്ടാലും മടുക്കാത്തവരാണ് മനുഷ്യർ. കടൽ കാണുമ്പോൾ ഒരു കുട്ടിയുടെ കൗതുകത്തിലേക്കു ചെറുതായി പോകുന്നവർ. അതുകൊണ്ടുതന്നെയാകണം നമ്മുടെ യാത്രകളിലധികവും കടലിന്റെ ഗരിമ ആസ്വദിക്കാനായിരിക്കും. മൗറീഷ്യസിലെ ഇന്ത്യൻ മഹാസാഗരത്തിന്റെ തീര കാഴ്ചകളിൽ മനമുടക്കി നിൽക്കുകയാണ് സിനിമാതാരം അപർണ ദാസ്. തിരക്കുകൾക്കിടയിലും യാത്രകൾക്കായി സമയം കണ്ടെത്തുന്ന മലയാളത്തിന്റെ പ്രിയ നായിക കടൽത്തീരത്തു നിന്നുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ആരാധകരും അപർണയുടെ യാത്രാചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായാണ് മൗറീഷ്യസ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന രാജ്യമേത് എന്ന കണക്ക് പരിശോധിച്ചാൽ അതിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നായിരിക്കും. യാത്രാപ്രിയർ മാത്രമല്ല, ഇന്ത്യൻ വംശജരും നിരവധിയുണ്ട് ഈ ദ്വീപിൽ. ജനസംഖ്യയുടെ എഴുപതു ശതമാനവും നമ്മുടെ രാജ്യത്തിൻറെ പൈതൃകം പേറുന്നവർ തന്നെയാണ്. നൈറ്റ് ലൈഫും നിരവധി സാഹസിക വിനോദങ്ങളും ബീച്ചിനോട് ചേർന്നുള്ള ബാറുകളും അതിഥികൾക്ക് താമസത്തിനായി ആഡംബര റിസോർട്ടുകളും രുചിയേറിയ വിഭവങ്ങളും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ച നിരവധി കാഴ്ചകളും ഈ ദ്വീപിലുണ്ട്.

മധുവിധു ആഘോഷിക്കാൻ എത്തുന്നവർക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ബീച്ചുകളാണ് ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയവ. ഈ ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കുവാനായി ഓരോ വർഷവും ഇവിടെ ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. മൗറീഷ്യസിന്‍റെ വടക്കു ഭാഗത്തുള്ള ഗ്രാന്‍ഡ് ബേ, പഞ്ചാരമണല്‍ ബീച്ചുകള്‍ക്കും വിന്‍ഡ്‌സര്‍ഫിങ്ങിനും ബോട്ട് റൈഡുകള്‍ക്കുമെല്ലാം പ്രശസ്തമാണ്. കടലിന്‍റെ അടിത്തട്ടിലുള്ള മനോഹരമായ പാറക്കെട്ടുകളും പവിഴപ്പുറ്റുകളും അതിനിടയിലൂടെ ഒഴുകിനടക്കുന്ന മത്സ്യങ്ങളേയും ഇവിടെ കണ്ടാസ്വദിക്കാം.
മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ഡൈവിങ് സ്പോട്ടുകളില്‍ ഒന്നാണ് ബ്ലൂ ബേ മറൈന്‍ പാര്‍ക്ക്. ഇവിടെ 38 ഇനത്തില്‍പ്പെട്ട പവിഴപ്പുറ്റുകളും 72 ഇനത്തോളം മത്സ്യങ്ങളും ഉണ്ട്. സ്‌നോര്‍ക്കലിങ്ങ്, സെയില്‍ബോട്ട്, സ്പീഡ് ബോട്ട്, ഗ്ലാസ് ബോട്ടം ബോട്ട് എന്നിങ്ങനെയുള്ള വിനോദങ്ങളുമുണ്ട്. മൗറീഷ്യസിലെ ഒരു ചെറിയ ഗ്രാമമായ ട്രൂ ഓക്‌സ് ബീച്ചില്‍, സഞ്ചാരികള്‍ക്കു സബ്മറൈനില്‍ കടലിനടിയിലൂടെ സഫാരി നടത്താനുള്ള അവസരവും ആസ്വദിക്കാം.
പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. ബസാല്‍ട്ടിക് ലാവയും മണ്ണിലെ വിവിധ ധാതുക്കളും ചേര്‍ന്ന് ഉണ്ടായ ചുവപ്പ്, ബ്രൗണ്‍, വയലറ്റ്, പച്ച, നീല, പര്‍പ്പിള്‍, മഞ്ഞ എന്നീ നിറങ്ങളിലുള്ള മണല്‍ വിരിച്ച ഈ സ്ഥലം പ്രകൃതിയുടെ ഒരു മനോഹര പ്രതിഭാസമാണ്.
കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ ആൻഡ് സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും ഈ ദ്വീപിൽ പരീക്ഷിക്കാം. പ്രാദേശിക സസ്യജന്തുജാലങ്ങളുടെ സമ്പത്ത് ഉൾക്കൊള്ളുന്ന നിരവധി പ്രകൃതിദത്ത പാർക്കുകളും വിനോദങ്ങൾക്കായുള്ള പാർക്കുകളും മൗറീഷ്യസിലുണ്ട്. കൂടാതെ പൈതൃകവും സാംസ്കാരികവുമായ കാഴ്ചകള്‍ കാണാന്‍ വിവിധ ടൂറുകൾ, ഗോൾഫ് എന്നിവയെല്ലാം ഇവിടുത്തെ സവിശേഷതയാണ്.
കൂടാതെ, ലോകത്തിലെ ഏറ്റവും രുചിയേറിയ റം ബ്രാന്‍ഡുകളാണ് മൗറീഷ്യസില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. രുചിച്ചുനോക്കാന്‍ മാത്രമല്ല, റം നിര്‍മിക്കുന്നതു നേരിട്ട് കാണാനും ഇവിടെ അതിഥികളായി എത്തുന്നവർക്ക് അവസരമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും മുന്നിലാണ് മൗറീഷ്യസ്. ലോകത്തിൽ എറ്റവും ശുദ്ധമായ വായു ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച വായു ഗുണനിലവാര സൂചികയിൽ മൗറീഷ്യസിനു രണ്ടാം സ്ഥാനമാണുള്ളത്.
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വീസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം. വർഷം മുഴുവനും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ദ്വീപിനുള്ളത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെ, ചൂടും ഈര്‍പ്പവുമുള്ള വേനല്‍ക്കാലമാണ്. മേയ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് മൗറീഷ്യസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. ഈ സമയത്ത് കാലാവസ്ഥ പൊതുവേ സുഖകരമായിരിക്കും.