ADVERTISEMENT

തനിച്ചുള്ള യാത്രകൾ ഭൂരിപക്ഷം പേർക്കും തന്നിലേക്ക് തന്നെയുള്ള തിരിച്ചു നടത്തമാണ്. വായനയ്ക്കും പുതുരുചികളറിയാനും അതിനെല്ലാമപ്പുറം താൽപര്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങളിലൂടെ സഞ്ചരിക്കാനുമുള്ളതാണ് ഓരോ യാത്രകളും. അത്തരമൊരു യാത്രയിലാണ് ബോളിവുഡ് സുന്ദരി മൗനി റോയ്. സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് അവധിക്കാലം ചെലവഴിക്കുന്നതിനായി ബോളിവുഡ് താരം  എത്തിയിരിക്കുന്നത്. നഗര കാഴ്ചകളും രുചികരമായ വിഭവങ്ങളും പുസ്തകങ്ങളും സുഹൃത്തുക്കളും എന്നുവേണ്ട യാത്രയെ രസകരമാക്കുന്ന എല്ലാ ചേരുവകളും നിറച്ചാണ് മൗനി റോയ് തന്റെ അവധി ആഘോഷമാക്കുന്നത്. 

സഞ്ചാരികൾ ധാരാളമെത്തുന്ന നഗരങ്ങളിൽ ലണ്ടന് പിന്നിൽ രണ്ടാം സ്ഥാനത്താണ് എഡിൻബറോയുടെ  സ്ഥാനം. 1.3 കോടി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഈ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി എത്തുന്നത്. ഇവിടുത്തെ എഡിന്‍ബറോ ഫെസ്റ്റിവൽ വളരെ പ്രസിദ്ധമാണ്. എഡിൻബറോ ഫ്രിഞ്ച്, ദ എഡിൻബറോ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിൻബറോ മിലിറ്ററി റ്റാറ്റൂ, എഡിൻബറോ രാജ്യാന്തര ചലച്ചിത്രമേള , എഡിൻബറോ രാജ്യാന്തര പുസ്തകമേള എന്നീ പരിപാടികള്‍ ഒരുമിച്ചു ചേര്‍ത്തു നടത്തുന്ന ഈ ആഘോഷവേള നഗരത്തിലെ ഏറ്റവും തിരക്കേറിയ സമയമാണ്.

mouni-roy-trip-1
Mouni Roy , Image Credit : imouniroy / Instagram

നവോത്ഥാനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. "വടക്കിന്റെ ഏഥൻസ്" എന്നൊരു വിളിപ്പേരും ഈ നഗരത്തിനു അതുകൊണ്ടു ലഭിച്ചിട്ടുണ്ട്. എഡിൻബറോയിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകൾ 1995 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. 

എഡിൻബറോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡിന്‍റെ ഭാഗമാണ് സ്കോട്ടിഷ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്. 1900 മുതൽ ഇന്നുവരെയുള്ളവയും സമകാലീനവുമായ കലകളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്. 6000- ലധികം പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഇൻസ്റ്റാളേഷനുകൾ, വീഡിയോ വർക്ക്, പ്രിന്റുകൾ, ഡ്രോയിംഗുകൾ എന്നിവ ഇവിടെ കാണാം. ഇടയ്ക്കിടെ പ്രദര്‍ശനങ്ങളും നടത്താറുള്ള ഗാലറിയിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് തികച്ചും സൗജന്യമായി പ്രവേശിക്കാം.

mouni-roy-trip-2
Mouni Roy , Image Credit : imouniroy / Instagram

സ്കോട്ട്ലൻഡിന്‍റെ രാജകീയ ചരിത്രത്തിലെ രണ്ട് പ്രധാന സ്ഥലങ്ങൾക്കിടയിലാണ് റോയൽ മൈൽ സ്ഥിതിചെയ്യുന്നത്; എഡിൻബറോ കാസിൽ, ഹോളിറൂഡ് പാലസ് എന്നിവയ്ക്കിടയില്‍. ഏകദേശം രണ്ടു കിലോമീറ്റര്‍ നീളുന്ന പാതയാണിത്. ഓൾഡ് ടൗണിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്ട്രീറ്റാണ് റോയൽ മൈൽ. ഏകദേശം 1.81 കിലോമീറ്റർ നീളമുള്ള റോയൽ മൈൽ ആറ് മേഖലകളായി തിരിച്ചിരിക്കുന്നു. ഓരോന്നും മറ്റൊന്നിൽ നിന്നു വളരെ വ്യത്യസ്തമാണ്. പ്രശസ്തമായ കാസിൽഹില്ലും കാസിൽ എസ്പ്ലനേഡും എഡിൻബറോ കാസിലിന് ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്, റോയൽ മൈലിന്‍റെ ഏറ്റവും പഴയ ഭാഗമാണിത്. പതിനേഴാം നൂറ്റാണ്ടിലെ നൂല്‍ വില്‍പ്പന കേന്ദ്രമായിരുന്ന ലോൺമാർക്കറ്റാണ് മറ്റൊരു ഭാഗം.

എഡിൻബറോയിലെ റോയൽ മൈലിലുള്ള ലോൺമാർക്കറ്റിലെ ലേഡി സ്റ്റെയേഴ്‌സ് ഹൗസിലാണ് പ്രശസ്തമായ റൈറ്റേഴ്‌സ് മ്യൂസിയം. പ്രശസ്ത സ്കോട്ടിഷ് എഴുത്തുകാരായ റോബർട്ട് ബേൺസ്, വാൾട്ടർ സ്കോട്ട്, റോബർട്ട് ലൂയിസ് സ്റ്റീവൻസൺ എന്നിവരുടെ ജീവിതമാണ് ഇവിടുത്തെ പ്രമേയം. ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും എഴുതിയ പുസ്തകങ്ങളുമെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിനടുത്തായി രാജ്യത്തെ വളർന്നുവരുന്ന ദേശീയ സാഹിത്യ സ്മാരകമായ മക്കാർസ് കോർട്ടുമുണ്ട്.

റോയൽ മൈലിന്‍റെ ഏറ്റവും ജനപ്രിയമായ ഭാഗമാണ് ഹൈ സ്ട്രീറ്റ്. സെന്‍റ് ഗൈൽസ് കത്തീഡ്രൽ, ട്രോൺ കിർക്ക്, കടകൾ, നിരവധി പബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവയുള്ള ഈ ഭാഗം എപ്പോഴും വിനോദസഞ്ചാരികളെക്കൊണ്ടു നിറഞ്ഞിരിക്കും. റോയൽ മൈലിൽ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന ഭാഗമാണ് കാനോംഗേറ്റ്. കാനോംഗേറ്റിനെ ഹോളിറൂഡ്ഹൗസ് കൊട്ടാരവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ആബി സ്ട്രാൻഡ്. ഇവിടെയാണ് പാര്‍ലമെന്‍റ് സ്ക്വയര്‍ സ്ഥിതിചെയ്യുന്നത്. റോയല്‍ മൈലിന് ചുറ്റുമായി മ്യൂസിയം ഓഫ് ചൈൽഡ്ഹുഡ്, മേരി കിങ്സ് ക്ലോസ്, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട്ലൻഡ് എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങളുമുണ്ട്.

English Summary:

Mouni Roy's Solo Trip to Edinburgh: A Journey Through Scotland's Charm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com