ADVERTISEMENT

കേരളത്തിൽ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ല ശ്രീലങ്കയിലെ കാഴ്ചകളും രുചികളും. മനോഹരിയായ പ്രകൃതിയും വൃത്തിയുള്ള പൊതുയിടങ്ങളും ഏറെ രുചികരമായ മൽസ്യ വിഭവങ്ങളുമൊക്കെ വിളമ്പുന്ന നാടാണ് ശ്രീലങ്ക. സന്ദർശകരുടെ ഹൃദയം നിറയ്ക്കുന്ന നിരവധി കാഴ്ചകൾ ഈ കൊച്ചു ദ്വീപിനുള്ളിലുണ്ട്. ഈ കാഴ്ചകളിലൂടെയെല്ലാം യാത്ര ചെയ്യുന്ന തിരക്കിലാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്ന രാജൻ. ശ്രീലങ്കയുടെ വിസ്മയിക്കുന്ന മറ്റൊരു മുഖമാണ് താരം പങ്കുവച്ച ദൃശ്യങ്ങളിൽ കാണുവാൻ കഴിയുക. ഏറെ വ്യത്യസ്‍തമായ താമസമൊരുക്കുന്ന കുമ്പുക്ക് റിവർ റിസോർട്ടിലാണ് അന്ന രാജന്റെ താമസം. അവിടുത്തെ കാഴ്ചകളും താരം പങ്കുവച്ചിട്ടുണ്ട്. 

kumbukriver-resort
Image Credit: kumbukriver

ശ്രീലങ്കയിലെ ഭുട്ടാല എന്ന സ്ഥലത്താണ് കുമ്പുക്ക് റിവർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. വനങ്ങളും വന്യമൃഗങ്ങളെയും ഏറ്റവുമടുത്തു കാണുവാനുള്ള അവസരം ഇവിടെത്തുന്ന അതിഥികൾക്കുണ്ട്. ഈ റിസോർട്ടിന് സമീപത്തായാണ് യാല വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആനകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൂടാതെ മയിലുകളെയും പല തരത്തിലുള്ള അപൂർവങ്ങളായ ജീവികളെയും ഇവിടെത്തിയാൽ കാണുവാൻ കഴിയും. പേര് സൂചിപ്പിക്കുന്നത് പോലെ കുമ്പുക്ക് നദിയുടെ തീരത്താണ് മനോഹരമായ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതിഥികൾക്ക് താമസിക്കാനായി ഒരുക്കിയിരുന്ന വില്ലകൾക്കുമുണ്ട് പ്രത്യേകത. ആനയുടെ രൂപത്തോട് സമാനമായാണ് ഇവിടെ വില്ലകൾ. ഒരു സമയത്ത് പത്ത് പേർക്കു മാത്രമാണ് താമസിക്കാൻ കഴിയൂ എന്നുള്ളതു കൊണ്ടുതന്നെ അതിഥികളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യമിവിടെ ലഭിക്കുന്നുണ്ട്. ശ്രീലങ്കയുടെ ജൈവവൈവിധ്യവും വനസമ്പത്തും മാത്രമല്ല, വെള്ളച്ചാട്ടങ്ങളും അതിനൊപ്പം തന്നെ സർഫിങ്ങിന് ലോകത്തിലെ ഏറ്റവും മികച്ചതെന്നു അവകാശപ്പെടുന്ന അറുഗം ബീച്ചും കുമ്പുക്ക് റിവർ റിസോർട്ടിന് സമീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 

ശ്രീലങ്ക ഒരു ദ്വീപ് രാജ്യമായതു കൊണ്ടുതന്നെ ഇവിടുത്തെ പ്രധാനാകർഷണം ബീച്ചുകളാണ്. പഞ്ചാര മണലും വൃത്തിയുള്ള കടൽത്തീരങ്ങളുമാണ് ഈ ബീച്ചുകളുടെ മുഖമുദ്ര. നാലുപുറവും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ടുതന്നെ കടലിന്റെ നീലിമ കൺനിറച്ചു കാണുവാൻ കഴിയും. ഉയരമേറിയ മലകളും ഹിൽ സ്റ്റേഷനുകളുമൊക്കെ ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചകളാണ്. കോളനി വാഴ്ചയുടെ സ്മാരകങ്ങൾ എന്നോണം തലയുയർത്തി നിൽക്കുന്ന വലിയ കെട്ടിടങ്ങളും യുനെസ്കോയുടെ പട്ടികയിൽ സ്ഥാനമുള്ള കോട്ടയുമൊക്കെയാണ് ശ്രീലങ്കയിലെ പ്രശസ്തമായ ഗല്ലെ നഗരത്തിലെ പ്രധാന കാഴ്ച.

