ADVERTISEMENT

കാടും മൃഗങ്ങളും പച്ചനിറഞ്ഞ പ്രകൃതിയുമൊക്കെ ചേരുന്ന കാഴ്ചകൾക്ക് എല്ലായ്‌പ്പോഴും അഴകേറെയാണ്. നഗരത്തിന്റെ തിരക്കും ജോലിയുടെ സമ്മർദ്ദവുമെല്ലാം ചേർന്ന ജീവിതത്തിന് ഇടയ്‌ക്കെങ്കിലും ഒരാശ്വാസം വേണമെന്ന ചിന്തയിലാണ് എല്ലാവരും പ്രകൃതി ഒരുക്കിയിരിക്കുന്ന സുന്ദര കാഴ്ചകളിലേക്കു ചിലപ്പോൾ പലായനം ചെയ്യുന്നത്. ശരീരത്തിനും മനസ്സിനും പുത്തനുണർവ് നൽകാൻ ആ യാത്രകൾക്കു കഴിയുകയും ചെയ്യും. അത്തരമൊരു സുന്ദര യാത്രയിലാണ് തെന്നിന്ത്യയിലും ബോളിവുഡിലും കൈനിറയെ ചിത്രങ്ങളുമായി തിളങ്ങുന്ന സമാന്ത. ഓസ്‌ട്രേലിയയുടെ ആധുനികത കലർന്ന മുഖമല്ല, പകരം പച്ചപ്പും മൃഗങ്ങളും നിബിഡവനവുമൊക്കെ ഉൾപ്പെട്ട ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. സിഡ്‌നിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കങ്കാരുക്കൾക്കു ഭക്ഷണം നൽകിയും കാഴ്ചകൾ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം. 

Image Credit: samantharuthprabhuoffl/instagram
Image Credit: samantharuthprabhuoffl/instagram

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഫെതർഡെയ്ൽ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക മൃഗമായ കങ്കാരുക്കൾ, പെൻഗ്വിനുകൾ തുടങ്ങി നിരവധി ജീവി വർഗങ്ങളെ ഇവിടെ കാണുവാൻ കഴിയും. 3.29 ഹെക്ടറിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ജന്തു ജാലങ്ങൾ മാത്രമല്ലാതെ, ധാരാളം പക്ഷികളും വിവിധയിനങ്ങളിലുൾപ്പെട്ട സസ്യ-വൃക്ഷ ജാലങ്ങളും ഇവിടെയെത്തുന്ന സന്ദർശകർക്കു കൗതുക കാഴ്ചയാണ്. രണ്ടായിരത്തിലധികം സസ്തനികളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. അതിഥികൾക്കു വിശ്രമിക്കാനും വിശപ്പകറ്റാനും ഒരു കഫെയും ഈ പാർക്കിലുണ്ട്. 

പ്രകൃതിയും പക്ഷി മൃഗാദികളും മാത്രമല്ല, ഓപ്പറ ഹൗസും ഹാർബർ ബ്രിജും ദി റോക്സ് ഡിസ്‌കവറി മ്യൂസിയവും റോയൽ ബൊട്ടാണിക്കൽ ഗാർഡനും മ്യൂസിയം ഓഫ് കണ്ടംപ്രറി ആർട്ടും ഡാർലിങ് ഹാർബറുമൊക്കെ സിഡ്‌നിയിലെ പ്രധാന കാഴ്ചകളാണ്. 

Image Credit: samantharuthprabhuoffl/instagram
Image Credit: samantharuthprabhuoffl/instagram

ജലത്തിൽ ഒഴുകി നീങ്ങാൻ ഒരുങ്ങി നിൽക്കുന്ന ഓപറ ഹൗസിന്റെ ശിൽപഭംഗി, അതാണ് സിഡ്നിയുടെ മുഖമുദ്ര. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള ആ വേദിയാണ് ഡിസ്നിയിലെ പ്രധാന കാഴ്ചകളിലൊന്ന്.

