ADVERTISEMENT

ബോളിവുഡിലെ യാത്രാപ്രേമികളില്‍ ഒരാളാണ് നടി അനന്യ പാണ്ഡെ. ബീച്ചും കടലുമെല്ലാം അനന്യയ്ക്ക് വലിയ ഹരമുള്ള കാര്യങ്ങളാണ്. സമൂഹമാധ്യമത്തിൽ നിറയുന്ന മനോഹരമായ ചിത്രങ്ങള്‍ ഈ യാത്രാപ്രേമത്തിന് സാക്ഷ്യംപറയും. ഇപ്പോഴിതാ, കടലും കാടും കൈകോര്‍ക്കുന്ന സീഷെൽസിലെ മനോഹരമായ അവധിക്കാലത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി. അനന്യയുടെ സഹോദരി സഹോദരി റൈസ പാണ്ഡെയും കൂടാതെ അച്ഛനും അമ്മയുമെല്ലാം കൂടെയുണ്ട്. ഈ മാര്‍ച്ച് പത്തിന് ഇരുപത്തിയൊന്ന് തികഞ്ഞ റൈസയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇവര്‍ സീഷെല്‍സില്‍ എത്തിയത്. 

Image Credit: ananyapanday/instagram
Image Credit: ananyapanday/instagram

സഹോദരിക്കായി ഒരു ജന്മദിനക്കുറിപ്പും അനന്യ എഴുതി. "ജന്മദിനാശംസകള്‍, റൈച്ചീ, നിനക്ക് വേണ്ടിയല്ലെങ്കില്‍, അർധരാത്രിയിൽ റൺവേയിൽ കിടന്ന് നക്ഷത്രങ്ങളെ നോക്കിയിരിക്കാനും, അവധിദിവസം രാവിലെ 8 മണിക്ക് ഉണർന്ന് യോഗ ക്ലാസിന് പോകാനുമെല്ലാം മറ്റാര്‍ക്കു വേണ്ടിയും ഞാന്‍ തയാറാവില്ലായിരുന്നു"

സീഷെൽസിൽ, ഡെസ്‌റോച്ചസ് ദ്വീപിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ഇവര്‍ താമസിച്ചത്. ആറു കിലോമീറ്ററോളം നീളുന്ന തീരഭൂമിയുള്ള ഈ ദ്വീപിലെ ഏകറിസോര്‍ട്ടാണിത്. മനോഹരമായ പൂന്തോട്ടങ്ങളും പനന്തോപ്പും വെളുത്ത മണല്‍ വിരിച്ച ബീച്ചുമെല്ലാം ഇവിടെ അതിഥികളെ വരവേല്‍ക്കുന്നു. താമസത്തിനായി ആധുനിക സൗകര്യങ്ങളുള്ള സ്യൂട്ടുകളും വില്ലകളുമുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്ന 2 റസ്റ്ററന്റുകൾ, ഒരു ഡെലി, ലോഞ്ച് ബാർ എന്നിവയുമുണ്ട്. 24 മണിക്കൂർ ഇൻ വില്ല ഡൈനിംഗും ലഭ്യമാണ്. അനന്യ ആദ്യദിനത്തില്‍ പങ്കുവച്ച ചിത്രങ്ങളില്‍ ഇവിടുത്തെ ഭക്ഷണവിഭവങ്ങളുമുണ്ട്.

പവിഴപ്പുറ്റുകളിൽ സ്നോർക്കലിങ്, ഡൈവിങ്, മീൻപിടുത്തം, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിങ് തുടങ്ങിയ വിവിധ ജല വിനോദങ്ങളും ആസ്വദിക്കാം.

ananya-pande-seashell
Image Credit: ananyapanday/instagram

ദ്വീപിനുള്ളില്‍ ഭീമന്‍ ആമകളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു ആമസങ്കേതമുണ്ട്. ഇവിടെ ഭീമൻ ആൽഡബ്ര ആമയെ അടുത്തറിയാനുള്ള അവസരമുണ്ട്. ഈ ആമകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രങ്ങളും അനന്യ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

