ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒപ്പം മാതാപിതാക്കളും ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട്, കുഞ്ഞും മാതാപിതാക്കളും പരസ്പരം കണ്ടറിഞ്ഞു ഒരുമിച്ചാണ് വളരുന്നത്. പരസ്പരം അറിയാനും മനസിലാക്കലും ഒത്തിരി കാര്യങ്ങൾ ഉണ്ടെന്നും കുഞ്ഞിന്റെ ഭാവി, ലോകം എന്നിവ രൂപപ്പെടുത്തുന്നതിനുള്ള പൂർണമായ ഉത്തരവാദിത്വം തങ്ങൾക്കുണ്ട് എന്നും മനസിലാക്കിയാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ പേരന്റിങ് ജീവിതം ആരംഭിക്കേണ്ടത്
മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതി ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. കുട്ടികളെ വളർത്തുന്നതും തളർത്തുന്നതും ഈ പെരുമാറ്റ രീതികൾ തന്നെയാണ്. കുട്ടികളോടുള്ള പെരുമാറ്റ രീതിയനുസരിച്ച് പെർമിസീവ്, അതോറിറ്റേറ്റിവ്, നെഗ്‌ലറ്റ്ഫുൾ, അതോറിറ്റേറിയൻ എന്നിങ്ങനെ പേരന്റിങ്ങിനെ നാലായി തരം തിരിച്ചിരിക്കുന്നു.
ഒരിക്കലും പിന്തുടരാൻ പാടില്ലാത്ത രീതിയാണ് അതോറിറ്റേറിയൻ പേരന്റിങ്.അതോറിറ്റേറിയൻ പേരന്റിങ് കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക വളർച്ചയിൽ നിന്നും തടയുന്നു. മാനസികമായി ഏറെ ക്ലേശതകൾ ഇത്തരം പേരന്റിങ് രീതി കുട്ടികൾക്ക് നൽകുന്നു.
സ്വേച്ഛാധിപതികളായ അതോറിറ്റേറിയൻ മാതാപിതാക്കൾക്ക് ധാരാളം നിയമങ്ങളുണ്ട്. കുട്ടികൾ എന്ത് ചെയ്യണം, എങ്ങനെ പെരുമാറണം, എന്ത് കഴിക്കണം, എന്ത് പഠിക്കണം, എങ്ങനെ കളിക്കണം എന്നതെല്ലാം തീരുമാനിക്കുന്നത് മാതാപിതാക്കൾ ആയിരിക്കും. കുട്ടികളുടെ വാക്കുകൾക്ക് ഒരു വിലയും നൽകാതെ തങ്ങളുടെ നിയമങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ് ഇത്തരം മാതാപിതാക്കൾ ചെയ്യുന്നത്.
കുട്ടികളുമായി ഒട്ടും ചങ്ങാത്തം കൂടുന്ന തരക്കാരല്ല ഇത്തരം മാതാപിതാക്കൾ. വളരെ പരുഷമായിട്ടാണ് ഇവർ കുട്ടികളോട് പെരുമാറുക. കുട്ടികളുടെ നേട്ടങ്ങളിൽ പോലും അവർ അർഹിക്കുന്ന പരിഗണനയും സ്നേഹവും നൽകില്ല. വിനോദത്തേക്കാൾ അച്ചടക്കത്തെ അവർ വിലമതിക്കുന്നു. അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ സമ്മർദ്ദത്തിലാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നവരാണ് അതോറിറ്റേറിയൻ മാതാപിതാക്കൾ.
തങ്ങളുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി കുട്ടികൾ സഞ്ചരിച്ചാൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കാനും ഇവർ മടിക്കില്ല. സ്വേച്ഛാധിപത്യ മാതാപിതാക്കൾ കുട്ടികൾക്ക് തിരഞ്ഞെടുപ്പുകളോ ഓപ്ഷനുകളോ നൽകുന്നില്ല.
കുട്ടികളുമായി തുറന്ന ചർച്ചകൾ നടത്താൻ ഇത്തരം മാതാപിതാക്കൾ ശ്രമിക്കാറില്ല. പലതും ചെയ്യരുത് എന്ന് വിലക്കുന്നതല്ലാതെ, എന്ത് കൊണ്ട് ചെയ്യരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നില്ല.ഇത്തരം മാതാപിതാക്കൾക്ക് കീഴിൽ കുട്ടികൾക്ക് സ്വയം തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നു.
സ്വേച്ഛാധിപത്യപരമായ മാതാപിതാക്കൾ അവരുടെ കുട്ടികൾ തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്നു. തങ്ങളുടെ സമീപനം കുട്ടികളുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ചിന്തിക്കുന്നില്ല.ഇത്തരം പേരന്റിങ് രീതിയ്ക്ക് കീഴിൽ വളരുന്ന കുഞ്ഞുങ്ങളിൽ വ്യക്തിത്വ വികസനം ഏറെ പിന്നിലായിരിക്കും.
തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ധൈര്യം ഇവർക്കുണ്ടാകുകയില്ല. മാത്രമല്ല, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പോലും ഇവർ തിരിച്ചറിയുന്നില്ല. എന്ത് കാര്യത്തിനും തീരുമാനം എടുക്കുന്നതിനായി മറ്റൊരാളുടെ അഭിപ്രായത്തെ ആശ്രയിക്കുന്നു. അതിനാൽ പേരന്റിങ് രീതികളിൽ ഒരിക്കലും സ്വീകരിക്കാൻ കഴിയാത്ത ഒന്നാണ് അതോറിറ്റേറിയൻ പേരന്റിങ്. കുഞ്ഞുങ്ങളെ മനസിലാക്കി, അവർക്കൊപ്പം വളരുന്ന മാതാപിതാക്കൾ ആകുക