സിഡ്നി തുറമുഖത്തിനു ചുറ്റുമായി നിർമിച്ചിരിക്കുന്ന ഹാർബർ ബ്രിജ്, ഒരിക്കലെങ്കിലും കാണേണ്ട വിസ്മയ കാഴ്ചയാണ്. കമാനാകൃതിയിലുള്ള ഈ ഉരുക്കു പാലം 1932 ലാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. 1967 വരെ ഓസ്‌ട്രേലിയിലെ ഏറ്റവും ഉയരമുള്ള നിർമിതിയായിരുന്ന പാലം ഇന്ന് സിഡ്‌നിയുടെ മാത്രമല്ല, ആ രാജ്യത്തിന്റെ തന്നെയും പ്രധാനാകർഷണങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വീതിയേറിയ പാലം എന്ന ഗിന്നസ് റെക്കോർഡും പേറിയാണ് ഹാർബർ ബ്രിജ് സന്ദർശകരെ സ്വീകരിക്കുന്നത്.

സിഡ്‌നിയിലെ കാഴ്ചകളിൽ പ്രാധാന്യമേറിയ ഒന്നാണ് ദി റോക്ക്സ് ഡിസ്‌കവറി മ്യൂസിയം. യൂറോപ്യൻ കാലഘട്ടത്തിനു മുൻപ് മുതൽ ഇന്നു വരെയുള്ള ചരിത്രം പറയുന്ന ഒരിടമാണിത്. 1850 കളിൽ പുനരുത്ഥാനം നടത്തിയ സാൻഡ് സ്റ്റോൺ വെയർ ഹൗസ് ഇവിടെ കാണുവാൻ കഴിയും. അപൂർവങ്ങൾ എന്നു വിശേഷിപ്പിക്കാൻ പല ചിത്രങ്ങളും പുരാവസ്തുക്കളും ഇവിടെയുണ്ട്. ഇന്നത്തെ തലമുറകൾക്കു അക്കാലത്തെക്കുറിച്ചുള്ള അറിവു നൽകാൻ കഴിയുന്നവയാണിതെല്ലാം.

എഴുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന റോയൽ ബൊട്ടാണിക് ഗാർഡൻ ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉദ്യാനങ്ങളിലൊന്നാണ്. 1816 ൽ സ്ഥാപിതമായ ഇവിടെ വളരെ അപൂർവയിനങ്ങളിൽ  ഉൾപ്പെടെ നിരവധി സസ്യങ്ങൾ കാണുവാൻ കഴിയും. വംശനാശ ഭീഷണി നേരിടുന്നവയും മനോഹരമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന റോസ് ഗാർഡനും ഉൾപ്പെടെ ആകർഷകമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണിവിടം.

ഓസ്‌ട്രേലിയയിലെ മാത്രമല്ല, ലോകത്തിലെ തന്നെ കലാകാരന്മാരുടെ നിരവധി സൃഷ്ടികൾക്കു മ്യൂസിയം ഓഫ് കണ്ടംപ്രറി ആർട്ടിൽ എത്തിയാൽ സാക്ഷിയാകാം. ഏകദേശം നാലായിരത്തോളം കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്‌. മാത്രമല്ല, ഇവിടെ പുതു കലാസൃഷ്ടികളുടെ പ്രദർശനങ്ങളും ഇടയ്ക്കിടെ സംഘടിപ്പിക്കപ്പെടാറുണ്ട്.

സിഡ്‌നി നഗരത്തോടു ചേർന്നു കിടക്കുന്ന ഒരു തുറമുഖമാണ് ഡാർലിങ് ഹാർബർ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിനോദങ്ങളും വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകളും കുട്ടികൾക്കായി അക്വേറിയം, മാരിടൈം മ്യൂസിയം എന്നിവയും ഇവിടെ കാണുവാൻ കഴിയും.

English Summary:

Samantha's breathtaking Australian adventure! Explore Sydney's iconic landmarks, wildlife encounters at Featherdale Wildlife Park, and stunning natural beauty. Discover the magic of this rejuvenating journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com