ADVERTISEMENT

സാൻഫ്രാൻസിസ്കോ ബേയിലെ തമ്പിച്ചേട്ടന്റെ വീട്ടിൽ നിന്ന് ടെസ് ല മോഡൽ എക്സിലേക്ക് കയറും മുമ്പ് പോർച്ചിനു പുറത്ത് സർവാഭരണ വിഭൂഷിതയായി നില കൊള്ളുന്ന 1960 മോഡൽ റോൾസ് റോയ്​സിനു മുന്നിൽ നിന്നൊരു ചിത്രമെടുത്തു. പിന്നെ മോഡൽ എക്സിന്റെ അത്യാധുനികതയിലേക്ക് കാലെടുത്തു വച്ചപ്പോൾ ചരിത്രത്തിന്റെ രണ്ടു വിപരീത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നതു പോലെ തോന്നി. നാലു ചക്രങ്ങളിലെ ആഡംബരത്തിന്റെ അവസാന വാക്കിൽ നിന്ന് ആധുനികതയുടെ ഏറ്റവും പുതിയ പരിവേഷത്തിലേക്ക് ഒരു പരകായപ്രവേശം.

thampi-antony-and-santhosh
തമ്പി ആൻറണിക്കൊപ്പം ഒരു താഹോ യാത്ര

മരൂഭൂമിയിലെ മഞ്ഞുമല

‘നമുക്കിന്നു താഹോ തടാകത്തിലേക്കു പോകാം’ കാർ മുന്നോട്ടു നീങ്ങിയപ്പോൾ തമ്പിച്ചേട്ടൻ പറഞ്ഞു. തമ്പിച്ചേട്ടൻ എന്നാൽ നടനും സാഹിത്യകാരനുമായ തമ്പി ആൻറണി. ഇന്നലെ ചുറ്റിക്കണ്ട നാപാ വാലിയുടെ മുന്തിരിപ്പാടങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് താഹോ. ഒരിക്കലും മഞ്ഞു പെയ്തിട്ടില്ലാത്ത കലിഫോർണിയയിലെ ഏക മഞ്ഞു മല. കലിഫോർണിയയിലും നെവാഡയിലും മരുഭൂമികളാണ് പ്രസിദ്ധം. മഞ്ഞു മലയെന്ന വൈവിധ്യത്തെപ്പറ്റി പലരും കേട്ടിട്ടില്ല. 200 മൈൽ ദൂരമുണ്ട്. മൂന്നു മണിക്കൂറിൽ എത്തിച്ചേരാം. കാർ ഹൈവേയിലൂടെ കുതിച്ച് താരതമ്യേന വീതി കുറഞ്ഞ ഹൈ റേഞ്ച് പാതയിലേക്കു തിരിഞ്ഞു.

santhosh-california
1960 മോഡൽ റോൾസ് റോയ്​സിനു മുന്നിൽ നിന്നൊരു ചിത്രം

വശങ്ങളിൽ മനോഹര കാഴ്ചകൾ. പൈൻ മരങ്ങളും കോണിഫറസ് വൃക്ഷങ്ങളും അതിരിടുന്ന പാത വളഞ്ഞു പുളഞ്ഞു മുന്നേറുന്നു. അമേരിക്കയെക്കാൾ യൂറോപ്യൻ സ്വഭാവമുള്ള കാഴ്ചകൾ. ജർമനിയിലോ സ്വിറ്റ്സർ ലണ്ടനിലോ ആൽപ്സ് പർവത നിരകളിലൂടെയുള്ള പാതയ്ക്കു സമാനഭംഗി. വീക്കെൻഡ് അല്ലാത്തതിനാൽ വലിയ തിരക്കില്ല. വല്ലപ്പോഴും മാത്രം എതിരേ മലയിറങ്ങി വരുന്ന വാഹനങ്ങൾ. ടെസ്​ല അനായാസം മുകളിലേക്കു കുതിച്ചു. റേഞ്ച് 75 ശതമാനത്തിലധികം കാണിക്കുന്നുണ്ട്. 400 മൈൽ താണ്ടി തിരിച്ചെത്തിയാലും പിന്നെയും കുറെ ഓടാം.

വഴിയരികിൽ മഞ്ഞു നിര

ഇടയ്ക്ക് വശങ്ങളിലെ ഒരു റസ്റ്ററൻറിൽ ഒതുക്കി. സാൻഡ് വിചും കോഫിയും കുടിച്ചു വീണ്ടും മല കയറ്റം തുടങ്ങി. ഇപ്പോഴിതാ ‘മൂഡ്’ വീണ്ടും മാറ്റും വിധം റോഡരികിൽ മഞ്ഞു കണ്ടു തുടങ്ങി. പുറത്തിറങ്ങി ഒരു പിടി വാരി വലിച്ചെറിഞ്ഞു. ലേക് താഹോ കാഴ്ചകളിലേക്കാണ് യാത്ര. മഞ്ഞു മലയ്ക്കു മുകളിലെ മനോഹര തടാകം. കരയിലിരുന്നു കുറെ ചിത്രങ്ങളെടുത്തു. താഹോ എന്തൊക്കെ കാഴ്ചകൾ തരുന്നു? പറയാം... കുട്ടികൾ കൂടെയില്ലെങ്കിലും കുട്ടികളുടെ പ്രിയ കാഴ്ചകളാണ് താഹോ.

