ADVERTISEMENT

കഠിനാധ്വാനത്തിലൂടെ മണ്ണിൽ വിസ്മയങ്ങൾ വിരിയിച്ചിട്ടുള്ള ദുബായ്, സന്ദർശകർക്ക് എക്കാലവും വിസ്മയ കാഴ്ച തന്നെയാണ്. മണലാരണ്യത്തിനു നടുവിലെ അദ്ഭുത കാഴ്ചകൾ തേടിയുള്ള യാത്രയിലാണ് മലയാളത്തിന്റെ സ്വന്തം സുരഭി ലക്ഷ്മി. ''അങ്ങ് ദുഫായിൽ'' എന്ന ക്യാപ്ഷനോടെ ആ നഗരത്തിന്റെ വിവിധങ്ങളായ കാഴ്ചകൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബുർജ് ഖലീഫ പോലുള്ള വാസ്തു വിസ്മയങ്ങളും നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മണലാരണ്യവും ബാപ്സ് ഹിന്ദു മന്ദിറുമെല്ലാം ഉൾപ്പെടുന്നതാണ് സുരഭിയുടെ യാത്ര. കൂടെ നൈല ഉഷയും മറ്റ് സുഹൃത്തുക്കളുമുണ്ട്.

ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram
ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ, ലോകത്തിലെ സെവൻ സ്റ്റാർ ഹോട്ടൽ, ഗ്ലോബൽ വില്ലേജ്, ഗാർഡൻ ഗ്ലോ, പകലും രാത്രിയിലും ഒരുപോലെ സന്ദർശിക്കാവുന്ന ബീച്ചുകൾ, പാർക്കുകൾ, വ്യാപാര സമുച്ചയങ്ങൾ അങ്ങനെ മനുഷ്യനാൽ നിർമിക്കാൻ കഴിയുന്നതെല്ലാം, അതിന്റെ സൗന്ദര്യത്തികവിൽ... ഈ രാജ്യം സന്ദർശകർക്കു മുന്നിൽ സമ്മാനിക്കുന്നു. ജന്മനാ ലഭിച്ചതല്ല, അത്യധ്വാനത്തിലൂടെ നിർമിച്ചെടുത്തതാണിതെല്ലാം. മികച്ച യാത്രാ സൗകര്യങ്ങൾ, ഏതു പാതിരാവിലും തോന്നുന്ന സുരക്ഷിത ബോധം, ഏറ്റവും മികച്ച ഭക്ഷണം, താമസിക്കാൻ ഇഷ്ടം പോലെ ഹോട്ടലുകൾ, ഏതു രാത്രിയിലും വിളിപ്പുറത്തെത്തുന്ന ടാക്സികൾ. ഒരു സഞ്ചാരിക്ക് ടെൻഷൻ ഫ്രീയായി ദുബായുടെ സൗന്ദര്യം ആസ്വദിക്കാം.

ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram
ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram

ഓരോ തവണ സന്ദർശിക്കുമ്പോഴും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ ഈ നഗരത്തിലുണ്ടാകുമെന്നതാണ് ദുബായിലെത്തുന്ന ഏതൊരു സഞ്ചാരിയും പറയുന്നത്. അത്രയേറെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ആ നഗരം തന്നിലേക്ക് എത്തുന്ന അതിഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽ സീഫ്. പാരമ്പര്യവും പൈതൃകവും ആധുനികതയോട് ഒന്നുചേർന്നിരിക്കുന്ന കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷ്യം വഹിക്കാം. നഗരത്തിന്റെ ഭൂതകാലവും ഭാവിയും പ്രകടമാക്കുന്നതാണ് ഇവിടുത്തെ നിർമിതികളിലേറെയും.

ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram
ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram

2017 ലാണ് അൽ സീഫിനു ദുബായ് ക്രീക്കിൽ ആരംഭമായത്. 1.8 കിലോമീറ്റർ നീളുന്ന ഉൾക്കടൽത്തീരത്തോടു ചേർന്നു രണ്ടു ഭാഗങ്ങളായാണിത് സ്ഥിതി ചെയ്യുന്നത്. ഇതിലെ ഒരു ഭാഗം പഴമയുടെ മേലങ്കിയണിഞ്ഞു നിൽക്കുന്ന നിർമിതികൾ കൊണ്ട് സമ്പന്നമായ ഹെറിറ്റേജ് ഏരിയ ആണ്. സമകാലീന നിർമിതികളാണ് രണ്ടാമത്തെ ഭാഗത്തു കാണുവാൻ കഴിയുക. നടന്നു കാണുവാൻ നിരവധി കാഴ്ചകളുണ്ട് എന്നതുകൊണ്ടുതന്നെ ആ നഗരസൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചെറുനടത്തത്തിനു ഇറങ്ങാം. ധാരാളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം പല നാടുകളിൽ നിന്നുമുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനായി നിരവധി റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഇവിടെ കാണുവാൻ കഴിയും. അതിഥികൾക്കു താമസത്തിനായി ഹോട്ടലുകളും ഷോപ്പിങ് പ്രിയർക്കായി ഷോപ്പിങ് ഏരിയയുമുണ്ട്.

ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram
ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram

അബുദാബിയിലെ മൂന്നാമത്തെ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ (ബിഎപിഎസ്) കീഴിലാണ് ക്ഷേത്രം. മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാമന്ദിരമായ ഈ ക്ഷേത്രം അക്ഷർധാമിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിനു തറക്കല്ലിട്ടത്. അഞ്ചു വർഷത്തിനു ശേഷമാണ് പണിപൂർത്തീകരിച്ചു വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. വ്യത്യസ്തമായ നിരവധി കാഴ്ചകളാണ് ക്ഷേത്രം സന്ദർശകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. സന്ദർശക കേന്ദ്രവും പ്രാർഥനാ മുറികളും കൂടാതെ പ്രദർശനങ്ങൾ, പഠന - കായിക പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ, പൂന്തോട്ടങ്ങൾ, വിശാലമായ പാർക്കിങ്, ഫുഡ് കോർട്ട്, പുസ്തകശാല, സമ്മാനങ്ങൾ വാങ്ങാനുള്ള കടകൾ തുടങ്ങിയവയുമുണ്ട്. സ്വാമി നാരായണ്‍ അക്ഷര്‍-പുരുഷോത്തം, രാധയും കൃഷ്ണനും, സീതയും രാമനും, ശിവനും പാര്‍വതിയും, ലക്ഷ്മണന്‍, ഹനുമാന്‍, ഗണപതി, കാര്‍ത്തികേയന്‍, പദ്മാവതി-വെങ്കിടേശ്വരന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ എന്നിവരാണ് ക്ഷേത്രത്തിലെ മൂർത്തികൾ.

ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram
ദുബായ് യാത്രയിൽ സുരഭി ലക്ഷ്മി. Image Credit:surabhi_lakshmi/instagram

ദുബായിലെ കാഴ്ചകൾ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് ഈ മണൽക്കാട്ടിലാണെന്നത് അവിശ്വസനീയമായ കാര്യമാണ്. ദുബായിലെ മിറാക്കിൾ ഗാർഡൻ കാഴ്ചക്കാർക്ക് ശരിക്കുമൊരു മിറാക്കിളാണ്. 450 ലധികം ചെടികൾ പല വർണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വേനലിന്റ കടുത്ത ചൂടിൽ പൂന്തോട്ടത്തിന് വിശ്രമകാലമാണ്. അല്ലാത്ത സമയങ്ങളിൽ ദുബായിൽ പൂക്കളുടെ വസന്തകാലം തീർക്കും ഈ അദ്ഭുത ഉദ്യാനം.

ലോകത്തിലെ അത്യാകർഷകമായ പൂന്തോട്ടം മാത്രമല്ല ഏറ്റവും ഉയരമേറിയ ബുർജ് ഖലീഫയെന്ന വാസ്തു വിസ്മയവും ദുബായിൽ തന്നെയാണ്. 160 നിലകളുള്ള ഈ കെട്ടിടം 2010 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. ഹോട്ടലുകളും സ്വകാര്യ വസതികളും ഭക്ഷണശാലയുമെല്ലാം നിറഞ്ഞ ഒരു അദ്ഭുതലോകമാണ് ബുർജ് ഖലീഫ. ഈ അംബരചുംബിക്കു മുൻപിൽ നിന്നും ചിത്രങ്ങൾ പകർത്താത്തവരും ഇവിടം സന്ദർശിച്ചില്ലെങ്കിൽ യാത്ര പൂർണമാകില്ലെന്നു വിശ്വസിക്കുന്നവരുമാണ് ഈ നഗരത്തിലെത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും.

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ സന്ദർശകർക്ക് ഒരു കൗതുക കാഴ്ചയാണ്. മണൽക്കാറ്റിന്റെ തീവ്രത മുഷിപ്പിക്കുമെങ്കിലും മരുഭൂമിയിലേക്കുള്ള യാത്രകൾ രസകരമാണ്. ഈ മണൽക്കാടുകൾക്കു നടുവിൽ അൽകുദ്രയെന്ന് പേരുള്ള ഒരു ശുദ്ധജലതടാകമുണ്ട്. ദേശാടന പക്ഷികൾക്ക് ഏറെ പ്രിയമുള്ളൊരിടമാണിത്. നിറയെ ഉരഗങ്ങളും സസ്തനികളും നിറഞ്ഞ മരുഭൂമിയിൽ നിരവധി സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് മണലിനു നടുവിൽ മനുഷ്യൻ പുതുനാമ്പുകൾ വിരിയിച്ചു കൊണ്ടിരിക്കുന്ന കാഴ്ച അവിശ്വസനീയം തന്നെയാണ്.. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വയിനം പക്ഷികളെയും ഇവിടെ കാണാം.

മരുഭൂമികളിലെ രാത്രികളുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാൻസിന്റെ താളത്തിലൊരു പുത്തനുണർവ്വ് പകരാനും എപ്പോഴും തയാറാണ് ദുബായ്. സാഹസികതയിഷ്ടപ്പെടുന്നവർക്ക് മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല.  

English Summary:

Surabhi Lakshmi's Dubai Diaries: Exploring the Desert's Wonders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com