ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രമല്ല; ശരീരത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കുട്ടികൾ അറിയണം

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 40fvra62tt24bhmr7iecfeh4bn

പണ്ടു കാലങ്ങളെ അപേക്ഷിച്ച് കുറേക്കൂടി വിശാലമായ തുറന്നു പറച്ചിലുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം (Sex Education) പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഇന്നും വൈമുഖ്യം കാണിക്കുന്ന മാതാപിതാക്കളുണ്ട്

ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഗുഡ് ടച്ചും (Good Touch) ബാഡ് ടച്ചും (Bad Touch) പഠിപ്പിച്ച് കൊടുക്കുന്നവർ പോലും കൗമാരത്തിലേക്ക് എത്തുന്ന കുട്ടിയോട് ശരീര വളർച്ചയെക്കുറിച്ചും ശരീരത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പറഞ്ഞു കൊടുക്കാൻ തയാറാകാറില്ല.

അത്തരം അറിവില്ലായ്മ കുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ പ്രധാന കാരണവുമായി മാറാറുണ്ട്. അതുകൊണ്ട് ശരീരത്തെക്കുറിച്ചും അതിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും എല്ലാം കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ആ അറിവ് പകർന്നു നൽകുന്നതിൽ മാതാപിതാക്കൾ ഒരിക്കലും വിമുഖത കാണിക്കാൻ പാടില്ല.ഏതൊക്കെ തരം ആളുകൾ സമൂഹത്തിലുണ്ടെന്ന് കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കാ‌ൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

ആണും പെണ്ണും എന്ന രണ്ടു ലിംഗങ്ങൾ മാത്രമല്ല വിഭിന്ന ലിംഗക്കാർ കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം എന്ന തിരിച്ചറിവ് കുട്ടിക്ക് ഉണ്ടാകണം. അതിനൊപ്പം അവനവന്റെ ശരീരത്തെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചുമുള്ള അറിവ് കുട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയണം.

സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും അംഗീകരിക്കാൻ കുട്ടികളെ പഠിപ്പിക്കുക. വളരുന്ന പ്രായത്തിൽ പല തരത്തിലുള്ള ബോഡി ഷെയിമുകൾക്കും കുട്ടികൾ വിധേയരാകാൻ സാധ്യതയുണ്ട്. അതിനെ മറികടക്കാൻ മാനസികമായ കരുത്തും അത്തരം ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന സഹപാഠികളെ ചേർത്തു പിടിക്കാനുള്ള വിവേകവും കുട്ടികൾക്ക് പകർന്ന് നൽകണം.

സ്വന്തം ശരീരം മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് അവർക്കു പറഞ്ഞു കൊടുക്കണം.അതേസമയം, കുട്ടികൾക്ക് ഇക്കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിന് മുമ്പ് ചില മാതാപിതാക്കളെയെങ്കിലും ബോധവൽക്കരിക്കേണ്ടതുണ്ട്. കാരണം, കുട്ടികളെ പഠിപ്പിക്കേണ്ടത് ശരിയായ കാര്യങ്ങളാണ്. ആദ്യമായി ഇക്കാര്യങ്ങൾ കുട്ടിയുമായി സംസാരിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. എന്നാൽ, ഇത്തരം കാര്യങ്ങൾ കുട്ടിയുമായി സംസാരിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം.

കുട്ടികളുടെ സംശയങ്ങൾ ഒരിക്കലും അവസാനിക്കില്ല. പലപ്പോഴും ലൈംഗികപരമായ ചോദ്യങ്ങളിൽ നിന്ന് മാതാപിതാക്കൾ തന്ത്രപരമായി ഒഴിഞ്ഞു മാറുകയോ യാഥാർഥ്യവുമായി ബന്ധമില്ലാത്ത മറുപടികൾ നൽകുകയോ ചെയ്യും. ഇത് കുട്ടികളെ കൂടുതൽ അപകടത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക.

സ്വകാര്യ ശരീരഭാഗങ്ങൾക്ക് അതിന്റെ കൃത്യമായ പേരുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുക. ഡോക്ടർമാരുമായി കുട്ടികൾക്ക് കൃത്യമായ ആശയവിനിമയം നടത്താൻ ഇത് സഹായിക്കും. കൂടാതെ, നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ചുള്ള അവരുടെ ധാരണ വർദ്ധിക്കുകയും ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

കുട്ടികളോട് ലൈംഗികപരമായ കാര്യങ്ങൾ സംസാരിക്കാൻ ഒരിക്കലും വൈകരുത്. ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകുന്നത് തെറ്റായ വഴികളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാൻ കാരണമാകും. ലൈംഗിക വിഷയങ്ങളെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ലെങ്കിൽ പോൺ സിനിമകളിലേക്കും ചിത്രങ്ങളിലേക്കും കുട്ടികൾ വഴി തെറ്റിപ്പോകും. പോൺ സിനിമകൾ, അശ്ലീല പുസ്തകങ്ങൾ എന്നിവയിൽ കുട്ടികൾ അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അന്വേഷിക്കും. ഇത് ലൈംഗികതയെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിലേക്കും ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കും കുട്ടികളെ നയിക്കും