Heavenly-Gondola--Credit--Lake-Tahoe-Visitors-Authority--8-
Heavenly Gondola. Image Credit : Lake Tahoe Visitors Authority

താഹോ: എന്താണ് ഇങ്ങനെയൊരു പേര്?

കലിഫോർണിയയ്ക്കും നെവാഡയ്ക്കും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന പർവതത്തിനു മുകളിലാണ് താഹോ തടാകം. സമുദ്ര നിരപ്പിന് 6225 അടി മുകളിൽ 150 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ശുദ്ധജല തടാകം. മലമുകളിൽ മഞ്ഞുമലകൾ അതിരിടുന്ന തടാകത്തിന് തൊട്ടപ്പുറത്ത് നെവാഡയിൽ മരുഭൂമികളുണ്ട്. അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല വിനോദസഞ്ചാര കേന്ദ്രം. വിന്റർ സ്പോർട്സിനും സമ്മർ ഗെയിമുകൾക്കും പേരു കേട്ട പ്രദേശം. ധാരാളം റിസോർട്ടുകളും കസിനോയുമൊക്കെ ഇവിടെയുണ്ട്. എന്താണ് ഇങ്ങനെയൊരു പേര്?  പ്രാചീന അമേരിക്കൻ ഇന്ത്യക്കാരുടെ ‘വാഷോ’ ഭാഷയിൽ ‘താഹോ’ എന്നാൽ തടാകമാണ്. 20 ലക്ഷം കൊല്ലം മുമ്പ് ഉണ്ടായതെന്നു വിശ്വസിക്കുന്ന തടാകത്തിനു സമീപം ഉടലെടുത്ത സംസ്കാരങ്ങളിലൊന്നിൽ നിന്നാവണം ഈ പേര്.

Family-playing-on-beach--Credit--Rachid-Dahnoun---Lake-Tahoe-Visitors-Authority--2-
Family playing on beach, Image Credit- Rachid Dahnoun and Lake Tahoe Visitors Authority

സാഹസികതയുടെ താഹോ

താഹോയിൽ എന്തൊക്കെ ചെയ്യാനുണ്ട്. ഏതുപ്രായക്കാര്‍ക്കും അനുയോജ്യമായ വിനോദ സാധ്യതകളുള്ള സ്ഥലമാണ്. എന്നാൽ കുട്ടികള്‍ക്ക് യോജിച്ച സാഹസിക വിനോദങ്ങളുടെ കേന്ദ്രമാണിവിടം.  കുട്ടികള്‍ക്ക് പരിധികളില്ലാത്ത സാഹസികതയുടെ ലോകം പരിചയപ്പെടുത്താന്‍ പറ്റിയ സ്ഥലം. വേറിട്ട അനുഭവമാവുന്ന താഹോ തടാകത്തിലെ വിനോദ സാധ്യതകളെ അറിയാം.

tahoe-beach
താഹോ തടാകത്തിലെ ബീച്ച്. ചിത്രം : സന്തോഷ്

ഒന്നല്ല,  രണ്ടു ബീച്ചുകൾ

വിശാലമായ മണല്‍പ്പരപ്പുള്ള രണ്ടു ബീച്ചുകളാണ് താഹോ തടാകത്തിലുള്ളത്. മനോഹരമായ തടാക കാഴ്ച്ചകളാൽ സമ്പന്നമാണ് പോപ് ബീച്ചും ബാള്‍ഡ് വിന്‍ ബീച്ചും. മലയ്ക്കു മുകളിൽ കടൽത്തീരം പോലെ പരക്കുന്ന ഈ ബീച്ചുകൾ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. പ്രവേശനം ചെറിയൊരു ഫീസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന ശുചിമുറികളും ഭക്ഷണശാലകളുമെല്ലാം ഇവിടെ ലഭ്യമാണ്. ഒപ്പം കുട്ടികള്‍ക്ക് സുരക്ഷിതമായി കുളിക്കാനും നീന്താനുമുള്ള സൗകര്യവുമുണ്ട്. ബീച്ചിൽ കുട്ടികളടങ്ങുന്ന കുടുംബങ്ങളാണധികവും.

Family-riding-bikes--Credit--Rachid-Dahnoun---Lake-Tahoe-Visitors-Authority--2-
Family riding bikes. Image Credit: Rachid-Dahnoun and Lake-Tahoe-Visitors-Authority

സൈക്കിളിൽ കറങ്ങാം

ദേശീയ പാത 89 ന് സമാന്തരമായി താഹോ തടാകത്തോടു ചേര്‍ന്നാണ് പോപ് ബാള്‍ഡ്‌വിന്‍ സൈക്കിള്‍ പാത. കാര്യമായ കയറ്റിറക്കങ്ങളില്ലാത്ത ഈ സൈക്കിള്‍ പാതയിലൂടെ  സുരക്ഷിതമായി സൈക്കിള്‍ ചവിട്ടാനാവും. പാതയുടെ തുടക്കത്തില്‍ തന്നെ സൈക്കിള്‍ വാടകയ്ക്കു നല്‍കുന്ന കടകളുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സൈക്കിളുകള്‍ മാത്രമല്ല ഇ ബൈക്കുകളും ഇവിടെ ലഭ്യമാണ്.

