ഇതാണ് ലോകത്തിന്‍റെ ശരിക്കുള്ള അറ്റം; യാത്ര ആഘോഷമാക്കി പദ്മസൂര്യയും ഗോപികയും

Mail This Article
ലോകത്തിന്‍റെ തെക്കേ അറ്റത്തുള്ള നഗരം, അതാണ് ഉഷ്വായ. അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമാണിത്. അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നുകൂടിയായ ഉഷ്വായ നഗരത്തിലൂടെയുള്ള യാത്രയുടെ മനോഹരദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും . വടക്ക് ഭാഗത്ത് മാർഷ്യൽ പർവതനിരയും തെക്ക് ഭാഗത്ത് ബീഗിൾ ചാനലും അതിരിടുന്ന അതിമനോഹരമായ ഈ നഗരം പ്രകൃതിസൗന്ദര്യത്തിനും സമുദ്ര കാഴ്ചകള്‍ക്കുമെല്ലാം പേരു കേട്ടതാണ്. അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്ര തുടങ്ങുന്ന അഞ്ചു നഗരങ്ങളില്‍ ഒന്നുകൂടിയായ ഉഷ്വായ സന്ദര്‍ശിക്കാന്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. നഗരത്തില്‍ ഇപ്പോൾ ഒരു ലക്ഷത്തിനടുത്ത് സ്ഥിരവാസികളുണ്ട്.

ഉഷ്വായയ്ക്ക് വടക്കായി ബീഗിള്‍ ചാനല്‍ തീരത്തിന് സമാന്തരമായി കിടക്കുന്ന മാര്‍ഷ്യല്‍ പര്‍വ്വതനിരകളാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. ഉഷ്വായയില്‍ നിന്നും ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
ഉഷ്വായയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന 900 മീറ്റര്‍ നടത്തം ആണ് ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രധാന ഇനം. മഞ്ഞുകാലത്താണ് എത്തുന്നതെങ്കില്‍ ആൽപൈൻ സ്കീയിങ്, സ്നോബോർഡ് എന്നിവയെല്ലാം ഒരു കൈ നോക്കാം. വേനൽക്കാലത്താവട്ടെ കാൽനടയാത്രയും ട്രെക്കിങ്ങുമെല്ലാം നടത്താം.
കഥ പറയും തീരങ്ങളും നഗരക്കാഴ്ചകളും
ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ളതും മനോഹരവുമായ നിരവധി ഇടങ്ങള്‍ ഉഷ്വായ നഗരത്തിലുണ്ട്. തികച്ചും പ്രകൃതിദത്തമായി നിര്‍മിച്ചിരിക്കുന്നതും പക്ഷികൾ കൂടു കൂട്ടുന്നതുമായ 'നാചുറൽ അർബൻ റിസർവ്' ജലാശയം ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. പ്രകൃതിയില്‍ അലിഞ്ഞുചേര്‍ന്നു നഗരക്കാഴ്ചകള്‍ കണ്ടിരിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
ബീഗിൾ ചാനലിന്‍റെ തീരത്ത് ഒരു നൂറ്റാണ്ടിലേറെയായുള്ള കപ്പല്‍ച്ചേതത്തിന്‍റെ അവശിഷ്ടങ്ങളാണ് 'സെന്റ് ക്രിസ്റ്റഫർ' എന്നറിയപ്പെടുന്നത്. വെള്ളത്തിൽ മുങ്ങിയ മോണ്ടെ സെർവാന്റസ് കപ്പൽ രക്ഷാപ്രവർത്തനത്തെ സഹായിക്കാനായി എത്തിയ കപ്പലായിരുന്നു അത്. നിർഭാഗ്യവശാൽ ഇതും തകരുകയായിരുന്നു. ഇപ്പോള്‍ ഈ അവശിഷ്ടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
ബീഗിൾ ചാനലിലെ ദ്വീപുകളിൽ വിവിധയിനം പക്ഷികൾ, പെൻഗ്വിനുകൾ, സീലുകൾ, ഓർക്കകൾ എന്നിവ വസിക്കുന്നു. ഉഷ്വായയില്‍ നിന്നുള്ള തനത് ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചു കൂടെ കൊണ്ടുപോരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 25 ഡി മായോ സ്ക്വയറില്‍ സ്ഥിതിചെയ്യുന്ന ക്രാഫ്റ്റ്സ് ഫെയര്‍ സന്ദര്‍ശിക്കാം. പ്രാദേശികമായി നിർമിച്ച കരകൗശല വസ്തുക്കളും കൈകൊണ്ടു നെയ്ത തുണിത്തരങ്ങളും കമ്പിളി ഉൽപന്നങ്ങളും വിവിധ തരം കല്ലുകളുമെല്ലാം ഇവിടെ ലഭ്യമാണ്.
