ADVERTISEMENT

ഇഷ്ടവും അനിഷ്ടവും കലർന്ന ഒരു ബന്ധമാണ് എനിക്ക് ടിം ഹോർട്ടൺസ് കോഫി ഷോപ്പുമായുള്ളത്. കഴിഞ്ഞ പത്തു വർഷ കാലയളവിൽ കാനഡയിലെ ഏറ്റവും വിപുലമായ ഈ കാപ്പിക്കട ചങ്ങലയിൽ ഏറെ നേരം ചെലവഴിച്ചിട്ടുണ്ട് (ടൊറന്റോ, കാൽഗരി, വാൻകൂവർ നഗരങ്ങൾ, ചുറ്റുവട്ടം). കാനഡയിലെ ഏറ്റവും വിലകുറഞ്ഞ കാപ്പി കിട്ടുന്ന, അതുകൊണ്ടു തന്നെ ഏറ്റവും തിരക്കുള്ള കട. രുചിയില്ലാത്ത പാനീയം, നരച്ച നിറങ്ങൾ, വിരസമായ സംഗീതം, പലപ്പോഴും സംഗീതത്തിന്റെ അഭാവം. എന്നാൽ ഒരു ലേഖകൻ എന്ന നിലയിൽ മധ്യവർഗ മനുഷ്യരെ നിരീക്ഷിക്കാൻ പറ്റിയ ഇടം. വായിക്കാനും എഴുതാനും സൗകര്യം. ബിസിനസ് മീറ്റപ്പും സാധ്യമാണെങ്കിലും അതിഥികൾ എല്ലാവരും ടിം ഹോർട്ടണിൽ വരാൻ സമ്മതമല്ല. ചുരുക്കി പറഞ്ഞാൽ, കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിച്ച് കുറേ നേരം ഇരിക്കാൻ കഴിയുന്ന ഇടമാണ് ടിം. കുറേയധികം ലേഖനങ്ങൾ ഞാൻ ഇവിടെയിരുന്ന് രചിച്ചിട്ടുണ്ട്. അപ്പോൾ വാട്ടക്കാപ്പി ഒരു കുറവായി തോന്നില്ല, എഴുത്തിൽ മുഴുകുമ്പോൾ കാപ്പി തീർന്നോ എന്നുപോലും അറിയില്ല.

Cappuccino at JJ Bean, Vancouver
Cappuccino at JJ Bean, Vancouver

രസികരായ മനഷ്യരേയും കണ്ടു മുട്ടും. ഒരു ദിവസം, സ്യൂട്ട് ധരിച്ച പഞ്ചാബി വൃദ്ധനുമായി സംസാരിച്ചു. എന്റെ നാട് കേരളമാണെന്നു പറഞ്ഞപ്പോൾ അയാൾക്കു കൗതുകം. മലയാളികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അയാൾക്ക് മതിപ്പാണ്. ഇടത് അനുഭാവിയായ അയാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാവായിരുന്ന ഹർകിഷൻ സിങ് സുർജിത്തിനെ ഓർത്തെടുത്തു. മറ്റൊരു ദിനത്തിൽ പഴയൊരു പരിചയക്കാരനെ കണ്ടു - കോഴിക്കോടുകാരൻ യുവാവ്, ബിജെപി അനുഭാവി. ഈ സറി പട്ടണത്തിൽ ആർഎസ്എസിന്റെ ഒരു ശാഖ പ്രവർത്തിക്കുന്നുണ്ടെന്ന് അയാൾ അഭിമാനത്തോടെ അറിയിച്ചു. ഇവിടെ ഇല്ലാത്തവരായി ആരുമില്ല. ലോകത്തിന്റെ ഒരു പരിഛേദമാണ് കാനഡ. ചൈനയുടെ ചാരന്മാർ ഇവിടെയുണ്ട്. കാനഡയിൽ കുടിയേറിയ ചില ചീനക്കാരെ പൂട്ടാൻ അനധികൃത ചൈനീസ് പൊലീസ് സ്റ്റേഷൻ റിച്ച്മണ്ട് ഏരിയയിൽ പ്രവർത്തിക്കുന്നുണ്ടത്രേ. കടൽ കടന്നു രക്ഷപ്പെടാനും സമ്മതിക്കില്ല! എന്റെ എതിരെയുള്ള ടേബിളിൽ ഇരിക്കുന്നത് സിഐഎ-മൊസാദ് ചാരന്മാരാകാം. ദൗത്യം നിർവഹിക്കാൻ അവർ ഏതറ്റം വരെയും പോകും, ടിം ഹോർട്ടൺസിലെ കാപ്പി വരെ കുടിക്കും.

