രാകുൽ പ്രീത് സിങ്ങിന്റെ ഹൃദയം കവർന്ന് സെലിബ്രിറ്റികളുടെ ഇഷ്ടയിടം

Mail This Article
ഏറ്റവും പ്രിയപ്പെട്ടവർ ചുറ്റിലുമുണ്ടാകുമ്പോൾ സന്തോഷവും ചിരിയും വിനോദങ്ങളുമുണ്ടാകുന്നു. കുടുംബത്തെ ഒപ്പം ചേർത്തുള്ള യാത്ര സമ്മാനിക്കുന്ന ആനന്ദത്തെക്കുറിച്ചു ഇതിനപ്പുറം വിശേഷിപ്പിക്കുന്നതെങ്ങനെ? തെന്നിന്ത്യയിലും ബോളിവുഡിലും പ്രശസ്തയായ രാകുൽ പ്രീത് സിങ് അതിസുന്ദരമായ ഒരു യാത്രയിലാണ്. സെലിബ്രിറ്റികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായ മാലദ്വീപ് തന്നെയാണ് താരത്തിന്റെയും ഹൃദയം കവർന്നിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ, കുടുംബവുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. മോഹിപ്പിക്കുന്ന സാഗര കാഴ്ചകൾ മാത്രമല്ലാതെ, ധാരാളം സാഹസിക വിനോദങ്ങളും സുന്ദരമായ പ്രകൃതിയുമൊക്കെയായി അതിഥികളെ വിസ്മയിപ്പിക്കുന്ന നാടാണ് മാലദ്വീപ്. ആ രാജ്യത്തിലേക്കുള്ള യാത്ര താരത്തിനും ഏറെ സന്തോഷം പകർന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ.
മാലദ്വീപിലെ ബാഗ്ലിയോണി എന്ന ആഡംബര റിസോർട്ടാണ് രാകുൽ പ്രീത് സിങ്ങിനും കുടുംബത്തിനും താമസമൊരുക്കിയിരിക്കുന്നത്. തലസ്ഥാനമായ മാലെയിൽ നിന്നും സീപ്ലെയിനിൽ 40 മിനിറ്റ് സഞ്ചരിച്ചാൽ ധാലു അറ്റോളിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിലെത്താം. 85 ആഡംബര വില്ലകളാണ് ഇവിടെ അതിഥികൾക്കായി ഒരുങ്ങി നിൽക്കുന്നത്. കടലിനു മുകളിലായാണ് ഓരോ വില്ലകളുമെന്നതു കൊണ്ടുതന്നെ ഇന്ത്യൻ മഹാ സമുദ്രത്തിന്റെ മായിക കാഴ്ചകൾ ഏറ്റവുമടുത്തു നിന്നുതന്നെ ആസ്വദിക്കാം. ആഡംബരം നിറഞ്ഞ താമസം മാത്രമല്ലാതെ, സ്‌കൂബ ഡൈവിങ്, സ്‌നോർക്കലിങ്, ഡോൾഫിൻ ടൂർ, ഫിഷിങ്, ട്യൂബ് റൈഡിങ്, ജെറ്റ് സ്കീയിങ് ഇതുകൂടാതെ താൽപര്യമുള്ളവർക്ക് കുക്കിങ് ക്ലാസുകൾ, യോഗ ക്ലാസുകൾ എന്നിവയും ഇവിടെയുണ്ട്. വ്യത്യസ്ത തരം വിഭവങ്ങൾ വിളമ്പുന്ന 4 റസ്റ്ററന്റുകളാണ് അതിഥികൾക്കു ഭക്ഷണമൊരുക്കുന്നത്. ഇറ്റാലിയൻ രുചികൾ വിളമ്പുന്ന ലാ ലിമോണായ, ജാപ്പനീസ് വിഭവങ്ങൾക്കായി യാമ, മിഡിൽ ഈസ്റ്റിന്റെ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ടേസ്റ്റ്, ബീച്ചിനോടു ചേർന്ന് ബാർബി ക്യു, ഗ്രിൽ തുടങ്ങിയവയൊരുക്കുന്ന ഫ്യുഗോ എന്നിവയാണ് ഇവിടുത്തെ രുചിശാലകൾ. ഫ്ലോട്ടിങ് ബ്രേക്ക്ഫാസ്റ്റും ബീച്ചിനോടു ചേർന്നു പ്രൈവറ്റ് ഡിന്നറും അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.
ലോകമെമ്പാടും നിന്നും നിരവധി സഞ്ചാരികളെത്തുന്ന, വിനോദ സഞ്ചാരം പ്രധാന വരുമാന മാർഗമായ രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിൽ പടർന്നു കിടക്കുന്ന 1,200 ദ്വീപുകളും 26 അറ്റോളുകളും ഉൾപ്പെടുന്നതാണ് ഈ രാജ്യം. പ്രകൃതിയുടെ സൗന്ദര്യം ആവോളം ആവാഹിച്ചു നിൽക്കുന്ന ബീച്ചുകൾ, അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി വിനോദങ്ങൾ എന്നിവയെല്ലാമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികൾക്കു മാലദ്വീപ് സന്ദർശിക്കാൻ ആദ്യം വീസ എടുക്കേണ്ടതില്ല. വീസ ഓൺ അറൈവൽ, ഇ വീസ എന്നീ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
കടലിന്റെ വശ്യതയാർന്ന കാഴ്ചകളും സുഖകരമായ കാലാവസ്ഥയും സമ്മാനിക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവുമുചിതം. ശാന്തമായ കടലിന്റെ സൗന്ദര്യവും ആസ്വദിച്ച്, കാറ്റുമേറ്റ് സമയം ചെലവഴിക്കാനും പല തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാനും അനുയോജ്യമായ സമയമാണ് ജനുവരി-ഫെബ്രുവരി മാസങ്ങൾ. അന്നേരങ്ങളിലാണ് ഇവിടെ കൂടുതൽ സന്ദർശകരെത്തുന്നതും.
മാലദ്വീപിലെത്തിയാൽ സന്ദർശിക്കേണ്ട ആദ്യയിടങ്ങളിലൊന്ന് തലസ്ഥാനമായ മാലെയാണ്. മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. നൈറ്റ് ലൈഫും തിരക്കേറിയ പ്രാദേശിക വിപണികളുമെല്ലാം നിറഞ്ഞ മാലെ, രാജകുടുംബത്തിന്റെ നഗരമായതിനാൽ 'മഹൽ' എന്നറിയപ്പെട്ടിരുന്നു. ഇപ്പോൾ 'കിങ്സ് ഐലൻഡ്' എന്നാണ് പേര്. മാലെ ഫിഷ് മാർക്കറ്റ്, നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക് എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

