'യന്തിരൻ', 'ഐ', 'ശിവാജി...ലോകം കീഴടക്കിയ ലൊക്കേഷനുകൾ: ശങ്കർ സിനിമകളിലെ യാത്രാ വിസ്മയം!

Mail This Article
വിദേശരാജ്യങ്ങളിലെ ഒട്ടേറെ അതിമനോഹര സ്ഥലങ്ങള്‍ സിനിമകളിലൂടെ അവതരിപ്പിച്ച സംവിധായകനാണ് എസ് ശങ്കര്‍. ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും ചെലവു കൂടിയ ചിത്രങ്ങളില്‍ ചിലത് അദ്ദേഹത്തിന്റേതാണ്. ഇന്ത്യൻ, ജീന്‍സ്, മുതല്‍വന്‍, ബോയ്സ്, അന്യന്‍, ശിവാജി, യന്തിരന്‍, നന്‍പന്‍, ഐ തുടങ്ങിയ അദ്ദേഹത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് അവയിലെ മനോഹരമായ ലൊക്കേഷനുകളാണ്. ദൃശ്യഭംഗി വഴിഞ്ഞൊഴുകുന്ന ശങ്കര്‍ ചിത്രങ്ങളിലെ ഗാന ലൊക്കേഷനുകള്‍ പരിചയപ്പെടാം.
∙ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം, ബ്രസീല്‍
ഐശ്വര്യാറായിയും രജനീകാന്തും അഭിനയിച്ച 'യന്തിരന്‍' സിനിമയിലെ 'കാതല്‍ അണുക്കള്‍' എന്ന പാട്ട് കാണുമ്പോള്‍ത്തന്നെ ആ ഭൂപ്രദേശം നമ്മുടെ മനസ്സ് കീഴടക്കും. വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മറാൻഹാവോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനമാണ് ഇതില്‍ കാണുന്നത്. വിശാലമായ മരുഭൂമിയില്‍ അവിടവിടെയായി തെളിഞ്ഞു കാണുന്ന നീലജലാശയങ്ങളും മണല്‍ക്കൂനകളും കാണുമ്പോള്‍ മറ്റേതോ ഗ്രഹത്തില്‍ ചെന്ന പോലെയുള്ള അനുഭവമാണ് കാഴ്ചക്കാരന് ലഭിക്കുന്നത്.
∙മാച്ചു പിച്ചു, പെറു
യന്തിരന്‍ സിനിമയിലെ തന്നെ 'കിളിമഞ്ചാരോ' എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് പെറുവിലെ ചരിത്ര പ്രസിദ്ധമായ മാച്ചു പിച്ചുവിലാണ്. ഇവിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. നൂറോളം ബ്രസീലിയൻ കലാകാരന്മാര്‍ അണിനിരന്ന ഈ ഗാനത്തിന്‍റെ ചിത്രീകരണത്തിന് മേല്‍നോട്ടം വഹിച്ചത്, മച്ചു പിച്ചുവിലെ നാഷണൽ ആർക്കിയോളജിക്കൽ പാർക്കിന്‍റെ തലവനായ ഫെർണാണ്ടോ അസ്റ്റെറ്റെയായിരുന്നു. ഇൻകകളുടെ നഷ്ടപ്പെട്ട നഗരമായ മാച്ചു പിച്ചു യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമാണ്. പതിറ്റാണ്ടുകളോളം ആരും അറിയാതെ കിടന്ന ഈ പ്രദേശം ഇന്ന് പെറുവിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്. "ട്രാൻസ്‌ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ്‌സ്", " ദി മോട്ടോർസൈക്കിൾ ഡയറീസ്" മുതലായ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലും ഈ പ്രദേശം പ്രത്യക്ഷപ്പെടുകയുണ്ടായി.
∙ചൈന
2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'ഐ' യിലെ റൊമാന്റിക് ഗാനമായ 'പൂക്കളേ സട്രു ഓവിയങ്കള്‍' അതിമനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. വിക്രമും എമി ജാക്സണും അഭിനയിച്ച ഈ ഗാനത്തിലെ രംഗങ്ങൾ ചിത്രീകരിച്ചത് ചൈനയിലാണ്, പഞ്ചിനിലെ റെഡ് സീ ബീച്ചിലും ഗുയിലിനിലെ ലി നദിയിലുമായി നടന്ന ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു മാസത്തിലേറെ സമയമെടുത്തു.