സീഷെൽസിന്‍റെ പുറം ദ്വീപുകളുടെ ഭാഗമായ ആൽഡബ്രയില്‍ മാത്രം കാണപ്പെടുന്ന ഭീമന്‍ ആമകളാണ് ആൽഡബ്രകള്‍. ആൺ ആമകൾക്ക് ശരാശരി 250 കിലോഗ്രാവും പെണ്ണാമകള്‍ക്ക് 159 കിലോഗ്രാം വരെയും ഭാരം കാണും. ആൽഡാബ്ര ഭീമൻ ആമകൾക്ക് 200 വർഷത്തിലധികം പ്രായമുണ്ടെന്നു കരുതപ്പെടുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ പവിഴ അറ്റോളാണ് ആൽഡബ്ര. ഈ അറ്റോൾ ഏകദേശം 100,000 ഭീമൻ ആമകളുടെ ആവാസ കേന്ദ്രമാണ്. അതിലോല പരിസ്ഥിതിയുള്ള പ്രദേശമായതിനാല്‍, ഗൈഡഡ് ടൂറുകൾ വഴി മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടേക്ക് കടന്നുചെല്ലാനാവൂ. ആൽഡബ്ര ദ്വീപ്‌ കൂടാതെ, കൂടാതെ, ഫ്രെഗേറ്റ് ദ്വീപിലും സെന്‍റ് ആൻ മറൈൻ നാഷണൽ പാർക്കിലും ഇവയെ സംരക്ഷിച്ചിട്ടുണ്ട്.

Image Credit: ananyapanday/instagram
Image Credit: ananyapanday/instagram

അപൂര്‍വ പ്രകൃതിയുടെ കാവല്‍ രാജ്യം

ആഡംബര വിവാഹ വേദികള്‍ക്കും ജലസാഹസിക വിനോദങ്ങള്‍ക്കും ഹണിമൂണ്‍ ആഘോഷത്തിനുമെല്ലാം ഏറെ പേരുകേട്ട ഇടമാണ്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹര ദ്വീപുസമൂഹമായ സീഷെൽസ്. 1971 ൽ, സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ , ടൂറിസം ഇവിടെ ഒരു പ്രധാന വ്യവസായമായി മാറി. 115 ഓളം ദ്വീപുകള്‍ പവിഴപ്പുറ്റുകൾ, വൃത്തിയുള്ള കടൽത്തീരങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം വര്‍ഷംതോറും ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഏറ്റവും വലിയ ദ്വീപായ മാഹി സീഷെല്‍സിലെ ഒരു വലിയ ടൂറിസം ഹബ്ബാണ്. 

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതില്‍, ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സീഷെല്‍സ്. ആകെയുള്ള പ്രദേശത്തിന്‍റെ 42% സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുന്നു. രാജ്യത്തെ ദേശീയ പക്ഷിയായ സീഷെൽസ് കറുത്ത തത്ത, ശുദ്ധജല ഞണ്ടുകളുടെ ജനുസ്സായ സെയ്ഷെല്ലം ഗ്രാനൈറ്റ് എന്നിവയും ലോകത്തിലെ ഏറ്റവും വലിയ കടൽപ്പക്ഷി കോളനികളിൽ ചിലതും സീഷെൽസിലാണ്. സീഷെൽസിലെ ഗ്രാനൈറ്റ് ദ്വീപുകളിൽ ഏകദേശം 268 പൂച്ചെടി ഇനങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വിത്ത് ഉത്പാദിപ്പിക്കുന്ന കൊക്കോ-ഡി-മെർ ഈന്തപ്പനയും ഗ്രാനൈറ്റ് ദ്വീപിലാണ്.

English Summary:

Ananya Panday enjoys a luxurious family vacation in Seychelles, feeding giant tortoises and celebrating her sister's birthday at the stunning Four Seasons Resort Desroches Island. Discover the breathtaking beauty of this Indian Ocean paradise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com