9-spanish-latte

വല്ലപ്പോഴും ഞാൻ ആഡംബര ഷോപ്പുകളിലും പോകും. ഞാൻ ഒരു കാപ്പിപ്രേമിയും സർവോപരി ഒരു ജീവിതാസ്വാദകനും ആയതിനാൽ പുതിയ രുചികൾ നിരന്തരം തേടാറുണ്ട്. സറി നഗര ചത്വരത്തിനു സമീപമുള്ള സിവിക് സ്റ്റാർ ഹോട്ടലിന്റെ ലോബിയിൽ കയറുമ്പോൾ കാപ്പിയുടെ വശ്യമായ ഗന്ധം സ്വാഗതം ചെയ്യും. വിന്റേജ് നോട്ടീസ് ബോർഡ്, കാപ്പിയുണ്ടാക്കുന്ന ഉപകരണങ്ങൾ, കാപ്പി തയാറാക്കി നൽകുന്ന സുന്ദരികളായ പെൺകുട്ടികൾ - അതെല്ലാം മേൽത്തരം കോഫി ഷോപ്പ് അനുഭവത്തിന്റെ ഭാഗമാകുന്നു. കാപ്പിയുണ്ടാക്കുന്നത് ഒരു കലയാണ്, ബാരിസ്റ്റകൾ കലാകാരന്മാരാണ്. അവർ കാപ്പിമേലെ പാൽപ്പതയിൽ വരച്ച ചിത്രം മനസ്സില്ലാ മനസ്സോടെ ഉലച്ച് പാത്രം ചുണ്ടോടു ചേർത്തു പാനം ചെയ്യുന്നത് ഒരു സൗന്ദര്യാനുഭവം! ചൂടുള്ള പാനീയത്തിന്റെ പ്രതലത്തിൽ കാണുന്ന ചിത്രങ്ങൾക്ക് 'ലാറ്റെ ആർട്ട്' എന്നാണ് പേര്. അവ വരയ്ക്കുന്ന ബാരിസ്റ്റയോട് എനിക്ക് ബഹുമാനം. എസ്പ്രസോ ഉണ്ടാക്കുന്നതും ഒരു കലയാണ്. നന്നായി കുറുകിയ കട്ടൻകാപ്പിയാണ് എസ്പ്രസോ. ഉദ്ഭവം ഇറ്റലിയിൽ. കാപ്പിയുടെ ആധുനിക ഇനങ്ങളുടെ ഉടമസ്ഥത അസൂറികൾ അവകാശപ്പെടുന്നു. എസ്പ്രസോ, ലാറ്റെ, അമേരിക്കാനോ, മോക്ക, കാപ്യുചിനോ. 

അമേരിക്കാനോയ്ക്ക് ഇറ്റലിയിൽ എന്തു കാര്യമെന്നാണ് ചോദ്യമെങ്കിൽ കേട്ടോ - അമേരിക്കയുടെ പേരിന് കാരണക്കാരനായ അമേരിഗൊ വെസ്പുചി അവരുടെ നാട്ടുകാരനാണ്. അമേരിക്ക 'കണ്ടെത്തിയ' ആദ്യത്തെ യൂറോപ്യനല്ല വെസ്പുചി. അയാൾ സ്പെയിനിന്റെ കപ്പൽപ്പടയുടെ നായകൻ പോലുമായിരുന്നില്ല. പുതിയ തീരം തേടി വന്ന കപ്പലിൽ എങ്ങനെയോ കയറിപ്പറ്റി. പിന്നീടുണ്ടായ തെറ്റിദ്ധാരണയിൽ (അതോ പ്രൊപ്പഗാൻഡയോ) അയാളുടെ പേര് അമേരിക്കയിൽ പതിഞ്ഞു. വാഷിങ്ടൻ ഡിസി, ബ്രിട്ടിഷ് കൊളംബിയ, തെക്കെ അമേരിക്കയിലെ കൊളംബിയ എന്നിവിടങ്ങളിൽ തന്റെ പേര് പതിപ്പിച്ച ക്രിസ്റ്റഫർ കൊളംബസിനു പോലും കഴിയാത്ത കാര്യം അമേരിഗൊ വെസ്പുചിക്കു സ്വന്തം. ഇതൊക്കെ കാണാനും കേൾക്കാനും അയാൾക്ക് ആയുസ്സുണ്ടായിരുന്നോ എന്ന് നിശ്ചയമില്ല.

