ഇളൈയ്ക്കും ജഗദിനുമൊപ്പം ‘ഓറോവില്ല’യിൽ അമലാ പോൾ

Mail This Article
ഓറോവില്ലില്‍ അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് താരത്തിന്റെ യാത്രം. മകൾ ഇളൈ വന്ന ശേഷം, അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിലാകെ കുടുംബചിത്രങ്ങളാണ്. കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് ജഗത് ദേശായ് സൈക്കിളോടിക്കുന്ന വിഡിയോയും ഓറോവില്ലിലെ മറ്റു കാഴ്ചകളുടെ ദൃശ്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ജാതി, മത, വർണഭേദങ്ങളില്ലാതെ ആളുകള്‍ ഒന്നുചേര്‍ന്നു വസിക്കുന്ന ആഗോളനഗരമാണ് ഓറോവിൽ. ഓറോവില്ലെ എന്ന പേര് ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഉദ്ഭവിച്ചത്, "അറോറെ" എന്നാൽ പ്രഭാതം എന്നും "വില്ലെ" എന്നാൽ ഗ്രാമം/നഗരം എന്നുമാണ് അർഥം. 120 സെറ്റിൽമെന്റുകളിലായി, 195 രാജ്യങ്ങളില്‍ നിന്നുള്ള 2,100 പേർ ഇവിടെ താമസിക്കുന്നുണ്ട്. ആളുകളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി, സ്കൂൾ, ഹോസ്പിറ്റൽ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിനുള്ളിൽ ഉണ്ട്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, മനുഷ്യരുടെ പരസ്പര ഐക്യവും ഏകത്വവുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രശസ്ത ഇന്ത്യൻ ദേശീയവാദിയും പണ്ഡിതനും കവിയും യോഗിയുമായിരുന്ന ശ്രീ അരൊബിന്ദോയുടെ സഹചാരിണിയായിരുന്ന മിറാ അൽഫാസ്സയാണ് 1968 ൽ ഓറോവിൽ സ്ഥാപിച്ചത്. വെറും പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള പോണ്ടിച്ചേരി കാണാനെത്തുന്ന ആളുകള്‍ മിക്കവരും ഓറോവിൽ സന്ദര്‍ശിച്ചേ മടങ്ങാറുള്ളൂ.

പ്രശസ്ത ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് റോജര്‍ ആങ്കര്‍ ആണ് ഓറോവിൽ ഡിസൈന്‍ ചെയ്തത്. വനപ്രദേശങ്ങൾ, അർധ നഗരപ്രദേശങ്ങൾ, കടൽത്തീരങ്ങൾ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഒറോവില്‍ നഗരം ഇരുപതു ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു. ദിവസവും ഏകദേശം രണ്ടായിരത്തഞ്ഞൂറോളം ആളുകള്‍ എത്തുന്ന ഒറോവില്ലില്‍, സന്ദര്‍ശകര്‍ക്കായി 92 ഗസ്റ്റ് ഹൗസുകളും 30 ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യാന്തര സഞ്ചാരികൾക്കു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകരും ഓറോവില്ലിൽ എത്തുന്നു.
ഓറോവിൽ നഗരത്തിലെ വാസ്തു വിസ്മയമാണ് മാത്രിമന്ദിർ എന്നറിയപ്പെടുന്ന ആധ്യാത്മിക കേന്ദ്രം. ഓറോവില്ലിന്‍റെ മധ്യഭാഗത്തായി, സ്വർണവർണത്തിലുള്ള ഫലകങ്ങൾ കൊണ്ടു പൊതിഞ്ഞിരിക്കുന്ന ഗോളാകൃതിയിലുള്ള നിർമിതിയാണിത്. ഇവ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് മനോഹരമായ കാഴ്ചയാണ്. 37 വർഷങ്ങൾ വേണ്ടിവന്നു 12 താങ്ങുകളുള്ള മാത്രിമന്ദിർ പണിതുതീർക്കാൻ. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയില്‍, സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.
മാത്രിമന്ദിറിന്‍റെ ഇന്നർ ചേംബർ എന്നറിയപ്പെടുന്ന ഉൾഭാഗത്ത് ഒരു ധ്യാനമുറിയുണ്ട്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളും കുറ്റിച്ചെടികളും മരങ്ങളും കൊണ്ടു വേർതിരിച്ചിരിക്കുന്ന പന്ത്രണ്ടു പൂന്തോട്ടങ്ങളും മാത്രിമന്ദിറിന്‍റെ പ്രത്യേകതയാണ്.
ദിവസവും രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെ മാത്രിമന്ദിര്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. മാത്രിമന്ദിര്‍ വ്യൂവിങ് പോയിന്റിലേക്കുള്ള സന്ദർശനം സൗജന്യമാണ്. മാത്രിമന്ദിറിനെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖ വിഡിയോ കണ്ടതിന് ശേഷം ഓറോവിൽ സന്ദർശക കേന്ദ്രത്തിൽ നിന്നും പാസുകൾ ലഭിക്കും, അതല്ലെങ്കില്‍ തലേദിവസം ഓൺ ലൈനിൽ പാസ് എടുക്കാം. പാസ് ഇല്ലാത്തവർക്ക് ഗൈഡ് പറഞ്ഞു തരുന്ന വഴിയിലൂടെ ഒന്നര കിലോമീറ്ററോളം പോയാൽ, മാതൃമന്ദിരത്തിന്‍റെ വ്യൂ പോയിന്‍റ് ദൂരെ നിന്നു കണ്ട് ആസ്വദിക്കാം. 17 വയസിനു താഴെ ഉള്ളവർക്ക് അവിടെ പ്രവേശനം ഇല്ല.
ചെന്നൈയെയും പോണ്ടിച്ചേരിയെയും ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.