ADVERTISEMENT

പ്രണയാർദ്രമായ ഒരു വര്‍ഷം തികച്ച തങ്ങളുടെ ദാമ്പത്യത്തിന്‍റെ ആഘോഷം മാലദ്വീപില്‍ കൊണ്ടാടുകയാണ്, ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയും. സ്റ്റൈലിഷ് ബീച്ച് വസ്ത്രങ്ങളും സൺഗ്ലാസുകളും ധരിച്ച് ഇരുവരുടെയും ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും രാകുല്‍ പോസ്റ്റ്‌ ചെയ്തു. മാലദ്വീപിലെ കടല്‍ക്കാഴ്ചകളുമുണ്ട്.

"സാഹസികതയാണ് ഞങ്ങളുടെ പ്രണയത്തിന്‍റെ ഭാഷ. വളരെ അദ്ഭുതകരമായ, ഉള്ളുനിറയ്ക്കുന്ന യാത്ര... ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ,  മുഴുവൻ കുടുംബവും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതു കാണുമ്പോൾ തന്നെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു. ഇതിലും നല്ലൊരു വിവാഹ വാർഷിക ആഘോഷം വേറെയില്ല" ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിനൊപ്പം രാകുല്‍ കുറിച്ചു.

പൂളില്‍ നിന്നും കുടുംബത്തോടൊപ്പം എടുത്ത ചിത്രങ്ങളും രാകുല്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. "ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ ചുറ്റും ഉണ്ടാവുക എന്നുവെച്ചാല്‍ ഇതാണ്" രാകുല്‍ എഴുതുന്നു. 

വിവാഹവാര്‍ഷികം അറിയിച്ചുകൊണ്ട് രാകുല്‍ പങ്കുവച്ച പോസ്റ്റില്‍ നേരത്തെ ഒട്ടേറെ സെലിബ്രിറ്റികള്‍ കമന്റ് ചെയ്തിരുന്നു. 2024 ഫെബ്രുവരി 21 ന് ഗോവയിൽ നടന്ന ഒരു പരമ്പരാഗത സ്വകാര്യ ചടങ്ങിലായിരുന്നു, നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയുമായി രാകുലിന്‍റെ വിവാഹം നടന്നത്. 

മാലദ്വീപിലെ ധാലു അറ്റോളില്‍ സ്ഥിതിചെയ്യുന്ന മാഗൗ ദ്വീപിലുള്ള ബാഗ്ലിയോണി റിസോർട്ടിലാണ് രാകുലും കുടുംബവും അവധിക്കാലം ആഘോഷിച്ചത്. മാലിദ്വീപില്‍ റിസോര്‍ട്ട് ഒരുക്കിയ ആദ്യത്തെ ആഡംബര ഇറ്റാലിയൻ ബ്രാൻഡാണ് ബാഗ്ലിയോണി. തലസ്ഥാനമായ മാലെയിൽ നിന്ന് തെക്കോട്ട് 45 മിനിറ്റ് സീപ്ലെയിൻ യാത്ര ചെയ്താണ്, ഇലയുടെ ആകൃതിയിലുള്ള ഈ ദ്വീപിലെത്തുന്നത്. 

ദ്വീപില്‍, മാലദ്വീപ് ശൈലിയിലുള്ള 46 ഓവർവാട്ടർ വില്ലകളും 50 ബീച്ച് വില്ലകളും ഉണ്ട്. കുളിമുറികളിലെ ഇരട്ട സിങ്കുകൾ, മൺസൂൺ ഷവറുകൾ, സ്റ്റാൻഡ് എലോൺ ബാത്ത് ടബുകൾ എന്നിവ സവിശേഷമാണ്.

താമസക്കാര്‍ക്ക് വിവിധ വിനോദസൗകര്യങ്ങള്‍ റിസോര്‍ട്ടിലുണ്ട്. യോഗ, കോർ, അക്വാ എയറോബിക്സ് എന്നിവയും സൗജന്യ ദൈനംദിന വെൽനസ് ക്ലാസുകളുമുണ്ട്. കൂടാതെ, കയാക്കുകൾ, സ്റ്റാൻഡ് അപ്പ് പാഡിൽ ബോർഡുകൾ, സ്നോർക്കൽ സെറ്റുകൾ എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന ഒരു വാട്ടർസ്പോർട്സ് സെന്ററും ഉണ്ട്. ഡോൾഫിൻ സ്പോട്ട് ടൂറുകൾ മുതൽ സൂര്യാസ്തമയ ക്രൂയിസുകൾ, മത്സ്യബന്ധന വിനോദയാത്രകൾ, വിജനമായ ദ്വീപുകളിലേക്കുള്ള യാത്രകൾ, നക്ഷത്ര നിരീക്ഷണം, സൈക്ലിംഗ് എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളും തിരഞ്ഞെടുക്കാം.

സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ഒന്നര ലക്ഷം മുതലാണ്‌ താമസത്തിനുള്ള നിരക്ക്. പീക്ക് സീസണ്‍ സമയങ്ങളിലാകട്ടെ, ഇത് രണ്ടരലക്ഷം വരെ പോകാറുണ്ട്. 

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഉഷ്ണമേഖലാ പറുദീസകളില്‍ ഒന്നായ മാലദ്വീപ് ഇക്കൊല്ലത്തെ ടൂറിസ്റ്റ് സീസണ്‍ മികച്ച രീതിയില്‍ വിനിയോഗിക്കാനുള്ള നടപടികളിലാണ്. 2025 ൽ 3,00,000 ഇന്ത്യൻ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് മാലദ്വീപ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയിൽ പ്രതിമാസ പരിപാടികൾ നടത്താനും പ്ലാനുണ്ട്.

മാലദ്വീപിനും ന്യൂഡൽഹിക്കും ഇടയിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് സഞ്ചാരികളുടെ എണ്ണത്തില്‍, 2023 ലെ ഒന്നാം സ്ഥാനത്ത് നിന്ന് 2024 ൽ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തെത്തുടർന്ന്, 2023 ൽ 2,09,193 ആയിരുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 2024 ൽ 1,30,805 ആയി കുറഞ്ഞു. എന്നാല്‍ ഈയിടെയായി വീണ്ടും ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം കൂടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English Summary:

Bollywood actress Rakul Preet Singh and husband Jacky Bhagnani celebrate their anniversary with a luxurious Maldives getaway at the Baglioni Resort. See stunning photos and learn about their incredible Maldivian adventure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com