Cappuccino at Trees organic coffee, Surrey city center.
Cappuccino at Trees organic coffee, Surrey city center.

അതു പോട്ടെ. ചെറിയ അളവിൽ കടുപ്പം കൂട്ടിയാണ് ഇറ്റലിക്കാർ കാപ്പി കുടിക്കുക. ബിയർ പോലെ വെട്ടുഗ്ലാസിൽ കാപ്പി ചെലുത്തുന്ന അമേരിക്കക്കാരോട് പഴയ റോമാക്കാർക്ക് മതിപ്പില്ല. എസ്പ്രസോ എന്നല്ല, മറ്റേതൊരു പാനീയവും ആഹാരവും തയ്യാർ ചെയ്യുന്നത് ഒരു കലയാണ്, അത് അതിഥിക്കു മുന്നിൽ അവതരിപ്പിക്കുന്നതും കലയാണ്. പാത്രത്തിൽ വിഭവം അലങ്കരിച്ചു വച്ചിരിക്കുന്ന കണ്ടാൽ പെയിന്റിങ്ങ് പോലെ തോന്നണം. വിശപ്പടക്കാൻ മാത്രമല്ല ഭക്ഷണം; അതിന്റെ കാഴ്ചയും ഗന്ധവും പ്രധാനം. പ്രീമിയം കോഫിയുടെ വിലയിൽ പരിസരവും സംഗീതവും ദൃശ്യവും ഗന്ധവും അവ ഉണർത്തുന്ന സവിശേഷമായ വികാരങ്ങളും ഉൾപ്പെടുന്നു.

Latte at a local coffee shop in Kelowna, British Columbia.
Latte at a local coffee shop in Kelowna, British Columbia.

അതിരിക്കട്ടെ, എന്താണ് ലാറ്റെ ആർട്ട്? ആദ്യം ലാറ്റെ എന്താണെന്ന് നോക്കാം. എക്സ്പ്രസോ + ക്രീം + മിൽക്ക്. പാലിൽ നീരാവി കയറ്റി ക്രീം ചേർത്ത് ഉണ്ടാക്കുന്ന മൈക്രോഫോം കടും കട്ടൻ കാപ്പിയുടെ മീതെ വിദഗ്ദമായി ഒഴിച്ചാണ് ചിത്രപ്പണി ഒപ്പിക്കുന്നത്. തിളപ്പിച്ച പാലിന്റെ മീതെ ബ്ര്യൂ ചെയ്ത കോഫി ഒഴിച്ചാൽ കാര്യമില്ല. വെറുതെയല്ല ഫിൽറ്റർ കോഫി ഉണ്ടാക്കുന്ന എനിക്ക് കാപ്പിയിലെ ചിത്രരചന വഴങ്ങാത്തത്. സാദാ പാൽ പോര, സ്റ്റീം ചെയ്തു പഞ്ചസാര വിഘടിച്ചതാകണം. കപ്പിലെ കാപ്പിയിലേക്ക് മറ്റൊരു ജഗ്ഗിൽ നിന്ന് പാൽ പകരണം. ജഗ്ഗിന്റെ അറ്റം കൂർത്തതാകണം. കപ്പിൽ നിന്നുള്ള അകലം കൂടാനോ കുറയാനോ പാടില്ല. ഒഴിക്കുന്നത് വേഗത്തിലാകണം, കരം സൂക്ഷ്മതയോടെ ചലിക്കണം. പറയുന്ന കേട്ടാൽ കഠിനമെന്ന് തോന്നാം. പക്ഷേ ബാരിസ്റ്റ ചെയ്യുന്നതു കണ്ടാൽ എത്ര എളുപ്പം! എന്തും പരിശീലനത്തിലൂടെ വഴങ്ങും. കൗതുകമുള്ളവർ മാത്രം കലയുടെ ഉള്ളുകള്ളികൾ തേടിയാൽ മതി. അല്ലാത്ത പക്ഷം, ചോദ്യങ്ങളില്ലാതെ ആ നിമിഷത്തിന്റെ മാന്ത്രികത നുകരുക. കപ്പ് കയ്യിൽ കിട്ടുമ്പോൾ കാപ്പിയുണ്ടാക്കിയ പെൺകുട്ടിയോട് പറയുക (Hey, that's a great piece of art. Much appreciated!)

