ADVERTISEMENT

സിനിമകളുടെ തിരക്കുകളിൽ  നിന്നുമകന്നു കുടുംബത്തിനൊപ്പം അതിസുന്ദരമായ ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട അന്ന രാജൻ. ഇത്തവണ താരത്തിന്റെ യാത്രയിലിടം പിടിച്ചിരിക്കുന്നത് അയർലൻഡിന്റെ മാസ്മരിക സൗന്ദര്യമാണ്. യാത്രയുടെ നിരവധി ചിത്രങ്ങൾ അന്ന രാജൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ അയർലൻഡിലെ പ്രധാന കാഴ്ചകളും കുടുംബവുമൊന്നിച്ചുള്ള യാത്രയിലെ രസകരമായ മുഹൂർത്തങ്ങളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. 

പഴമയുടെ പ്രൗഢിയും ആധുനികതയും ഒത്തുചേർന്ന നാടാണ് അയർലൻഡ്. സുന്ദരിയായ പ്രകൃതിയും അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആർത്തിരമ്പലും തടാകങ്ങളും പുഴകളും താഴ്‍‍വരകളുമൊക്കെ കൊണ്ട് സമ്പന്നമാണ് രാജ്യം. വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വടക്കൻ അറ്റ്ലാന്റിക്കിലെ ഒരു ദ്വീപ് രാഷ്ട്രമാണിത്. ഗ്ലോബൽ പീസ് ഇൻഡക്സിൽ യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഈ രാജ്യത്തിനും ഇടമുണ്ട്. അതുകൊണ്ടുതന്നെ വിദേശ സഞ്ചാരികൾക്കു യാതൊരു തരത്തിലുള്ള ഭയവുമില്ലാതെ ഈ യൂറോപ്യൻ രാജ്യം സന്ദർശിക്കാം. അസാധാരണമായവിധം സൗഹാർദ്ദപരമായ, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട അയർലൻഡ് യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമാണ്. വർഷം തോറും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം പ്രധാനമായും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, തീരദേശ പട്ടണങ്ങൾ, മഹത്തായ സാംസ്കാരിക പാരമ്പര്യം എന്നിവയാൽ സമ്പന്നമാണ്. രാജ്യത്താകമാനമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കും താരതമ്യേന കുറവാണ്. 

Travel Photo Credit: Annaspeeks/Instagram
Travel Photo Credit: Annaspeeks/Instagram

അയർലൻഡിൽ എത്തുന്ന ഭൂരിപക്ഷം സന്ദർശകരുടെയും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് ഡബ്ലിൻ. അതിഥികളെ ആകർഷിക്കുന്ന തരത്തിലുള്ള ധാരാളം കാഴ്ചകളും വിനോദങ്ങളും സ്വന്തമായുള്ളൊരിടമാണിത്. ഡബ്ലിനിലെ പ്രശസ്തമായ നദിയാണ് ലിഫി. ഈ നദിയിലൂടെയുള്ള ബോട്ട് യാത്രയിൽ നഗരത്തിലെ പ്രധാനമായ സ്മാരകങ്ങളും ചരിത്രാവശേഷിപ്പുകളും കാണാം. വൈക്കിങ്ങുകളുടെ വരവ് മുതൽ 18-ഉം 19-ഉം നൂറ്റാണ്ടുകളിലെ ഡബ്ലിൻ നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികസനം വരെ ആ യാത്രയിലൂടെ കണ്ടു മനസ്സിലാക്കാൻ സാധിക്കും. 

രാജ്യത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ദേവാലയങ്ങളിലൊന്നാണ് സെന്റ്. പാട്രിക്‌സ് കത്തീഡ്രൽ. ഡബ്ലിൻ നഗരത്തിന്റെ ഹൃദയ ഭാഗത്തായാണിത് സ്ഥിതി ചെയ്യുന്നത്. ഗോഥിക് ശൈലിയിൽ പണിതീർത്തിരിക്കുന്ന ഈ ദേവാലയത്തിനു 800 വർഷത്തെ അയർലണ്ടിന്റെ ചരിത്രവും സംസ്കാരവും പറയാനുണ്ട്. ഗലിവേഴ്‌സ് ട്രാവൽ എഴുതിയ ജോനാഥൻ സ്വിഫ്റ്റ് അന്ത്യവിശ്രമം കൊള്ളുന്നത് ഈ ആരാധനാലയത്തിലാണ്. സന്ദർശകർക്ക് ഇവിടെ പ്രവേശിക്കണമെങ്കിൽ ചെറിയ ഒരു തുക പ്രവേശന ഫീസായി നൽകേണ്ടതുണ്ട്. 

Travel Photo Credit: Annaspeeks/Instagram
Travel Photo Credit: Annaspeeks/Instagram

ഡബ്ലിനിലെ ഒരു പ്രധാന ആകർഷണമാണ് ഗിന്നസ് സ്റ്റോർ ഹൗസ്. യാത്ര അയർലൻഡിലേക്കാണെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരിടം തന്നെയാണിത്. 250 ലധികം വർഷത്തിന്റെ ചരിത്രം പറയാനുണ്ട് ഈ സ്റ്റോർ ഹൗസിന്. ഓരോ വർഷവും ഒരു മില്യണിലധികം ആളുകൾ ഇവിടെ എത്താറുണ്ട്. ബ്രൂവെറിയിലെ ഗ്രാവിറ്റി ബാറിൽ നിന്നും നോക്കിയാൽ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ കാണുവാൻ കഴിയും.

തലസ്ഥാന നഗരിയിലെ മറ്റൊരു പ്രധാനകാഴ്ചയാണ് ഡബ്ലിൻ കോട്ട. പതിമൂന്നാം നൂറ്റാണ്ടിൽ പണിതിരിക്കുന്ന ഈ കോട്ട ആരെയും അതിശയിപ്പിക്കുന്ന ഒരു വാസ്തുവിദ്യാ നിർമിതിയാണ്. രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രഥമ സ്ഥാനമുള്ള ഡബ്ലിൻ കോട്ട കാണാൻ ധാരാളം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

ഒരു ചെറിയ ദ്വീപ് രാഷ്ട്രം ലോകഭൂപടത്തിൽ എങ്ങനെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു എന്നതിന്റെ തെളിവാണ് എപിക് ദി ഐറിഷ് മ്യൂസിയം. 2019 ലെ ലോക ട്രാവൽ പുരസ്‌കാരം സ്വന്തമാക്കിയ ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച ആ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം തുടങ്ങി വ്യത്യസ്തമായ ഇരുപതു തീമുകളിലായി ഒരുക്കിയിരിക്കുന്ന വലിയ പ്രദർശനമാണ്. കാലത്ത് പത്തുമണിക്കാണ് സന്ദർശകർക്കായി മ്യൂസിയം തുറക്കുക വൈകുന്നേരം 5 മണി വരെയാണ് പ്രവേശന സമയം. 

കിൽമെയിൻഹാം മ്യൂസിയം, ദി ലിറ്റിൽ മ്യൂസിയം, ജെയിംസൺ ഡിസ്‌റ്റലറി, ചരിത്ര പുസ്തകങ്ങളുടെ വലിയ ശേഖരമുള്ള ദി ബുക്ക് ഓഫ് കെൽസ് എക്സ്പീരിയൻസ്, ഐറിഷ് വിസ്കി മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് അയർലൻഡ്.

English Summary:

Malayalam actress Anna Rajan's family trip to Ireland showcases the country's stunning beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com