നോർത്ത് മാലെ അറ്റോളിലെ കൃത്രിമബീച്ചായ 'കാർണിവൽ ബീച്ച്' ധാരാളം സഞ്ചാരികളെത്തുന്ന ഒരിടമാണ്. ഇവിടെ മാന്താ പോയിന്റ്, ഷാർക്ക് പോയിന്റ്, കനി കോർണർ, നാസിമോ തില തുടങ്ങിയ കാഴ്ചകളുണ്ട്. പതിവായി കാർണിവലുകൾ, ഉത്സവങ്ങൾ, ഇവന്റുകൾ എന്നിവ ഇവിടെ നടക്കാറുണ്ട്. സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ്, സർഫിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.

വടക്കൻ മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്, കടലിനടിയിലെ വിനോദങ്ങള്‍ക്കു പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് ബനാന റീഫ്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടവും ഇതുതന്നെയാണ്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളാണ് ഇവിടുത്തെ പ്രധാനാകർഷണം. വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്.
പച്ച നിറമുള്ള ജെല്ലിഫിഷിന്‍റെ ആകൃതിയോട് സാമ്യമുള്ള ഉതീമു ഗണ്ടുവരു എന്ന ദ്വീപ് മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉള്ളത്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണിത്. തടികൊണ്ടു നിർമിച്ച രാജകൊട്ടാരവും പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം ഇവിടെ കാണാം.
ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂയിസിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം. മാലെ ദ്വീപ്, മാഫുഷി ദ്വീപ്, വെലസ്സരു ദ്വീപ്, ബന്ദോസ് ദ്വീപ്, കുരാമത്തി ദ്വീപ്, കൊമണ്ഡൂ ദ്വീപ്, എല്ലൈധൂ ദ്വീപ്, വില്ലിങ്കിലി ദ്വീപ് എന്നിവയും ഹണിമൂണ്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.