Hot chocolate at Civic hotel, Surrey.
Hot chocolate at Civic hotel, Surrey.

അഞ്ചു ഡോളർ വിലയുള്ള കാപ്പിപ്രിയം!

കപ്യുചിനോ, ലാറ്റെ, എക്സ്പ്രസോ, ഫ്രപ്യുചിനോ തുടങ്ങി വിവിധ തരം കാപ്പിയുണ്ട് (ചൂടുള്ളതും തണുത്തതും). ചായപ്രേമികളായ ജപ്പാൻകാർ അമേരിക്കയിൽ വന്നപ്പോൾ ആ നാടിന്റെ അഞ്ചു ഡോളർ വിലയുള്ള കാപ്പിപ്രിയത്തിൽ അദ്ഭുതപ്പെട്ടു. വീട്ടിൽ ഇതിലും കുറഞ്ഞ നിരക്കിൽ ചെയ്യാമല്ലോ? പക്ഷേ നമ്മൾ പുറത്തു പോയി ആഹാരം കഴിക്കുന്നത് വിശപ്പടക്കാൻ മാത്രമല്ല, വ്യത്യസ്തതയ്ക്കു വേണ്ടിയുമാണ്. ആഹാരത്തിനും പാനീയത്തിനും മാത്രമല്ല, അനുഭവത്തിനും കൂടിയാണ് നമ്മൾ പണം നൽകുന്നത്. മാത്രമല്ല, നല്ല ഭക്ഷണശാലയും കോഫി ഷോപ്പും സ്ഥിതി ചെയ്യുന്ന വിലപിടിച്ച ഇടം, അവയുടെ ഇന്റീരിയർ, ഫർണിച്ചർ, സംഗീതം, മികച്ച പരിശീലനം ലഭിച്ച ജോലിക്കാർ - അവയെല്ലാം ചേരുന്നതാണ് ആഹാരത്തിന്റെ യഥാർഥ വില. വിരുന്നു വരുന്ന ആളുകൾക്കും പ്രത്യേകതയുണ്ട്, അവരുടെ നിലവാരം വ്യത്യസ്തമാണ്. അവരുമായി ഉണ്ടാക്കാവുന്ന സൗഹൃദ, സ്നേഹം, ഔദ്യോഗിക, കച്ചവട ബന്ധങ്ങളും പരിഗണിക്കണം. ആ അന്തരീക്ഷം ആസ്വാദകനിൽ ഉണർത്തുന്ന ആശയങ്ങൾ, നൽകുന്ന പ്രചോദനം. അവിടെ ഇരിക്കുമ്പോൾ നമുക്ക് സ്വയം മതിപ്പ് തോന്നും, ആ ഇടം നമ്മുടെ സാധ്യതകളെ ഉണർത്തും.

Pumpkin spice latte at Waves coffee, Burnaby.
Pumpkin spice latte at Waves coffee, Burnaby.

