സെന്റ് പാട്രിക് ദിനം, ഐറിഷ് ജനതയുടെ ആഘോഷം

Mail This Article
സെന്റ് പാട്രിക് ദിനം അല്ലെങ്കിൽ സെൻ്റ് പാട്രിക് ആഘോഷങ്ങളുടെ ദിനം. മാർച്ച് 17-ന് ഐറിഷ് ജനതയുടെ മതപരവും സാംസ്‌കാരികവുമായ ഒരു വലിയ ആഘോഷം തന്നെയാണ് സെൻ്റ് പാട്രിക് ദിനം. അന്നേ ദിവസം അയർലൻഡിന്റെ പല കൗണ്ടികളിൽ പൊതുപരേഡുകൾ നടത്തപ്പെടുന്നു. ഐറിഷ് ജനതയുടെ പൈതൃകവും സംസ്കാരവും ഐക്യവും ലോകത്തിനു മുമ്പിൽ വിവിധ പ്ലോട്ടുകളുടെ രൂപത്തിൽ പരേഡിനൊപ്പം അവതരിപ്പിക്കുന്നു. അന്നേ ദിവസം അയർലണ്ടിൽ പൊതു അവധിയാണ്. പരേഡ് നടക്കുന്ന നഗരങ്ങളിൽ ഗതാഗത നിയത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെന്റ് പാട്രിക്സ് ഡേ ഒരു ഔദ്യോഗിക ക്രിസ്ത്യൻ പെരുന്നാൾ ദിനമാക്കി മാറ്റുകയും വിവിധ ക്രിസ്ത്യൻ സഭകൾ അത് ആഘോഷിച്ചു പോന്നിരുന്നു. ശേഷം വിശുദ്ധ പാട്രിക്കിനെയും അയർലൻഡിലെ ക്രിസ്തുമതത്തിന്റെ ആഗമനത്തെയും അനുസ്മരിക്കുന്ന ഈ ദിനം വിപുലീകരിച്ചുകൊണ്ട് ഐറിഷ് ജനതയുടെ സാംസ്‌കാരിക ആഘോഷമായി മാറി. അന്നേ ദിവസം പച്ച വസ്ത്രങ്ങളോ, മൂന്ന് പച്ച ഇലകളുള്ള (അഥവാ ഷാംറോക്ക്) ഒരുതരം ക്ലോവർ ചെടിയുടെ ഇലകൾ പതിപ്പിച്ച വസ്ത്രങ്ങൾ ധരിക്കുന്നു.

അയർലൻഡിന്റെ തലസ്ഥാന നാഗരിയായ ഡബ്ലിനിൽ അന്നേ ദിവസം മറ്റു കൗണ്ടികളെ അപേക്ഷിച്ചു വളരെ പ്രാധാന്യത്തോടെയും വിപുലമായും സെന്റ് പാട്രിക്ക് ദിനം ആഘോഷിച്ചു വരുന്നു. അന്നേ ദിവസം അനവധി ആളുകൾ ഡബ്ലിൻ നഗരത്തിലേക്ക് ഒഴുകിയെത്തുന്നു അതിൽ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിദേശികളും ഉൾപ്പെടുന്നു. ഡബ്ലിൻ നഗരത്തിലെ പാർണെൽ സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പരേഡ് ഡബ്ലിൻ നഗരത്തിന്റെ മുഖമായ ഒക്കോണേൽ പാലത്തിലൂടെ കടന്ന് നഗരത്തെ വലം വച്ച് സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ അവസാനിക്കുന്നു.



ഐറിഷ് ജനത വേനൽക്കാലത്തെ വരവേൽക്കുന്ന ഒരു ആഘോഷമായത് കൊണ്ട് തന്നെ നോമ്പുകാലത്തെ ഉപവാസത്തിനും മദ്യപാനത്തിനുമുള്ള നിയന്ത്രണങ്ങൾ ആ ദിവസത്തേക്ക് ബാധകമല്ല.