ശ്രീലങ്കയിലെ അതിപ്രശസ്‌തമായതും ധാരാളം സഞ്ചാരികൾ എത്തുന്നതുമായ ബീച്ചുകളാണ് മിറിസ, ടാൻഗല്ലെ, നെഗോമ്പോ തുടങ്ങിയവ. ഇതിൽ മിറിസ ഒരു തീരദേശ പട്ടണമാണ്. ധാരാളം ഭക്ഷണശാലകളും ബീച്ചിന്റെ സൗന്ദര്യവുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാവുന്നതാണ്. ഏതു നാട്ടിൽ ചെന്നാലും ചോറ് ഉണ്ണണം എന്നാഗ്രഹിക്കുന്നവർക്കു മിറിസ മികച്ച ഒരിടമായിരിക്കും. ചോറും വിവിധ തരത്തിലുള്ള മൽസ്യ വിഭവങ്ങളും ലഭിക്കുന്ന നിരവധി റസ്റ്ററന്റുകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ഹോട്ടലുകളും ഇവിടെ അനേകമുണ്ട്. അധികം ആൾത്തിരക്ക് അനുഭവപ്പെടാത്തതും എന്നാൽ അതിമനോഹരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നതുമായ ബീച്ചാണ് ടാൻഗല്ലെ. ശാന്തമായി അല്പ സമയം ചെലവിടണമെന്നുള്ളവർക്കു ഈ ബീച്ചിലെ കാറ്റേറ്റു തിരകളെണ്ണി സമയം ചെലവഴിക്കാം. ധാരാളം സന്ദർശകരെത്തുന്ന, മറ്റു ബീച്ചുകളെ അപേക്ഷിച്ചു തിരക്ക് അനുഭവപ്പെടുന്ന നെഗോമ്പോ, വിനോദസഞ്ചാരികളുടെ പ്രിയയിടമാണ്.

ബീച്ചുകൾ ധാരാളമുണ്ടെങ്കിലും ശ്രീലങ്കയുടെ യഥാർഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നതു മലനിരകളിലും നിബിഡ വനങ്ങളിലും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന താഴ്​വരകളിലും പച്ചയുടെ മേലങ്കിയണിഞ്ഞ തേയില തോട്ടങ്ങളിലുമാണ്. അത്തരം കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കുന്ന നഗരമാണ് എല്ലേ. ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ലിറ്റിൽ ആദംസ് കൊടുമുടി. ഹൈക്കിങ് പ്രിയർക്ക് ഇവിടമേറെ ഇഷ്ടപ്പെടും. മുകളിലെത്തുമ്പോൾ ക്ഷീണം തീർക്കാനായി ഒരു ചെറുവെള്ളച്ചാട്ടവും ഇവിടെയുണ്ട്.

ശ്രീലങ്കയുടെ സാംസ്‌കാരിക തലസ്ഥാനമായ ക്യാൻഡി രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ചു തിരക്കു കൂടുതലുള്ളയിടമാണ്. ക്യാൻഡിയിലെ പ്രധാന ആകർഷണം ഇവിടുത്തെ സസ്യോദ്യാനമാണ്. വൈവിധ്യമാർന്ന ധാരാളം മരങ്ങളും ചെറു സസ്യങ്ങളും കൂടെ മരച്ചില്ലകളിൽ കളിക്കുന്ന കുരങ്ങന്മാരുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുക കാഴ്ചയൊരുക്കും. ശ്രീലങ്കയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ഇവിടെ ഭക്ഷണത്തിനും താമസത്തിനുമൊക്കെ അല്പം ചെലവു കൂടുതലാണ്.

ശ്രീലങ്കയിലെ പ്രധാന കോട്ടകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് സിഗിരിയ എന്ന സ്ഥലത്താണ്. അതിരാവിലെ ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം. പ്രകൃതിയുടെ സൗന്ദര്യവും മറ്റു കാഴ്ചകളുമൊക്കെ നന്നായി ആസ്വദിക്കാൻ കഴിയുക ഈ സമയത്താണ്. കോട്ടയ്ക്കു മുകളിലേക്കുള്ള യാത്രയിൽ ധാരാളം കുരങ്ങന്മാരെ കാണുവാൻ കഴിയും. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാം.

ദാംബുല്ലയിലെത്തിയാൽ ഗുഹാക്ഷേത്രവും സ്വർണനിറത്തിലുള്ള ബുദ്ധനും കാണേണ്ട കാഴ്ചയാണ്. നിരവധി ഭക്തർ ക്ഷേത്ര ദർശനത്തിനു എത്തുന്നതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഒരു നിശ്ചിത തുക നൽകിയാൽ മാത്രമേ ഇവിടേക്കു പ്രവേശനം ലഭിക്കുകയുള്ളു. കവാടത്തിൽ നിന്നും പതിനഞ്ചു മിനിറ്റോളം നടന്നാൽ ഗുഹാക്ഷേത്രത്തിലെ കാഴ്ചകൾ കാണാം. അകത്തുള്ള ബുദ്ധന്റെ സുവർണരൂപവും അകവശത്തെ കാഴ്ചകളും ആരെയും ആകര്‍ഷിക്കത്തക്കതാണ്. 

English Summary:

Explore Sri Lanka's stunning beaches, lush landscapes, and wildlife with Anna Rajan. Discover the unique Kumbuk River Resort and plan your unforgettable Sri Lankan adventure. Discover hidden gems and iconic landmarks.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com