മറ്റൊരു ദിവസം, സിറ്റി ലൈബ്രറിയുടെ എതിർവശത്തുള്ള ട്രീസ് കോഫി ഷോപ്പ്. മറ്റൊരു പോഷ് കട. ഇവിടെ കാപ്പി മാത്രമല്ല, ചീസ് കേക്കുമുണ്ട് (Voted best cheesecake in Vancouver!). നഗരത്തിലെ ഏറ്റവും മികച്ച ചീസ് കേക്ക് ഇതാണെന്ന് ജനങ്ങൾ തീരുമാനിച്ചുവത്രേ. ആരാണ് വോട്ടെടുപ്പ് നടത്തിയത്? അതിന്റെ വിശദാംശങ്ങൾ എവിടെ? എക്സിറ്റ് പോൾ സർവ്വേ പോലെ വല്ലതുമാണോ? ചീസ് കേക്ക് വാങ്ങാൻ വരുന്നവർ അങ്ങനെ ചോദിക്കാൻ സാധ്യതയില്ല. പക്ഷേ ആ വാചകം ആകർഷണീയം തന്നെ. നല്ലൊരു പരസ്യവാചകം. ഒരു നിമിഷമെങ്കിലും അത് നേരാണെന്ന് വിശ്വസിച്ച് ചിലർ അകത്തു കയറും യുക്തി ഉണർന്നു വരും മുൻപ് കച്ചവടം നടന്നിട്ടുണ്ടാകും. ഈ ചീസ് കേക്ക് മോശമല്ല; എങ്കിലും കാപ്പിയാണ് എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നത്. ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി പുഞ്ചിരിയോടെ സെറാമിക് കപ്പിൽ മനോഹരമായ കാപ്യുചിനോ തയ്യാറാക്കി നൽകി. രാം ദാസിന്റെ പ്രശസ്തമായ പുസ്തകം മറിച്ചു നോക്കി ഞാൻ അവിടെ ഇരുന്നു (Be here now, 1971). ഉല്ലാസകരമായ പാശ്ചാത്യ സംഗീതം. കോഫി ആസ്വദിക്കുമ്പോൾ ചുറ്റിനും കണ്ണോടിച്ചു, പഠനവും പ്രവൃത്തിയുമായി ഇരിപ്പിടങ്ങളിൽ നിറയെ യുവതീ യുവാക്കൾ.

Vanilla latte at Blenz coffee, New Westminster.
Vanilla latte at Blenz coffee, New Westminster.

അറബിക്ക, റോബസ്റ്റ - അവയെന്ത്?

വിവിധ കോഫി ഇനങ്ങളിൽ മുന്തിയ രണ്ടെണ്ണം. അറബിക്ക കാപ്പി ഉയരം കൂടിയ ഇടങ്ങളിൽ ധാരാളം സൂര്യപ്രകാശം ലഭിച്ചു വളരും. മേൽത്തരം കാപ്പിക്കുരു പൊടിക്കുമ്പോൾ സുഗന്ധപൂർണം, നാവിൽ മൃദുലം. അൽപം അമ്ലതയും മധുരവുമുണ്ട്. ലഹരി വസ്തുവായ കഫീന്റെ അളവ് കുറവ്. റോബസ്റ്റ പേരു പോലെ സ്ട്രോങ്ങ്; കടുപ്പത്തിൽ ഒരു പിടി പിടിക്കാം. ഇത്തിരി രൂക്ഷമായ ഗന്ധം, ഒരൽപം കയ്പ്. കൂടിയ അളവിലുള്ള കഫീൻ നല്ല കിക്ക് നൽകും. ഈ കാപ്പിച്ചെടികൾ വളരുന്നത് ഉയരം കുറഞ്ഞ ഭൂമേഖലയിൽ. വീഞ്ഞു പോലെ കാപ്പിയും 'ടെർവാ ഡ്രിവൻ' ആകുന്നു. മണ്ണ്, വെള്ളം, വെളിച്ചം, തണുപ്പ്, തണൽ - ഇതെല്ലാം കാപ്പിയെ സ്വാധീനിക്കും. കാപ്പി ഒരു ട്രോപ്പിക്കൽ വിളയാണ്. ഭൂമധ്യരേഖയ്ക്ക് ഇരുവശവുമുള്ള ഗ്രീൻ ബെൽറ്റിലാണ് പ്രധാന കോഫി മേഖലകൾ സ്ഥിതി ചെയ്യുന്നത് (കോസ്റ്ററിക്ക, കൊളംബിയ, എത്യോപ്യ, കെനിയ, ഇന്തൊനീഷ്യ). മെക്സിക്കോയിൽ ചിലയിടത്ത് ഒന്നാം തരം വിള ലഭ്യം. കയറ്റുമതിയിൽ മുൻനിരയിലുള്ള രാജ്യമാണ് ബ്രസീൽ. പക്ഷേ അത് മുന്തിയ ഇനം കാപ്പിമേഖലയായി പരിഗണിക്കുന്നില്ല. സൂപ്പർ മാർക്കറ്റിലെ താരതമ്യേന വില കുറഞ്ഞ മാസ് മാർക്കറ്റ് കോഫി അവിടെ നിന്നു വരുന്നതാകാം.