Family-walking-over-the-Taylor-Creek-bridge--Credit--Rachid-Dahnoun---Lake-Tahoe-Visitors-Authority
Family walking over the Taylor Creek bridge. Image Credit: Rachid-Dahnoun and Lake Tahoe Visitors Authority.

പ്രകൃതിയിലൂടെ ഒരു നടത്തം

താഹോ തടാകത്തിലേക്കുള്ള യാത്ര പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കും. ടൈലര്‍ ക്രീക്ക് യുഎസ്എഫ്എസ് വിസിറ്റര്‍ സെന്ററിലെ നടത്തമാണ് പ്രകൃതിയിലേക്കുള്ള വാതിൽ. സൗജന്യമായി വാഹനം പാര്‍ക്കു ചെയ്ത് ടൈലര്‍ ക്രീക്കിലെ മരത്തണലുകളിലൂടെ നടക്കാനാവും. പ്രകൃതിയുടേയും മരങ്ങളുടേയും സവിശേഷതകള്‍ വിവരിക്കുന്ന ബോര്‍ഡുകളും ഇടയ്ക്കിടയ്ക്കു കണ്ടെത്തുന്ന മുയലും അണ്ണാനും പോലെയുള്ള ചെറുമൃഗങ്ങളും ഈ പ്രകൃതി നടത്തത്തിൽ കൂട്ടാളികളാകും.

Forest-Suites-Resort-building--Credit--Forest-Suites-Resort
Forest Suites Resort building. Image Credit : Forest Suites Resort

കാട്ടിൽ താമസം

കാട്ടിലെ താമസം, കൂട്ടിനു മഞ്ഞും ബീച്ചും. ഈ അപൂർവതയാണ് തഹോയിലെ താമസത്തിൻറെ പ്രത്യേകത. ഫോറസ്റ്റ് സ്യൂട്ട്‌സ് റസ്റ്ററന്റും ഹോട്ടല്‍ അസുറെയും താഹോ തടാകത്തിനോടു ചേര്‍ന്നുള്ള മികച്ച താമസ സൗകര്യങ്ങളാണ്. കിടപ്പുമുറിയും അടുക്കളയും അടങ്ങുന്ന സ്യൂട്ടുകളും കുട്ടികള്‍ക്ക് അനുയോജ്യമായ നീന്തല്‍ക്കുളങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഹെവന്‍ലി വില്ലേജിനോട് ചേര്‍ന്നുള്ളതാണ് ഫോറസ്റ്റ് സ്യൂട്‌സ്. അടുത്തു തന്നെയാണ് ലൈക്‌സൈഡ് മറീന ബീച്ചും ലൈക്‌സൈഡ് ബീച്ചുമുള്ളത്.

Family-Walking-on-Beach--Credit--Lake-Tahoe-Visitors-Authority
Family Walking on Beach. Image Credit: Lake Tahoe Visitors Authority

ഒരു ദിവസം തങ്ങാം

തടാകത്തിന്റെ തെക്കുഭാഗത്താണ് ഹോട്ടല്‍ അസുറെയുള്ളത്. പെഡല്‍ ബോട്ടുകളും കയാക്ക് സൗകര്യവും ഇവിടെ ലഭ്യമാണ്. രണ്ടു സീറ്റുള്ള കയാക്കുകളിലൂടെ തടാകത്തിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിക്കും. സൈക്കിളുകളും മോട്ടോര്‍സൈക്കിളുകളും ഇവിടെ നിന്നു വാടകയ്ക്ക് എടുക്കാനാവും. കുടുംബത്തോടൊപ്പം പ്രാദേശിക ഭക്ഷണവും ഇവിടെ നിന്ന് ആസ്വദിക്കാം.

Family-shopping--Credit--Rachid-Dahnoun---Lake-Tahoe-Visitors-Authority
Family shopping. Image Credit: Rachid Dahnoun and Lake Tahoe Visitors Authority

മടക്കം വിരസം

ഒരു ദിവസം തടാകക്കരയിലെ ഫോറസ്റ്റ് സ്യൂട്സിൽ താമസം. കുട്ടികളങ്ങുന്ന കുടുംബങ്ങളാണിവിടെ അധികവും. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു മടങ്ങുമ്പോൾ ഒരു ദിവസം കൂടി എല്ലാ തിരക്കിൽ നിന്നുമൊഴിഞ്ഞ് ഇവിടെ തങ്ങിയാലോ എന്ന ആഗ്രഹം ബാക്കി നിൽക്കുന്നു...

English Summary:

Escape to the shores of Lake Tahoe for a quintessential beach day! Pope Beach and Baldwin Beach offer expansive stretches of soft, warm sand, perfect for building magnificent sandcastles. Feel the cool, refreshing water of the lake between your toes as you splash and play.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com