ഹാരപ്പൻ സംസ്കാരത്തിന്റെ കൂടുതൽ തെളിവുകളുമായി കേരള സർവകലാശാലയിലെ ഗവേഷകർ
ഗുജറാത്തിലെ കച്ച് മേഖലയിലെ പഡ്താബേട്ടിൽ ഗവേഷണം നടത്തി ബിസി 3200 കാലത്തെ തെളിവുകൾ കണ്ടെത്തിയത് കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രഫസർമാരായ ജി.എസ്.അഭയൻ, എസ്.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ്.
ആദിമ ഹാരപ്പൻ കാലത്തെ പുതിയ തരം മൺപാത്രങ്ങൾ ഉത്ഖനനത്തിൽ കണ്ടെത്തി.
ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഈ മേഖലകളിൽ പഠനം നടത്തിയത്.
ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ ചില ശ്മശാനങ്ങൾ മുൻപ് ഈ മേഖലയിൽ കണ്ടെത്തിയിരുന്നു.
കാർനെലിയൻ, അഗേറ്റ് എന്നിവയിലുള്ള കല്ല് മുത്തുകൾ, കളിമൺ ഉപകരണങ്ങൾ, ചെമ്പിന്റെ സാന്നിധ്യം, ചുറ്റിക കല്ലുകൾ, കന്നുകാലികൾ, ചെമ്മരിയാട്/ആട് എന്നീ മൃഗങ്ങളുടെ അസ്ഥികളുടെ അവശിഷ്ടങ്ങൾ, ഭക്ഷ്യ യോഗ്യമായ കക്കയുടെ തോട് എന്നിവ ഇവിടെ കണ്ടെത്തി.
ലഖ്പത് താലൂക്കിലെ ഖട്ടിയ ഗ്രാമത്തിനടുത്തുള്ള പഡ്താ ബേട്ടിലാണ് ഹാരപ്പൻ ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.