Cappuccino at JJ Bean, Commercial Broadway.
Cappuccino at JJ Bean, Commercial Broadway.

ബ്രാൻഡുകൾ പലതുണ്ട്, അതിൽ പലതും സ്റ്റാർബക്സിനേക്കാൾ മികച്ചത്. പക്ഷേ കാപ്പിപാനം ഉദാത്തമായ ഒരു അനുഭവമായി മാറ്റിയത് അവരുടെ മിടുക്ക്. അവരുടെ കടകളിലെ ഗന്ധം, നിറം, സംഗീതം, ഇരിപ്പിടം, രൂപകൽപന എല്ലാം ആ വിധത്തിലാണ്. അതിഥികളിൽ ചിലരുടെ തൊഴിലിടമാണ് സ്റ്റാർബക്സ്. ഇടതടവില്ലാതെ കാപ്പി കുടിച്ച്

ലാപ്ടോപ് തുറന്നു വച്ച് ദിവസം മുഴുവൻ അവർ അവിടെയുണ്ട്. പണ്ടു പണ്ട് ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നും കടൽ കടന്ന കാപ്പി അറേബ്യയിലും യമനിലുമെത്തി. കാപ്പിക്കട ഒരു സാംസ്കാരിക വിനിമയകേന്ദ്രമായി മാറിയത് അവിടെയാണ്. അത്തരം കാപ്പിക്കുരുവിന് അറബിക്ക എന്നു പേരു വരാൻ കാരണവും അതുതന്നെ. കാപ്പി യാത്ര തുടർന്ന് ഇസ്താംബുളിലും ഇറ്റലിയിലും വന്നു ചേർന്നു. പിന്നീട് പടിഞ്ഞാറൻ യൂറോപ്പിൽ വ്യാപിച്ചു, കടൽ കടന്ന് അമേരിക്കയിലുമെത്തി. കാപ്പിയുണ്ടാക്കുന്നത് ഒരു കലയാക്കി മാറ്റിയത് ഇറ്റലിക്കാരത്രേ. അവിടത്തെ കോഫി ഷോപ്പുകൾ സന്ദർശിച്ച സ്റ്റാർബക്സിന്റെ സ്ഥാപകൻ ഹൊവാർഡ് ഷുൾസ് അവ തന്റെ മാതൃകയാക്കി. ഇറ്റലിയുടെ രുചിയോളം വരില്ല എങ്കിലും അതിന്റെ ഗുണം പകർന്നു കിട്ടിയ സ്റ്റാർബക്സ് വൻവിജയമായി.