ഉഷ്വായയിലെത്തുന്ന സഞ്ചാരികള്‍ സന്ദർശിക്കേണ്ട ഒരിടമാണ് 'ബിയൻവെനിഡോസ് എ ലാ സിയുഡാഡ് ഡെൽ ഫിൻ ഡെൽ മുണ്ടോ' (ലോകത്തിന്‍റെ അവസാനത്തിലേക്ക് സ്വാഗതം) എന്ന് ആലേഖനം ചെയ്തിരിക്കുന്ന പ്രശസ്തമായ ബോര്‍ഡ്. നഗരത്തിന്‍റെ മുഖമുദ്രകളിലൊന്നായ ഈ ബോര്‍ഡിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും മറ്റുമായി നിരവധി ആളുകളാണ് ഇവിടെയെത്താറുള്ളത്. 'അന്റാര്‍ട്ടിക്കയിലേക്കുള്ള കവാടം' എന്നും ഉഷ്വായ അറിയപ്പെടുന്നു.
ടിയറ ഡെൽ ഫ്യൂഗോ നാഷണൽ പാർക്ക്, ലപറ്റായ ബേ എന്നിവയാണ് പ്രസിദ്ധമായ മറ്റു രണ്ടു ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ഹൈവേ വഴിയോ 'എന്‍ഡ് ഓഫ് വേൾഡ് ട്രെയിൻ' (ട്രെൻ ഡെൽ ഫിൻ ഡെൽ മുണ്ടോ) വഴിയോ പാർക്കിലെത്താം. യമന, ഇംഗ്ലീഷ്, അർജന്റീന സെറ്റിൽമെന്റുകളുടെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഒരു മ്യൂസിയവും ഉഷ്വായയിലുണ്ട്.
ഹാർബർട്ടൺ, ബ്രിഡ്ജസ് ഫാമിലി കോംപൗണ്ട്, എസ്റ്റാൻസിയ ഹാർബർട്ടൺ എന്നിവിടങ്ങളിൽ നിന്നും ദിവസേന ബസും ബോട്ട് ടൂറുകളും ഉണ്ട്. ലെസ് എക്ലയേഴ്സ് ലൈറ്റ്ഹൗസ് ഈ യാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു പ്രധാന കാഴ്ചയാണ്. അർജന്റീനക്കാർ ഇതിനെ ലോകാവസാനത്തിലെ വിളക്കുമാടം (ഫാരോ ഡെൽ ഫിൻ ഡെൽ മുണ്ടോ) എന്നാണ് വിളിക്കുന്നത്.
എങ്ങനെ ചെന്നെത്താം?
ചിലിയിലെ സാന്റിയാഗോ, ബ്യൂണസ് അയേഴ്സിലെ എൽ കാലഫേറ്റ് എന്നിവിടങ്ങളിൽ നിന്ന് ഉഷ്വായയിലെ മാൽവിനാസ് അർജന്റീനാസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പതിവായി വിമാനങ്ങളുണ്ട്.