∙ആംസ്റ്റർഡാം
വിക്രമും സദയും അഭിനയിച്ച 'അന്യന്‍' സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം 'കുമാരി' ചിത്രീകരിച്ചത്, നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിനടുത്തുള്ള വിജ്ഫുയിസെൻ നഗരത്തിലെ ഒരു വലിയ ട്യൂലിപ് പൂന്തോട്ടത്തിലാണ്. 2004 ഏപ്രിൽ 10 നും ഒക്ടോബർ 20 നും ഇടയിൽ നടന്ന 'ഫ്ലോറിയേഡ്' എന്ന നെതർലാൻഡ്‌സ് ഇന്റർനാഷണൽ ഫ്ലവർ ഷോയ്ക്കിടെയാണ് ഈ ഗാനം ചിത്രീകരിച്ചത്. ക്യൂകെൻഹോഫിലെ ഒരു പൂന്തോട്ടത്തിൽ ഈ ഗാനം ചിത്രീകരിക്കാൻ സംഘം പദ്ധതിയിട്ടിരുന്നെങ്കിലും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അധികാരികൾ അവർക്ക് അനുമതി നിഷേധിച്ചു.
∙ടാസ്മാനിയ
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള സ്കോട്ട്‌സ്‌ഡെയ്‌ലിലുള്ള ബ്രൈഡ്‌സ്റ്റോ എസ്റ്റേറ്റ് ലാവെൻഡർ ഫാമിലാണ് ബോയ്സിലെ "അലെ അലെ" എന്ന ഗാനം ചിത്രീകരിച്ചത്. ഓസ്‌ട്രേലിയൻ ഛായാഗ്രാഹകൻ മാർക്ക് റഫിന്‍റെ സഹായത്തോടെ പുതിയ 'ടൈം-ഫ്രീസ്' സാങ്കേതികത ഉപയോഗിച്ചു കൊണ്ട്, ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ക്കായി 62 ക്യാമറകൾ ഉപയോഗിച്ചു. ടാസ്മാനിയയിലെ മെഴ്‌സി ബ്ലഫ് ലൈറ്റ്ഹൗസ്, പോർട്ട് ആർതർ ഹിസ്റ്റോറിക് സൈറ്റ് എന്നീ ഇടങ്ങളും ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു.
∙ഓസ്ട്രേലിയ
ശങ്കറിന്‍റെ "ഇന്ത്യൻ" എന്ന ചിത്രത്തിലെ "ടെലിഫോൺ മണി പോല്‍" എന്ന ഗാനം ചിത്രീകരിച്ചത് ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിജിലാണ്. സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് ഇത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. സിഡ്നിയുടെയും ഓസ്ട്രേലിയയുടേയും തന്നെ മുഖമുദ്രയായ ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ 'സിഡ്നി ഓപ്പറ ഹൗസ്' സ്ഥിതി ചെയ്യുന്നത്.
∙സ്പെയിന്‍
ശിവാജി സിനിമയിലെ 'സ്റ്റൈല്‍' എന്ന ഗാനം ചിത്രീകരിച്ചത് സ്പെയിനിലെ ചില നഗരങ്ങളിലാണ്. ബിൽബാവോയിലുള്ള ഗുഗൻഹൈം മ്യൂസിയത്തിലും വലൻസിയ നഗരം, സാൻ സെബാസ്റ്റ്യനിലെ കുർസാൽ എന്നിവിടങ്ങളിലുമായാണ് ഗാനത്തിന്‍റെ ഷൂട്ടിങ് നടന്നത്. ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രി രൂപകല്പന ചെയ്ത ഗുഗൻഹൈം മ്യൂസിയം സ്പെയിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പ്രതിവർഷം എട്ടുലക്ഷത്തോളം സന്ദർശകരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ മ്യൂസിയം കാണാനെത്തുന്നത്.