കോഫി ബ്ര്യൂവിംഗ്

ഗുണമേന്മയും വിലയും കൂടിയ കാപ്പിയാണ് ഞാൻ വീട്ടിലേക്കായി വാങ്ങുന്നത്. ഇവിടെ ഞാൻ മാത്രമാണ് കാപ്പിപ്രേമി. സ്റ്റാർബക്സിലെ പഴയ ബാരിസ്റ്റയായ ഭാര്യ പഠിപ്പിച്ച മാന്യുവൽ കോഫി മെയ്ക്കിങ് രീതിയാണ് ഞാൻ പിന്തുടരുക. ദിനാരംഭത്തിൽ ആദ്യം ചെയ്യുന്ന പ്രവൃത്തിയാണ് കോഫി ബ്ര്യൂവിംഗ്. ഓരോ നിമിഷത്തിലും മുഴുകി ബോധപൂർവം ചെയ്യുന്ന ഒരു ചടങ്ങ്. അതെനിക്കു ധ്യാനമാണ്. കാഴ്ചയുടെ, ഗന്ധത്തിന്റെ, ശബ്ദത്തിന്റെ, സ്വാദിന്റെ മേളം. ഫിൽറ്ററിലൂടെ പാത്രത്തിൽ ഇറ്റിറ്റു വീഴുന്ന ഊറിയ കാപ്പി വായുവിൽ പടരുന്ന ഗന്ധം. പാൽ പതപ്പിക്കുന്ന ശബ്ദം. രണ്ടും കൂട്ടിക്കലർത്തിയ ശേഷം, പൂർണമായും അതിൽ മുഴുകി നുകരും. അപ്പോൾ പരിസരത്തും അകലെയുമുള്ള ശബ്ദം ശ്രദ്ധിക്കും. ക്ലോക്കിന്റെ സെക്കൻഡ് സൂചി. ഫ്രിജിന്റെ മൂളൽ. പുറത്ത് ഒരു കിളി ചിലയ്ക്കുന്നു. കാറ്റിൽ ഇലകൾ ഉലയുന്നു. അകലെ റോഡിൽ വാഹനങ്ങൾ ഇരമ്പുന്നു. ഞാൻ കാപ്പിയിലേക്ക് മടങ്ങി വരും. കോപ്പ കാതോട് ചേർത്താൽ കുഞ്ഞുകുമിളകൾ പൊട്ടുന്ന, ഇമ്പമുള്ള ശബ്ദം. ഇടവക പെരുന്നാളിന് ഓലപ്പടക്കം പൊട്ടുന്ന പോലെ ചായക്കോപ്പയ്ക്കുള്ളിലെ വെടിക്കെട്ട്. രാവിലത്തെ കാപ്പികുടി എന്നെ ആ നിമിഷത്തിൽ, ആ ദിവസത്തിൽ ഉറപ്പിച്ചു നിർത്തും. എന്റെ കേന്ദ്രം കണ്ടെത്താൻ അതെന്നെ സഹായിക്കും.

എത്തിക്കൽ കോഫി, കാപ്പിയിലെ ധാർമികത...അതെന്ത്?

ഉൽപന്നങ്ങൾ ചൂഷണ വിമുക്തമാകണമെന്നു ചിന്തിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്ന കാലം. വികസ്വര-ദരിദ്ര രാജ്യങ്ങളിലെ കാപ്പി ഇറക്കുമതി ചെയ്തു വറത്തു പൊടിച്ചു വില കൂടിയ ബ്രാൻഡ് ആക്കി മാറ്റി വൻലാഭം കൊയ്യുന്നത് വികസിത രാജ്യങ്ങളിലെ ധനികരാണ്. കാപ്പി ഉൽപാദിപ്പിക്കുന്ന തദ്ദേശ ജനത വലിയ ചൂഷണത്തിന് വിധേയമായിരുന്നു, അടുത്ത കാലം വരെ. ഇപ്പോൾ ആ സ്ഥിതിക്ക് മാറ്റം വരുന്നു. തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ചോര പുരളുന്നില്ലെന്ന് മനുഷ്യർ ഉറപ്പു വരുത്താൻ തുടങ്ങുന്നു. അങ്ങനെ വരുമ്പോൾ തങ്ങൾ മാന്യമായ രീതിയിലാണ് ഉൽപാദനം നടത്തുന്നതെന്ന് കമ്പനികൾ ബോധ്യപ്പെടുത്തണം. ചിലർ ഇതൊരു വിപണന തന്ത്രമായും കാണും. എന്നിരുന്നാലും ദരിദ്ര രാജ്യത്തെ കാപ്പി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടാൻ അതും കാരണമായി. ഒട്ടേറെ ചെറുകിട യുവസംരഭകർ ഈ മേഖലയിൽ വന്നു. ഉൽപാദക ദേശവുമായി ഉറച്ച ബന്ധമുള്ള അവർ വിതരണം ചെയ്യുന്ന മേൽത്തരം കാപ്പി വലിയ വില കൊടുത്തു വാങ്ങാൻ ജനം തയ്യാറായി. പീറ്റ് പൂവണ്ണ അവരിൽ ഒരാളാണ്. വാൻകൂവറിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയർ, സംരംഭകൻ. കഴിഞ്ഞ വർഷം ഒരു ക്ലീൻ എനർജി സെമിനാറിൽ ഞാൻ അയാളെ കണ്ടു മുട്ടി. വിഡിയോ പ്രസന്റേഷൻ കണ്ടപ്പോൾ അത് പരിചയമുള്ള ഒരിടമായി തോന്നി. സ്വന്തം മണ്ണിനെ ഉടൻ തിരിച്ചറിയാനാകും. കർണാടകയിലെ കുടക് സ്വദേശിയായ അയാൾ കുടുംബ സ്വത്തായി ലഭിച്ച ഏക്കറുകണക്കിനു തോട്ടത്തിൽ കാപ്പി കൃഷി ചെയ്യുന്നു. പക്ഷേ അവിടെ കാപ്പി മാത്രമല്ല. എല്ലാത്തരം സസ്യജാലങ്ങളുമുള്ള ഒരു വനപ്രദേശം. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശത്ത് വൃക്ഷത്തലപ്പിനു കീഴിലെ തണലിൽ കാപ്പി വളരുന്നു. മരങ്ങളും ചെടികളും കാട്ടുപൂക്കളും മാത്രമല്ല; മൃഗങ്ങൾ മേയുന്ന, പക്ഷികൾ ചിലയ്ക്കുന്ന കാനനം. ആനയും കടുവയും മൂർഖൻ പാമ്പും കാട്ടുപന്നിയും അണ്ണാനും മുയലും മയിലും ചേരുന്ന ജൈവ വൈവിധ്യം. തോട്ടത്തിൽ തൊഴിലെടുക്കുന്ന ആദിവാസികളുടെ കാവുകളും ആരാധന മൂർത്തികളും കാട്ടിലുണ്ട്. അവരുടെ ക്ഷേമത്തിനും പുതിയ തലമുറയുടെ വിദ്യാഭ്യാസത്തിനുമുളള പ്രവർത്തനങ്ങൾ ഭൂവുടമയായ പീറ്റിന്റെ കാപ്പികമ്പനിയുടെ കടമയാണ്. ആദിവാസികളുടെ കരകൗശലം പ്രോത്സാഹിപ്പിച്ച് അതവർക്ക് മറ്റൊരു വരുമാന മാർഗമായി മാറ്റിയിട്ടുമുണ്ട്.

കുടകിൽ ഉണക്കിയ കാപ്പിക്കുരു വാൻകൂവറിൽ കൊണ്ടു വരുന്നു. ഇവിടെ വറുത്തു പൊടിക്കുന്നു. ഫോറസ്റ്റ് ബീൻ എന്ന ബ്രാൻഡിൽ മാതംഗ, നാരി, മയൂര എന്നീ പേരുകളിൽ, വ്യത്യസ്തമായ അളവിൽ വിപണനം. പാക്കേജിങ് കണ്ടാൽ മൗഗ്ലിയും ബഗീരനും കൂട്ടരും വിഹരിക്കുന്ന ജംഗിൾ ബുക്കിന്റെ പുറംചട്ട പോലെ. വില കൂടിയ മേൽത്തരം കാപ്പിയാണിത്. ഇന്ത്യയുടെ ചായ ഇതിനകം ലോകവിപണിയിൽ സൽപ്പേര് നേടിയിട്ടുണ്ട്, പക്ഷേ കാപ്പി ഇനിയും വളരണം. അതിനുള്ള ശ്രമമാണ് ഈ യുവസംരംഭകൻ നടത്തുന്നത്. ഉദ്യമം വിജയിച്ചാൽ വടക്കേ അമേരിക്കയിലെ ആസ്വാദകർ 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്ന് കേൾവി കേട്ട കുടകിനെ തേടി വരാൻ സാധ്യത. അങ്ങനെ കോഫി ടൂറിസം വളരും. 

ഒരു ദിവസം ഞാൻ ഡൗൺടൗണിൽ പോയി കുടകിൽ വിളഞ്ഞ ഫോറസ്റ്റ് ബീൻ വാങ്ങി വീട്ടിൽ കൊണ്ടു വന്നു കാപ്പിയുണ്ടാക്കി. സംഗതി കൊള്ളാം. പുതിയ രുചികളും അനുഭവങ്ങളും തേടി വിരസതയില്ലാതെ ഈ യാത്ര തുടരും.

English Summary:

The Art of Latte: Exploring Coffee Culture and Ethical Practices in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com